നീയും ഞാനും

ഷറഫുദ്ദീനെ നായകനാക്കി  എ.കെ. സാജൻ സംവിധാനംചെയ്യുന്ന നീയും ഞാനും എന്ന സിനിമയുടെ  ചിത്രീകരണം പൂർത്തിയായി. സിയാദ് കോക്കർ നിർമിക്കുന്ന സിനിമയുടെ തിരക്കഥയും എ.കെ. സാജനാണ്. കോഴിക്കോട്, ഷൊർണൂർ, മുംബൈ, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ സിനിമയുടെ ഡബ്ബിങ്ജോലികൾ പുരോഗമിക്കുകയാണ്. അനു സിതാരയാണ് നായിക. സിജു വിത്സൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ദിലീഷ് പോത്തൻ, അജു വർഗീസ് എന്നിവരാണ് മറ്റ്‌ അഭിനേതാക്കൾ. ഹരിനാരായണൻ, സലാവുദ്ദീൻ കേച്ചേരി എന്നിവരുടെ ഗാനങ്ങൾക്ക്‌ വിനു തോമസ് ഈണംപകരുന്നു. ക്ലിന്റോ ആന്റണിയാണ് ഛായാഗ്രാഹകൻ. 

പവിയേട്ടന്റെ മധുരച്ചൂരൽ

അധ്യാപകവേഷത്തിൽ ശ്രീനിവാസൻ വീണ്ടുമെത്തുന്ന ചിത്രമാണ് പവിയേട്ടന്റെ മധുരച്ചൂരൽ. ലെനയാണ് നായിക. ശ്രീകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം സൂരി സിനിമാസ് റിലീസ് തിയേറ്ററിലെത്തിക്കും.  സഞ്ജീവനി ക്രിയേഷൻസിന്റെ ബാനറിൽ വി.സി. സുധൻ, സി. വിജയൻ, സുധീർ സി. നമ്പ്യാർ എന്നിവർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ശ്രീനിവാസൻ എഴുതുന്നു.  വിജയരാഘവൻ, മജീദ്, ലിഷോയ്, ഷെബിൻ, വി.കെ. ബൈജു, നന്ദു പൊതുവാൾ,  വിജയൻ കാരന്തൂർ, നസീർ സംക്രാന്തി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. പി. സുകുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. റഫീഖ് അഹമ്മദ്, പ്രശാന്ത് കൃഷ്ണ എന്നിവരുടെ വരികൾക്ക് സി. രഘുനാഥ് സംഗീതംപകരുന്നു. കഥ: സുരേഷ്ബാബു.

ധനുഷിന്റെ മാരി 2

മാരിയുടെ രണ്ടാംവരവിൽ ധനുഷിനൊപ്പം ടൊവിനോ തോമസും സായി പല്ലവിയും. മുടി നീട്ടിവളർത്തി വില്ലൻവേഷത്തിൽ ടൊവിനോയും ഓട്ടോ ഡ്രൈവറായി സായിപല്ലവിയും എത്തുന്നു. സായിപല്ലവിയുടെ തമിഴിലെ രണ്ടാംചിത്രമാണ് മാരി 2. ബാലാജി മോഹൻ സംവിധാനംചെയ്യുന്ന ചിത്രത്തിൽ വരലക്ഷ്മി, റോബോ ശങ്കർ, കൃഷ്ണ, വിദ്യാ പ്രദീപ് എന്നിവരും അഭിനയിക്കുന്നു. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷ്തന്നെയാണ് മാരി 2 നിർമിക്കുന്നത്. യുവൻ ശങ്കർരാജയുടേതാണ് സംഗീതം. 2015-ൽ പുറത്തിറങ്ങിയ ധനുഷിന്റെ മാരി  ബോക്സോഫീസിൽ റെക്കോഡ് നേട്ടം സ്വന്തമാക്കിയിരുന്നു

മാജിക് മൊമന്റ്‌സ്

ശബരീഷ് വർമ, കൈലാഷ്, ബേസിൽ ജോസഫ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചാൾസ് ജെ, പ്രജോദ്, ശബരീഷ് ബാലസുബ്രഹ്മണ്യം, ഫിലിപ്പ് കാക്കനാട് എന്നിവർ സംവിധാനംചെയ്യുന്ന ചിത്രമാണ് ‘മാജിക് മൊമന്റ്‌സ്’. ലവ് ആക്‌ഷൻ ഫിലിംസിന്റെ ബാനറിൽ ബിനീഷ് കൊക്കല്ലൂർ, ഉദിത് മോഹൻ, ഫെബിൻ കണിയാലിൽ, ജെസ് ലോ ആന്റണി, ശബരീഷ് ബാലസുബ്രഹ്മണ്യൻ എന്നിവർ ചേർന്ന്‌ നിർമിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതസംവിധാനം മെജോ ജോസഫ് നിർവഹിക്കുന്നു. കെ.സി. അരുൺ കുമാർ, മിഥുൻ ചിറ്റനാട്ട്, ബിനീഷ് എം. കൊക്കല്ലൂർ എന്നിവർ ചേർന്ന് തിരക്കഥ-സംഭാഷണം എഴുതുന്നു. ക്യാമറ: സന്തോഷ് അഞ്ചൽ