കണ്ടപ്പോൾ

തെന്നിന്ത്യൻ സിനിമാലോകത്തുനിന്ന് ‘ബാഹുബലി’ക്കുശേഷം വീണ്ടുമൊരു ബ്രഹ്മാണ്ഡചിത്രമെത്തുന്നു. കെ.ജി.എഫ്. എന്ന പേരിൽ പ്രദർശനത്തിനെത്തുന്ന ചിത്രം കോലാർ സ്വർണഖനിയിലെ തൊഴിലാളികളുടെ അതിജീവനത്തിന്റെ കഥയാണ് പറയുന്നത്. കന്നഡയിലെ ഏറ്റവും ഉയർന്ന നിർമാണച്ചെലവുള്ള ചിത്രമെന്ന ഖ്യാതി സ്വന്തമാക്കിയാണ് കെ.ജി.എഫ്. വരുന്നത്. 
നിന്റെ പിറകിൽ ആയിരംപേരുണ്ടെന്നുള്ള ധൈര്യം മനസ്സിലുണ്ടെങ്കിൽ നിനക്ക് ഒരു യുദ്ധം ജയിക്കാനാകും. എന്നാൽ, നീ മുന്നിൽ നിൽക്കുന്നുവെന്ന കാര്യം ആയിരം പേർക്ക്‌ ധൈര്യം പകർന്നാൽ  ഈ ലോകം നീ കീഴടക്കും- പ്രേക്ഷകരിൽ ആവേശം നിറയ്ക്കുന്ന സംഭാഷണങ്ങളും ഇടിവെട്ട് ദൃശ്യങ്ങളുമായെത്തിയ ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലറിന്  സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പാണ് ലഭിച്ചത്.
മലയാളം ഉൾപ്പെടെ ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷ്, ചൈനീസ്, ജപ്പാനീസ് തുടങ്ങിയ വിദേശഭാഷകളിലും തിയേറ്ററുകളിലെത്തുന്ന ചിത്രം സംവിധാനംചെയ്തിരിക്കുന്നത് കന്നഡയിലെ ഹിറ്റ് മേക്കർ പ്രശാന്ത് നീലാണ്. വിജയ് കിരഗണ്ഡൂർ ചിത്രം നിർമിക്കുന്നു.
‘‘കുറച്ചുവർഷംമുന്പ് ഇത്തരമൊരു സിനിമയെക്കുറിച്ച്  ചിന്തിക്കാൻപോലും   കഴിയില്ലായിരുന്നു. രണ്ടുവർഷമെടുത്താണ് ചിത്രം പൂർത്തിയാക്കിയത്. കോലാറിലെ സ്വർണഖനിയിൽനിന്ന്‌ ഉയർന്നുകേട്ട കഥകളും എഴുത്തുകാരന്റെ ഭാവനയും സമംചേർത്തുവെച്ച സിനിമയാണിത്. കെ.ജി.എഫിലൂടെ കന്നഡസിനിമ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്’’ -ബെംഗളൂരുവിലെ ബ്രിഗേഡ് ഗേറ്റ്‌വേയിലെ ഒറിയൺ മാളിലിരുന്ന് യഷ് കെ.ജി.എഫ്. സിനിമയുടെ അണിയറവിശേഷങ്ങളും പ്രതീക്ഷകളും പങ്കുവെച്ചു.

?  ബാഹുബലിയിലൂടെ പ്രഭാസിന് ലഭിച്ചൊരു സ്വീകാര്യത കെ.ജി.എഫിലൂടെ യഷ് നേടുമെന്നൊരു അടക്കംപറച്ചിലുകൾ അണിയറയിൽനിന്ന്‌ ഉയരുന്നുണ്ട്. 
.  കെ.ജി.എഫ്. എനിക്കേറെ പ്രതീക്ഷയുള്ള സിനിമയാണ്. തീപാറുന്ന സംഘട്ടനങ്ങളും ചോരക്കളികളും ഏറെയുണ്ടെങ്കിലും പ്രണയത്തിനും വൈകാരികരംഗങ്ങൾക്കും ചിത്രം പ്രാധാന്യം നൽകുന്നുണ്ട്.  80 കോടിയിലധികം ചെലവിട്ട സിനിമയുടെ അണിയറപ്രവർത്തനങ്ങൾ ഏറെ വിപുലമായാണ് നടന്നത്. ഇതുവരെചെയ്ത സിനിമകളിൽനിന്ന് വ്യത്യസ്തമായി, വലിയൊരു വെല്ലുവിളിയായാണ് ഈ ചിത്രത്തിലെ നായകവേഷം ഏറ്റെടുത്തത്. അതിന്റെ ഫലം തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പ്രദേശികഭാഷകളിലെല്ലാം ചിത്രം ശ്രദ്ധിക്കപ്പെടുന്നതോടെ നടൻ എന്നനിലയിൽ വലിയൊരു സ്വീകാര്യത ലഭിക്കുമെന്നുതന്നെയാണ് കരുതുന്നത്.
? ഒരു സിനിമയ്ക്കുവേണ്ടി രണ്ടുവർഷം. ചിത്രം ഉയർത്തിയ വെല്ലുവിളികൾ 
.  വളരെ ആസ്വദിച്ചുതന്നെയാണ് ഓരോ സീനും അഭിനയിച്ചത്. വലിയ പ്രോജക്ടായതുകൊണ്ടുതന്നെ ആ സമയത്തുവന്ന മറ്റുപല സിനിമകളും വേണ്ടെന്നുവെയ്ക്കുകയുണ്ടായി. മുന്നൊരുക്കങ്ങൾ ഏറെ വേണ്ടിവന്ന ചിത്രമാണിത്. പടുകൂറ്റൻ സെറ്റ്, ചെറുതും വലുതുമായ 1500-ഓളം അഭിനേതാക്കൾ, ടെക്‌നീഷ്യന്മാരുടെ വലിയൊരു കൂട്ടം  ഒരു ഹോളിവുഡ് സിനിമയുടെ മൂഡിലായിരുന്നു ചിത്രീകരണദിവസങ്ങൾ കടന്നുപോയത്.
? മലയാളസിനിമകൾ കാണാറുണ്ടോ, ഇവിടത്തെ അഭിനേതാക്കളുടെ പ്രകടനത്തെക്കുറിച്ച്
.  ഇന്ത്യൻ സിനിമയിൽ മലയാളചിത്രങ്ങൾക്ക്‌ എന്നും പ്രാധാന്യമുണ്ട്. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകൾ കണ്ടിട്ടുണ്ട്. പുതിയ തലമുറയിൽ ദുൽഖറിനെയാണ് കൂടുതൽ പരിചയം. മലയാളത്തിലെ നായികമാരെ ചിലരെയെല്ലാം അറിയാം. ഭാമയ്ക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. മലയാളം സംസാരിക്കാൻ പ്രയാസമുണ്ടെങ്കിലും കേട്ടാൽ മനസ്സിലാകും. മലയാളത്തിൽ ഒരു പ്രോജക്ട് ചെയ്യാൻ താത്പര്യമുണ്ട്. സുഹൃത്ത് സി.ജെ. റോയിയുമായി ചില ചർച്ചകൾ നടന്നിരുന്നു. കെ.ജി.എഫ്. കേരളത്തിൽ എത്തുന്നതോടെ കേരളീയർക്ക്‌ ഞാൻ  പരിചിതനാകുമെന്നാണ് കരുതുന്നത്.
മലയാളം പിടിതരാതെ വഴുതിമാറുന്ന ഭാഷയാണെന്ന് യഷ് പറയുന്നുണ്ടെങ്കിലും വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തുവന്ന ‘പലവട്ടം കാത്തുനിന്നു ഞാൻ  കോളേജിൻ മൈതാനത്ത്...’ എന്ന ആൽബത്തിലെ വരികൾ താരത്തിന് കാണാപ്പാഠമാണ്.