മക്കളേ,
തൊഴിലുമായോ മറ്റെന്തെങ്കിലും ജീവിതപ്രശ്നവുമായോ ബന്ധപ്പെട്ട് നിരാശയിൽ മുഴുകി ജീവിതം നയിക്കുന്നവർ സമൂഹത്തിൽ ധാരാളമുണ്ട്. അതിന് മുഖ്യകാരണം അവരുെട മനോഭാവം അഥവാ തെറ്റായ ജീവിതവീക്ഷണമാണ്. അവർക്ക് ശരിയായ മാർഗദർശനവും പ്രചോദനവും നൽകാൻ ആരെങ്കിലുമുണ്ടായാൽ അവരുെട ജീവിതത്തിൽ തീർച്ചയായും മാറ്റമുണ്ടാകും. അങ്ങനെ തങ്ങൾക്കുതന്നെ ഭാരമായിരുന്നവർ ഗുണകരമായ പരിവർത്തനംവന്ന് സമൂഹത്തിന് മുതൽക്കൂട്ടായി മാറും.
ഒരു കോളേജ് വിദ്യാർഥി ഡോക്ടറാകണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷേ, എം.ബി.ബി.എസ്. പ്രവേശനപരീക്ഷയിൽ അയാൾ ഒരു മാർക്കിന്റെ വ്യത്യാസത്തിൽ പരാജയപ്പെട്ടു. അയാൾക്ക് അത്യന്തം നിരാശതോന്നി. മറ്റൊരു കോഴ്സിനും ചേരാൻ മനസ്സ് അനുവദിച്ചില്ല. കുറച്ചുനാൾ കഴിഞ്ഞ് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അയാൾ ബാങ്കുജോലിക്ക് അപേക്ഷിച്ചു. ബാങ്കിൽ ജോലികിട്ടി. ജോലിയിൽ പ്രവേശിച്ചുകഴിഞ്ഞിട്ടും ഡോക്ടറാകാൻ കഴിയാത്തതിലുള്ള നിരാശ ആ യുവാവിനെ വിഷമിപ്പിച്ചു. ബാങ്കിൽ വരുന്നവരോട് സ്നേഹപൂർവം പെരുമാറാനോ അവരെ നോക്കി ഒന്ന് പുഞ്ചിരിക്കാനോ അയാൾക്ക് കഴിഞ്ഞില്ല. അയാളുടെ മാനസികാവസ്ഥ കണ്ടറിഞ്ഞ ഒരു സുഹൃത്ത് അയാളെ തന്റെ ഗുരുവിന്റെ സമീപത്തേക്ക് കൊണ്ടുപോയി. ഗുരുവിനോട് തന്റെ പ്രശ്നങ്ങൾ അയാൾ തുറന്നുപറഞ്ഞു: ‘‘എന്റെ മനസ്സ് എന്റെ കൈയിലല്ല. നിസ്സാര കാര്യത്തിനുപോലും എനിക്ക് ദേഷ്യംവരുന്നു. ബാങ്കിൽ വരുന്നവരോട് മാന്യമായി ഇടപെടാൻ കഴിയുന്നില്ല. ഈ സ്ഥിതിക്ക് അധികനാൾ അവിടെ ജോലിചെയ്യാനാകുമെന്ന് തോന്നുന്നില്ല. ഞാൻ എന്താണ് ചെയ്യേണ്ടത്?’’
യുവാവിനെ ആശ്വസിപ്പിച്ചുകൊണ്ട് ഗുരു പറഞ്ഞു. ‘‘മോനേ, നിന്റെ ഉറ്റസുഹൃത്ത് ഒരാളെ നിന്റെയടുത്ത് പറഞ്ഞുവിട്ടാൽ അയാളോട് നീ എങ്ങനെയായിരിക്കും പെരുമാറുക?’’
‘‘ഞാൻ അയാൾക്കുവേണ്ട എല്ലാ കാര്യവും സന്തോഷപൂർവം ചെയ്തുകൊടുക്കും.’’
‘‘അങ്ങനെയാണെങ്കിൽ, ഇനി മുതൽ നിന്റെ മുന്നിലെത്തുന്ന ഓരോ വ്യക്തിയും ഈശ്വരൻ നേരിട്ട് പറഞ്ഞയച്ചവരാണെന്ന് കരുതുക. അങ്ങനെയായാൽ അവരോട് സ്നേഹപൂർവം ഇടപെടാൻ നിനക്ക് കഴിയും.’’
അന്നുമുതൽ ആ യുവാവിൽ വലിയ പരിവർത്തനം വന്നു. അയാളുടെ മനോഭാവത്തിൽ വന്ന മാറ്റം അയാളുെട ചിന്തയിലും പ്രവൃത്തിയിലും പ്രതിഫലിച്ചു. തന്നെ സമീപിക്കുന്ന ഓരോരുത്തരെയും ഈശ്വരന്റെ പ്രതിരൂപമായി കാണാൻ സാധിച്ചതോടെ കർമം ഈശ്വരപൂജയായി മാറി. വിഷാദം അയാളെ വിട്ടൊഴിഞ്ഞു. അയാളുടെ ഹൃദയത്തിൽ സന്തോഷവും സംതൃപ്തിയും നിറഞ്ഞു. ആ സന്തോഷം മറ്റുള്ളവരിലേക്ക് പകരാനും അയാൾക്ക് കഴിഞ്ഞു.
ജീവിതത്തിൽ ശരിയായ മനോഭാവം വളർത്തിയെടുക്കാൻ ഭക്തി വളരെയേറെ സഹായകരമാണ്. ഈശ്വരവിശ്വാസിയായ ഒരുവനെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദു ഈശ്വരനാണ്. അവൻ സകലതിലും ഈശ്വരനെ കാണുന്നു. അവന്റെ ഓരോ കർമവും ഈശ്വരാർപ്പിതമാണ്. ഇങ്ങനെ കർമം ഈശ്വരപൂജയായി ചെയ്യാൻ കഴിഞ്ഞാൽ, കർമം ചെയ്യുന്നവനുമാത്രമല്ല, മുഴുവൻ സമൂഹത്തിനും അത് ഗുണംചെയ്യും.
അമ്മ