പുഴയ്ക്കുവേണ്ടി

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ആദ്യ മെമ്പർ സെക്രട്ടറി എന്നനിലയിൽ രാജ്യത്തെ മലിനീകരണവിരുദ്ധ പ്രസ്ഥാനത്തിന് അടിസ്ഥാനശിലയിട്ട വ്യക്തിയായിരുന്നു പ്രൊഫ. ഗുരുദാസ് അഗർവാൾ. ഗംഗാനദിയെ പുനരുജ്ജീവിപ്പിക്കാനുള്ള തന്റെ ആശയങ്ങൾ കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്താനാകാതെ അദ്ദേഹത്തിന് സ്വന്തം ജീവൻ ബലിയർപ്പിക്കേണ്ടിവന്നു. 112 ദിവസത്തെ ഐതിഹാസികമായ നിരാഹാര സമരത്തിനൊടുവിൽ ഇക്കഴിഞ്ഞ ഒക്ടോബർ പതിനൊന്നിന് ആ ജ്വാല അണഞ്ഞു. 109 ദിവസം നാരങ്ങനീരും തേനും മാത്രം കഴിച്ചിരുന്ന അഗർവാൾ അവസാന മൂന്നുദിവസം ഒന്നുംതന്നെ കഴിക്കാൻ കൂട്ടാക്കിയിരുന്നില്ല. 

   ഐ.ഐ.ടി. കാൻപുരിൽ ലക്ചററായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. കാലിഫോർണിയ സർവകലാശാലയിൽനിന്ന് ഗവേഷണബിരുദം േനടിയ അദ്ദേഹത്തിന് പ്രൊഫസർ സ്ഥാനത്തേക്ക് നേരെ സ്ഥാനക്കയറ്റം ലഭിച്ചു. 2011-ൽ, 79-ാം വയസ്സിൽ സന്ന്യാസം സ്വീകരിച്ച അഗർവാൾ പിന്നീട് സ്വാമി ഗ്യാൻ സ്വരൂപ് സനന്ദ് എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. ഹിന്ദുത്വ അജൻഡയുയർത്തി അധികാരത്തിലെത്തിയ ഒരു സർക്കാർ എന്തുകൊണ്ടാണ് ഒരു ഹിന്ദുസന്ന്യാസിയുടെ വാക്കുകൾ കേൾക്കാൻ തയ്യാറാകാതിരുന്നതെന്ന് ആലോചിക്കുമ്പോൾ നമുക്ക് അമ്പരപ്പുതോന്നാം. പ്രത്യേകിച്ചും, പാരിസ്ഥിതികവും മതപരവുമായ ഗംഗയുടെ പ്രാധാന്യം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയുടെ മുഖ്യപ്രചാരണ വിഷയങ്ങളിലൊന്നായിരുന്നിട്ടുപോലും. 2012-ൽ, ഗംഗയെ സംരക്ഷിക്കാനുള്ള ഗംഗാ ആക്ടിനായുള്ള ഒരു കരട് പ്രൊഫ. അഗർവാൾ മുന്നോട്ടുവെച്ചിരുന്നു. കഴിഞ്ഞവർഷം ഗംഗാ ബില്ലുമായി സർക്കാർ മുന്നോട്ടുവരികയും ഈ വർഷം അത് പരിഷ്‌കരിക്കുകയും ചെയ്തു. പക്ഷേ, രണ്ടു ബില്ലുകളും അടിസ്ഥാനപരമായി തികച്ചും വ്യത്യസ്തമായിരുന്നു. 
   തന്റെ ആറാമത്തേതും അവസാനത്തേതുമായ നിരാഹാര സമരത്തിനിടെ, ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് പ്രൊഫ. അഗർവാൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇപ്രകാരമെഴുതി: മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് ദേശീയ പാരിസ്ഥിതിക അപ്പലേറ്റ് അതോറിറ്റി ലോഹ്‌രി നാഗ്പാല ജലവൈദ്യുതപദ്ധതി റദ്ദാക്കി. പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ കുറച്ചേറെ പൂർത്തിയായിട്ടുപോലും എന്റെ ആവശ്യത്തിന്മേൽ ആ നടപടിക്ക് അവർ തയ്യാറായി. കൂടാതെ, ഗംഗോത്രിമുതൽ ഉത്തരകാശിവരെയുള്ള, 100 കിലോമീറ്ററോളം വരുന്ന ഭാഗീരഥി നദിയുടെ തീരം പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കാനും അവർ തയ്യാറായി. എന്നാൽ, നിലവിലെ സർക്കാർ, നാലരവർഷത്തെ ഭരണം പൂർത്തിയാക്കുമ്പോഴും ഗംഗയെ സംരക്ഷിക്കാൻ ഒരു ചുവടുപോലും മുന്നോട്ടുവെച്ചിട്ടില്ല. 

   തന്റെ നാല് പ്രധാന ആവശ്യങ്ങൾ പ്രൊഫ. അഗർവാൾ ആവർത്തിക്കുകയും ചെയ്തു. അവ ഇതാണ്:  താനും അഡ്വ. എം.സി. മെഹ്തയും പരിതോഷ് ത്യാഗിയും ചേർന്ന് തയ്യാറാക്കിയ കരട് നിയമം പാർലമെന്റിൽ അവതരിപ്പിക്കുകയും പാസാക്കുകയും വേണം.  ഗംഗയുടെ കൈവഴികളായ നദികളിൽ നടക്കുന്ന ജലവൈദ്യുത പദ്ധതികളുടെ നിർമാണം അടിയന്തരമായി നിർത്തിവയ്ക്കണം.  ഗംഗാതീരത്ത് ഖനന, വനനശീകരണ പ്രവർത്തനങ്ങൾ നിരോധിക്കണം. ഗംഗയെ സംരക്ഷിക്കാൻ ഗംഗാ ഭക്ത് പരിഷദ് എന്ന സംഘടന രൂപവത്കരിക്കണം.  പക്ഷേ, പ്രൊഫ. അഗർവാളിന്റെ മരണംവരെ പ്രധാനമന്ത്രി മോദി അദ്ദേഹത്തിന്റെ വാക്കുകൾക്ക് ചെവികൊടുത്തില്ല. 

   രാജ്യത്തിന്റെ ദേശീയ അടയാളമായി ഗംഗയെ പ്രഖ്യാപിക്കണമെന്നതായിരുന്നു പ്രൊഫ. അഗർവാളിന്റെ ആഗ്രഹം. പ്രാചീനമായ സ്വാഭാവികതയോടെ ഗംഗയെ സംരക്ഷിക്കുക, തടസ്സമില്ലാത്ത അതിന്റെ ഒഴുക്ക് സാധ്യമാക്കുക, വ്യവസായശാലകളിൽനിന്നുൾപ്പെടെ ഗംഗയിലേക്ക് മാലിന്യങ്ങൾ പുറന്തള്ളുന്നത് നിരോധിക്കുക, നദീതീരത്തെ വനനശീകരണവും ഖനനവും നിരോധിക്കുക, മാലിന്യം കലരാതെ ഗംഗാജലത്തിന്റെ പവിത്രത നിലനിർത്തുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യങ്ങൾ. ഏതൊരു നദിയും സംരക്ഷിക്കാൻ ഇത്തരം പ്രവർത്തനങ്ങൾ അനിവാര്യമാണ്. ഉത്തർപ്രദേശ് ജലസേചന വകുപ്പിൽ റിഹന്ദ് അണക്കെട്ടിൽ എൻജിനീയറായുള്ള പ്രവർത്തനപരിചയത്തിൽനിന്നുകൂടി ഉരുത്തിരിഞ്ഞുവന്നതാണ് അദ്ദേഹത്തിന്റെ ആശയങ്ങളെന്നത് അതീവ പ്രാധാന്യമർഹിക്കുന്നതാണ്. ഗംഗാജലത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ അതിന്റെ ഇടതടവില്ലാത്ത ഒഴുക്ക് (ഹിന്ദിയിൽ അവിറൽ) നിലനിർത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ജലത്തിന്റെ നിർമലത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതിന്റെ രസതന്ത്രപരമായ സ്വാഭാവികത എന്നുമാത്രമല്ല. ഗംഗാജലത്തിന്റെ സ്വയം ശുചീകരണശേഷി അദ്ദേഹം ശാസ്ത്രീയമായിത്തന്നെ കണ്ടെത്തിയിട്ടുണ്ട്. കോളിഫോം ഉൾപ്പെടെയുള്ള ബാക്ടീരിയകളെ നശിപ്പിക്കാനുള്ള അതിന്റെ ശേഷി, ഹിമാലയത്തിലെ സസ്യലതാദികളെ ഉരുമ്മിവരുന്ന വെള്ളമായതിനാൽ ആരോഗ്യദായകമായ പോളിമറുകളുടെയും മൂലകങ്ങളുടെയും സാന്നിധ്യം എന്നിവയെല്ലാം പ്രൊഫ. അഗർവാൾ കണ്ടെത്തിയിട്ടുണ്ട്. 

   ഗംഗാ പുനരുജ്ജീവനത്തിന്റേതുൾപ്പെടെ ചുമതലയുള്ള കേന്ദ്രമന്ത്രി നിഥിൻ ഗഡ്കരി പറഞ്ഞതായി കേട്ടു, ‘നിർമൽ’ എന്നതിന്റെ അർഥം മനസ്സിലായെന്നും എന്നാൽ, ‘അവിറൽ’ എന്നതിന്റെ അർഥം മനസ്സിലായില്ലെന്നും. പ്രൊഫ. അഗർവാളിന്റെ ‘അവിറൽ’ എന്ന ആശയം സ്വീകരിച്ചാൽ കൂടുതൽ അണക്കെട്ടുകൾ പണിയാനാവില്ലെന്ന് തീർച്ച. കേന്ദ്രസർക്കാർ പറയുന്ന മറ്റൊരു കാര്യം, രാജ്യമോ മതമോ ജനങ്ങളോ തങ്ങൾക്കു പ്രശ്നമല്ലെന്നും വികസനത്തിനാണ് അവർ താത്പര്യപ്പെടുന്നതെന്നുമാണ്. ആ വികസനം തീർച്ചയായും കോർപ്പറേറ്റുകൾക്കുവേണ്ടിയുള്ളതാണ്. അടുത്ത തിരഞ്ഞെടുപ്പിൽ അധികാരം പിടിക്കാനാവശ്യമായ ഫണ്ട് ശേഖരിക്കാനുദ്ദേശിച്ചുള്ളവയാണവ. അതുകൊണ്ടുതന്നെ, വിഷയത്തിൽ മധ്യസ്ഥതയ്ക്കു ശ്രമിച്ച മുതിർന്ന ആർ.എസ്.എസ്. നേതാവ് പറഞ്ഞത്, ഗംഗയെ സംബന്ധിച്ച പ്രൊഫ. അഗർവാളിന്റെ ആശയങ്ങളോട് യോജിപ്പാണെങ്കിലും പ്രായോഗിക രാഷ്ട്രീയത്തിലെ സമ്മർദങ്ങൾ അവരെ അതിന് സമ്മതിക്കുന്നില്ല എന്നാണ്. ഈ ഭീഷണി മറ്റു നദീതീരങ്ങളിൽ വസിക്കുന്നവരെയും ചൂഴ്ന്നുനിൽക്കുന്നു. 

   യു.പി.എ. സർക്കാരിന്റെ കാലത്ത് അഞ്ചുതവണയാണ് പ്രൊഫ. അഗർവാൾ നിരാഹാരമനുഷ്ഠിച്ചത്. എന്നാൽ, അന്നൊന്നും അത് അദ്ദേഹത്തിന്റെ ജീവന് ഭീഷണിയായ രീതിയിൽ ഉയർന്നിരുന്നില്ല. എൻ.ഡി.എ. ഭരണകാലത്ത് നടത്തിയ ഏക നിരാഹാരത്തിൽ അദ്ദേഹത്തിന് ജീവൻ നഷ്ടമായി. ഇതു ചൂണ്ടിക്കാട്ടുന്നത്, വികസന കാഴ്ചപ്പാട് സാമൂഹിക, സാംസ്കാരിക, പാരിസ്ഥിതിക, മതപരമായ പ്രശ്നങ്ങളെ പരിഗണിക്കുന്നില്ല എന്നുതന്നെയാണ്. പ്രധാനമന്ത്രി ഒരു യു.എൻ. അവാർഡ് നേടുകയൊക്കെ ചെയ്തെങ്കിലും അദ്ദേഹം ലജ്ജയില്ലാതെ കോർപ്പറേറ്റുകൾക്കുവേണ്ടി നിലകൊള്ളുകയും മനുഷ്യത്വരഹിതമായ ഭരണവുമായി മുന്നോട്ടുപോവുകയുമാണ്. പ്രൊഫ. അഗർവാളിന്റെ വിടവാങ്ങലോടെ സൃഷ്ടിക്കപ്പെട്ട ശൂന്യത നികത്താനാവാത്തതാണ്.  

ഗംഗാ സംരക്ഷണത്തിനുവേണ്ടിയുള്ള പോരാട്ടം അവസാനിക്കാൻ പോകുന്നില്ല. പ്രൊഫ. അഗർവാൾ തന്റെ നിരാഹാരസ്ഥലമായി തിരഞ്ഞെടുത്തിരുന്ന ഹരിദ്വാറിലെ മാത്രെ സദൻ ആശ്രമത്തിലെ മുഖ്യൻ സ്വാമി ശിവാനന്ദ് താനും തന്റെ ശിഷ്യരും അഗർവാൾ തുടങ്ങിവെച്ച നിരാഹാരത്തിന്റെ കണ്ണി പൊട്ടാതെ നോക്കുമെന്ന് നരേന്ദ്രമോദിക്ക് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. വികസനത്തിന്റെ അൾത്താരയിൽ ഇനി ഇതുപോലെ എത്ര ജീവനുകളാണ് ഹോമിക്കപ്പെടാൻ പോകുന്നത്?