സമസ്തകേരളം പി.ഒ. എന്നാണ്‌ കഥകളിയുടെ മേൽവിലാസം. തങ്ങളുടെ തപാൽപരിധിക്ക്‌ കഥകളിഗ്രാമമെന്ന്‌ പേരുവരാൻ അപേക്ഷിച്ച്‌ പ്രതീക്ഷാപൂർവം കാത്തിരിക്കയാണ്‌ പത്തനംതിട്ട ജില്ലയിലെ പമ്പാതീരത്തുള്ള അയിരൂരിലെ സഹൃദയസമൂഹം. വേറിട്ട കഥകളിചരിത്രത്തിന്റെയും വർത്തമാനത്തിന്റെയും അഭിമാനം പറയാനുണ്ട്‌ കടമ്മനിട്ട പടയണിയുടെയും ആറന്മുള വള്ളംകളിയുടെയും പശ്ചാത്തലത്തിന്റെ മധ്യേയിങ്ങനെ കുന്നും മലകളും കാടും നദിയും മേളിച്ച പഴയ പ്രകൃതിസൗന്ദര്യത്തിലെ ശേഷിപ്പായി നിലകൊള്ളുന്ന അയിരൂർ ഗ്രാമത്തിന്‌. ശ്രീനാരായണഗുരുവിനുംമുൻപ്‌ സാമൂഹിക പരിഷ്കരണവാദിയായി പേരെടുത്ത കാർത്തികപ്പള്ളി ആറാട്ടുപുഴ കല്ലശ്ശേരിയിലെ വേലായുധൻ പണിക്കർ 157 കൊല്ലംമുൻപ്‌ സവർണാധിപത്യത്തെ വെല്ലുവിളിച്ച്‌ ആദ്യമായി ഈഴവരുടെ കളിയോഗം രൂപവത്‌കരിച്ചു. കളരിയും തുടങ്ങി.  ഈഴവർ കിരീടം വെച്ചാടുന്നതിനെതിരേ ചിലർ കോടതിയിൽ കേസുകൊടുത്തു. ‘ഉരുളത്തടി, വണ്ടിൻതോട്‌, രസക്കുടുക്ക, മയിൽപ്പീലി മുതലായ ക്ഷുദ്രസാധനങ്ങളെക്കൊണ്ടുണ്ടാക്കുന്ന കിരീടം ആരുടെ തലയിൽവയ്ക്കുന്നതിനും തെറ്റില്ല’ എന്ന്‌ വിധിവന്നു.  ഈ പശ്ചാത്തലത്തിലാണ്‌ അയിരൂരിൽ ഒന്നരനൂറ്റാണ്ടുമുൻപ്‌ ചിറക്കുഴിയിൽ ശങ്കരപ്പണിക്കർ കഥകളിക്കളരിയും കളിയോഗവും സ്ഥാപിച്ചത്‌. ക്രമേണ രണ്ടുകളരികൾകൂടി പ്രവർത്തനമാരംഭിച്ചു. അമ്പതുവർഷംമുൻപുവരെ ഇവിടെ കളരികൾ നിലനിന്നിരുന്നു. കലയിലെ സാമുദായിക വിഭാഗീയതയോട്‌ പൊരുതാനാവാതെ, ക്ഷേത്രപ്രവേശനം നേടാനാവാതെ കളിയോഗത്തിന്റെ പ്രവർത്തനങ്ങൾ നിലയ്ക്കുകയാണുണ്ടായത്‌. ഈ കഥകളി പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും സത്ത തിരിച്ചുപിടിക്കുന്നതിനും നിലനിർത്തുന്നതിനുമായി കുടുംബതലമുറത്തുടർച്ചയിലെ വി.ആർ. വിമൽരാജ്‌ 1980-ൽ ‘പുത്തേഴൻ കഥകളി ആസ്വാദകസംഘം’ രൂപവത്‌കരിക്കുകയും ചൊല്ലിയാട്ടക്കളരി സാർഥകമാക്കുകയും ചെയ്തു.  ഒരു ഗ്രാമത്തെ മുഴുവൻ കഥകളി സാക്ഷരരാക്കുകയെന്ന ലക്ഷ്യം പ്രായേണ പ്രാവർത്തികമായി. 1995-ൽ ആസ്വാദകസംഘം ആയിരം അംഗങ്ങളുള്ള പത്തനംതിട്ട കഥകളി ക്ലബ്ബായി മാറി. ക്രൈസ്തവകുടുംബാംഗങ്ങളുടെ ആധിക്യമായിരുന്നു ക്ലബ്ബിന്റെ സവിശേഷത. ഡോ. ജോസ്‌ പാറക്കടവിൽ പ്രസിഡന്റായ ക്ലബ്ബ്‌ അബ്രഹാമിന്റെ ബലി, മുടിയനായ പുത്രൻ എന്നീ ബൈബിൾ പ്രമേയങ്ങൾ കഥകളിയാക്കി. മാങ്കുളം വിഷ്ണുനമ്പൂതിരി അടക്കമുള്ള മുതിർന്ന നടൻമാർ വേഷംകെട്ടി. പള്ളിപ്പെരുന്നാൾ രാവുകളിൽ കഥകളിയരങ്ങിനുമുന്നിൽ കാണികൾ നിറഞ്ഞു. കടമ്മനിട്ട രാമകൃഷ്ണന്റെ ‘കുറത്തി’യും ‘കാട്ടാള’നും കളിയരങ്ങളിലെത്തുന്നത്‌ അയിരൂരുകാരുടെ ഉത്സാഹത്തിലാണ്‌. ആർ. നരേന്ദ്രപ്രസാദിന്റെയും ഡി. വിനയചന്ദ്രന്റെയും കഥകളിദർശന സമവായം ‘കുറത്തി’യുടെ ആവിഷ്കാരസമ്പന്നതയാണ്‌. ഓയൂർ രാമചന്ദ്രന്റെ ശരീരഭാഷ്യം ശ്രദ്ധേയമായി. ഇരുകരകളിലായി മാരാമൺ കൺവെൻഷനും ഹിന്ദുമത കൺവെൻഷനും നടക്കുന്ന പമ്പ മതമൈത്രിപ്പുഴകൂടിയായി ഒഴുകി. ഈ മതേതരകൂട്ടായ്മയാണ്‌ അയിരൂർ പമ്പാതീരത്ത്‌ കഴിഞ്ഞ 11 വർഷമായി, ഒരാഴ്ച നീണ്ടുനിൽക്കുന്ന കഥകളി മേളയുടെ വിജയത്തിന്റെ അടിസ്ഥാനം. ‘ക്ളാസിക്കൽകലാസ്വാദനം ക്ളാസ്‌മുറിയിൽനിന്നും’ എന്ന ആശയം പ്രാവർത്തികമാക്കി, കഥകളിക്കാഴ്ചയിലെ സാങ്കേതികത അകറ്റാൻ മുദ്രാപരിശീലനക്ളാസുകൾ തുടങ്ങി. വർഷത്തിൽ 15,000 വിദ്യാർഥികൾ എന്ന കണക്കനുസരിച്ച്‌ ലക്ഷത്തിലധികം പേർ കഥകളിയുടെ വ്യാകരണം പരിചയിച്ചു. കേരള കലാമണ്ഡലത്തിന്റെ കഴിഞ്ഞ മുപ്പതുവർഷത്തെ ചരിത്രത്തിൽ, ഒരു ഗ്രാമത്തിൽനിന്ന്‌ വിവിധ കലാമേഖലകളിലേക്ക്‌ ഏറ്റവുമധികം പഠിതാക്കളെ പറഞ്ഞയച്ച അപൂർവതയും അയിരൂരിന്‌ സ്വന്തം. കലാമണ്ഡലത്തിന്റെ ആദ്യത്തെ ഓഫ്‌ കാമ്പസും അയിരൂരിലാണ്‌ ആരംഭിച്ചത്‌.
അയൽഗ്രാമമായ കടമ്മനിട്ട സർക്കാർ പടയണിഗ്രാമമായി പ്രഖ്യാപിച്ചപ്പോൾ അയിരൂരുകാർ കഥകളിഗ്രാമത്തിനായി കച്ചകെട്ടി. 2010-ൽ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന ശ്രീജ വിമലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഏകസ്വരത്തിൽ അയിരൂർ കഥകളിഗ്രാമമാക്കാനുള്ള പ്രമേയത്തെ അനുകൂലിച്ച്‌ പുറപ്പാടെടുത്തു. പഞ്ചായത്തിന്റെ അതിർത്തിയിലുള്ള സ്വാഗതം-നന്ദി ബോർഡുകൾ ‘അയിരൂർ കഥകളിഗ്രാമ’മായി മാറി തിരനോട്ടം തുടങ്ങി. കല്യാണക്കത്തുകളിലും നോട്ടീസുകളിലും കടകളുടെ ബോർഡുകളിലും പുതുക്കിയ പേര്‌ ചേർക്കാൻ ഗ്രാമവാസികൾക്ക്‌ താത്‌പര്യമായി. കഥകളിക്കോപ്പുകളും വാദ്യങ്ങളും വാങ്ങുന്നതിനായി പഞ്ചായത്ത്‌ അഞ്ചുലക്ഷംരൂപ അനുവദിച്ചു. വർഷംതോറും ഗ്രാന്റും നൽകി. ജനകീയാസൂത്രണപദ്ധതി കഥകളിയുടെ ക്ഷേമത്തിനായിക്കൂടി സാർഥകമായതിന്റെ സത്യസാക്ഷ്യമാണ്‌ അയിരൂരിൽ കാണുന്നത്‌. ഇന്നത്തെ അയിരൂർ സൗത്ത്‌ പി.ഒ., ‘കഥകളിഗ്രാമം പോസ്റ്റായി’ മാറ്റുന്നതിന്‌ റവന്യൂരേഖകളിലുള്ള ‘അയിരൂർക്കര’ ‘അയിരൂർ കഥകളിഗ്രാമംകര’യാക്കി മാറ്റാൻ കളക്ടർ ശുപാർശചെയ്ത്‌ സർക്കാറിന്‌ സമർപ്പിച്ചിരിക്കയാണ്‌. തപാൽവകുപ്പാണ്‌ തീരുമാനമെടുക്കേണ്ടത്‌. ജന്മനാ കഥകളിഗ്രാമമായ വെള്ളിനേഴിക്ക്‌ കലാഗ്രാമപദവി കൈവരുന്നതിനുംമുൻപ്‌ അയിരൂരുകാർ കഥകളി ഗ്രാമവാസികളായി. ഒരു ദേശത്തിന്റെ പതിറ്റാണ്ടുകളായുള്ള നിരന്തര പ്രയത്നവും പ്രാർഥനയുമാണ്‌ കഥകളി ഗ്രാമസാഫല്യത്തിന്റെ പൊരുൾ. സഹൃദയത്വം അന്യംനിന്നുപോകാത്ത, കഥകളിയുടെ കേരളീയതയ്ക്കായി ക്ലേശകരമായി യത്നിക്കുന്ന, മറുനോട്ടത്തിൽ സവർണത കല്പിക്കാത്ത, കലയിലെ മതേതരജനാധിപത്യ പ്രമാണം തിരിച്ചറിയുന്നവരാണ്‌ അയിരൂരിലെ കഥകളിഭ്രാന്തന്മാർ. ആർ. അച്യുതൻപിള്ള, ജോൺസൺ മാത്യു,  വിമൽരാജ്‌ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ പ്രസ്ഥാനത്തിന്റെ ഇന്നത്തെ അമരക്കാർ പ്രസാദ്‌ കൈലാസ്‌, വി.ടി. തോമസ്‌, ടി.ആർ. ഹരികൃഷ്ണൻ, എസ്‌. ദിലീപ്‌കുമാർ, വി. ജയറാം, എം.ആർ. വേണു എന്നിവരാണ്‌. ഒ. ചന്തുമേനോന്റെ ഭാഷയിൽ ഇവരുടെ കലശലായ കളിഭ്രാന്താണ്‌ അയിരൂർ ഗ്രാമത്തെ ചുട്ടികുത്തിച്ച്‌ ഉടുത്തുകെട്ടിച്ച്‌ പച്ചവേഷമാക്കി അരങ്ങിലെത്തിച്ചത്‌. അയിരൂരിന്റെ ഭൂപടത്തിന്‌ കഥകളിവേഷത്തിന്റെ ഛായയാവുന്ന കാലം 
വിദൂരമല്ല.   

                       
npvkrishnan@gmail.com