കല്യാണസൗഗന്ധികമാണ് കളി. കഥകളിരംഗത്തെ സിംഹങ്ങളാണ് വേദിയിലും സദസ്സിലും. ഭീമനായി കലാമണ്ഡലം കൃഷ്ണൻ നായർ. ഹനുമാനായി കലാമണ്ഡലം രാമൻകുട്ടി നായർ. കളി കാണാനിരിക്കുന്നതോ കലാമണ്ഡലം ഗോപി, കലാമണ്ഡലം ശിവരാമൻ, കലാമണ്ഡലം ഹൈദരാലി, നെല്ലിയോട്‌ വാസുദേവൻ നമ്പൂതിരി എന്നിവരും. അവർക്കിടയിലേക്കാണ് കഥാനായികയായ പാഞ്ചാലിയായി അഭിനയിക്കാൻ പത്തൊമ്പതുകാരിയായ എറണാകുളം സ്വദേശി പാർവതി എത്തുന്നത്. മുട്ടിടിച്ചുപോകുന്ന അവസ്ഥ. പക്ഷേ, കളി പൂർത്തിയാക്കിയപ്പോൾ വലുപ്പചെറുപ്പമില്ലാതെ അഭിനന്ദനപ്രവാഹം...
43 വർഷമായി അരങ്ങിൽ വിവിധ വേഷങ്ങൾ കെട്ടിയാടുമ്പോഴും എറണാകുളം രവിപുരം തെക്കേ കുറ്റിയേഴത്ത് വീട്ടിൽ പാർവതി മേനോൻ എന്ന കഥകളികലാകാരിയുടെ മനസ്സിൽ അങ്ങ് ഏഴാംകടലിനക്കരെ അമേരിക്കയിലെ സ്വപ്നതുല്യമായ ആ രാത്രി പച്ചപിടിച്ചു കിടപ്പുണ്ട്.
‘‘1985-ലായിരുന്നു അത്. വാഷിങ്ടണിലെ കെന്നഡി ഹാളിലായിരുന്നു കളി. ഞാൻ രണ്ടാം വർഷ ബിരുദവിദ്യാർഥിനിയാണ്. പക്കവാദ്യനിരയിലും പ്രഗല്‌ഭരാണ്. രാമൻകുട്ടിയാശാനും മറ്റും മറ്റൊരു ട്രൂപ്പിന്റെ കൂടെ കളി അവതരിപ്പിക്കാൻ എത്തിയതായിരുന്നു. സംഗീതനാടക അക്കാദമിയും ഐ.സി.സി.ആർ. ഡൽഹിയും ചേർന്നാണ് കളി സംഘടിപ്പിച്ചത്. സത്യത്തിൽ രാധികാവർമ ചെയ്യാനിരുന്ന വേഷമായിരുന്നു അത്. അവർക്ക് എന്തോ അസൗകര്യം വന്നപ്പോൾ എന്റെ പേര് നിർദേശിക്കുകയായിരുന്നു. എല്ലാം ഒരു നിമിത്തം പോലെയാണെന്ന് ഇപ്പോൾ തോന്നുന്നു.’’
ഏഴാം വയസ്സിൽ മുഖത്ത് ചുട്ടികുത്തിത്തുടങ്ങിയ പാർവതി ദുര്യോധനൻ, രാവണൻ, കിർമീരൻ തുടങ്ങിയ കത്തിവേഷങ്ങളിലൂടെയാണ് ശ്രദ്ധേയയായത്. ഒട്ടേറെ  വേദികളിൽ ദുര്യോധനവേഷം മാത്രം കെട്ടിയാടിയതോടെ വിളിപ്പേരും വീണു - ദുര്യോധന മേനോൻ.
‘‘ദുര്യോധനവേഷത്തിന്റെ എണ്ണം കൂടിയപ്പോൾ തൃപ്പൂണിത്തുറക്കാരിട്ട പേരാണ്. തമാശയ്ക്കിട്ട പേരാണെങ്കിലും എന്റെ പ്രകടനങ്ങൾക്കുള്ള അംഗീകാരമായാണ് ഞാനിതിനെ കാണുന്നത്. അലറിവിളിച്ചെത്തുകയോ, ദുഷ്‌ചെയ്തികൾ നടത്തുകയോ ചെയ്യുന്ന വേഷങ്ങളോട് എനിക്ക് പണ്ടേ കമ്പമായിരുന്നു. അത്തരം കഥാപാത്രങ്ങളോടുള്ള വീരാരാധനയും ബഹുമാനവുമൊക്കെയായിരിക്കാം കാരണം. പിന്നെ കുട്ടിക്കാലത്ത് രാമൻകുട്ടിയാശാനെപ്പോലുള്ളവരുടെ മികച്ച കത്തിവേഷങ്ങൾ മനസ്സിൽ ആഴത്തിൽ വേരുറച്ചുപോയിരുന്നു. അതും  കാരണമാകാം’’ -പാർവതി മേനോൻ പറയുന്നു. പലപ്പോഴും പച്ച-ചുവപ്പുതാടി വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും വളരെക്കുറച്ച് സ്ത്രീവേഷങ്ങൾ മാത്രമാണ്  പാർവതി ചെയ്തിട്ടുള്ളത്.
കലാപാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ജനനം. കഥകളിക്കമ്പക്കാരനായിരുന്നു അച്ഛൻ കെ.പി. അരവിന്ദാക്ഷമേനോൻ. മക്കൾ കളി പഠിച്ചിരിക്കണമെന്ന അച്ഛന്റെ നിർബന്ധം മൂന്നു പെൺമക്കളെയും കലാരംഗത്തെത്തിച്ചു. മൂത്തചേച്ചി കളിപഠിക്കുന്ന വേളയിൽ താത്‌പര്യപൂർവം കണ്ടുനിൽക്കുമായിരുന്ന പാർവതിയിലെ ഭാവികലാകാരിയെ തിരിച്ചറിഞ്ഞത് ആറുപതിറ്റാണ്ടായി കഥകളിരംഗത്തു നിറഞ്ഞുനിൽക്കുന്ന തൃപ്പൂണിത്തുറയിലെ ഗുരു ഫാക്ട് പദ്‌മനാഭനാണ്. ഇത് പാർവതിയുടെ കളിപഠനത്തിനുള്ള വഴിതുറന്നു. ഫാക്ട് പദ്‌മനാഭൻ തന്നെയായിരുന്നു ഗുരു. ‘അദ്ദേഹമെനിക്ക് ഗുരു മാത്രമല്ല. മാതാപിതാക്കളുടെ സ്ഥാനമോ രക്ഷാകർത്താവിന്റെ സ്ഥാനമോ ഒക്കെയായിരുന്നു ഞാനദ്ദേഹത്തിന് നൽകിയത്. കണ്ണുരുട്ടിയും ശാസിച്ചുമുള്ള പഠനരീതിയായിരുന്നില്ല അദ്ദേഹത്തിന്റേത്. സംശയങ്ങളെന്തും എപ്പോഴും ചോദിച്ചു മനസ്സിലാക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹം അനുവദിച്ചിരുന്നു. അക്കാലത്തുതന്നെ എതാണ്ടെല്ലാ അമ്പലങ്ങളിലും കഥകളി അവതരിപ്പിക്കാനായത് ഗുരുകൃപകൊണ്ടാണെന്ന് ഞാൻ കരുതുന്നു.’’ പാർവതിമേനോൻ പറയുന്നു. 
1975-ൽ തൃപ്പൂണിത്തുറ കേന്ദ്രീകരിച്ച് രൂപവത്കരിക്കപ്പെട്ട വനിതാകഥകളിസംഘം ഏവരുടെയും ശ്രദ്ധനേടിയിരുന്നു.  എഴുപതുകളുടെ അവസാനം ഇതിൽ അംഗമായതാണ് തന്റെ കലാജീവിതത്തിൽ നിർണായകമായതെന്ന് പാർവതി പറയുന്നു. അവർ അത്രയേറെ വേദി ഒരുക്കിത്തന്നതുകൊണ്ടാണ് ഇത്രയെങ്കിലും ചെയ്യാനായത്.
നിരന്തരം നിയോഗങ്ങളും നിമിത്തങ്ങളും നിറഞ്ഞതായിരുന്നു പാർവതിയുടെ കലാജീവിതം. സ്കൂളിൽ പഠിക്കുമ്പോൾ ‘നായക’വേഷത്തിൽനിന്നും മാറി ‘വില്ലൻ’വേഷം കെട്ടിയതുമുതൽ വാഷിങ്ടണിലെ പാഞ്ചാലീവേഷംവരെ അതുനീളുന്നു.
‘‘ആദ്യമായി ദുര്യോധനവേഷം കെട്ടിയാടിയതും ഒരു നിയോഗംപോലെ സംഭവിച്ചതായിരുന്നു. അന്നു ഞാൻ സ്കൂൾ വിദ്യാർഥിയാണ്. തൃശ്ശൂർ കേന്ദ്ര സാഹിത്യ അക്കാദമി ഹാളിലായിരുന്നു അന്ന് കളി അവതരിപ്പിക്കേണ്ടിയിരുന്നത്. ‘ദുര്യോധനവധം’ ആയിരുന്നു കളി. രൗദ്രഭീമന്റെ പച്ചവേഷമായിരുന്നു അവതരിപ്പിക്കേണ്ടിയിരുന്നത്. പക്ഷേ, കളി തുടങ്ങാൻ അല്പസമയം ബാക്കിനിൽക്കേ ആരോ പറഞ്ഞു: ‘പാറു ദുര്യോധനന്റെ വേഷം ചെയ്യട്ടെ.’ ഞാനാകെ വിരണ്ടുപോയി. 10 മിനിറ്റുകൊണ്ട് കളിക്കേണ്ട ഭാഗം പറഞ്ഞുതന്നു. അന്നും മുതിർന്ന കലാകാരന്മാർക്കൊപ്പം തന്നെയായിരുന്നു കളിക്കേണ്ടിയിരുന്നത്. അങ്ങനെ ദുര്യോധനവധം ഒരിക്കൽപ്പോലും കാണാതിരുന്ന ഞാൻ ആദ്യമായി ദുര്യോധനനായി. അന്നുമുതലിന്നുവരെ ദുര്യോധനൻ കൂടെയുണ്ട്.’’ -പാർവതിമേനോൻ വീണ്ടും ഓർമകളുടെ ചെപ്പുതുറന്നു.
ഏറെ പ്രോത്സാഹിപ്പിക്കുന്ന ഭർത്താവ് ഉണ്ണിക്കൃഷ്ണമേനോനാണ് തന്റെ ശക്തിയെന്ന് പാർവതി പറയുന്നു. ബഹ്‌റൈനിൽ സ്വകാര്യസ്ഥാപനത്തിലാണ് ഭർത്താവ് ജോലിചെയ്യുന്നത്. എൽഎൽ.ബി. വിദ്യാർഥിനിയായ വൈദേഹി മകളും പത്താം ക്ളാസ് വിദ്യാർഥിയായ ദശരഥ് മകനുമാണ്. 2011-ലും അമേരിക്കയിൽ കഥകളി അവതരിപ്പിച്ചിട്ടുള്ള പാർവതി കാനഡയിലും കളി അവതരിപ്പിച്ചിട്ടുണ്ട്. 2015-ൽ വെൺമണി പാറുക്കുട്ടിയമ്മ സ്മാരക കഥകളി പുരസ്കാരം, 2017-ൽ ബെംഗളൂരു ക്ളബ്ബ് ഫോർ കഥകളി ആൻഡ്‌ ആർട്‌സ് കഥകളിപുസ്കാരം എന്നിവ ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ കിട്ടിയിട്ടുണ്ട്.     

krishkumarmbi@gmail.com