വഴിയാധാരമായവന്റെ പോരാട്ടം 

815 ദിവസം നീണ്ടുനിന്നതും ആരാലും തിരിഞ്ഞുനോക്കപ്പെടാതെപ്പോയതുമായ ഒരു നിസ്സഹായന്റെ സമരം. ബെംഗളൂരുവിൽ കഷ്ടപ്പെട്ട്‌ സമ്പാദിച്ചുനേടിയ സ്വന്തം ഭൂമിയും അതിലെ  വീടും  ഭരണകൂടത്തെപ്പോലും വിലയ്ക്കെടുത്തുകൊണ്ട് കോർപ്പറേറ്റ് ഭൂമാഫിയ തട്ടിയെടുത്തപ്പോൾ ഒറ്റയ്ക്ക് നേരിട്ട ഈ വയോവൃദ്ധനായ മലയാളിയുടെ സഹനസമരത്തിന്റെ നേർചിത്രം വായിച്ചപ്പോൾ കണ്ണുനിറഞ്ഞു. തന്റെ നിലവിളികളെല്ലാം ബധിരകർണങ്ങളിൽത്തട്ടി  പ്രതിധ്വനിച്ചതല്ലാതെ ഒരു സഹായവും ആ മനുഷ്യനെത്തേടിയെത്തിയില്ല. അവസാനത്തെ പ്രതീക്ഷയായിരുന്ന നീതിദേവതയുടെ കണ്ണ് മാത്രമല്ല ചെവിയും അടഞ്ഞുപോയതോടെ ആ പാവപ്പെട്ടവന്റെ നീതിക്കുവേണ്ടിയുള്ള യാചന കേൾക്കാൻ ഈ രാജ്യത്ത്‌ ആരുമില്ലാതായി. രാജ്യത്തെ പൊതുസമ്പത്തുമുഴുവൻ കൊള്ളയടിച്ചശേഷം വിദേശത്ത് സുഖജീവിതംനയിച്ച് പിന്നെ നമ്മളെ നോക്കി കൊഞ്ഞനംകുത്തുന്ന കള്ളന്മാർക്കുവേണ്ടി കുഴലൂത്തുനടത്തുന്ന അനീതിയുടെയും അധർമത്തിന്റെയും സാമൂഹിക വ്യവസ്ഥിതികൾ തകർക്കാത്തിടത്തോളം കാലം സുകുമാരമേനോനെപ്പോലുള്ള പാവപ്പെട്ടവരുടെ കണ്ണീരുതുടയ്ക്കാൻ നമുക്ക് കഴിയില്ല.
എ.ജി. ശാന്തകുമാർ, കൊടുവായൂർ 

സുകുമാരമേനോൻ എന്ന പോരാളിക്കൊപ്പം

രതി നാരായണൻ സുകുമാരമേനോന്റെ ജീവിതത്തിലെ താളപ്പിഴവുകളെക്കുറിച്ച് എഴുതിയ ലേഖനം മനുഷ്യമനസ്സിന് താങ്ങാവുന്നതിലധികമാണ്.
സത്യസന്ധമായ വഴികളിലൂടെ ജീവിതം പടുത്തുയർത്തിയിട്ടും സ്വന്തം വീട്ടിൽനിന്ന്‌ വികസനത്തിന്റെ പേരിൽ പുറത്തിറങ്ങിപ്പോരേണ്ട സ്ഥിതി ആലോചിക്കാൻവയ്യ.  ന്യായമായ നഷ്ടപരിഹാരം നൽകാതെ ഭൂവുടമയെ വഴിയോരത്തേക്ക് ഇറക്കിവിടുന്ന അധികാരികൾ രാഷ്ട്രീയനേതാക്കളെയും കോടീശ്വരന്മാരെയും സംരക്ഷിക്കുന്ന കാഴ്ചകളും നാം കണ്ടുവരുന്നു. 
കൈയൂക്കുള്ളവനും അഴിമതിക്കാർക്കും കപടനേതാക്കൾക്കുംമാത്രമേ ഇക്കാലത്ത് നിലനില്പുള്ളൂ എന്ന സ്ഥിതിയായിരിക്കുന്നു. എല്ലാ ആനുകൂല്യങ്ങളും അധികാരങ്ങളും കൈപ്പറ്റിയിട്ടും ന്യായാധിപന്മാരും ന്യായാലയങ്ങളും ജനനന്മയ്ക്കുവേണ്ടി ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ വൈമുഖ്യം കാണിക്കുന്നു. 
മാങ്കുഴി ബാലകൃഷ്ണൻ, ഒറ്റപ്പാലം

സങ്കല്പശക്തിയാണ് മനുഷ്യനെ അതിരറ്റവനാക്കുന്നത്. പരിധികളില്ലാത്ത സങ്കല്പശക്തി. നൈസ് റോഡ് എന്ന സങ്കല്പം വിവേകത്തിന്റെ വെളിച്ചമില്ലാതെ യാഥാർഥ്യമാക്കാൻ ശ്രമിച്ചപ്പോഴാണ്  മേനോന്റെ സ്വപ്നങ്ങളും ജീവിതവും കത്തിയെരിഞ്ഞത്. അധികാരികൾ സൃഷ്ടിച്ച നിയമങ്ങൾക്ക്, തടവറകൾക്ക്, പീഡനക്യാമ്പുകൾക്ക്, മനുഷ്യാത്മാവിന്റെ സ്വാതന്ത്ര്യത്തെ, പോരാട്ടവീര്യത്തെ തകർക്കാനാവില്ല. 815 ദിവസത്തെ സമരപോരാട്ടം! സ്വന്തം വീട്ടിൽനിന്ന് കുടിയിറക്കപ്പെട്ട വേദന അനുഭവിച്ചവർക്കുമാത്രമേ ഈ നിന്ദയും അപമാനവും തോൽവിയും നെഞ്ചോടുചേർക്കാൻ കഴിയൂ. മരണഭയം പോയാൽ ആ വ്യക്തി പുതിയ ബുദ്ധനാണ്. ഏതസാധ്യവഴികളും എളുപ്പമായി മാറുന്നു; ഏതുവഴിക്കാണോ  സഞ്ചാരം അതിന്റെ അറ്റംവരെ അയാൾക്ക് പോകാനാകുന്നു. വഴിയാധാരമാവില്ല, പുതുവഴി ഈ പോരാളിക്ക് ജീവൻപകരുകതന്നെ ചെയ്യും.
അജിത്രി, എടരിക്കോട്

നല്ല കഥ

അടുത്തകാലത്ത്‌ വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കഥകളിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥയാണ്‌. ‘F നിരയിലെ സീറ്റുകൾ’. പുതിയകാല ജീവിതത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്‌ സാധാരണമാണ്‌. പണ്ടൊക്കെ ഒരു സ്നേഹിതയെ (കാമുകിയെ) സിനിമയ്ക്ക്‌ ഇത്തരത്തിൽ കൊണ്ടുപോകാൻ വലിയ പ്രയാസമായിരുന്നു. ഒറ്റയ്ക്ക്‌ സിനിമ കാണാൻപോലും മാതാപിതാക്കൾ അനുവദിക്കുകയില്ലായിരുന്നു. കാലംമാറി ഇന്ന്‌ ഹൈസ്കൂൾ, കോളേജ്‌ വിദ്യാർഥികൾ ഒന്നിച്ചിരുന്ന്‌ സിനിമകാണുന്നത്‌ ഒരു തെറ്റായി ആരും കാണുകയില്ല. ഇതൊന്നും കണ്ടില്ല, കേട്ടില്ല എന്ന്‌ നടിക്കുന്നതാണ്‌ മുതിർന്നവർക്ക്‌ നല്ലത്‌.
എൻ.യു. പൈ, കൂവപ്പാടം

മനയും മനുഷ്യരും

മാതൃഭൂമി വാരാന്തപ്പതിപ്പിൽ പ്രശസ്ത ചിത്രകാരൻ മദനന്റെ ‘മനയും മനുഷ്യരും’ എന്ന തലക്കെട്ടിൽ വന്ന ഫീച്ചറാണ്‌ ഈ കത്തിനാധാരം. ചേർപ്പ്‌, പെരുമ്പിള്ളിശ്ശേരിയിലെ (പെരുവനം ഗ്രാമം) പ്രസിദ്ധമായ കിരാങ്ങാട്ടുമന എന്റെ മുത്തച്ഛന്റെ മനയാണ്‌. കുട്ടിക്കാലത്ത്‌ പല വിശേഷാവസരങ്ങളിലും അവിടെച്ചെല്ലുമ്പോൾ മനയിലെ അകത്തളങ്ങളിലും പറമ്പിലും പാടത്തുമൊക്കെ ഓടിച്ചാടിനടന്ന ഓർമകൾ മനസ്സിലേക്ക്‌ കടന്നുവന്നു. നാലുകെട്ടും കൊക്കർണിയും അടുക്കളയുമായുള്ള കൂട്ടിക്കെട്ടിലെ വലിയ നടപ്പുര; ആ നടപ്പുരയുടെ ഭിത്തിയിൽ വരച്ചിട്ട വലിയ ഒരാനയുടെ ചിത്രം ഇന്നും മനസ്സിനുള്ളിൽ മായാതെ കിടക്കുന്നു. വളരെ വർഷങ്ങൾക്കുശേഷം അടുത്തിടെ അവിടെ ചെന്നപ്പോൾ ആ നടപ്പുരയും ആനയുടെ ചിത്രവും വീണ്ടും മനസ്സിലേക്ക്‌ ഓടിയെത്തി. പക്ഷേ, ആ നടപ്പുര ഇന്നില്ല. എങ്കിലും ആ ഭിത്തിയുടെ കുറേ ഭാഗം അവശേഷിക്കുന്നുണ്ട്‌. കാലത്തിന്റെ കൈക്കുറ്റപ്പാടിൽ കുറേയൊക്കെ തേഞ്ഞുമാഞ്ഞുപോയ ആനയുടെ ചിത്രവും... കുറേനേരം നോക്കിനിന്നു...!
കിരാങ്ങാട്ട്‌ കേശവൻ എന്ന ഗജവീരനെ നേരിട്ടുകണ്ടിട്ടില്ലെങ്കിലും മനയുടെ പടി കടക്കുമ്പോൾ ആദ്യം കാണുന്നത്‌ ക്ഷേത്രവും ക്ഷേത്രത്തോട്‌ ചേർന്നുനിൽക്കുന്ന, കേശവനെന്ന ഗജരാജനെ തളച്ചിരുന്ന പടർന്നു പന്തലിച്ച വലിയ മാവുമാണ്‌. ഒരുകാലത്ത്‌ സംസ്കൃതപണ്ഡിതന്മാരുടെ തണലായിരുന്ന ഒരു സംസ്കൃത സർവകലാശാലതന്നെയായിരുന്ന കിരാങ്ങാട്ടു മനയുടെ അകത്തളങ്ങളിൽനിന്ന്‌ വേദമന്ത്രങ്ങളുടെ ധ്വനികൾ ഇന്നും ഉയർന്നുകേൾക്കാം.
മധുരിക്കുന്ന കുറേ ഓർമകളിലേക്ക്‌ കൂട്ടിക്കൊണ്ടുപോയ മദനനും മാതൃഭൂമിക്കും ഒരായിരം നന്ദി.
രാമഭദ്രൻ തമ്പുരാൻ, തൃപ്പൂണിത്തുറ