1966 ജനുവരി 10-ന് അർധരാത്രി പ്രശസ്ത മാധ്യമപ്രവർത്തകൻ കുൽദീപ് നയ്യാർ ഒരു ദുഃസ്വപ്നംകണ്ട് ഞെട്ടിയുണർന്നു. പ്രധാനമന്ത്രി ലാൽ ബഹാദൂർശാസ്ത്രി കൊല്ലപ്പെട്ടു എന്നതായിരുന്നു ആ സ്വപ്നം. പെട്ടെന്ന് മുറിയുടെ വാതിലിൽ ആരോ ശക്തിയായി മുട്ടി. നയ്യാർ വാതിൽ തുറന്നു. 
  ‘നിങ്ങളുടെ പ്രധാനമന്ത്രി മരിച്ചു!’ , വാതിൽക്കൽനിന്ന സ്ത്രീ നിർവികാരയായി പറഞ്ഞു. തുടർന്നുനടന്ന സംഭവങ്ങൾ നയ്യാർ ഇങ്ങനെ വിവരിക്കുന്നു:  ‘ഞെട്ടിത്തരിച്ചുപോയ ഞാൻ വേഷം ധരിച്ച് ശാസ്ത്രിജി താമസിച്ചിരുന്ന ഹോട്ടലിലേക്ക് പാഞ്ഞു. ഹോട്ടലിന്റെ വരാന്തയിൽ സോവിയറ്റ് യൂണിയന്റെ പ്രധാനമന്ത്രി അലക്സി കോസിജിൻ നിൽപുണ്ടായിരുന്നു. ‘എല്ലാം കഴിഞ്ഞു’ എന്നദ്ദേഹം ആംഗ്യംകാട്ടി. ഞാൻ ഹോട്ടലിന്റെ ഉള്ളിലേക്ക്‌ കയറി. അവിടെ ഡൈനിങ് ഹാളിൽ ഒരുപറ്റം റഷ്യൻ ഡോക്ടർമാർക്കുനടുവിൽ, താ​െഷ്കന്റിലേക്കുപോയ പ്രധാനമന്ത്രിയുടെ സംഘത്തിലെ ഡോക്ടർ ആർ.എൻ. ചുഗ് നിൽക്കുന്നതും കണ്ടു. തൊട്ടടുത്ത വലിയ സ്വീറ്റ് റൂമിലെ വലിയ ബെഡിൽ സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ചലനമറ്റുകിടക്കുന്നു. ഉറങ്ങുന്നതുപോലെ ശാന്തമായിരുന്നു ലാളിത്യമാർന്ന ആ മുഖം. അഴിച്ചുവെച്ച ചെരിപ്പുകളും മറിഞ്ഞുകിടക്കുന്ന ഒരു ഫ്ളാസ്കുമാണ് തുടർന്ന് എന്റെ ശ്രദ്ധയിൽപ്പെട്ടത്. ഞാനും ഇന്ത്യൻ സംഘത്തിലെ ഫോട്ടോഗ്രാഫറും ചേർന്ന് അവിടെ ചുരുട്ടിവെച്ചിരുന്ന ദേശീയ പതാകയെടുത്ത് മൃതദേഹത്തെ പുതപ്പിച്ചു.
വരാന്തയിൽ ശാസ്ത്രിജിയുടെ പേഴ്‌സണൽ സെക്രട്ടറി ജഗൻനാഥ് സഹായ് നിൽപുണ്ടായിരുന്നു. രാത്രി രണ്ടുമണിയോടെ പ്രധാനമന്ത്രി തന്റെ മുറിയിൽവന്ന്‌ തട്ടിവിളിച്ചെന്നും വെള്ളം ആവശ്യപ്പെട്ടെന്നും ജഗൻ പറഞ്ഞു. ജഗനും സഹായി രാംനാഥും ചേർന്ന് ശാസ്ത്രിജിയെ തിരികെ മുറിയിലെത്തിച്ച്, വെള്ളംനൽകി. വെള്ളം കുടിക്കുന്നതിനിടെത്തന്നെ അദ്ദേഹം ബോധശൂന്യനായി മറിഞ്ഞുവീണു...’

*    *    *

    2018 ഫെബ്രുവരി 10. അമ്പത്തിരണ്ട് വർഷങ്ങൾക്കുശേഷം, ലോത്തെ താെഷ്കന്റ് പാലസ് എന്ന പഞ്ചനക്ഷത്രഹോട്ടലിന്റെ ഇടനാഴിയിൽ നിന്നുകൊണ്ട് ഞാൻ ആ ദിവസത്തെക്കുറിച്ചോർത്തു. ഇന്ത്യ കണ്ടതിൽവെച്ച് ഏറ്റവും ലാളിത്യമാർന്ന ജീവിതം നയിച്ചിരുന്ന പ്രധാനമന്ത്രി മരിച്ചുകിടന്നത് എന്റെ മുന്നിലെ 545-ാം നമ്പർ പ്രസിഡൻഷ്യൻ സ്വീറ്റിനുള്ളിലാണ്. ഈ ഇടനാഴിയിലാണ് കുൽദീപ്‌ നയ്യാർ ഉൾപ്പെടെയുള്ള ഇന്ത്യൻസംഘം നിർന്നിമേഷരായി മൃതദേഹത്തിന് കാവൽനിന്നത്.
   ഹോട്ടൽ അധികൃതർക്ക് ശാസ്ത്രിജിയുടെ മരണത്തെക്കുറിച്ച് പറഞ്ഞുതരാൻ ഒരു താത്‌പര്യവുമില്ല. ഏതുമുറിയിലാണ് അദ്ദേഹം മരിച്ചതെന്ന ചോദ്യത്തിന് ‘അതൊക്കെ പഴങ്കഥയല്ലേ, അന്നിവിടെ ജോലിചെയ്തവരൊക്കെ പെൻഷൻപറ്റി പിരിഞ്ഞു. ഹോട്ടലിന്റെ മാനേജ്‌മെന്റും മാറി. ഇപ്പോഴുള്ള ആർക്കും അതിനെക്കുറിച്ചൊന്നുമറിയില്ല’ എന്നാണ് ഹോട്ടൽ മാനേജർ ഒഴുക്കൻമട്ടിൽ മറുപടി തന്നത്.
ഒടുവിൽ ഞങ്ങളുടെ ഗൈഡ് ഉസ്മാന്റെ സഹായത്തോടെ, താെഷ്കന്റ് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് വിശ്രമജീവിതം നയിക്കുന്ന ഒരു പഴയ ഹോട്ടൽ ജീവനക്കാരനെ കണ്ടുപിടിച്ചാണ് മുറിയുടെ നമ്പർ മനസ്സിലാക്കിയത്. ഒരു ഫീച്ചർ തയ്യാറാക്കാൻ എത്തിയതാണെന്ന് ധരിപ്പിച്ച് ഹോട്ടൽ ചുറ്റിനടന്ന്‌ കാണുന്നതിനിടെ 545-ാം നമ്പർ സ്വീറ്റ് റൂമിന്റെ ഉള്ളിലും ഞാൻ എത്തിപ്പെട്ടു.
ഇന്ത്യയുടെ രണ്ടാമത് പ്രധാനമന്ത്രിയായിരുന്ന ലാൽബഹാദൂർ ശാസ്ത്രിയുടെ മരണം ഒരു സ്വാഭാവിക മരണമായിരുന്നില്ല എന്ന വിവാദം ഇന്നും കെട്ടണഞ്ഞിട്ടില്ല. ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിക്കാനുള്ള ഉടമ്പടി ഒപ്പിടാൻ അന്ന് റഷ്യയുടെ ഭാഗമായിരുന്ന ഉസ്ബക്കിസ്താനിൽ എത്തിയതായിരുന്നു ശാസ്ത്രിജി. പത്രപ്രവർത്തകരും ഡോക്ടറും പാചകക്കാരനുമൊക്കെയുണ്ടായിരുന്നു സംഘത്തിൽ. 10-ന് വൈകീട്ട് ‘താെഷ്കന്റ് ഉടമ്പടി’ എന്നപേരിൽ പിന്നീട് പ്രസിദ്ധമായ വെടിനിർത്തൽ രേഖയിൽ ശാസ്ത്രിജിയും പാക്പ്രസിഡന്റ് മൊഹമ്മദ് അയൂബ്ഖാനും ഒപ്പിട്ടു. സോവിയറ്റ് യൂണിയന്റെ പ്രധാനമന്ത്രി അലക്സി കൊസിജിന്റെ സാന്നിധ്യത്തിലായിരുന്നു ഒപ്പിടൽ ചടങ്ങ്. താെഷ്കന്റിൽവെച്ച് ഉടമ്പടിയിൽ ഒപ്പിടാൻ സോവിയറ്റ് യൂണിയൻ ഇന്ത്യയെയും പാകിസ്താനെയും ക്ഷണിക്കുകയായിരുന്നു.
   ഉടമ്പടി ഒപ്പിട്ടശേഷം രാത്രിയോടെ അന്ന് താെഷ്കന്റ് പാലസ് എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ ലോത്തെ താെഷ്കന്റ് പാലസ് ഹോട്ടലിലേക്ക് ശാസ്ത്രിജിയും സംഘവും മടങ്ങി. 545-ാം നമ്പർ സ്വീറ്റ് റൂമിൽ അല്പനേരം വിശ്രമിച്ച ശേഷം ശാസ്ത്രിജി തന്റെ സന്തതസഹചാരിയായ രാംനാഥിനോട് ഇന്ത്യൻ അംബാസഡർ ടി.എൻ. കൗളിന്റെ വീട്ടിൽനിന്ന് അത്താഴം വരുത്താൻ ആവശ്യപ്പെട്ടു.  കൗളിന്റെ കുക്കായ ജാൻ മുഹമ്മദ് തയ്യാറാക്കിയ ചീരക്കറിയും ഉരുളക്കിഴങ്ങ് പുഴുങ്ങിയതും കഴിച്ചു. പിന്നെ, പതിവുപോലെ രാംനാഥ് നൽകിയ പാലും കുടിച്ചു. രാത്രി കുടിക്കാനുള്ള വെള്ളം ഫ്ളാസ്കിൽ എടുത്തുവയ്ക്കാൻ പറഞ്ഞിട്ട് ശാസ്ത്രിജി ഉറങ്ങാൻകിടന്നു. താൻ അതേമുറിയിൽ താഴെ കിടക്കട്ടേയെന്ന് രാംനാഥ് ചോദിച്ചപ്പോൾ ‘വേണ്ട, രാവിലെ കാബൂളിലേക്ക് പോകേണ്ടതാണ്, നീ മുറിയിൽ പോയി നന്നായി കിടന്നുറങ്ങ്’ എന്ന് ശാസ്ത്രിജി പറഞ്ഞു. അങ്ങനെ മുറിവിട്ടുപോയ രാംനാഥ് പിന്നെ ഉണരുന്നത് ശാസ്ത്രിജി തന്റെ മുറിയിൽ തട്ടുന്നതുകേട്ടാണ്. 
ശാസ്ത്രിജിയുടെ മരണശേഷം വിവാദങ്ങളുടെയും സംശയങ്ങളുടെയും കുത്തൊഴുക്കായിരുന്നു. പാകിസ്താനും സോവിയറ്റ് യൂണിയനുമൊക്കെ സംശയിക്കപ്പെടുന്നവരുടെ ലിസ്റ്റിലുണ്ടായിരുന്നു. പാകിസ്താന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലായിരുന്നു ശാസ്ത്രിജി. ഒടുവിൽ ഐക്യരാഷ്ട്രസഭ മുൻകൈയെടുത്താണ് അദ്ദേഹത്തെ സമാധാന ഉടമ്പടിക്ക് സമ്മതിപ്പിച്ചത്. അതുകൊണ്ടുതന്നെ ശാസ്ത്രിജി പ്രധാനമന്ത്രിയായി തുടരുന്നതിൽ പാകിസ്താന് താത്‌പര്യമുണ്ടായിരുന്നില്ല. ശാസ്ത്രിജി ശക്തമായി പിന്താങ്ങിയിരുന്ന ചേരിചേരാനയത്തിലുള്ള സോവിയറ്റ് യൂണിയന്റെ അതൃപ്തിയാണ് മരണകാരണമെന്നും വ്യാഖ്യാനിക്കപ്പെട്ടു. (താ െഷ്കന്റിൽ  ശാസ്ത്രിജിയുടെ മരണം സ്ഥിരീകരിച്ച ഡോക്ടർ ചുഗ്ഗും കുടുംബവും 1977-ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കേ ലോറിയിടിച്ച് മരിച്ചതും ആരും അന്വേഷിച്ചില്ല!)
ശാസ്ത്രിജിയെ ആഹാരത്തിൽ വിഷംകൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഇന്നും ഒരുവിഭാഗം വിശ്വസിക്കുന്നത്. സന്തതസഹചാരിയായ രാംനാഥാണ് ഏതുയാത്രയിലും ശാസ്ത്രിജിക്ക് ഭക്ഷണം തയ്യാറാക്കി നൽകിയിരുന്നത്. എന്നാൽ, താെഷ്കന്റിൽ, രാംനാഥ് കൂടെയുണ്ടായിട്ടും അംബാസഡർ കൗളിന്റെ പാചകക്കാരൻ ജാൻ മുഹമ്മദാണ് ഭക്ഷണമുണ്ടാക്കി ഹോട്ടലിലേക്ക് കൊടുത്തുവിട്ടത്. അത് സംശയം ജനിപ്പിച്ച കാരണമായിരുന്നു. ഭക്ഷണം വിളമ്പിയവരിൽ ക്രെംലിൻകൊട്ടാരത്തിൽനിന്ന് പ്രധാനമന്ത്രി അലക്സി കോസിജിനോടൊപ്പം വന്ന വെയിറ്റർമാരുമുണ്ടായിരുന്നു. അവരും സംശയത്തിന്റെ നിഴലിലായി. ‘ഇന്ത്യൻ പ്രധാനമന്ത്രിക്ക് ആഹാരം വിളമ്പിക്കൊടുത്തശേഷം ഞങ്ങളെ താമസിക്കുന്ന ഹോട്ടലിലെത്തിച്ചു. അർധരാത്രിയായപ്പോൾ റഷ്യൻ ചാരസംഘടനയായ കെ.ജി.ബി.യുടെ ഉദ്യോഗസ്ഥൻ വന്ന് വിളിച്ചുണർത്തി’ -ക്രെംലിനിലെ ഹെഡ്‌വെയ്റ്റർ അഹമ്മദ് സത്താറോവ് പിന്നീടെഴുതി. ‘ഇന്ത്യൻ പ്രധാനമന്ത്രി മരിച്ചു. അദ്ദേഹത്തെ വിഷം കൊടുത്ത് കൊന്നതാണോ എന്നു സംശയമുണ്ട് -ഇത്രയും പറഞ്ഞിട്ട് അവർ ഞങ്ങൾ മൂന്ന് വെയിറ്റർമാരെ കൈയാമംവെച്ച് സിറ്റിയിൽനിന്ന് 30 കിലോമീറ്റർ ദൂരെ ബുൽസെൻ എന്ന സ്ഥലത്തെ ഒരു കെട്ടിടത്തിലേക്ക് കൊണ്ടുപോയി. ഇന്ത്യക്കാരനായ ഷെഫും അവിടെയുണ്ടായിരുന്നു. ആറുമണിക്കൂർ ഞങ്ങളെ തലങ്ങും വിലങ്ങും ചോദ്യം ചെയ്തു. അപ്പോഴേക്കും പ്രധാനമന്ത്രി കൊസിജിൻ അവിടെയെത്തി. അദ്ദേഹം ഞങ്ങളോട് മാപ്പുപറഞ്ഞു. ശാസ്ത്രിയുടെ മൃതദേഹം പരിശോധിച്ചപ്പോൾ ഹൃദയാഘാതമാണ് മരണകാരണമെന്ന്‌ കണ്ടെത്തിയെന്നും അതുകൊണ്ട് നിങ്ങളെ വെറുതേവിട്ടിരിക്കുന്നുവെന്നും കൊസിജൻ അറിയിച്ചു...’
   ശാസ്ത്രിജിയുടെ മരണാനന്തരം ഭാര്യ ലളിത, അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഭാരതസർക്കാരിനോട് ആവശ്യപ്പെട്ടു. പിന്നീട് മകൻ സുനിൽശാസ്ത്രിയും ഇതേ ആവശ്യമുന്നയിച്ചു. എന്നാൽ, ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സർട്ടിഫൈചെയ്തതിനാൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സർക്കാരിന്റെ നിലപാട്.
2009-ൽ പത്രപ്രവർത്തകനായ അനുജ് ധർ വിവരാവകാശ നിയമപ്രകാരം മറ്റൊരു ഹർജി നൽകുകയുണ്ടായി. അപ്പോൾ കേന്ദ്രസർക്കാർ നൽകിയ ഉത്തരം വിചിത്രമായിരുന്നു. ‘മരണം സംബന്ധിച്ച ചില വിവരങ്ങൾ സർക്കാരിന്റെ പക്കലുണ്ട്. പക്ഷേ, അത് പുറത്തുവിടുന്നത് ഇന്ത്യയുടെ അന്താരാഷ്ട്ര ബന്ധങ്ങളെ ബാധിക്കും...’ അതായത്, ശാസ്ത്രിജിയുടെ മരണത്തിനുപിന്നിൽ ബാഹ്യശക്തികളുണ്ടെന്ന് സർക്കാരും സമ്മതിച്ചിരിക്കുന്നു!
പദവിയിലിരിക്കെ, മറ്റൊരു രാജ്യത്തുവെച്ച് മരിച്ച പ്രധാനമന്ത്രിയുടെ മൃതദേഹം എന്തുകൊണ്ട് പോസ്റ്റ്മാർട്ടം ചെയ്തില്ല എന്നതാണ്, മരണകാരണം വിഷമാണ് എന്ന്‌ വാദിക്കുന്നവരുടെ പ്രധാനചോദ്യം. മൃതദേഹത്തിന് നീലനിറമായിരുന്നെന്നും വയറിനുപുറത്ത് മുറിവുകളുണ്ടായിരുന്നെന്നും അവർ കൂട്ടിച്ചേർക്കുന്നു. ഇതൊന്നും ആരും അന്വേഷിച്ചിട്ടില്ലെന്നും അവർ ആരോപിക്കുന്നു.
  ഇതേ ചോദ്യങ്ങൾ മനസ്സിൽ ഒളിപ്പിച്ചുവെച്ചുകൊണ്ട് ഞാൻ 545-ാം നമ്പർ മുറിയിലേക്ക് കയറി. കൊറിയൻ-ജാപ്പനീസ് കമ്പനിയായ ലോത്തെ വാങ്ങിയശേഷം ഹോട്ടൽ ആകെ നവീകരിക്കപ്പെട്ടിട്ടുണ്ട്. ശാസ്ത്രിജി മരിച്ചുകിടന്ന മുറി ഇപ്പോൾ പ്രതിദിനം 1700 ഡോളർ (ഏകദേശം ഒരുലക്ഷം രൂപ) വാടകയുള്ള പ്രസിഡൻഷ്യൽ സ്വീറ്റാണ്. ലോകത്തിലെ പ്രമുഖ രാഷ്ട്രീയനേതാക്കളും സിനിമാതാരങ്ങളും ഗായകരുമൊക്കെ താെഷ്കന്റ് സന്ദർശിക്കുമ്പോൾ താമസിക്കുന്നത് ഈ മുറിയിലാണ്. സ്വീകരണമുറി, ഡൈനിങ് റൂം, ഡ്രസ്സിങ് റൂം, ബെഡ്‌റൂം, രണ്ട് ടോയ്‌ലറ്റുകൾ എന്നിവ ചേരുന്നതാണ് പ്രസിഡൻഷ്യൽ സ്വീറ്റ്. 
  ശാസ്ത്രിജിയുടെ സ്മരണകളുയർത്തുന്ന ഒന്നും ഹോട്ടലിൽ അവശേഷിപ്പിച്ചിട്ടില്ല. ലോത്തെ ഗ്രൂപ്പ് ഏറ്റെടുക്കുന്നതുവരെ അദ്ദേഹത്തിന്റെ ഒരു ഛായാചിത്രം ലോബിയിലുണ്ടായിരുന്നെന്ന് ഗൈഡ് ഉസ്മാൻ പറഞ്ഞു. ഇപ്പോൾ ആ  സ്ഥാനത്ത് ഹോട്ടൽ സന്ദർശിച്ച വി.ഐ.പി.കളുടെ കൈയൊപ്പോടുകൂടിയ ഫോട്ടോകളാണ്.
   ഹോട്ടലിൽനിന്നിറങ്ങി യാത്ര തുടരുമ്പോൾ വീണ്ടും ശാസ്ത്രിജി കൺമുന്നിലെത്തി. താെഷ്കന്റ് നഗരത്തിന്റെ മധ്യത്തിൽ ഒരു ഓക്ക് മരത്തോട്ടത്തിൽ നിഷ്കളങ്കനായി ചിരിച്ചുകൊണ്ട് ശാസ്ത്രിയുടെ മുഖം, അർധകായപ്രതിമയുടെ രൂപത്തിൽ.  ‘ലാൽബഹാദൂർ ശാസ്ത്രി: 1904-1966’ എന്നുമാത്രം പ്രതിമയുടെ താഴെ എഴുതിയിട്ടുണ്ട്. തൊട്ടുമുന്നിലെ തെരുവിന്റെ തുടക്കത്തിൽ നീലബോർഡ് - ശാസ്ത്രിസ്ട്രീറ്റ്. ശാസ്ത്രിത്തെരുവും പ്രതിമയുമെല്ലാം താെഷ്കന്റിലെ മൈനസ് രണ്ടുഡിഗ്രി തണുപ്പിൽ വിറങ്ങലിച്ചു നിൽക്കുന്നു.

*    *    *

   1999-ൽ ഗ്രിഗറി ഡഗ്ലസ് എന്ന പത്രപ്രവർത്തകൻ അമേരിക്കൻ ചാരസംഘടനയായ സി.ഐ.എ.യുടെ ഏജന്റായിരുന്ന റോബർട്ട് കൗളിയെ ഇന്റർവ്യൂചെയ്തപ്പോൾ, തങ്ങളാണ് ശാസ്ത്രിയെ വിഷംകൊടുത്തുകൊന്നതെന്ന് കൗളി കുറ്റസമ്മതം നടത്തിയിരുന്നു. ‘ആണവശാസ്ത്രജ്ഞനായ ഹോമിഭാഭ, പ്രധാനമന്ത്രി ലാൽബഹാദൂർ ശാസ്ത്രി എന്നിവരെ കൊലപ്പെടുത്തിയത് സി.ഐ.എ.യാണ്. ഹോമിഭാഭയുടെ വിമാനം തകർത്തും ശാസ്ത്രിയെ വിഷംനൽകിയുമാണ് കൊന്നത്. ഇന്ത്യയെ ആണവരാജ്യമാക്കാനുള്ള ശാസ്ത്രിയുടെ തീരുമാനത്തിൽ അമേരിക്ക അസ്വസ്ഥരായിരുന്നു. കൂടാതെ, ശാസ്ത്രിയുടെ കാലത്ത് ഇന്ത്യയും റഷ്യയും തമ്മിൽ മുമ്പില്ലാത്ത വിധം അടുത്തതും ശാസ്ത്രിയെ അമേരിക്കയുടെ കണ്ണിലെ കരടാക്കി. ശാസ്ത്രിയെ കൊലപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചത് അതുകൊണ്ടാണ്’ -റോബർട്ട്കൗളി അഭിമുഖത്തിൽ പറഞ്ഞു. 
ശാസ്ത്രിജിയുടെ മരണം അങ്ങനെ പല കഥകളായി, പ്രഹേളികയായി തുടരുന്നു. എന്തായാലും  ആത്യന്തികസത്യം ലോത്തെ താെഷ്കന്റ് പാലസിന്റെ ഇടനാഴികളിലെവിടെയോ മറഞ്ഞിരിപ്പുണ്ട്!                          
​baijunnair@gmail.com