വർഷങ്ങൾക്കു മുൻപുള്ള ഒരു മഞ്ഞുകാലത്തിന്റെ തുടക്കമായിരുന്നു അത്. കേന്ദ്രഭരണപ്രദേശമായ ദ്യൂവിൽനിന്നുള്ള മടക്കയാത്രയിൽ ടാക്സി ഡ്രൈവർ പാതി ഹിന്ദിയിലും മറുപാതി ഗുജറാത്തിയിലുമായി ചോദിച്ചു, ‘‘സാസൻ ഇവിടെ അടുത്താണ്. പോകുന്നില്ലേ...?’’ ഏതോ സ്ഥലമാണെന്ന് മനസ്സിലായി. ഗൂഗിൾമാപ്പൊക്കെ വിരൽത്തുമ്പിലെത്തുന്നതിനും മുൻപായിരുന്നു അത്. എന്തോന്ന് സാസൻ, എത്രയും വേഗം വെരാവൽ റെയിൽവേ സ്റ്റേഷനിലെത്തിച്ചുതന്നാൽ വല്യ ഉപകാരമായെന്നു മറുപടിനൽകി. അയാൾ പിന്നെയൊന്നും പറഞ്ഞില്ല. 
നാട്ടിലെത്തി, പോയ സ്ഥലങ്ങളുടെ ചിത്രങ്ങൾ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് ടാക്സി ഡ്രൈവർ പറഞ്ഞതോർത്തത്. പേര് ഓർത്തെടുക്കാൻ അല്പം പണിപ്പെട്ടു. ‘സാസൻ’ ആ പേര് അന്വേഷിച്ചു പിടിച്ചുവന്നപ്പോഴാണ് ‘വേണ്ട’ എന്നു പറഞ്ഞതിന്റെ വലിയ നഷ്ടം എന്തായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. ഏഷ്യയിലെ  സിംഹങ്ങളുടെ സാമ്രാജ്യമായ ഗീർവനമായിരുന്നു അത്, സാസൻഗീർ, നാട്ടുകാർക്ക് അത് സാസൻ ആണ്.  
നിരാശയുടെ ഭൂപടത്തിന് നടുവിൽ മുഖം കുനിച്ചിരുന്നപ്പോഴോർത്തു, അയാൾക്ക് സിംഹം എന്നൊരു വാക്കെങ്കിലും പറയാമായിരുന്നു! കടുവാക്കാടുകൾ കയറിയിറങ്ങിയെങ്കിലും സിംഹക്കാട് പൂരിപ്പിക്കാത്ത ഉത്തരക്കടലാസുപോലെ മനസ്സിൽ വെളുത്തുകിടന്നു. എത്ര ആഗ്രഹിക്കുന്നോ അത്രതന്നെ അകന്നുപോകുന്ന ഒന്നായി...
ആ യാത്രയ്ക്കുശേഷം എട്ടുവർഷം കടന്നുപോയി. സിംഹം അപ്പോഴും പിടികിട്ടാപ്പുള്ളിയായി ഗീർവനത്തിൽ ഒളിച്ചുകഴിയുന്നു. സിംഹദുഃഖം ഉള്ളിൽക്കിടന്നു തിളച്ചുകൊണ്ടിരുന്ന ഒരു പകലിലാണ് സുഹൃത്തും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ സച്ചിൻസാൻ വെളുത്ത മരുഭൂമിയായ കച്ചിലേക്ക് പോയാലോ എന്നു ചോദിക്കുന്നത്. മനസ്സിനുള്ളിൽ പതുങ്ങിക്കിടന്ന മോഹം സടകുടഞ്ഞെഴുന്നേറ്റു. ‘‘ഗീർവനത്തിലൂടെ പോയാൽ പോരേ എന്നു മറുചോദ്യം’’
അങ്ങനെ, തീരെ വെളിച്ചമില്ലാത്ത ഒരു വെളുപ്പാൻകാലത്ത് ജുനാഗഡ് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി. നീളംകൊണ്ട് സാമാന്യം വലിയ റെയിൽവേ സ്റ്റേഷനാണ്. പുറത്തേക്കുള്ള വഴിയിൽ നേരത്തേ വിളിച്ചുപറഞ്ഞതനുസരിച്ച് ടാക്സി ഡ്രൈവർ കാത്തുനിന്നിരുന്നു. ജുനാഗഡിൽനിന്നും ഒന്നരമണിക്കൂർ യാത്രയുണ്ട് സാസൻഗീറിലേക്ക്. 
പഴയ ജുനാഗഡ് രാജ്യത്തെ നവാബ് ആയിരുന്ന മുഹമ്മദ് റസൂൽ ഖാഞ്ജി രണ്ടാമൻ ഇല്ലായിരുന്നെങ്കിൽ ഈ ഏഷ്യൻ സിംഹങ്ങൾ ഇപ്പോൾ ദിനോസറുകളെപ്പോലെ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായേനെ. രാജാക്കൻമാരുടെ മൃഗയാവിനോദങ്ങളിൽ ഇരയാക്കപ്പെട്ടിരുന്നവയിൽ കടുവകളും സിംഹങ്ങളുമായിരുന്നു കൂടുതൽ. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ പ്രീതിനേടാൻ അവരുമായി വേട്ടയ്ക്കുപോവുകയെന്നത് നവാബുമാരുടെയും രാജക്കാൻമാരുടെയും ശീലമായിരുന്നു.
രാജസ്ഥാനിലും ബിഹാറിലുമെല്ലാമായി വ്യാപിച്ചുകിടന്നിരുന്ന സിംഹസാമ്രാജ്യം ചുരുങ്ങിവന്നു. 1890-ൽ ഡ്യൂക്ക് ഓഫ് ക്ലാരൻസിനെ (ബ്രിട്ടീഷ് രാജകുടുംബാംഗം) വേട്ടയ്ക്കായി ക്ഷണിച്ച ജുനാഗഡ് നവാബിന് നിരാശയായിരുന്നു ഫലം. ആയിരക്കണക്കിന് സിംഹങ്ങളുണ്ടായിരുന്ന ജുനാഗഡിൽ ഒന്നിനെപ്പോലും കാണാൻ കിട്ടിയില്ല. അപകടം തിരിച്ചറിഞ്ഞ നവാബ് ഗീർവനത്തെ സംരക്ഷിതമേഖലയായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മകനും പിന്നീട് ഭരണാധികാരിയുമായിത്തീർന്ന മുഹമ്മദ് മഹാബത്ത് ഖാഞ്ജി രണ്ടാമൻ ഗീർവനത്തിനുള്ളിൽ തോക്കുപയോഗിക്കുന്നത് നിരോധിച്ചു. ലോകത്ത് ഗുജറാത്തിലെ ഗീർവനത്തിൽ മാത്രം കാണാൻ കഴിയുന്ന ഏഷ്യൻ സിംഹങ്ങളുടെ സംരക്ഷണം അവിടെ തുടങ്ങി. 
യാത്ര, ജുനാഗഡ് നഗരം പിന്നിട്ടുകഴിഞ്ഞിരുന്നു. വല്ലപ്പോഴും കടന്നുപോകുന്ന വാഹനങ്ങളുടെ വെളിച്ചമൊഴിച്ചാൽ ചുറ്റും ഇരുട്ടുതന്നെ. ബിൽക്ക പിന്നിട്ടതോടെ കണ്ണുകൾ ഇരുട്ടിനുള്ളിൽ തിളങ്ങുന്ന കണ്ണുകളെ തേടാൻ തുടങ്ങി. നവാബിന്റെ കാലത്ത് 20 സിംഹങ്ങൾ മാത്രം അവശേഷിച്ചിരുന്നിടത്ത് ഇന്ന് അറനൂറിനടുത്തെത്തിയിരിക്കുന്നു എണ്ണം. ഗീർവനം കവിഞ്ഞ് അവ കിലോമീറ്ററുകൾക്കപ്പുറമുള്ള ഗ്രാമങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്നത് ഇപ്പോൾ നിത്യസംഭവമാണ്. ജുനാഗഡ്, സോമനാഥ്, അമ്രേലി, രാജ്‌കോട്ട്, ഭാവ്‌നഗർ, ജാംനഗർ എന്നീ ജില്ലകളിലേക്കും സിംഹസാമ്രാജ്യം വ്യാപിച്ചിരിക്കുന്നു. ഭാഗ്യമോ നിർഭാഗ്യമോ, തിളങ്ങുന്ന സിംഹക്കണ്ണുകൾ ജുനാഗഡ് മുതൽ ഗീർ വരെയുള്ള ആ യാത്രയ്ക്കൊടുവിൽവരെ അന്യംനിന്നു. 
ഇമ്രാൻ പത്താൻ... അതായിരുന്നു അയാളുടെ പേര്. സിംഹങ്ങളെ കാണിക്കാൻ ഒപ്പംവന്ന ഗൈഡ്. വല്യപ്രായമൊന്നുമില്ല. അതിനേക്കാളേറെ അഹങ്കാരം വാക്കുകളിൽ നിറഞ്ഞു.  ‘‘നിങ്ങൾ കേട്ടതെല്ലാം കാടിന് പുറത്തുവെച്ചോളു, ജനവറിനെ കാണാൻ ഭാഗ്യംവേണം’’. സിംഹത്തിനെ ഈ നാട്ടുകാർ വിളിക്കുന്നത് ജനവർ എന്നാണ്. തുറന്ന ജീപ്പിൽ കാടിനുള്ളിലേക്ക് കയറുന്തോറും ഇമ്രാന്റെ ശബ്ദം നിരാശയിൽനിന്ന് നിരാശയിലേക്കാണ് കൊണ്ടുപോയത്. ഗീർ നിവാസിയായ അയാൾ ഡിഗ്രിവരെ പഠിച്ചിട്ടുണ്ട്. കുറച്ചുനാൾ എന്തോ ജോലിക്കൊക്കെ പോയി. പക്ഷേ, കാടിന്റെ വിളിക്ക് എതിരുപറയാനാകാതെ, പ്രദേശവാസികളെ വനംവകുപ്പ് ഗൈഡുകളായി തിരഞ്ഞെടുത്തപ്പോൾ തിരിച്ചെത്തി. മറ്റൊന്നുകൂടിയുണ്ട്, ഇമ്രാന്റെ അച്ഛനും ഗീർവനത്തിലെ ഗൈഡാണ്. 
പൊടിമണ്ണുനിറഞ്ഞ കാട്ടുപാതയിലൂടെ പതുക്കെയാണ് നീങ്ങിയത്. ചുറ്റിനുമുള്ള പച്ചപ്പ് നരബാധിച്ചിരിക്കുന്നു. പുല്ലും ഇലകളുംവരെ മഞ്ഞയിലെത്താനുള്ള മത്സരത്തിലാണ്. തേക്കുമരങ്ങളാണ് കൂടുതലും. മറ്റു മരങ്ങൾ ഇല്ലെന്നല്ല, പക്ഷേ, കുറവാണ്. കുറ്റിക്കാടുകളായതിനാൽ കാടിനുൾവശത്തേക്ക് നോട്ടമെത്തും. മുപ്പത്തിയയ്യായിരം ഏക്കർ വരുന്ന ഗീർവനം മുഴുവൻ ഏതാണ്ട് ഇങ്ങനെയാണ്. ഗീർവനത്തിനുള്ളിലേക്ക് വരവേറ്റത് ഒരു മൂങ്ങയാണ്. ഇലകൾക്കുള്ളിൽനിന്നും തീക്ഷ്‌ണമായ നോട്ടമെറിഞ്ഞ് അവനിരുന്നു. 
അധികദൂരം പിന്നിട്ടില്ല, പെട്ടെന്ന് മുന്നിലൊരു റെയിൽപ്പാത തെളിഞ്ഞു. കൊടുംകാടിനുള്ളിലൂടെയുള്ള റെയിൽപ്പാത സാസൻഗിർ എന്ന കൊച്ചു സ്റ്റേഷനിലേക്കുള്ളതാണ്. തീവണ്ടിയിടിച്ച് ചാവുന്ന സിംഹങ്ങളുടെ എണ്ണം കൂടിയപ്പോൾ ഇന്ത്യൻ റെയിൽവേ സ്പീഡിന് കടിഞ്ഞാണിട്ടു. ഇപ്പോൾ ഒരു കാളവണ്ടി വേഗത്തിൽ മാത്രമേ ഇതിലൂടെ തീവണ്ടി പോകാറുള്ളൂ. 
ഗീർ റെയിൽവേ സ്റ്റേഷനിലേക്ക് സിംഹക്കൂട്ടം കടന്നുവന്ന കഥ പറഞ്ഞത് കാടിനു പുറത്തുവെച്ച് പരിചയപ്പെട്ട ബർക്കത്ത് സിങ്‌ എന്ന ആജാനബാഹുവാണ്. മുറുക്കിച്ചുവന്ന ചുണ്ടുകളും ചെവിമുതൽ ചെവിവരെ എത്തുന്ന ചിരിയുമായി അയാൾ പറഞ്ഞുതുടങ്ങി; ഡിസംബറിലായിരുന്നു അത്. അവസാന തീവണ്ടിയും സ്റ്റേഷൻ വിട്ടിരുന്നു, തീവണ്ടിയിറങ്ങിയവരും. സ്റ്റേഷൻമാസ്റ്ററും ഗാർഡും മറ്റ് മൂന്നുപേരും മാത്രമായി സ്റ്റേഷനിൽ. 
അല്പം കഴിഞ്ഞപ്പോൾ സ്റ്റേഷന് എതിർവശത്ത് കുറച്ച് രൂപങ്ങൾ തെളിഞ്ഞു. ഗാർഡ് ആണ് ആദ്യം കണ്ടത്. ഒന്നിനുപിറകെ ഒന്നായി ആറു സിംഹങ്ങൾ സ്റ്റേഷനിലേക്ക് നടന്നടുക്കുന്നു. ഓഫീസിന്റെ വാതിലടച്ച് മേശയും കസേരയുമൊക്കെ കുറുകെ എടുത്തുവെച്ച് ആ മനുഷ്യർ ശ്വാസമടക്കിപ്പിടിച്ചിരുന്നു. മുക്കാൽമണിക്കൂറോളം സിംഹങ്ങൾ പ്ലാറ്റ് ഫോമിലൂടെ നടന്നും കിടന്നും നേരംകളഞ്ഞു. കൂട്ടത്തിലെ കുട്ടിസിംഹം റെയിൽപ്പാത കടന്ന് കാടിനുള്ളിലേക്കോടിയതോടെ മറ്റു സിംഹങ്ങളും പിറകേപ്പോയി. ഓഫീസ് മുറിയിൽ ദീർഘനിശ്വാസങ്ങളുടെ കാടിളകി!
പൊടിമണ്ണുനിറഞ്ഞ ജീപ്പുപാതയ്ക്കിരുവശവും കാട് കനത്തുവന്നു. വഴിവക്കത്തുനിന്നും പുള്ളിമാനുകൾ കാടിനുള്ളിലേക്കോടിമറയുന്നു. മണിക്കൂറൊന്നു കഴിഞ്ഞു. ഈ കാട്ടിൽ ഒന്നുമില്ലേ എന്നുതോന്നി. ഉണങ്ങിത്തുടങ്ങിയ പുൽപ്പരപ്പിൽ ആരെയും ഗൗനിക്കാതെ ഒരു ഉടുമ്പ് ദൂരേക്ക് നോക്കി നാക്കുനീട്ടി. പൊടികയറാതിരിക്കാൻ ധരിച്ചിരുന്ന ജാക്കറ്റിനുള്ളിലേക്കാക്കി ക്യാമറയെ മറച്ചുപിടിച്ചു. 
നേർത്തൊരു അരുവി മുറിച്ചുകടന്ന് അല്പം മുന്നോട്ടുപോയശേഷം ജീപ്പ് പെട്ടെന്നുനിന്നു. ഗൈഡ് ഇമ്രാന്റെ കണ്ണുകളിലേക്കാണ് നോക്കിയത്. അയാളുടെ കണ്ണുകൾ കുറ്റിക്കാടുകൾക്കപ്പുറമുള്ള വൻമരത്തിന്റെ ചുവട്ടിലായിരുന്നു. അവ്യക്തമെങ്കിലും നിലംപറ്റെ മൂന്നു സിംഹങ്ങൾ കിടക്കുന്നുവെന്ന തിരിച്ചറിവിൽ കണ്ണുകൾ വികസിച്ചു. പതുക്കെ ജീപ്പ് മുന്നോട്ടെടുത്തു. ഒന്നു നോക്കിയശേഷം മൂന്നു പെൺസിംഹങ്ങളിലൊന്ന് തിരിഞ്ഞുകിടന്നു. 
അപ്പോഴാണ് ശ്രദ്ധിച്ചത്, കൂട്ടത്തിലൊന്ന് എന്തോ കടിച്ചുപിടിച്ചിരിക്കുന്നു. ഹൊ ഒരു കുഞ്ഞ് മാൻപേട... തിരിച്ചും മറിച്ചുമിട്ട് തിന്നാനുള്ള ശ്രമത്തിലാണ് ആ സിംഹം. മറ്റു രണ്ടു സിംഹങ്ങൾ അതു കണ്ടില്ലെന്നഭാവത്തിൽ വിശ്രമിക്കുന്നു. അവരുടെ തീറ്റ കഴിഞ്ഞുകാണും. മുഖത്ത് ചോരച്ചുവപ്പ് കാണുന്നുണ്ട്. എന്തിനെയോ കാര്യമായി കിട്ടിയിട്ടുണ്ട്. കൂട്ടത്തിലെ ഇളമുറക്കാരോട് സിംഹക്കുടുംബത്തിന് പ്രത്യേക വാത്സല്യമാണ്. വേട്ടയാടിക്കിട്ടുന്നതിന്റെ നല്ലപങ്ക് ഇളമുറക്കാർക്കു നൽകും. പെൺസിംഹങ്ങൾക്കേ ഈ പതിവുള്ളൂ. ആൺസിംഹമാണെങ്കിൽ താൻ തിന്നുകഴിഞ്ഞിട്ടേ ബാക്കിയാരും തിന്നാവൂ എന്ന നിർബന്ധബുദ്ധിയും. വേട്ടയാടിപ്പിടിക്കുന്ന ഇരയെ വലിച്ചിഴച്ച് ഏതെങ്കിലും മരത്തണലിലേക്കെത്തിച്ചേ സിംഹങ്ങൾ കഴിച്ചുതുടങ്ങൂ. പകൽസമയം മുഴുവൻ വിശ്രമിക്കാനാണ് സിംഹങ്ങൾക്കിഷ്ടം. രാത്രിയിലാണ് വേട്ടയാടൽ. ഇതിപ്പോ ഇളമുറക്കാരനെ വേട്ടയാടാൻ പഠിപ്പിച്ചതാവണം. അല്ലെങ്കിൽ അത്ര ചെറിയൊരു മാൻപേട സിംഹക്കുടുംബത്തിന് തൊട്ടുനക്കാൻ പോലുമില്ല!
മാൻപേടയുടെ കണ്ണുകളിലൊന്ന് പുറത്തേക്ക് തെറിച്ചിരിക്കുന്നു. മറ്റേ കണ്ണ് ദയനീയമായി നോക്കുന്നപോലെ. അത് ചത്തുകഴിഞ്ഞിരിക്കുന്നു. വൻമരത്തിന്റെ വേരുകൾ ആ മാൻപേടയുടെ രക്തം വാർന്ന് ചുവന്നിരിക്കുന്നു. ഒരു കളിപ്പാവയെപ്പോലെ ഇളമുറത്തമ്പുരാൻ മാൻപേടയെ തട്ടിക്കളിക്കുന്നു. ഇടയ്ക്ക് നക്കിത്തുടയ്ക്കുന്നു. സമയമെടുത്ത് സദ്യകഴിക്കാനുള്ള ഭാവമാണ്! മറ്റ് രണ്ടു സിംഹങ്ങൾ ഇടയ്ക്ക് ഇളമുറക്കാരനെന്തുചെയ്യുന്നു എന്ന് നോക്കുന്നുണ്ട്, ഇടയ്ക്ക് കോട്ടുവായിടുന്നു. 
അധികനേരം നിൽക്കാൻ ഇമ്രാൻ സമ്മതിച്ചില്ല. ‘‘മൃഗങ്ങൾക്ക് ശല്യമുണ്ടാക്കരുതെന്ന് പുതിയ ഡി. എഫ്.ഒ.യുടെ കല്പനയുണ്ട്.’’  
കാട് പിന്നേയും പിന്നിലേക്കോടാൻ തുടങ്ങി. ഒന്നു രണ്ടു വളവുകൾ കഴിഞ്ഞപ്പോൾ ഒരു സംഘം പോത്തുകളേയും തെളിച്ചുകൊണ്ട് രണ്ടു യുവാക്കൾ. ഫോട്ടോ എടുത്തത് അവർക്കിഷ്ടപ്പെട്ടില്ല. ഗുജറാത്തിയിൽ എന്തോ പറഞ്ഞു. മാൽധാരികളാണിവർ ഗീർവനത്തിനുള്ളിലെ താമസക്കാർ. 
ഒരു നൂറ്റാണ്ടിലേറെയായി ഗീർവനമാണിവരുടെ രാജ്യം. കന്നുകാലിമേയ്ക്കലാണ് തൊഴിൽ. കേവലം ഒരു വടിയുമായാണ് ഇവർ കാട്ടിലൂടെ നടന്നുപോകാറ്. ആഫ്രിക്കയിലെ മസായിമാരാ വംശജരെപ്പോലെ ഇവരും സിംഹത്തെ ഭയപ്പെടുന്നില്ല. ഗീർവനത്തിലെ സിംഹങ്ങൾ മിക്കപ്പോഴും ഇവരുടെ പശുക്കളെയും പോത്തുകളെയും പിടികൂടി തിന്നാറുണ്ട്. വനംവകുപ്പ് നഷ്ടപരിഹാരം നൽകും. എന്നാൽ, ഇതു വാങ്ങാത്ത ചുരുക്കം ചില മാൽധാരികളുണ്ട്. അവരുടെ വിശ്വാസം സിംഹങ്ങൾ ഈ കാട്ടിലെ ദൈവങ്ങളാണെന്നാണ്.
കുറേക്കൂടി ചെന്നപ്പോൾ ഒരു മാൽധാരി വീടു കണ്ടു. ഓടും വൈക്കോലുമൊക്കെ മേഞ്ഞതാണ്. അൻപതോളംവരുന്ന പോത്തിൻകൂട്ടത്തിന് മീതേക്ക് വലിയൊരു ടാങ്കിൽനിന്നും വെള്ളം കോരി ഒഴിക്കുകയാണൊരാൾ. വീട്ടിൽനിന്നും അധികം അകലെയല്ലാതെ കയറുകട്ടിലിൽ വിശ്രമിക്കുന്ന വയോധികൻ. വീടിന്റെ മുറ്റത്ത് കളിക്കുന്ന രണ്ടു കുട്ടികൾ. ചാമ്പുപൈപ്പിൽനിന്നും വെള്ളമെടുത്ത് അലക്കുന്ന വീട്ടമ്മ. മാൽധാരി കുടുംബത്തിന്റെ ഒരു മുഴു ചിത്രംപോലെ!
അരമണിക്കൂറിനുള്ളിൽ നമ്മൾ കാടിനു പുറത്തെത്തുമെന്ന് ഇമ്രാൻ സൂചിപ്പിച്ചു. പെ​െട്ടന്ന് കുറ്റിക്കാടുകൾക്കിടയിൽനിന്നും ജീപ്പിനു മുന്നിലേക്ക് ഒരു പെൺസിംഹം ഓടിവന്നു. കുറച്ച് മുന്നോട്ടു നടന്നശേഷം ഞങ്ങളുടെ വഴിമുടക്കി അത് മുന്നിൽ കിടന്നു. കാടിനുള്ളിൽനിന്ന് നേർത്തൊരു വിളികേട്ടു. സൂക്ഷിച്ചു നോക്കിയപ്പോൾ കുറ്റിക്കാടുകൾക്കിടയിൽ ഒരു സിംഹക്കുഞ്ഞ്. അതിനെ ഉപദ്രവിക്കാൻ വന്നതാണോ എന്ന് ഭയന്നിട്ടാണ് പെൺസിംഹം ഞങ്ങളുടെ വഴി തടഞ്ഞത്. സാധാരണ എട്ടോ പത്തോ സിംഹങ്ങളുടെ കൂട്ടമാണ് ഉണ്ടാവാറ്. പക്ഷേ, പ്രസവിക്കാറായാൽ പെൺസിംഹം കൂട്ടത്തിൽനിന്നുമാറി ഒറ്റയ്ക്ക് കഴിയാൻ തുടങ്ങും. പ്രസവിച്ചശേഷം കുഞ്ഞുങ്ങൾക്ക് എട്ട് ആഴ്ചയെങ്കിലും പ്രായമാകാതെ സിംഹക്കുടുംബത്തിലേക്ക് കൊണ്ടുപോകില്ല. അതിനകം ചില ബാലപാഠങ്ങൾ അമ്മസിംഹം അവരെ പഠിപ്പിച്ചു കഴിഞ്ഞിട്ടുണ്ടാകും.
ഈ കുഞ്ഞിന് ആറാഴ്ചയോ മറ്റോ പ്രായമായിട്ടുണ്ടാകും എന്ന് ഇമ്രാൻ പറഞ്ഞു. ജീപ്പ് വഴിയിൽനിന്നും വശത്തെ കാടിലൂടെ മുന്നോട്ടെടുത്തു. ഈ സമയമത്രയും പെൺസിംഹം കത്തുന്ന നോട്ടമെറിഞ്ഞുകൊണ്ടിരുന്നു. പിന്നിലേക്ക് നോക്കുമ്പോൾ കുഞ്ഞ് പതുക്കെ അമ്മയുടെ അടുത്തേക്കോടിവരുന്നതുകണ്ടു.

sreejithedappally@gmail.com