പ്രൊഫ. ദാവൂദ് അലി/എസ്. രാജേന്ദു
പ്രശസ്ത ചരിത്രകാരനും പെൻസിൽവാനിയ യൂണിവേഴ്‌സിറ്റി ഗ്രാജ്വേറ്റ് ചെയറും തെന്നിന്ത്യൻ ലിഖിതപണ്ഡിതനുമായ പ്രൊഫ. ദാവൂദ് അലി സംസ്കൃതം, തമിഴ് ഭാഷകളിൽ നടത്തിയ പഠനങ്ങൾ ശ്രദ്ധേയമാണ്. ന്യൂയോർക്കുകാരിയായ മാതാവും കൊൽക്കത്തക്കാരനായ അച്ഛനും ദാവൂദ് അലിയുടെ വ്യക്തിത്വത്തിൽ വ്യത്യസ്തമായ രണ്ടു സംസ്കാരധാരകളായി സംഗമിച്ചു. ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിലും ബാറ്റയിലും ജീവനക്കാരനായിരുന്ന പിതാവിനോടൊപ്പം ജന്മദേശമായ കൊൽക്കത്തയിൽ രുണ്ടുവർഷം ബാല്യം പിന്നിട്ട് അദ്ദേഹം മാതാപിതാക്കളോടൊപ്പം ബാൾട്ടിമോറിലേക്കുപോയി. ബാൾട്ടിമോറിലെ പഠനശേഷം, കോളേജ് ഒഫ് വില്യം ആൻഡ് മേരിയിൽനിന്ന് ബിരുദമെടുത്തു. എം.എ. ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലായിരുന്നു. ഡിവൈനിറ്റി ആയിരുന്നു വിഷയം. മധ്യകാല തമിഴ് സാഹിത്യം ഗവേഷണവിഷയമായെടുത്ത് ഡോക്ടറേറ്റ് നേടി. ഈയിടെ കോഴിക്കോട് സന്ദർശിച്ച അദ്ദേഹം സംസാരിക്കുന്നു. 
 
? താങ്കളുടെ ഗവേഷണവിഷയം മധ്യകാല തമിഴ് സാഹിത്യമായിരുന്നല്ലോ. എങ്ങനെയാണ് ഈ വിഷയത്തിൽ താത്‌പര്യം വന്നത്...
  ഹിന്ദൂയിസം, ക്രിസ്ത്യാനിറ്റി, ഇസ്‌ലാം എന്നിവയെല്ലാം മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്‌. പല മതങ്ങളുടെയും സ്വാധീനത്തെക്കുറിച്ചും സത്തയെക്കുറിച്ചും പഠിച്ചു. അങ്ങനെയാണ് ആ വിഷയത്തിലേക്കെത്തിയത്. തമിഴിൽ ചോളകാല ലിഖിതങ്ങളെക്കുറിച്ചാണ് കൂടുതൽ അന്വേഷിച്ചത്. ചോളകാലത്തെ സംസ്കൃതം, തമിഴ് ലിഖിതങ്ങൾ പഠനവിധേയമാക്കി. അവയിലെത്തന്നെ ചെപ്പേടുകളെ വിശകലനംചെയ്തു. അതിന് തമിഴ് ഭാഷാപഠനം ആവശ്യമായിരുന്നു.
 
? ചെപ്പേടുകൾ വിശകലനംചെയ്തിട്ട് എന്തു 
നിഗമനത്തിലേക്കാണ് എത്തിയത്...
  പ്രശസ്തി അഥവാ മെയ്‌ക്കീർത്തി എന്ന ഭാഗമാണ് അതിൽ ശ്രദ്ധേയം. ഉദാഹരണത്തിന് രാജേന്ദ്രചോളന്റെ രാഷ്ട്രീയചരിത്രം എടുക്കാം. അതിൽവരുന്ന പദങ്ങളെ വ്യവച്ഛേദനംചെയ്ത് അക്കാലത്തെ ഭരണ-സാമ്പത്തിക-പലവക പദാവലി ക്രമപ്പെടുത്തിയെടുത്തു. അതിനായി ഒട്ടേറെ ലിഖിതങ്ങൾ പഠിക്കേണ്ടിവന്നു. ലിഖിതങ്ങൾക്ക് ഒരു പൊതുവിശകലനരീതിയുണ്ട്‌. ഉദാഹരണത്തിന് അവയിലെ വ്യാകരണം. ഒരു ലിഖിതം കൈകാര്യം ചെയ്യുന്ന വസ്തുത മറ്റൊന്നിൽനിന്നും ചിലപ്പോൾ വ്യത്യസ്തമായേക്കാം. അങ്ങനെയെന്നാൽ അവയിലെ വാക്യഘടനയ്ക്കും വ്യത്യാസം വരും. ഉദാഹരണത്തിന് ചോളൻ പരാന്തകൻ ഒന്നാമൻ വിവാഹം കഴിച്ചിരുന്നത് ചേരരാജകുമാരിയായ കിഴാൻ അടികളെയായിരുന്നു. ഇവർക്ക് കാലക്രമേണ രാജാദിത്യൻ എന്നൊരു മകനുണ്ടായി. രാജാദിത്യൻ യുവരാജാവായിരിക്കുമ്പോൾ തക്കോളത്തുവെച്ചു നടന്ന രാഷ്ട്രകൂടരുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടു. ഒരു ചോളലിഖിതത്തിലെ പ്രമേയമിതാണ്. ഇങ്ങനെ പലതും കാണാം.
 
? എന്താണ് ലിഖിതപഠനത്തിൽ 
പ്രയാസകരമായിത്തോന്നിയത്...
  പല ജ്ഞാനമേഖലകളിലും ഉയർന്നതരത്തിലുള്ള കഴിവുകൾ വികസിപ്പിച്ചെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ (എ.എസ്.ഐ.) ഇത്തരം കഴിവുകൾ വികസിപ്പിക്കാനാവശ്യമായ സൗകര്യമൊരുക്കുന്നുണ്ട്‌. എന്നാൽ, അവ വ്യത്യസ്തമാണ്. പുതുതലമുറ ആദ്യകാല എപ്പിഗ്രാഫിസ്റ്റുകളെ മാതൃകയാക്കി പഠനത്തിൽ ശ്രദ്ധയൂന്നണം. ഉദാഹരണത്തിന് എ.എസ്.ഐ. നല്കിയ പാഠങ്ങൾ പലതും പിന്നീടുവന്ന പഠിതാക്കൾ തിരുത്തിയിട്ടുണ്ട്‌. തമിഴകത്ത് ജില്ലാതല മാന്വലുകളുണ്ട്‌. അതിൽത്തന്നെ പാഠഭേദങ്ങൾ കാണാം. എളുപ്പത്തിൽ പഠിക്കാവുന്ന ഒരു വിഷയമല്ല എപ്പിഗ്രഫി. അറിവിന് ലോകവ്യാപകമായ ഏക പ്രഭവകേന്ദ്രമില്ല. ബന്ധപ്പെട്ട എല്ലാ മേഖലകളും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്‌. എ.എസ്.ഐ., വിവിധ സംസ്ഥാനങ്ങളിലെ ആർക്കിയോളജി വകുപ്പുകൾ, യൂണിവേഴ്‌സിറ്റികൾ എന്നിവപോലെ പല ഏജൻസികൾക്കും ഈ മേഖലയിൽ സംഭാവന നല്കാവുന്നതാണ്.
 
? പഴയകാല ലിഖിതങ്ങളുടെ ഉപയോഗവും 
വിശകലനരീതിയും പറയാമോ... 
ഭൂമിയെക്കുറിച്ചും സാമ്പത്തിക വിനിമയത്തെക്കുറിച്ചുമുള്ള ഒരു ലിഖിതം ചിലപ്പോൾ ഒരു ഗ്രാമത്തെക്കുറിച്ചോ ക്ഷേത്രവ്യവസ്ഥയെക്കുറിച്ചോ പ്രതിപാദിച്ചെന്നുവരാം. ആരാധനാരീതികളെക്കുറിച്ച് പറയുന്നവയുമുണ്ട്‌. ചില പ്രശസ്തികൾ രാജാക്കന്മാരുടെ യുദ്ധവിജയങ്ങളെ വർണിക്കുന്നു. എന്നാൽ, ഒരു വസ്തുത വിശദീകരിക്കുക എന്നത് ഏകമുഖമായ പഠനംകൊണ്ട്‌ ഒരിക്കലും സാധ്യമാകില്ല. ലിഖിതങ്ങൾ എല്ലാം പറഞ്ഞുതരുന്നവയാവണമെന്നില്ല. വ്യത്യസ്തമായ പ്രശ്നങ്ങളെ അതിജീവിക്കാൻ ബഹുമുഖമായ വിശകലനരീതികൾ നടത്തേണ്ടതുണ്ട്‌.
 
? താങ്കൾക്ക് ബ്രാഹ്മിലിപിയിലെ അറിവ് 
എത്രത്തോളമുണ്ട്‌...
  ആദ്യകാലത്ത് അശോകശാസനങ്ങളിൽ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്‌. പിൽക്കാല ലിഖിതങ്ങളിൽ കവികൾ പറയുന്നതും പഠിച്ചു. അശോകന്റെ ലിഖിതങ്ങളിൽ രാജാവിന്റെ ശബ്ദം നമുക്കു കേൾക്കാനാകും. എന്നാൽ, മെയ്‌ക്കീർത്തികൾ കവികളെഴുതുന്ന രാജാപദാനങ്ങളാകുന്നു.  ഞാനൊരു എപ്പിഗ്രഫിസ്റ്റല്ല. എ.ഡി. എട്ടുമുതൽ പതിമ്മൂന്നുവരെയുള്ള ചോളകാലലിഖിതങ്ങളിൽ ശ്രദ്ധിച്ചിട്ടുണ്ട്‌ എന്നത് വസ്തുതതന്നെയാണ്. പക്ഷേ, എനിക്ക് എപ്പിഗ്രഫി എന്നത് ഗവേഷണത്തിന്റെ അവസാനമല്ല. ഞാനവയെ പഠനത്തിനായുള്ള ഒരു ഉപകരണം മാത്രമായി കാണുന്നു. എപ്പിഗ്രഫി പഠിക്കുന്നതിനായി മദിരാശി സർവകലാശാലയിലെ പ്രൊഫ. ഷൺമുഖൻ, മൈസൂരുവിലെ ഡോക്ടർ സ്വാമിനാഥൻ എന്നിവർ വളരെ സഹായിച്ചിട്ടുണ്ട്‌.
 
? അങ്ങയുടെ പിൽക്കാല പഠനങ്ങൾ...
 ഗുപ്തകാലഘട്ടം മുതൽ എ.ഡി. പതിമ്മൂന്നാം നൂറ്റാണ്ടുവരെയുള്ള കാലം പഠനവിധേയമാക്കി. ഇക്കാലത്തെ ലിഖിതങ്ങളിലെ സാമാജികവർണന സവിശേഷതയുള്ളതാണ്. സമാജം ഒരു സ്ഥാപനമായിമാറുന്ന കാഴ്ചയുണ്ടിതിൽ. ഇക്കാലത്തെ സാഹിത്യകൃതികളും പഠനസഹായികളാണ്. 
 
? ഏതു ഇന്ത്യൻ ലിപി പഠിക്കാനാണ് 
ഏറ്റവും പ്രയാസം...
തെന്നിന്ത്യൻ ലിപികളിൽ വട്ടെഴുത്ത് പഠിക്കുക ആയാസകരമാണ്. ഗ്രന്ഥാക്ഷരം പഠിച്ചെടുത്തു. ഇതുനോക്കിയാൽ വടക്കെ ഇന്ത്യൻ ലിഖിതങ്ങളുടെ വായന താരതമ്യേന എളുപ്പമാണ്. എന്നാൽ, വടക്കെ ഇന്ത്യയിൽ ഉറവിടങ്ങളുടെ എണ്ണം വളരെ കുറവാണ്. ഉദാഹരണത്തിന് ഒരു രാജവംശത്തിന്റെതായി നമുക്ക് ലഭിക്കാവുന്ന ലിഖിതങ്ങൾ പരമാവധി ഇരുന്നൂറെണ്ണം മാത്രമാണ്. അതിനാൽ വടക്കെ ഇന്ത്യൻ സമൂഹങ്ങളുടെ വിശകലനം ലിഖിതപഠനങ്ങൾ മാത്രമായി മുന്നോട്ടുകൊണ്ടുപോവുക പ്രയാസമാണ്. അതിനാൽ അത്തരം ഘട്ടങ്ങളിൽ പുരാവസ്തു ഖനനങ്ങളെക്കൂടി അവലംബിക്കേിവരും.
 
? ലിഖിതങ്ങളുടെ പകർപ്പും മറ്റും എടുക്കുന്നതിൽ സാങ്കേതികവിദ്യയുടെ വികാസം 
സഹായിച്ചിട്ടില്ലേ...  
  ഡിജിറ്റൽ ഫോട്ടോഗ്രഫി വന്നതുകൊണ്ട്‌ കുറേ സൗകര്യമുണ്ട്‌. എന്നാൽ, ലിഖിതത്തിന്റെ വ്യക്തതയാണ് പ്രധാനം. കാഞ്ചീപുരത്തെ കൈലാസനാഥക്ഷേത്രത്തിലെ പല്ലവകാല ലിഖിതം വളരെ വ്യക്തതയുള്ളതാണ്. ‘വേളം’ എന്നൊരു വാക്കിന്റെ പഠനത്തിനായി പഴയരീതിയിൽ അനേകം കടലാസുപകർപ്പുകൾ എടുക്കുകയുണ്ടായി. ചോളഭരണകാലത്ത് യുദ്ധത്തടവുകാരായി കൊണ്ടുവരുന്ന സമാജത്തിലെ സ്ത്രീകളാണിവർ. ‘വേളത്തു പൊട്ടി’ എന്നു പറയും. രാജേന്ദ്രചോളന്റെയും കുലോത്തുംഗന്റെയും ലിഖിതങ്ങളിൽ ഇവരെപ്പറ്റി പറയുന്നുണ്ട്‌. തഞ്ചാവൂർ ബൃഹദീശ്വരക്ഷേത്രത്തിലെ ലിഖിതങ്ങൾ എസ്റ്റാംപേജ് എടുക്കുക ആയാസകരമാണ്. 
 
? ഇന്ന് തെക്കെ ഇന്ത്യയിൽ മാതൃകാ 
എപ്പിഗ്രാഫിസ്റ്റ് ആരാണ്...
പ്രൊഫ. വൈ. സുബ്ബരായലു. ഇന്നത്തെ വിദ്യാർഥികൾ ലിഖിതപഠനത്തിൽ അദ്ദേഹത്തിന്റെ അറിവുകൾ ഊറ്റിയെടുക്കാൻ ശ്രമിക്കണം. കേരളത്തിൽ പ്രൊഫ. എം.ജി.എസ്. നാരായണൻ, ഡോക്ടർ എം.ആർ. രാഘവവാരിയർ, പ്രൊഫ. കേശവൻ വെളുത്താട്ട്, പ്രൊഫ. രാജൻ ഗുരുക്കൾ തുടങ്ങിയ പണ്ഡിതർ നടത്തിയ പഠനങ്ങളുണ്ട്‌.
 
? ലാറ്റിൻ എപ്പിഗ്രഫിയുമായി താരതമ്യം
ചെയ്യുമ്പോൾ തെന്നിന്ത്യൻ ലിഖിതങ്ങളിലെ 
വ്യത്യാസമെന്താണ്...
  ലാറ്റിൻ എപ്പിഗ്രഫി വ്യത്യസ്തങ്ങളായ വസ്തുതകളെ കൈകാര്യംചെയ്യുന്നു. ഒരു രാജാവിന്റെ യുദ്ധവിജയം പറയുന്നവ ഉദാഹരണമായെടുക്കാം. ദേവസ്വം, ബ്രഹ്മസ്വം തുടങ്ങിയ സ്ഥാപനങ്ങളെക്കുറിച്ചു പറയുന്ന തെക്കെ ഇന്ത്യൻ ലിഖിതങ്ങൾ വ്യത്യസ്തമാണ്. മെയ്‌ക്കീർത്തി എന്നത് രാജാക്കന്മാരുടെ അപദാനവർണനകളാണെങ്കിലും.  
 
? എന്താണ് നാം നേരിടുന്ന പ്രധാന 
വെല്ലുവിളികൾ...
ഇന്ത്യയിൽ കഴിഞ്ഞ ഇരുപതു വർഷമായി മണ്ണിന്റെ ഉപരിതലം വളരെയധികം നശിപ്പിക്കപ്പെടുന്നുണ്ട്‌. ഇനിയൊരു അൻപതു വർഷംകൂടി കഴിയുമ്പോൾ പഠനത്തിന് യാതൊരു സാധ്യതയുമില്ലാത്തതരത്തിൽ അവ പൂർണമായും നശിപ്പിക്കപ്പെടും. അതിനാൽ സമകാലിക ഉപരിതലത്തെക്കുറിച്ചുള്ള പഠനങ്ങൾ എത്രയും പെട്ടെന്ന് നടത്തുക. ‘ലിഖിതങ്ങളിൽ ശ്രദ്ധിച്ചാൽ ഭൂതകാലത്തിന്റെ സ്പന്ദനം കേൾക്കാം’ എന്ന് നൊബോരു കരാഷിമ പറഞ്ഞിട്ടുണ്ട്‌. ഞാനതിൽ വിശ്വസിക്കുന്നു. പ്രാചീന-മധ്യകാല ചരിത്രഘട്ടങ്ങളെ പഠനവിധേയമാക്കുമ്പോൾ ‘ഭൂതകാലത്തിന്റെ തിളക്കം’ അതിൽ കാണാം. ഇനിയും വരുംതലമുറയ്ക്ക് ഈ മേഖലയിൽ ഏറെ പ്രവർത്തിക്കാനുണ്ട്‌. 
rajendu@gmail.com