ഹൈദരാബാദില്‍ ഈയിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുത്രി ഇവന്‍കാ ട്രംപും പങ്കെടുത്ത അന്താരാഷ്ട്ര വാണിജ്യ ഉച്ചകോടിയില്‍, അതിഥികള്‍ക്കായി ഒരുക്കിയ വിനോദപരിപാടിയിലെ മുഖ്യയിനം ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിലെ നൃത്തരൂപങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു 
'ഫ്യൂഷന്‍' ആയിരുന്നു. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ നൃത്താവിഷ്‌കാരത്തിന്റെ ആശയമാകട്ടെ 'നാനാത്വത്തില്‍ ഏകത്വം' എന്നതും. ഏറെ പുതുമകളോടെ ഈ പരിപാടി ചിട്ടപ്പെടുത്തിയത് ഡോ. സത്യപ്രിയ രമണ എന്ന കുച്ചിപ്പുഡി നര്‍ത്തകിയാണ്. ഭരതനാട്യം, കഥക്, കുച്ചിപ്പുഡി, ഒഡീസ്സി, മണിപ്പുരി എന്നീ വ്യത്യസ്തങ്ങളായ നൃത്തരൂപങ്ങളെ ഒരൊറ്റച്ചരടില്‍ ചേര്‍ത്തുവെച്ച് സത്യപ്രിയ സംവിധാനംചെയ്ത 
നൃത്താവിഷ്‌കാരം ഏറെ ജനശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. 
അഞ്ചാമത്തെ വയസ്സില്‍ തന്റെ ഗ്രാമമായ ആന്ധ്രാപ്രദേശിലെ ഗുണ്ടയ്ക്കല്‍വെച്ചാണ് സത്യപ്രിയ നൃത്തം അഭ്യസിക്കാന്‍ തുടങ്ങുന്നത് - വീടിനടുത്തുള്ള ഭരതനാട്യം നര്‍ത്തകനായ വരദരാജ അയ്യങ്കാറില്‍നിന്ന് എട്ടാമത്തെ വയസ്സില്‍ 
കുച്ചിപ്പുഡി പഠനം ആരംഭിച്ചു. നൃത്തത്തിലുള്ള താത്പര്യം മനസ്സിലാക്കിയ സത്യപ്രിയയുടെ രക്ഷിതാക്കള്‍ ചെന്നെയിലെ ഡോ. 
വെമ്പട്ടി ചിന്നസത്യത്തിന്റെ കുച്ചിപ്പുഡി അക്കാദമിയില്‍ ചേര്‍ത്തു. ശോഭ നായിഡു, ബാല 
കൊണ്ടല്‍റാവു, അനുപമ മോഹന്‍, മണുഭാര്‍ഗവി എന്നിവര്‍ അവിടെ സത്യയുടെ മുതിര്‍ന്ന 
വിദ്യാര്‍ഥികളായിരുന്നു.
എട്ടുവര്‍ഷത്തോളം നീണ്ട കുച്ചിപ്പുഡി അഭ്യാസം വ്യത്യസ്തങ്ങളായ ഭാഷകളും സംസ്‌കാരങ്ങളുമായി  പരിചയപ്പെടാനും അവസരം നല്‍കി. ഗുരുവായ വെമ്പട്ടി ചിന്നസത്യം ചിട്ടപ്പെടുത്തി അവതരിപ്പിച്ചിരുന്ന 'നൃത്തനാടക'ങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തുകൊണ്ട് നല്ലൊരു അരങ്ങ് പരിചയത്തിനുള്ള സാഹചര്യവും അക്കാലത്ത് ലഭിച്ചു. പഠനം പൂര്‍ത്തിയാക്കി ഏറെ താമസിയാതെതന്നെ അക്കാദമിയില്‍ അധ്യാപികയായി. ''ഒരു ദിവസം രാവിലെ വെമ്പട്ടി സര്‍ എന്നെ വിളിപ്പിച്ചു. അദ്ദേഹം കളരിയില്‍ പഠിപ്പിക്കുകയായിരുന്നു. എന്നോട് ഒരു ഭാഗം അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ചെയ്തു. ഉടനെത്തന്നെ അദ്ദേഹം എന്നോട് കുട്ടികളെ പഠിപ്പിക്കാന്‍ പറഞ്ഞു. അഭിമുഖവും നിയമനവും എല്ലാം അതായിരുന്നു.'' -അധ്യാപികയായിത്തീര്‍ന്ന കഥ സത്യപ്രിയ ഓര്‍ക്കുന്നു. 
''ഗുരുവിന്റെ സ്ഥാനം ഇന്നത്തെപ്പോലെ അല്ലായിരുന്നു അന്നൊന്നും. ഗുരുകുലസമ്പ്രദായമല്ലേ. വീട്ടിലെ അംഗം തന്നെയായിരുന്നു 
ശിഷ്യര്‍. ഗുരുനാഥനു കുളിക്കാന്‍ വെള്ളം ചൂടാക്കുന്നതും അദ്ദേഹത്തിന്റെ ഭാര്യയെ പാചകത്തില്‍ സഹായിക്കുന്നതും ഒക്കെ ശിഷ്യര്‍ക്കുള്ള അംഗീകാരമായിട്ടായിരുന്നു കണ്ടിരുന്നത്. എന്നാല്‍, ഇപ്പോഴോ, ക്ലാസിന്റെ സമയത്ത് മാത്രമാണ് ടീച്ചറും വിദ്യാര്‍ഥിനിയും തമ്മില്‍ കാണുന്നത്. ക്ലാസിക്കല്‍ കലാരൂപങ്ങളുടെ നിലവാരത്തകര്‍ച്ചയ്ക്കുള്ള കാരണം ഇതൊക്കെയാണ്'' -സത്യപ്രിയ കൂട്ടിച്ചേര്‍ത്തു.
1995-ല്‍ 'ത്രീപദം നൃത്താഞ്ജലി' എന്ന 'അന്നമാചാര്യ കീര്‍ത്തനം' സത്യപ്രിയ ആദ്യമായി ചിട്ടപ്പെടുത്തി അവതരിപ്പിച്ചു.  തുടര്‍ന്ന് ഓരോരോ വര്‍ഷങ്ങളിലായി 
വ്യത്യസ്തങ്ങളായ നിരവധി നൃത്താവിഷ്‌കാരങ്ങള്‍ ഇവര്‍ സംവിധാനം ചെയ്തിട്ടുണ്ട്. 'ശ്രീകൃഷ്ണ തുലാഭാരം', 'ഗംഗാവതരണം', 'വാമനാവതാരം' എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടത്. വൈവിധ്യങ്ങളായ ആശയങ്ങള്‍ കുച്ചിപ്പുഡി എന്ന നൃത്തരൂപത്തിന്റെ പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ട് സംവിധാനം ചെയ്യാനാണ് ഇവര്‍ ശ്രമിക്കുന്നത്. അരങ്ങിലെ ദൃശ്യാനുഭവസാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് അവ ചിട്ടപ്പെടുത്താറുള്ളത്.
 കുച്ചിപ്പുഡിയല്ലാതെ വേറൊന്നും മനസ്സിലില്ലാത്ത അവര്‍ക്ക് ഒരിക്കല്‍ നൃത്തത്തിനിടയില്‍ അരങ്ങില്‍വീണ് കാല്‍മുട്ടുകള്‍ക്ക് സാരമായി പരിക്കേറ്റു. തന്റെ മിടുക്കികളായ 'ശിഷ്യ'കളിലൂടെയാണ് ഇപ്പോള്‍ അവര്‍ തന്റെ അരങ്ങുമോഹങ്ങള്‍ 
ശാശ്വതീകരിക്കുന്നത്. 
'നര്‍ത്തനശാല' എന്ന കുച്ചിപ്പുഡി ഗുരുകുലം സ്ഥാപിച്ചിട്ട് ഇപ്പോള്‍ ഏതാണ്ട് ഒന്നരപ്പതിറ്റാണ്ടായി. ഇതിനകം ഏകദേശം ആയിരത്തോളംപേര്‍ ഇവിടെ കുച്ചിപ്പുഡി അഭ്യസിച്ചിട്ടുണ്ട്. മലയാള ചലച്ചിത്രങ്ങളില്‍ നായികമാരായി അഭിനയിച്ച മോഹിനി, മാതു എന്നിവര്‍ സത്യപ്രിയയുടെ കീഴില്‍ നൃത്തം അഭ്യസിച്ചവരാണ്. അതുപോലെ, കേരളത്തിലെ പ്രശസ്തരായ മോഹിനിയാട്ടം നര്‍ത്തകിമാരായ ഡോ. നീന പ്രസാദ്, ഡോ. മേതില്‍ ദേവിക എന്നിവര്‍ പല സന്ദര്‍ഭങ്ങളിലായി ഇവരുടെ കീഴില്‍ നൃത്താഭ്യസനം നടത്തിയിട്ടുണ്ട്.
നാലു പതിറ്റാണ്ടുകാലമായി ദക്ഷിണേന്ത്യന്‍ നൃത്തലോകത്ത് സ്വന്തമായൊരു ഇടം നേടിയെടുത്ത സത്യപ്രിയ, തുടര്‍ച്ചയായി നൃത്താവതരണം നടത്തിയതിന് 'ഗിന്നസ് ബുക്കി'ല്‍ രേഖപ്പെടുത്തപ്പെട്ട വ്യക്തിയാണ്. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള മിക്ക പ്രധാന നൃത്തോത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
 ഒരു നര്‍ത്തകി എന്നനിലയിലും നൃത്താധ്യാപിക എന്നരീതിയിലും ഒരുപോലെ വിജയിച്ച സത്യപ്രിയയ്ക്ക് പക്ഷേ, ഇപ്പോള്‍ നൃത്തസംവിധാനമാണ് കൂടുതല്‍ പ്രിയപ്പെട്ടത്. അരങ്ങില്‍ നൃത്തംചെയ്യുന്നതിനനുസരിച്ച് വിവിധവര്‍ണങ്ങളിലുള്ള പൊടികള്‍ മായ്ച്ചുകളഞ്ഞ് രൂപങ്ങളാക്കിമാറ്റുന്ന രീതിയും ഇവര്‍ അവലംബിച്ചിട്ടുണ്ട്. 'തരംഗം' പ്രയോഗിക്കുമ്പോള്‍, പുഷ്പം വിരിയുന്നതുപോലെയുള്ള രൂപനിര്‍മാണം നടത്താനും ശ്രമിച്ചിട്ടുണ്ട്. 'പിക്ച്ചര്‍ വിത്ത് പ്ലേറ്റ്' എന്നാണ് ഈ നൃത്താവതരണത്തെ വിളിക്കുന്നത്. 'സിംഹനന്ദിനി', 'മയൂരപര്‍വം' എന്നിവയിലാണ് സത്യപ്രിയ ഇത്തരത്തിലുള്ള നൂതനമായ ആവിഷ്‌കാരരീതികള്‍ പരീക്ഷിച്ചത്. ഭര്‍ത്താവും ഇവന്റ് മാനേജരും മൃദംഗം കലാകാരനുമായ മകനും അടങ്ങുന്ന കുടുംബം ഇവര്‍ക്ക് വലിയൊരു പിന്‍ബലമാണ്. 

vinuvasu73@gmail.com