ഗാന്ധിമാര്‍ഗം

'നൂറു മഹാത്മാക്കള്‍ വിരിയട്ടെ' എന്ന ലേഖനത്തിനോടുള്ള പ്രതികരണമാണ് ഈ കത്ത്. വിദ്യാഭ്യാസസംബന്ധമായ ചര്‍ച്ചകളിലൂടെ വിവിധാഭിപ്രായങ്ങള്‍ മുന്നോട്ടുവന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിന്ന്. വിദ്യാഭ്യാസമേഖലയില്‍ ആധുനികശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടുകള്‍ എന്താണെന്നതിനെക്കുറിച്ചുള്ള അജ്ഞത ബഹുഭൂരിപക്ഷംപേരും വെച്ചുപുലര്‍ത്തുന്നുണ്ട്. ഗ്രാമീണജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന ചില കാഴ്ചപ്പാടുകള്‍ ഈ ലേഖനത്തിനാധാരമാണ്. ആധുനിക വിവരസാങ്കേതികതയുടെ യുഗത്തില്‍ ലോകമെമ്പാടുമുണ്ടാകുന്ന മുന്നേറ്റങ്ങള്‍ വ്യക്തികളെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. ഈ കാരണത്താല്‍ പുതിയതലമുറയെ ഗ്രാമീണജീവിതത്തില്‍ തളച്ചിടാന്‍ സാധിക്കാതെവന്നിരിക്കുകയാണെന്ന വസ്തുത ലേഖകന്‍ വിസ്മരിച്ചിരിക്കുന്നു. മതവിജ്ഞാനത്തിലൂടെ സത്യാന്വേഷണം നടത്താമെന്നത് ഫ്യൂഡല്‍ കാലഘട്ടം പ്രസരിപ്പിച്ച ലോകവീക്ഷണമാണെന്നത് ചരിത്രം നമ്മെ ഓര്‍മിപ്പിക്കുന്നു. മനുഷ്യജീവിതവുമായും മനുഷ്യസമൂഹചരിത്രസംബന്ധമായും ഭൗതികലോകത്തെ സംബന്ധിച്ചും ആധുനികശാസ്ത്രം നമ്മെ സത്യത്തിലേക്ക് നയിക്കുന്നു. ആധുനികശാസ്ത്രത്തിന്റെ വീക്ഷണങ്ങളെ ശരിയായി മനസ്സിലാക്കാന്‍ സാധിക്കാതെവന്നതാണ് മഹാത്മാഗാന്ധിയുടെയും അദ്ദേഹത്തിന്റെ വീക്ഷണങ്ങളുടെയും പരാജയങ്ങള്‍ക്ക് കാരണമെന്ന വസ്തുത ഇന്നേറെ പ്രസക്തമാണ്. കാലചക്രത്തെ പിറകോട്ടു തിരിക്കാന്‍ ശ്രമിച്ചിട്ടുള്ള ഏതൊരു വ്യക്തിയുടെയും പരാജയം സുനിശ്ചിതമാണ്. ഇന്ന് നമ്മുടെ രാജ്യത്തെ ഫാസിസ്റ്റ് ശക്തികള്‍ വിദ്യാഭ്യാസമേഖലയിലും സാംസ്‌കാരികരംഗത്തും ഈ ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്. അവര്‍ ഇന്ന് മുന്നോട്ടുവയ്ക്കുന്നതും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ കാഴ്ചപ്പാടാണ്. ഈ ലേഖനത്തില്‍ മുന്നോട്ടുവയ്ക്കുന്ന വസ്തുതകള്‍ ഫാസിസ്റ്റ് ശക്തികളെ പിന്തുണയ്ക്കുമെന്നകാര്യം പ്രത്യേകമായി സൂചിപ്പിക്കുന്നു. ഇന്നുവരെ മനുഷ്യാദ്ധ്വാനവുമായി ബന്ധപ്പെട്ട് എല്ലാ മേഖലകളിലും വികസിച്ചുവന്നിരിക്കുന്ന ശാസ്ത്രീയവിജ്ഞാനവും അതിന്റെ പ്രയോഗവും പുതിയ തലമുറയിലേക്ക് കൈമാറ്റം ചെയ്യുകയെന്നതാണ് പരമപ്രധാനമായത്. വിദ്യാഭ്യാസത്തെയും തൊഴില്‍പരിശീലനത്തെയും അതിനായി വേറിട്ടുതന്നെ കാണേണ്ടതാണ്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഫലത്തില്‍ ചിന്താശേഷിയില്ലാത്ത കൂലി അടിമകളെ സൃഷ്ടിച്ചുകൊണ്ടിരിക്കുമെന്നത് ഹിറ്റ്ലറിന്റെ കാലഘട്ടത്തില്‍നിന്നുള്ള അനുഭവപാഠമാണ്.  
ജോഷ്വാ ജൂബിലന്റ് പി.എ., പാലക്കാട്.

'നൂറുമഹാത്മാക്കള്‍ വിരിയട്ടെ' എന്ന ഷബിന്‍ കൃഷ്ണന്റെ ലേഖനം ശ്രദ്ധേയമാണ്. ഗാന്ധിജിയുടെ വിദ്യാഭ്യാസമെങ്ങനെയായിരിക്കണമെന്ന ആഗ്രഹം, മഹാരാഷ്ട്രയിലെ സേവാഗ്രാമിലെ വിദ്യാനികേതനില്‍ സുഷമാ ശര്‍മ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇവിടെ കുട്ടികള്‍ താമസിച്ചു പഠിക്കുകയും പ്രകൃതിക്കനുകൂലമായ രീതിയില്‍ കൃഷിചെയ്തും മറ്റു ജോലികള്‍ ചെയ്തും കഴിയുന്നു. പത്താംക്ലാസ്വരെ പഠിക്കുന്നതോടൊപ്പം കൃഷിചെയ്തും നെയ്തും സമൂഹത്തില്‍ എങ്ങനെ നന്മചെയ്യാമെന്നും പഠിക്കുന്നു. തന്മൂലം കുട്ടികള്‍ പഠനം കഴിയുമ്പോള്‍ സ്വയംപര്യാപ്തരാകും. ഇവര്‍ക്ക് കൃഷിചെയ്തും വസ്ത്രങ്ങള്‍ നെയ്തും പരിസ്ഥിതിയോടു ചേര്‍ന്നുനില്‍ക്കുന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുത്തും ജീവിക്കാം. 
ഭാരതത്തില്‍ പണ്ട് ശ്രേഷ്ഠമായ ഒരു സംസ്‌കാരം നിലനിന്നിരുന്നു. അതിനുകാരണം അന്നത്തെ വിദ്യാഭ്യാസരീതിയാണ്. ഗുരുകുല വിദ്യാഭ്യാസം- ഗുരുവിന്റെ കൂടെ താമസിച്ചു വിദ്യ അഭ്യസിക്കല്‍. ഗുരുവിന്റെ ശിക്ഷണത്തില്‍ വിദ്യ അഭ്യസിക്കുന്നതോടൊപ്പം ധാര്‍മികബോധവും സാമൂഹികമര്യാദയും പഠിക്കുന്നു.  
ഇന്ന് വിദ്യാഭ്യാസം വിവരങ്ങള്‍ അറിയാനുള്ള, ബുദ്ധിപരമായ കഴിവ് വികസിപ്പിക്കാനുള്ള മാര്‍ഗമാണ്. അധ്യാപകന് പണം ലഭിക്കാനുള്ള തൊഴില്‍ മാത്രം. തന്മൂലം വിദ്യാഭ്യാസം ലഭിച്ച പലരും ധനസമ്പാദനത്തിനുള്ള എന്തു മാര്‍ഗവും സ്വീകരിക്കുന്നു. ഒരു തിരിച്ചുപോക്ക് വിദ്യാഭ്യാസരംഗത്ത് നമുക്ക് ആവശ്യമാണ്. വിദ്യ നല്‍കുന്നതോടൊപ്പം ധാര്‍മികമൂല്യങ്ങളും സാമൂഹിക ബോധവും കുട്ടികളില്‍ ജനിപ്പിക്കണം. അതിനായി അധ്യാപകര്‍ കുട്ടികളുടെ ലെവലിലേക്ക് താഴ്ന്ന് അവരുമായുള്ള വ്യക്തിബന്ധത്തിലൂടെ അവരെ ഉയര്‍ത്തണം. അങ്ങനെയുള്ള കുട്ടികള്‍ രാജ്യത്തിനു സമ്പത്തായിരിക്കും. 
ഇന്ന് കുട്ടികള്‍ അറിവുനേടുന്നു. ധാര്‍മികബോധം ലഭിക്കാത്തതുകൊണ്ട് ഇവരുടെ അറിവ്, മാഫിയാസംഘങ്ങള്‍ ധനസമ്പാദനത്തിനുപയോഗിക്കുന്നു.  
ടി.എ. ജോണ്‍, ആലപ്പുഴ

പാഠശാലകള്‍

വാരാന്തപ്പതിപ്പില്‍വന്ന സാഹിത്യത്തിന്റെ പാഠശാലകള്‍ എന്ന ലേഖനമാണ് ഈ കുറിപ്പിനാധാരം. സാഹിത്യതത്പരനായ ഒരു കരാട്ടെക്കാരന്റെ - ബെന്നി സെബാസ്റ്റ്യന്‍ - സംഘാടനവൈഭവത്തോടെ കണ്ണൂര്‍ ആലക്കോട് സര്‍ഗവേദി റീഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കഥാകാരന്‍ എന്‍. പ്രഭാകരന്റെ സ്വപ്നപദ്ധതിയാണ് സാഹിത്യപാഠശാല എന്ന മനോഹരമായ ചിന്താധാരയ്ക്ക് തുടക്കംകുറിച്ചിട്ടുള്ളത്. അതിലെ പങ്കാളികള്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍മുതല്‍ വയോവൃദ്ധന്മാര്‍വരെയുള്ള സാധാരണക്കാരും. 
ഇന്നത്തെ പാഠ്യപദ്ധതിയില്‍ സാഹിത്യത്തിന് രണ്ടോ മൂന്നോ സ്ഥാനമേ നമ്മള്‍ കല്പിച്ചുകൊടുത്തിട്ടുള്ളൂ. കഥയും കവിതയും ഗൗരവപൂര്‍ണമായ സാഹിത്യവായനയും പുതുസമൂഹം കൈവിട്ടുകഴിഞ്ഞു. അവ നല്‍കിയ കരുണയും സ്‌നേഹവും ആര്‍ദ്രതയും സഹവര്‍ത്തിത്വവും ഉള്‍ക്കാഴ്ചയും ഇന്നത്തെ തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്നു. തന്മൂലം ആവിര്‍ഭവിച്ചിട്ടുള്ള ഗുരുതരമായ അനുകമ്പാരാഹിത്യത്തിനും അനാരോഗ്യകരമായ കിടമത്സരത്തിനും മനുഷ്യത്വമില്ലായ്മയ്ക്കും ഒരു മറുമരുന്നെന്നനിലയില്‍ കേരളീയ ജീവിതത്തിലേക്ക് ഈ പാഠശാലകള്‍ വേരുപടര്‍ത്തട്ടെയെന്നും കവിതയുടെ ശലഭങ്ങള്‍ വീണ്ടും ഈ ചുമരുകളെ നിറയ്ക്കട്ടെയെന്നും ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. 
പ്രദീപ് എസ്.എസ്., രായമംഗലം.