പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ളൊരു ഇന്ത്യന്‍ റിപ്പബ്ലിക് ദിനം. ഭുജിലെ അങ്കോര്‍വാല സ്‌കൂളില്‍ ത്രിവര്‍ണപതാക ഉയര്‍ത്തുന്നതിന് സമയമാകുന്നു. അഞ്ചും ആറും വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നീല നിക്കറും പാവാടയും വെള്ള ഷര്‍ട്ടും ധരിച്ച് കൈകളില്‍ കൊച്ചു ത്രിവര്‍ണപതാകകളുമായി കാത്തുനില്‍ക്കുകയാണ്. സമയം 8.46, അപ്പോഴാണ് ഏതോ യുദ്ധവിമാനം താഴ്ന്നു പറക്കുന്നതുപോലുള്ള ശബ്ദം ഇരമ്പിയത്. ക്രമേണ അത് കൂടിക്കൂടിവന്നു. കുട്ടികള്‍ നില്‍ക്കുന്ന ഭൂമി വിറയ്ക്കാന്‍ തുടങ്ങി. നേരേ നില്‍ക്കാനാകാതെ കുട്ടികളില്‍ പലരും മറിഞ്ഞുവീണു. പൊടുന്നനെ സ്‌കൂളിന് സമീപമുള്ള രണ്ടു കെട്ടിടങ്ങള്‍ വലിയ ശബ്ദത്തോടെ നിലംപൊത്തി. പൊടിപടലങ്ങള്‍ മേഘരൂപത്തില്‍ ആകാശത്തേക്കുയര്‍ന്നു. 'ഭൂകമ്പം!...', ആരോ വിളിച്ചുപറഞ്ഞത് മൈക്കിലൂടെ ഉയര്‍ന്നുകേട്ടു. 
  പിന്നെ അവിടെക്കണ്ടത്  ജീവനുവേണ്ടിയുള്ള തിക്കിത്തിരക്കലുകളായിരുന്നു. സ്വന്തം കുഞ്ഞുങ്ങളെ വാരിപ്പുണരാനോടുന്ന മാതാപിതാക്കള്‍... കരച്ചിലിന്റെ ഏറ്റക്കുറച്ചിലുകളില്‍ പകച്ചുനില്‍ക്കുന്ന കുട്ടികള്‍... ഇതിനിടെ സ്‌കൂളിന്റെ ഗേറ്റും മതിലും തകര്‍ന്നുവീണതിനടിയില്‍ രണ്ടുമൂന്ന് കുഞ്ഞുങ്ങള്‍ പെട്ടിരുന്നു...
       ഭയത്തിന്റെ പുകപടലങ്ങള്‍ നിറഞ്ഞതായിരുന്നു ഹിതേഷ് പട്ടേലിന്റെ വാക്കുകള്‍. ഇത്തവണത്തെ 
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായിരുന്നു ഭുജിലെത്തിപ്പെട്ടത്. കച്ചിലേക്കുള്ള യാത്രയില്‍, ഡ്രൈവറാണ് ഭുജിലെ ബച്ചാവു എന്ന നഗരം കാണിച്ചുതന്നത്. 2001-ലെ ഭുജ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. കച്ചില്‍നിന്നുള്ള മടക്കയാത്രയില്‍ ബച്ചാവുവിലിറങ്ങി. ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങള്‍ തേടി നടക്കുന്നതിനിടയിലാണ് ഹിതേഷ് പട്ടേലിനെ പരിചയപ്പെട്ടത്. 2001-ല്‍ ഒരു ബന്ധുവിനും അയാളുടെ കുട്ടിക്കുമൊപ്പം റിപ്പബ്ലിക് ദിനാഘോഷത്തിനായി സ്‌കൂളിലെത്തിയതായിരുന്നു ഹിതേഷ്. ഒടുവില്‍ എങ്ങനെയോ രക്ഷപ്പെട്ട് വീട്ടിലെത്തി. ''അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമായതിനാല്‍ ഞങ്ങളെല്ലാം ആദ്യം കരുതിയത് പാകിസ്താന്‍ ബോംബിട്ടതാണെന്നായിരുന്നു'' -ഹിതേഷിന്റെ മുഖത്തുനിന്നും ഇപ്പോഴും ഭൂകമ്പത്തിന്റെ ഭയം വായിച്ചെടുക്കാം. മാസങ്ങളോളം പ്ലാസ്റ്റിക് ടെന്റുകളില്‍ താമസിക്കേണ്ടിവന്നിട്ടുണ്ട് ഹിതേഷിനും കുടുംബത്തിനും. 
   ഭൂകമ്പത്തില്‍ ഇരുപതിനായിരത്തിലധികം പേരാണ് മരിച്ചത്. ഒന്നരലക്ഷത്തിലധികം പേര്‍ക്ക് പരിക്കേറ്റു. നാലുലക്ഷത്തോളം വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. ആറുലക്ഷത്തോളം പേര്‍ക്ക് വീടില്ലാതായി. ഇതൊന്നും ഭുജില്‍ മാത്രം ഒതുങ്ങുന്നതല്ല. ഏതാണ്ട് 700 കിലോമീറ്ററോളം ഭൂകമ്പത്തിന്റെ കൈ നീണ്ടിരുന്നു. ഇരുപത്തിയൊന്ന് ജില്ലകളെയാണ് ബാധിച്ചത്. തങ്ങള്‍ക്കുനേരേ ബോംബിട്ടെന്ന് 
ഗുജറാത്തികള്‍ കരുതിയ പാകിസ്താനില്‍വരെ നാശനഷ്ടങ്ങളുണ്ടായി. 
   ഭുജിലെ ജീവിതം ഇനിയൊരിക്കലും സാധാരണപോലെയാകില്ലെന്ന് പലരും കരുതി. പക്ഷേ, ദുരന്തക്കയങ്ങളില്‍നിന്നും കരകയറാന്‍ ലോകം ഒന്നാകുന്നത് ഗുജറാത്തില്‍ കണ്ടു. സഹായങ്ങള്‍ പ്രവഹിച്ചു.  സന്നദ്ധപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, കോളേജ് വിദ്യാര്‍ഥികള്‍, സാമൂഹ്യരാഷ്ട്രീയ 
പ്രവര്‍ത്തകര്‍... അങ്ങനെ ഗുജറാത്തിലേക്ക് മനുഷ്യജീവികള്‍ ഒഴുകിയെത്തി. എല്ലാ സഹായവുമായി നിരവധി ലോകരാജ്യങ്ങളും കൈകോര്‍ത്തു. സംസ്ഥാന സര്‍ക്കാരിന് ഈ സഹായങ്ങളെ കൃത്യമായി വിഭജിച്ച് വിളമ്പുക എന്ന ശ്രമകരമായ ദൗത്യമായിരുന്നു നിര്‍വഹിക്കേണ്ടിയിരുന്നത്. അതിലവര്‍ വിജയിക്കുകയും ചെയ്തു. 
   ഏറ്റവും അധികം നാശം വിതച്ച ബച്ചാവുവില്‍ ഹിതേഷ് പട്ടേലിനൊപ്പം സംസാരിച്ചുനില്‍ക്കുമ്പോള്‍ ചുറ്റിലും ഭൂകമ്പത്തിന്റെ ഒരടയാളംപോലും കണ്ടെത്താനായില്ല. ബച്ചാവുവിലെ വഴികളില്‍ മുഴുവന്‍ തിരഞ്ഞതും ഭൂകമ്പത്തിന്റെ ബാക്കിപത്രങ്ങളായിരുന്നു. പക്ഷേ, കഴുകിവൃത്തിയാക്കിയ പാത്രംപോലെ ബച്ചാവു തിളങ്ങിനിന്നു. ഷോപ്പിങ്മാളുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍... മുന്‍പ് ഇവരുടെ ജീവിതത്തിലില്ലാത്തത് പലതും ഭൂകമ്പത്തിനുശേഷം ഇവിടെ ഉയര്‍ന്നുവന്നു. മിക്ക വീടുകളും ഒരേരൂപത്തിലുള്ള ഇരുനിലകളാണ്. തോളോടുതോള്‍ചേര്‍ന്നു നില്‍ക്കുന്ന വീടുകളുടെ നിരയ്ക്ക് ഹൗസിങ് കോളനികളുടെ ഭാവം. 
  ഇതില്‍ പലതും നഷ്ടപരിഹാരങ്ങളില്‍നിന്ന് എഴുന്നേറ്റുവന്നതാണ്. 
ഭൂകമ്പത്തിന്റെ ചിത്രങ്ങളെടുത്ത പത്രഫോട്ടോഗ്രാഫറുടെ അനുഭവങ്ങള്‍ വായിച്ചതാണ് ഓര്‍മവന്നത്; തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്ക് സമീപം നിരത്തിക്കിടത്തിയിരിക്കുന്ന ഭാര്യയും മക്കളുമടങ്ങിയവരുടെ ശവശരീരം നോക്കിയിരിക്കുന്നയാള്‍. ഫോട്ടോഗ്രാഫറെ കണ്ടതോടെ ഓടിവന്നു. ശവശരീരങ്ങളുടെ ചിത്രമെടുക്കണം, പത്രത്തില്‍ അച്ചടിച്ചുവരണം. കാരണം അതാണ് നഷ്ടപരിഹാരം 
കിട്ടാനുള്ള എളുപ്പത്തിലുള്ള തെളിവ്!
  ബച്ചാവു ഒരു ഉദാഹരണം മാത്രം. ഭൂകമ്പത്തിനുശേഷം ഭുജിന്റെ വളര്‍ച്ച അതിവേഗമായിരുന്നു. ഇപ്പോള്‍ ഭുജ് നഗരം പരന്നുകിടക്കുന്നത് 56 ചതുരശ്ര കിലോമീറ്ററിലായാണ്. അതായത് ഏതാണ്ട് പതിമ്മൂവായിരം ഏക്കര്‍ വിസ്തൃതിയില്‍. 2001-ല്‍ ഉണ്ടായിരുന്നതിന്റെ നാലിരട്ടിയോളം നഗരം വളര്‍ന്നു. ഭൂമിയില്‍നിന്നും വീണ്ടുമുയര്‍ന്ന വലിയ കെട്ടിടങ്ങള്‍, നാലുവരിപ്പാതകള്‍, ഭൂകമ്പത്തെ ചെറുക്കാന്‍പോന്ന ആസ്പത്രി, വീണ്ടെടുക്കാനാവില്ലെന്നു കരുതിയ വിമാനത്താവളം... അങ്ങനെ പലതും. കച്ച് ജില്ലയില്‍ തുടങ്ങുന്ന വ്യവസായങ്ങള്‍ക്ക് പരമാവധി ഇളവുകളായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതൊരു അവസരമായിക്കണ്ട പലരും ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലയായ കച്ചിലേക്കൊഴുകി. സ്വാഭാവികമായും കച്ചിന്റെ തലസ്ഥാനമായ ഭുജ് പല വ്യവസായങ്ങളുടെയും തലസ്ഥാനമായിത്തീര്‍ന്നു. ഭൂകമ്പം തകര്‍ത്ത ഒരു പ്രദേശത്തിന് സ്വപ്നത്തില്‍പ്പോലും ചിന്തിക്കാനാകാത്തരീതിയിലുള്ള വളര്‍ച്ച.
   കച്ചിലെ ഉപ്പുനിറഞ്ഞ വെളുത്ത മരുഭൂമിയെ ഇന്ത്യയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായിത്തീര്‍ത്തതും ഭൂകമ്പത്തിനുശേഷമാണ്. വിദേശികളുള്‍പ്പടെയുള്ളവര്‍ കച്ചിലെത്തുന്നു. നാലോ അഞ്ചോ മാസം മാത്രം വെള്ളത്തില്‍നിന്നുയര്‍ന്നുവരുന്ന ഉപ്പുമരുഭൂമിയെ കാണാന്‍. കോടികളുടെ വരുമാനമാണ് കച്ച് ടൂറിസത്തില്‍നിന്ന് ഗുജറാത്തിനിന്ന് ലഭിക്കുന്നത്.
   രാജശാസനകള്‍ മുഴങ്ങിയിരുന്ന പ്രാഗ്മഹല്‍ കൊട്ടാരത്തിന്റെ ഏറ്റവും മുകളില്‍ കയറിയാല്‍ ഭുജിന്റെ ആകാശക്കാഴ്ച കാണാം. കാല്‍ക്കീഴിലുള്ള കൊട്ടാരം മാത്രമാണ് പഴയത്. 
മുന്നിലെ കാഴ്ചകളിലെല്ലാം പുതിയ 
കെട്ടിടങ്ങളുടെ നിറപ്പകര്‍ച്ചകള്‍. 
ഭൂകമ്പത്തില്‍ പ്രാഗ്മഹല്‍ കൊട്ടാരത്തിന് കാര്യമായ കേടുപാടുണ്ടായതില്‍ ചിലത് ഇപ്പോഴും കാണാവുന്നരൂപത്തില്‍ തന്നെയുണ്ട്. എന്തായാലും പ്രകൃതിദുരന്തങ്ങളില്‍നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഭുജ് ഇന്നൊരു മാതൃകയാണ്. നേപ്പാളില്‍ 2015-ല്‍ ഉണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്ന നഗരങ്ങളെ പുനഃസൃഷ്ടിക്കുന്നതിന് ഗുജറാത്തിനെയാണ് മാതൃകയാക്കിയത്.
   പക്ഷേ, ഭൂകമ്പത്തിന്റെ കാണാച്ചിത്രങ്ങള്‍ വേറെയുമുണ്ട്. ഗ്രാമങ്ങളേക്കാള്‍ പ്രഭവകേന്ദ്രത്തിനോടടുത്ത പ്രദേശങ്ങളിലും നഗരങ്ങളിലുമാണ് സഹായങ്ങള്‍ കൂടുതല്‍ ലഭിച്ചതെന്ന പരാതി വ്യാപകമായുണ്ട്. മറ്റൊന്ന് ഏതൊരു ദുരന്തപ്രദേശത്തും സംഭവിക്കുന്നത് ഇവിടെയും സംഭവിച്ചു എന്നതാണ്. പട്ടയമില്ലാതെ താമസിച്ചിരുന്ന കുടുംബങ്ങള്‍ വഴിയാധാരമായി. രേഖകളിലൊന്നും അവരുടെ പേരുണ്ടായിരുന്നില്ല. ഗ്രാമങ്ങള്‍ പറിച്ചുനടാന്‍വേണ്ടി മറ്റു ഗ്രാമങ്ങളിലെ ഏക്കറുകണക്കിന് കൃഷിയിടങ്ങളടക്കമാണ് ഉപയോഗപ്പെടുത്തിയത്. ഭൂമി നഷ്ടമായ കര്‍ഷകരുടെ എണ്ണവും ചെറുതല്ല. ഒരു 
ദുരന്തത്തില്‍നിന്നും കരകയറുമ്പോള്‍ ഇതൊക്കെ സ്വാഭാവികമെന്ന് വിലയിരുത്തേണ്ടിവരും. ഒരു കാര്യം ഉറപ്പ്, ഭൂകമ്പത്തിന് മുന്‍പുണ്ടായിരുന്ന ഭുജിനെ അതേപടി പുനഃസൃഷ്ടിക്കുകയായിരുന്നില്ല ഭരണാധികാരികളുടെ ലക്ഷ്യം. വികസനനിക്ഷേപങ്ങള്‍ ആകര്‍ഷിക്കത്തക്കരൂപത്തിലുള്ള കോര്‍പറേറ്റ് പുനരുജ്ജീവനമാണ് ഭുജില്‍ നടന്നത്. സാമൂഹ്യപരമായി ശരിയെന്ന് തോന്നിക്കുന്നതില്‍ സാമ്പത്തികമായ തെറ്റുകള്‍ ഒളിഞ്ഞിരുന്നേക്കാം. ആത്യന്തിക ശരി ഏതെന്ന് തെളിയിക്കേണ്ടത് കാലമാണ്. 
   എല്ലാ പ്രകൃതിദുരന്തങ്ങളിലുമെന്നപോലെ ഗുജറാത്തിലെ ഭൂകമ്പങ്ങള്‍ക്ക് പലായനങ്ങളുടെകൂടി കഥപറയാനുണ്ട്. 1956-ല്‍ കച്ചിലെ അഞ്ജാറിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് നിരവധി പേരാണ് മറ്റുനാടുകളിലേക്ക് പോയത്. 2001-ലും സമാനമായ പലായനങ്ങളുണ്ടായിരുന്നു. മിക്കവരും മുംബൈ ആണ് ആശ്രയമായിക്കണ്ടത്. അവിടെ വ്യാപാരവുമായി ജീവിക്കുന്ന നല്ലൊരുപങ്ക് ഗുജറാത്തികളും കച്ച് മേഖലയില്‍നിന്നുള്ളവരാണ്. 
   പലായനത്തിന്റെ മറ്റൊരു പതിപ്പ് ബച്ചാവുവിനടുത്ത ഗ്രാമമായ അധോയില്‍ ചെന്നാല്‍ കാണാം. മറ്റു ഗ്രാമങ്ങളെപ്പോലെ പുതിയ കെട്ടിടങ്ങള്‍ പണിയാനും അവശിഷ്ടങ്ങള്‍ നീക്കാനും ഇവിടത്തുകാര്‍ തയ്യാറായില്ല. തിരച്ചിലുകള്‍ക്കൊടുവിലും അധോയിലെ പലരുടെയും ശവശരീരങ്ങള്‍ കണ്ടുകിട്ടിയിരുന്നില്ല. ഗ്രാമവാസികള്‍ മരിച്ചുപോയവര്‍ക്കായി ഒരു തീരുമാനമെടുത്തു, ഭൂകമ്പം സൃഷ്ടിച്ചത് അങ്ങനെത്തന്നെ കിടക്കട്ടെ എന്ന്. മറ്റൊരു സ്ഥലത്തേക്ക് ആ ഗ്രാമം പറിച്ചുനട്ടു. അധോയ് നിവാസികളില്‍ പലരും 
മുംബൈയിലേക്ക് ചേക്കേറി. എങ്കിലും ഗ്രാമവാസികള്‍ എല്ലാ വര്‍ഷവും തങ്ങളുടെ ഗ്രാമം നിന്നിരുന്ന സ്ഥലത്തെത്തി പൂജനടത്തുന്നു, പരേതര്‍ക്കായി!

sreejithedappally@gmail.com