ഏഷ്യയിലെ ഒന്നാംകിട പെൻസിൽ നിർമാതാക്കളായ  ഹിന്ദുസ്ഥാൻ കമ്പനിയുടെ നടരാജ്, അപ്‌സര തുടങ്ങിയ പെൻസിലുകളുടെ 'ഓട'യുണ്ടാക്കുന്നതിൽ ഒരു പങ്കാളിയാണ് ധർമടത്തെ 35 വർഷം പഴക്കമുള്ള കാർത്തിക മരക്കമ്പനി. തമിഴ്‌നാട്ടിൽനിന്ന്  പുറത്തിറങ്ങുന്ന  തീപ്പെട്ടികളിലെ കൊള്ളികൾ നിർമിക്കുന്നതിലും ഈ കമ്പനിയിലെ തൊഴിലാളികളുടെ വിരലടയാളമുണ്ട്. മുമ്പിവിടെ തീപ്പെട്ടിക്കൂടും നിർമിച്ചിരുന്നു. 
    കടംകയറാതിരിക്കാൻ വീട്ടുജോലിക്കിടയിലും ഒരു തൊഴിലുകൂടി ചെയ്യേണ്ടിവരുന്ന നാട്ടുജീവിതങ്ങളുടെ ത്വരകൂടിയാണീ ചെറുകമ്പനി നിലനിന്നുപോകുന്നതിലെ സാംഗത്യം. പുരുഷന്റെ തണലില്ലാതെ 
ജീവിക്കേണ്ടിവരുന്ന ചില സ്ത്രീകളും ഈ ചെറുകമ്പനിയിലെ ജീവനാഡിയാവുന്നത് അതുകൊണ്ടുതന്നെ. 
  ‘‘മുമ്പ് ഇത്തരം ധാരാളം കമ്പനികൾ ഉണ്ടായിരുന്നെങ്കിലും നഷ്ടം വന്ന് എല്ലാം പൂട്ടി. തൊഴിലാളികളെ ആലോചിച്ച് ഞാൻ പിടിച്ചുനിന്നു. അടുത്തകാലത്തായി സ്ഥിതിവീണ്ടും മോശമാണ്. ഇരുകമ്പനിയിലുംകൂടി അറുപതോളം തൊഴിലാളികളുണ്ട്. മുമ്പിവിടെ ഇരട്ടി ആളുണ്ടായിരുന്നു. ഇപ്പോൾ 
ചെറുകിട തൊഴിലിന് യുവാക്കളെ കിട്ടാനില്ല’’- മുതലാളിയായിരുന്ന വാസുദേവൻ അന്നു പറഞ്ഞു. കഴിഞ്ഞ നവംബർ 18-ന് കമ്പനിക്കു മുന്നിലെ റോഡിലുണ്ടായ ബൈക്കപകടത്തിൽ വാസുദേവൻ  മരിച്ചു.  
  ഭൂരിഭാഗവും തൊട്ടടുത്ത പ്രദേശങ്ങളിൽ നിന്ന്‌ വരുന്ന സ്ത്രീകളാണ്. 
മരമറക്കുക, സ്ലേറ്റുകളാക്കുക, റോൾ കെട്ടി ഉണക്കുക, റോൾ പൊളിക്കുക, വേർതിരിക്കുക, ഗ്രൈൻഡ്‌ ചെയ്യുക തുടങ്ങിയ ജോലികളാണ് പെൻസിൽ ഓടനിർമാണത്തിനു പിന്നിലുള്ളതെങ്കിൽ, മരം കഷണങ്ങളാക്കുക, തൊലിപൊളിക്കുക, പട്ടകളാക്കുക, കൊള്ളികളാക്കുക, ഉണക്കുക, 
ചാക്കിലാക്കുക തുടങ്ങിയവയാണ് തീപ്പെട്ടിക്കൊള്ളിക്കു പിന്നിലെ പണികൾ. 
   സമയം രാവിലെ 8.00:
   ബെല്ലടിച്ചതോടെ പെൻസിൽ കമ്പനിയിലെ തൊഴിലാളികൾ ഓരോരുത്തരായി അവർക്കേല്പിച്ച പണികൾ തുടങ്ങാനൊരുങ്ങി. കിണറിന്റെ ആൾമറപോലെ ഒരാളുയരത്തിൽ ദീർഘവൃത്താകൃതിയിൽ അടുക്കിവെച്ച റോളറുകളിലെ ആയിരക്കണക്കിന് മരസ്ലേറ്റുകൾ ഓരോന്നായി പൊളിച്ചെടുക്കുകയാണ് കൊടുവള്ളിയിലെ 42-കാരി ബീന,  47-കാരി ധർമടത്തെ ജയലക്ഷ്മി തുടങ്ങിയവർ. അവിവാഹിതരായ ഇരുവരും 18 വർഷമായി ഇവിടെയുണ്ട്.
  ‘‘മൂന്നു മുതൽ എട്ട് പെൻസിൽവരെ വെവ്വേറെ മുറിച്ചെടുക്കാൻ പാകത്തിലുള്ള  ഉപ്പില(വട്ട) മരപ്പലകകളാണ് സ്ലേറ്റുകൾ. അവ മുറ്റത്ത് റോളുകെട്ടി മൂന്നുദിവസം ഉണക്കണം’’, റോൾ പൊളിച്ചെടുക്കുന്നതിനിടയിൽ  ജയലക്ഷ്മി പറഞ്ഞു.'' സിമന്റിട്ട തറയിൽ 50 അട്ടിയിലായി 10,000-ത്തോളം സ്ലേറ്റുകൾ ഇടവിട്ട്  നിരത്തണം ഒരു റോൾ പൂർത്തിയാക്കാൻ. ബീന ഒപ്പം ചേർന്നു: ''നന്നായി വെയിൽ കൊള്ളാനാണ് സ്ലേറ്റുകൾ ഇടവിട്ട് വയ്ക്കുന്നത്. അട്ടിവെച്ച സ്ലേറ്റുകൾ പൊളിഞ്ഞുവീഴാതിരിക്കാനാണ് ദീർഘവൃത്തത്തിൽ റോൾ കെട്ടുന്നത്'' 
   കൂടെയുള്ള സത്യഭാഗ അതു കൂടുതൽ വ്യക്തമാക്കി: ‘‘കമ്പനിമുറ്റത്ത് ഇത്തരം 13 റോളുകളുണ്ട്. നാല് തൊഴിലാളികൾ ഒരു 
ദിവസംകൊണ്ട് മൂന്നുറോളുകൾ കെട്ടും.’’
  അവ പൊളിച്ചടുക്കിവെയ്ക്കാനും വേണം അതേസമയം. മഴ ചതിക്കുമ്പോൾ എല്ലാവരും ഓടിവന്ന് ഷീറ്റ്‌കൊണ്ട് മൂടും. സ്ത്രീകൾക്ക് 250 രൂപയാണ് കൂലി. മിക്കവരും കുടുംബത്തിലെ ഏകവരുമാനക്കാർ.

പെൻസിൽ കമ്പനിയിലെ ആദ്യഘട്ടമാണ് മരം അറക്കൽ. ഉപ്പിലയുടെ എത്രവലിയ മരത്തടിയും ഒരു പെൻസിൽ കനത്തിൽ പലകകളാക്കി മാറ്റുകയാണ് പാലക്കാട് സ്വദേശി ബാബുവും അന്യദേശ തൊഴിലാളികളും. 700 രൂപയാണ് ബാബുവിന്റെ കൂലി. ‘‘നാട്ടിലാണെങ്കിൽ ചെലവുകൂടും. കുടുംബത്തോടെ ഇവിടെ താമസിക്കുന്നു. മറ്റുള്ളവരെ കാണണമെന്നു തോന്നുമ്പോൾ നാട്ടിൽപോകും’’-15 വർഷമായി ഇവിടെയുള്ള ബാബു പറയുന്നു. പലകകൾ  സ്ലേറ്റുകളാക്കുന്നതാണ് രണ്ടാംഘട്ടം.

സുധ, നളിനി,  ജാനകി  എന്നിവരാണ് ആറുതരം സ്ലേറ്റുകൾ ഗ്രൈൻഡ്‌ ചെയ്യാനായി വേർതിരിച്ചുവയ്ക്കുന്നത്. പരസ്പരം ജീവിതം പറഞ്ഞ് ജോലിയിൽ വ്യാപൃതമാവുകയാണ് പതിവ്. ക്ഷമയാണ് ഇവരുടെ ജീവിതം.
മക്കളില്ലാത്ത 51-കാരി നളിനിക്ക് സ്വന്തമായൊരു വീടാണ് 
സ്വപ്നം.  ഭർത്താവ് തെങ്ങിൽനിന്ന് വീണുപരിക്കേറ്റതിനാൽ ജാനകി (വലത്ത്) പെൻഷനുശേഷം വീണ്ടും അതേപണി ചെയ്യേണ്ടിവരുന്നു.

ബംഗാളിയുവാവ് ഗ്രൈൻഡ്‌ ചെയ്ത പെൻസിൽകനത്തിലുള്ള സ്ലേറ്റുകൾ അതെടുത്തു വയ്ക്കുകയാണ് 32-കാരി 
റീത്തയുടെ  ഇന്നത്തെ പണി.                       
‘‘പണിയുണ്ടാകുമ്പോൾ മറ്റൊന്നും ആലോചിക്കേണ്ടല്ലോ...’’ അണ്ടല്ലൂരെ 
റീത്തയ്ക്ക് പിന്നെ മൗനം. അനുജനും അമ്മയും മാത്രമാണ് റീത്തയ്ക്ക് കൂട്ട്. 
കിട്ടുന്ന കൂലിയിൽ ഒരു രൂപപോലും ഇതുവരെ മാറ്റിവയ്ക്കാൻ റീത്തയ്ക്കായിട്ടില്ല.    ആറുസൈസ് സ്ലേറ്റുകളാണ് ഗ്രൈൻഡ്‌ ചെയ്യുക.  ഒടുവിൽ പെൻസിൽ സ്ലേറ്റുകൾ കെട്ടുകളാക്കി പൊള്ളാച്ചിക്കും 
ഗുജറാത്തിലും കയറ്റിയയയ്ക്കും.  

തൊലികളഞ്ഞ ഒരടി ഉരുളൻമരം ഒരു കൊള്ളിയുടെ കനത്തിൽ യന്ത്രത്തിലൂടെ ചീളുകളായി വരുന്ന പട്ടയെ അടുക്കിവെയ്ക്കുകയാണ് 10 വർഷമായി പണിയെടുക്കുന്ന ഷീബ. 
‘‘മട്ടി, പെരുമരം, പാല, തീപ്പെട്ടിമരം  എന്നിവയാണ് 
കൊള്ളിക്കുപയോഗിക്കുന്ന മരങ്ങൾ. നിറം മോശമായതും പൊട്ടിയതുമായ പട്ടകൾ തള്ളും.’’ ഹീലിങ് 
വിഭാഗത്തിലെ ഷീബ പറയുന്നു. ഭർത്താവും ഇവിടെയുണ്ട്‌. ചെറിയ വരുമാനത്തെക്കാളുപരി, 
കൃത്യമായ ഒരു തൊഴിൽ ചെയ്യുന്നൂ എന്നതിലാണ് ഇവർ കണ്ടെത്തുന്ന സന്തോഷം.

പട്ടപിടിക്കുക, ട്രേ അടുക്കുക,  
കൊള്ളികൾ ഉണക്കുക തുടങ്ങിയ ജോലികളെല്ലാം 
മാറിമാറി ചെയ്യേണ്ടിവരും അണ്ടല്ലൂരിലെ 36-കാരി ലതയ്ക്ക്. ഈർപ്പം വറ്റാത്ത മരങ്ങളാണ് പട്ടയാക്കുക. 
‘‘ഇവളുടെ അച്ഛന് തളർവാതമാണ്. അമ്മ ബസ്സപകടത്തിൽപ്പെട്ട് കിടപ്പിലാണ്. ഇവളൊറ്റയ്ക്ക്‌ കുടുംബം പോറ്റുന്നു’’ ലതയെപ്പറ്റി സഹപ്രവർത്തക പറഞ്ഞു. 30 രൂപ കൂലിക്ക് 10 കൊല്ലം മുമ്പ് വന്നതാണിവർ. അവിവാഹിതയായ ലത പൊതുവേ സംസാരം കുറവാണ്. മൗനമാണ് ജീവിതത്തിന്റെ ഉത്തരമെന്ന് കണ്ടെത്തിക്കഴിഞ്ഞൂ, ലത.

 

പട്ടകൾ കൊള്ളികളാക്കുന്നത് ഒരു ചെറുയന്ത്രമുപയോഗിച്ചാണ്. പട്ടകളെ യന്ത്രത്തിലെ ചലിക്കുന്ന ബ്ലേഡ്‌കൊണ്ട് നീളൻ കൊള്ളികളായി വിഭജിക്കുമ്പോൾ, മുന്നിലുള്ള ഇരുമ്പുമുനകൊണ്ട് ഓരോ കൊള്ളികളായി മുറിച്ചുവീഴ്ത്തുന്നു. മഴയായിവീഴുന്ന കൊള്ളികൾ കൊട്ടയിലാക്കി വെയിലത്തിടുകയോ ചൂളയ്ക്കു വയ്ക്കുകയോ ചെയ്യുകയാണ്  മഠത്തുംഭാഗത്തെ 40-കാരി രഞ്ജിനി. ‘‘കുറേക്കാലമായി പണിയെടുക്കുന്നു. കരകയറാൻ ഇനിയുമായില്ല’’ 20 വർഷമായി ജോലിചെയ്യുന്ന രഞ്ജിനി പറയുന്നു. ലക്ഷംവീട്ടിൽ താമസിക്കുന്ന രഞ്ജിനിയുടെ കുടുംബത്തിൽ 
കിടപ്പിലായ ഏടത്തിയുമുണ്ട്.
   വിശാലമായ മുറ്റത്ത് ഉണക്കാനിട്ട ക്വിന്റൽ കണക്കിന് കൊള്ളികളിലൂടെ തൊഴിലാളികൾ ഇടയ്ക്കിടെ തലങ്ങും വിലങ്ങും നടന്നുകൊണ്ടിരിക്കും. കൊള്ളികൾ ഉണങ്ങിക്കഴിഞ്ഞാൽ മറുനാടൻ യുവാക്കൾ 
പിടിയുള്ള പലകകൊണ്ട് കൊള്ളിക്കൂട്ടങ്ങളെ കമ്പനിക്കകത്തേക്ക് തള്ളിക്കയറ്റും. കൊള്ളികളുടെ ഒരുചെറുകുന്നുതന്നെ കമ്പനിക്കകത്ത് പ്രത്യക്ഷപ്പെടും. അവ ഇളകിക്കൊണ്ടിരിക്കുന്ന യന്ത്രട്രേയിലിട്ട്  പൊടിയെ വേർതിരിക്കും. വൃത്തിയാക്കിയ കൊള്ളികൾ ചാക്കിൽ നിറച്ച് തുന്നിക്കെട്ടി ലോറിവഴി ശിവകാശിക്ക് പോകും. തൊഴിലാളികളും അവരുടെ ദുഃഖങ്ങളും ഇവിടെ തുടരും
gireeshmacreri@gmail.com