ഡിസംബറിന്റെ ഒട്ടും മൃദുവല്ലാത്ത കുളിര് ദേഹത്തുകുത്തുന്നത് തടയാൻ  കട്ടിയുള്ള വസ്ത്രങ്ങളുണ്ടെങ്കിലും ശക്തമായ കോടക്കാറ്റിൽ ശരീരത്തിന്റെ താളം തെറ്റാതിരിക്കാൻ സഞ്ചാരികൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇത്തവണ നാഗാലാൻഡിലെ ‘ഹോൺബിൽ ഫെസ്റ്റിവൽ’ കാണാനെത്തിയവർക്ക് മുമ്പില്ലാത്തമട്ടിലുള്ള കുളിരാണ് കൊഹിമയിലെ മലനിരകൾ സമ്മാനിച്ചത്. എല്ലാ വർഷവും ഡിസംബർമാസത്തിലെ ആദ്യത്തെ പത്തുദിവസം നാഗാലാൻഡ്‌ സർക്കാരിന്റെ മേൽനോട്ടത്തിൽ കിസാമ ഗ്രാമത്തിനടുത്തുള്ള മലഞ്ചെരിവിൽ കൊണ്ടാടുന്ന ഉത്സവം കാണാൻ ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്. ഉത്സവങ്ങളുടെ ഉത്സവമായ ‘ഹോൺബിൽ ഫെസ്റ്റിവൽ’ കാണാനെത്തുന്നവരുടെ എണ്ണം  ഓരോ വർഷം കഴിയുന്തോറും കൂടിവരികയാണ്. 
വേഴാമ്പൽ നാഗാലാൻഡിലെ ഗോത്രവർഗക്കാരുടെ ഇഷ്ട പക്ഷിയാണ്.തങ്ങളുടെ സംസ്കാരത്തിന്റെ നാടോടി സംഗീതശൈലിയെ വേഴാമ്പൽ പ്രതിനിധീകരിക്കുന്നതായി അവർ കരുതുന്നു. നാഗാലാന്റിലെ 16 ഗോത്രവർഗക്കാർക്കും അവരുടെ സംസ്കാരം നിലനിർത്താനും കൂട്ടിയിണ് വേഴാമ്പൽ ഇപ്പോഴും സംഗീതം പൊഴിച്ചു കൊണ്ടിരിക്കുന്നതെന്നും അവർ വിശ്വസിക്കുന്നു.  നാഗാ കലകളെയും സംസ്കാരത്തെയും ഒറ്റ വേദിയിൽ അവതരിപ്പിക്കുന്ന ഹോൺ ബിൽ ഫെസ്റ്റിവൽ തുടങ്ങിയിട്ട് ഇപ്പോൾ രണ്ട് പതിറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു.
ഇത്തവണ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ട് ലക്ഷത്തിലധികം പേരാണ് നാഗാലാൻഡിലെ കിസാമയിൽ ഉത്സവം കാണാനെത്തിയത്.
നാഗാലാൻഡിലെ ഏറ്റവും ചെറിയ പട്ടണമാണ് കൊഹിമ. ഉത്സവം കാണാനെത്തുന്നവരെ മുഴുവൻ ഉൾക്കൊള്ളാനുള്ള ശേഷിയൊന്നുമില്ലാത്ത ചെറിയ പട്ടണം. ഇവിടെനിന്ന്‌ 12 കിലോമീറ്റർ അകലെയാണ് കിസാമ പൈതൃകഗ്രാമം. കിട്വാ, പെസാമ വില്ലേജുകളുടെ പേരുകളിലെ അക്ഷരങ്ങൾ ചേർത്താണ് ‘കിസാമ’ എന്ന പേരുണ്ടാക്കിയത്. ഉത്സവകാലത്ത് ഈ വഴിയിലൂടെ നൂറുകണക്കിന് വാഹനങ്ങൾ കിസാമയ്ക്കും കൊഹിമയ്ക്കും ഇടയിൽ ഓടിക്കൊണ്ടിരിക്കും. കിസാമ ഹെറിറ്റേജ് വില്ലേജിന്റെ കവാടംവരെമാത്രമേ വാഹനങ്ങൾക്ക് പോകാൻ അനുമതിയുള്ളൂ. അവിടെനിന്ന് കുത്തനെയുള്ള റോഡിലൂടെ  നടന്ന് മുകളിലെ വിശാലമായ ഹെറിറ്റേജ് വില്ലേജിലെത്താം. ലോകത്തിന്റെ നാനാഭാഗത്തുനിന്നെത്തിയ മാധ്യമപ്രവർത്തകർക്കുമാത്രമായി ഇവിടെ പ്രത്യേക ഇരിപ്പിടം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഹോൺബിൽ ഫെസ്റ്റിവൽ റിപ്പോർട്ട് ചെയ്യാനായി യൂറോപ്യൻ രാജ്യങ്ങളിൽനിന്നാണ് കൂടുതൽ പേർ എത്തുന്നത്. ഇന്ത്യയിൽനിന്ന് വളരെ കുറച്ചുപേർമാത്രമേ എല്ലാ വർഷവും എത്താറുള്ളൂ. എന്തുകൊണ്ടാണ് ഇത്രയധികം വൈവിധ്യംനിറഞ്ഞ കാഴ്ചകൾ ജനങ്ങളിലെത്തിക്കാൻ ദൃശ്യമാധ്യമങ്ങൾ ഉൾെപ്പടെയുള്ളവർ എത്താത്തതെന്ന്‌ അദ്‌ഭുതം തോന്നും. 
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ സാംസ്കാരിക പരിപാടികൂടിയാണ് ഈ ഉത്സവം. മണിപ്പുരിലെ സാംഗായ് ഫെസ്റ്റിവൽ കഴിഞ്ഞാൽ  സംസ്കാരത്തിന്റെ തനതായ സൃഷ്ടികൾ ഇത്രയധികം കാഴ്ചവയ്ക്കുന്ന മറ്റൊരു ഉത്സവം രാജ്യത്തില്ല. അസം, മണിപ്പുർ, അരുണാചൽപ്രദേശ്, മ്യാൻമാർ എന്നിവയുമായി അതിരുപങ്കിടുന്ന നാഗാലാൻഡ്‌, വാസ്തവത്തിൽ ഗോത്രവർഗത്തിൽപ്പെട്ടവരുടെമാത്രം ഭൂമിയാണ്. 16 വിഭാഗത്തിൽപ്പെട്ട ഗോത്രവർഗക്കാർ ഓരോരോ സമയങ്ങളിൽ പ്രാദേശികമായി വ്യത്യസ്തരീതിയിലുള്ള ഉത്സവങ്ങൾ കൊണ്ടാടാറുണ്ടെങ്കിലും ഇതെല്ലാം ഒന്നിച്ച് കാണാൻകഴിയുമെന്നതാണ് ഹോൺബിൽ ഉത്സവത്തിന്റെ പ്രത്യേകത. കൃഷിയും നായാട്ടുമാണ് ഇന്നും ഇക്കൂട്ടരുടെ പ്രധാന വരുമാനമാർഗം. കൃഷി എല്ലാവരുടെയും പ്രധാന ജീവിതോപാധിയായതുകൊണ്ടുതന്നെ ഓരോ വിളവെടുപ്പുകാലത്തും ഇവർ പരസ്പരം ആഹ്ലാദം പങ്കുവെക്കുകയും കൂട്ടംകൂട്ടമായി ചേർന്ന് ആടുകയും പാടുകയുംചെയ്ത് ഇഷ്ടദേവനെ വണങ്ങുന്നു, പന്ത്രണ്ടുമാസവും!
കിസാമ ഹെറിറ്റേജ് വില്ലേജിൽ വൃത്താകൃതിയിൽ നിർമിച്ച വലിയ ഗ്രൗണ്ടിലാണ് ഫെസ്റ്റിവൽ. അവിടെ 16 ഗോത്രവർഗക്കാരുടെയും വ്യത്യസ്തമായ വീടുകൾ കെട്ടിയുണ്ടാക്കിയിട്ടുണ്ട്. ഓരോ ഗോത്രവർഗക്കാരും ഈ വീടിനുമുമ്പിൽ അവരുടേതുമാത്രമായ ഭക്ഷണം, വസ്ത്രധാരണം, മറ്റാചാരങ്ങൾ എന്നിവ വിശദീകരിക്കുന്നു. വേട്ടയാടി കഴിയുന്നവരായതുകൊണ്ടുതന്നെ മത്സ്യവും മാംസവുംതന്നെയാണ്‌ ഇവരുടെ മുഖ്യാഹാരം. പച്ചമത്സ്യത്തെ പിടിച്ച് തിളച്ച വെള്ളത്തിലിട്ട് പാതി വെന്തുകഴിയുന്നതിനുമുമ്പുതന്നെ തിന്നുതീർക്കുന്ന കാഴ്ച കൗതുകകരമാണ്. പന്നിയെ കൊന്ന് വെട്ടിനുറുക്കി തീയിലിട്ട് കരിച്ച് തിന്നുന്നതും ഇവിടെ കാണാം. ഗ്ലാസുകൾക്കുപകരമായി മുളംതണ്ടുകളാണ് കൂടുതൽ പേരും വെള്ളം കുടിക്കാനായി ഉപയോഗിക്കുന്നത്. അരികൊണ്ടുണ്ടാക്കുന്ന ബിയർ എല്ലാ ഗോത്രക്കാരും ഉപയോഗിക്കുന്നു. കിസാമ ഹെറിറ്റേജിലെത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗം പേരും റൈസ് ബിയറിന്റെ രുചി അറിയാൻ ശ്രമിക്കാറുണ്ട്.
 തണുപ്പിനെ പ്രതിരോധിക്കാനുള്ള ശേഷി റൈസ് ബിയറിന് കൂടുതലുണ്ടത്രെ. വിവിധ ഗോത്ര വിഭാഗക്കാരുടെ വ്യത്യസ്തങ്ങളായ ഭക്ഷണങ്ങൾ നമുക്കിവിടെ രുചിക്കാം. ഉത്സവത്തോടനുബന്ധിച്ച് പൈനാപ്പിൾ, മുളക് തീറ്റ മത്സരങ്ങളുണ്ടാകും. ലോകത്തിലെ ഏറ്റവും എരിവുള്ള മുളകുതീറ്റ മത്സരത്തിൽ പങ്കെടുക്കാൻ യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് ഇത്തവണയും മത്സരാർഥികൾ എത്തിയിരുന്നു. ഗോത്രവർഗക്കാർ ഉപയോഗിക്കുന്ന പണിയായുധങ്ങളുടെ പ്രദർശനവും വിൽപ്പനയും ഇവിടെയുണ്ട്. മുളകൊണ്ടുണ്ടാക്കിയ വർണവൈവിധ്യങ്ങൾ നിറഞ്ഞ അലങ്കാരവസ്തുക്കൾ മുതൽ മൂക്കുകുത്തിവരെ വളരെ കുറഞ്ഞ വിലയിൽ ലഭിക്കും.
ഹെറിറ്റേജ് വില്ലേജിൽ പ്രത്യേകം നിർമിച്ച വിശാലമായ വലിയ സ്റ്റേജിനുമുന്നിലെ മൈതാനത്ത് ആദിവാസികൾ അൻപതിലധികംവരുന്ന നാടൻ കലകളാണ് അവതരിപ്പിക്കുക. കണ്ണഞ്ചിപ്പിക്കുന്ന വർണങ്ങളിൽ സ്ത്രീ-പുരുഷന്മാർ അവരുടെ തനതായ രീതിയിൽ വസ്ത്രങ്ങൾ ധരിച്ച് പ്രത്യേക ഈണത്തിലുള്ള പാട്ടുകൾക്കനുസരിച്ച് നൃത്തം ചവിട്ടുന്ന കാഴ്ച നാഗാലാൻഡിലെ ഹോൺബിൽ ഫെസ്റ്റിവലിൽമാത്രമേ കാണൂ.  വളരെ അടുത്ത കാലംവരെ നിലനിന്നുപോന്നിരുന്ന ‘ഹെഡ് ഹണ്ടിങ്‌’ എന്ന തലവെട്ട് സമ്പ്രദായത്തിന്റെ ആവിഷ്കാരവും നാഗാലാൻഡിലെ ഗോത്രവർഗക്കാർക്കുമാത്രം അവകാശപ്പെട്ടതാണ്. ഇപ്പോഴും ഇതിന്റെയൊക്കെ ആവേശം തങ്ങളിലുണ്ടെന്ന് പ്രഖ്യാപിക്കുന്ന അവരിലെ പുത്തൻ തലമുറയുടെ ആവേശവും ഇവിടെ കാണാം. നാഗാലാൻഡിലെ ‘യാമ്‌നിയുൻഗം' ഗോത്രവർഗക്കാരിലെ പെൺകുട്ടികളുടെ അച്ഛന് തന്റെ മകളെ വിവാഹം ചെയ്യുന്ന ആൾ നല്ല യോദ്ധാവും ഒട്ടേറെ ആളുകളുടെ തലകൊയ്തവനും ആയിരിക്കണമെന്ന്‌ നിർബന്ധമായിരുന്നു. വാരിക്കുന്തവും അമ്പും വില്ലുകളും മൂർച്ചയുള്ള ആയുധങ്ങളുമായി ഇന്നും വന്യമൃഗങ്ങളോട് പൊരുതി വനത്തിനകത്ത് കഴിയുന്ന ഇവരുടെ വീടുനിർമാണവൈദഗ്ധ്യവും വീടുകൾക്കുള്ളിലെ തലയോട്ടികളുടെ ദൃശ്യവും അമ്പരപ്പിക്കുന്നതാണ്. കച്ചാരി വിഭാഗക്കാരായ ഗോത്രവർഗക്കാരിലെ സ്ത്രീകളുടെ നൃത്തം മനോഹരമാണ്. നെല്ലുകൊയ്ത് ധാന്യപ്പുരകൾ നിറച്ചതിനുശേഷം, സന്തോഷത്തിന്റെ ഭാഗമായി നടത്തുന്ന സംഗീതസാന്ദ്രമായ ഗോത്രനൃത്തം അവരിലെ സ്ത്രീകളുടെ കഴിവ് പ്രകടിപ്പിക്കുന്നതാണ്. 
വൈകീട്ട് നാലുമണിയാകുമ്പോഴേക്കും ഇവിടെ സൂര്യൻ ചാഞ്ഞുതുടങ്ങും. തണുപ്പ് കഠിനമാകും. നാലുമണിക്കുമുമ്പുതന്നെ കിസാമ ഹെറിറ്റേജ് വില്ലേജിൽനിന്ന് ആളുകൾ ഒഴിഞ്ഞുതുടങ്ങും. പിന്നെ കൊഹിമയിലേക്ക്. വൈകുന്നേരം ആറുമണിയോടെ കൊഹിമ പട്ടണത്തിൽ നടക്കുന്ന സാംസ്കാരികപരിപാടികളിലും ഭക്ഷ്യമേളകളിലും പങ്കെടുക്കുന്ന വിദേശികൾ ഉൾെപ്പടെയുള്ള ആയിരക്കണക്കിന്‌ ആളുകൾക്ക് നാഗാലാൻഡിലെ ഹോൺബിൽ ഉത്സവം ‘ഉത്സവങ്ങളുടെ ഉത്സവ’മായിത്തന്നെ മനസ്സിൽ എന്നെന്നും ഉണ്ടാകും.

madala004@gmail.com