ധന്യമാം ഒരുപാസന

‘വടക്കുനിന്ന്‌ പാറിവന്ന വാനമ്പാടി
കൂടൊരുക്കി കാത്തുനിൽപ്പൂ...’
അസമിന്റെ ദുഃഖപുത്രിയായ ബ്രഹ്മപുത്രയുടെ വെൺമുത്തിനെ നിളാനദി ദത്തുപുത്രിയാക്കിയതിന്റെ ചരിത്രമായ ‘തനി മലയാളി’ വായിച്ചപ്പോൾ മനസ്സിൽ തിരയടിച്ച ഗാനശകലമാണ് മുകളിൽ!
ഹിമാദ്രീ, നിനക്ക് നൂറുവന്ദനം! നിന്റെ ജന്മം അനുഗൃഹീതമാണ്; കാരണം, നിന്നെ പാദസ്നാനംചെയ്ത് സ്വീകരിച്ചത് സഹ്യാദ്രിയുടെ ഹരിതാഭമായ സമതലഭൂമിയാണ്.
ഇന്ദിരാഗോസ്വാമിയെപ്പോലുള്ള നിരവധി അസമീസ് സാഹിത്യപ്രതിഭകൾക്ക് ആസ്വാദകരുള്ള മണ്ണാണ് കേരളം. അതുപോലെ, എസ്.കെ. പൊെറ്റക്കാട്ടിനെയും പി. പത്മരാജനെയും ആരാധിക്കുന്ന വായനസമൂഹം അസമിലുമുണ്ട്. അസമീസ്-മലയാളം (തിരിച്ചും) വിവർത്തകയാവാനുള്ള ഗണ്യമായ സാധ്യതയാണ് ഹിമാദ്രിക്കുട്ടിയുടെ മുൻപിൽ നിവർന്നുനിൽക്കുന്നത്; നഷ്ടപ്പെടുത്തരുത്!
• വേണുഗോപാൽ, പേരാമ്പ്ര

മലയാളഭാഷയുമായി ബന്ധപ്പെട്ട ഒരു പുരസ്കാരം ഹിമാദ്രിക്ക്‌ നൽകിയത് പ്രൊഫസർ പന്മന ഫൗണ്ടേഷനാണ് 
‘പ്രൊഫസർ പന്മന ഫൗണ്ടേഷൻ’ എന്നത് ഇംഗ്ലീഷോ മംഗ്ലീഷോ ആയിരിക്കാം. പക്ഷേ,  മലയാളമ​െല്ലന്നുതീർച്ച. മലയാളഭാഷ തെറ്റില്ലാതെ കൈകാര്യംചെയ്യാൻ പഠിപ്പിക്കാൻ ശ്രമിച്ച പന്മനസാറിന്റെ പേരിലുള്ള ഒരു സംരംഭത്തിന് മലയാളവാക്കുകൾമാത്രം ഉപയോഗിച്ചുള്ള പേരുനൽകുന്നതായിരുന്നു ഉചിതം. സംഘാടകർക്ക് അത്‌ തോന്നിയില്ലല്ലോ?
•എസ്. സുധാകരൻ നായർ, പെരുന്ന

സെയ്ഫ് ചക്കുവള്ളിയുടെ ‘തനി മലയാളി’ വായിച്ചപ്പോൾ ആത്മഹർഷത്താൽ അശ്രുവർഷമുണ്ടായി. മലയാളം പഠിക്കാത്ത, മക്കളെ പഠിപ്പിക്കാത്ത, മലയാളിയുടെ കണ്ണുതുറപ്പിക്കുന്നതായി പ്രസ്തുത ലേഖനം. 
 മാതൃഭാഷാഭിമാനത്തിന്‌ മാത്രമല്ല, പ്രമോദ് മാഷെപ്പോലെയുള്ള സർഗധനരായ അധ്യാപകരുടെ ഇടപെടൽമൂലം കുട്ടികൾക്കുണ്ടാകാവുന്ന ഉയർച്ചയ്ക്ക് ഒരുദാഹരണം കൂടിയാണിത്. അസമി മാതൃഭാഷയായ ഹിമാദ്രിക്ക് ഇത്രവേഗത്തിൽ മലയാളം കൈപ്പിടിയിലൊതുക്കാൻ കഴിഞ്ഞെങ്കിൽ, മനസ്സുവെച്ചാൽ നമ്മുടെ മലയാളിക്കുട്ടികൾക്ക് എത്രവേഗം കഴിയില്ല? ഇത്തരം മാതൃകകൾ തുറന്നുകാട്ടുന്ന വാരാന്തപ്പതിപ്പിന്റെ പ്രവർത്തനം ഏറെ ശ്ലാഘനീയം.
• ഡോ. വിജയൻപിള്ള, 
തേഞ്ഞിപ്പലം

മലയാളികൾപോലും മലയാളം മറന്നുപോകുന്ന, അല്ലെങ്കിൽ  മറന്നതായി അഭിനയിക്കുന്ന കാലഘട്ടത്തിൽ  അങ്ങ് വടക്കേ ഇന്ത്യയിൽനിന്ന് വന്ന കുടുംബത്തിലെ കുട്ടി മലയാളത്തിൽ പ്രാവീണ്യം നേടുന്നത് സന്തോഷവാർത്തയാണ്. പണ്ട് ‘ജനിച്ചനാട് വിട്ടകലെയാസ്സാമിൽ പണിക്ക് പോകുന്ന പരിഷകളായ’ കേരളീയരെക്കുറിച്ച് കവി പാടിയിരുന്നു. അവർ അസമീസ് ഭാഷ പഠിച്ചോ എന്നറിയില്ല. എന്നാൽ, ഇന്ന് കേരളത്തിൽ  25 ലക്ഷത്തിലധികം മറുനാടൻ തൊഴിലാളികൾ ജോലിചെയ്യുന്നു. ഇവരിൽ കുടുംബത്തെ കൊണ്ടുവന്ന് കുട്ടികളെ മലയാളം പഠിപ്പിക്കുന്നവർ വിരളമാണ്.
മാതൃഭാഷ പഠിക്കാൻ വൈമുഖ്യം കാട്ടുന്ന കേരളീയരുടെ കണ്ണുതുറപ്പിക്കാൻ ഈ കുറിപ്പും ഫോട്ടോയും നാന്ദിയാവട്ടെ എന്നാശംസിക്കുന്നു.
• ഇ. ചന്ദ്രശേഖരൻ നായർ, കാസർകോട്

മലയാളത്തിന്‌ ആദ്യമായൊരു നിഘണ്ടു സമർപ്പിച്ചതും ഒരു വ്യാകരണം സമർപ്പിച്ചതും മലയാളികളല്ലെന്നത്‌ കൗതുകകരമാണ്‌. ഇതെഴുതുന്നയാളും മലയാളിയല്ല. മലയാളികളെ, മലയാളത്തെ, മറ്റുഭാഷാസ്നേഹികളെ സ്നേഹിക്കുന്നൊരു ഭാഷാപ്രേമി മാത്രം. ഭരണഭാഷയെങ്കിലും  മലയാളമാക്കണമെന്ന്‌ ശഠിക്കുന്ന മലയാളിയും ഭരണഭാഷ മലയാളമാക്കി പ്രഖ്യാപിച്ച സർക്കാറും ഇന്നും മലയാളത്തെ അവഗണിക്കുന്നത്‌ കാണുമ്പോൾ മറ്റുസംസ്ഥാന ജനങ്ങളെയും സർക്കാറുകളെയും നമ്മൾ കണ്ടുപഠിക്കേണ്ടിയിരിക്കുന്നു.
മാതൃഭാഷയിൽമാത്രം സ്കൂൾതലത്തിൽ പഠിക്കുന്ന അന്യസംസ്ഥാന മിടുക്കികളും മിടുക്കന്മാരും അഖിലേന്ത്യാ തലത്തിൽ തിളങ്ങുന്നത്‌ കാണുമ്പോൾ പൊട്ട ഇംഗ്ലീഷും മംഗ്ലീഷുംമാത്രം അറിയാവുന്ന മലയാളി, ആശാരി തടിയെ കുറ്റംപറയുന്നപോലെ  മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതു കാണുമ്പോൾ ദുഃഖവും പുച്ഛവും തോന്നുന്നു. മലയാളിക്ക്‌ വെളിവുവരാൻ ഇനിയെത്രകാലം കഴിയണം?
• ടി.ഡി. ഗോപാലകൃഷ്ണറാവു, മരട്‌

ആ വാചകം വസ്തുതാവിരുദ്ധം

ഹിമാദ്രി മാജിയെക്കുറിച്ചും അവൾ മലയാളത്തിലെ ആദ്യക്ഷരം പരിശീലിച്ച പാലൂർ എ.എൽ.പി. സ്കൂളിനെക്കുറിച്ചുമുള്ള വാരാന്തപ്പതിപ്പിലെ ലേഖനത്തിന്‌ പാലൂരിന്റെയും ഞങ്ങളുടെ ഇൗ ചെറുവിദ്യാലയത്തിന്റെയും പേരിൽ നന്ദിയറിയിക്കട്ടെ. അനല്പമായ പ്രശസ്തിയാണ്‌ ഞങ്ങളുടെ ഇൗ കൊച്ചുമിടുക്കിക്കും അവൾ പഠിച്ച വിദ്യാലയത്തിനും ആ ലേഖനം സമ്മാനിച്ചത്‌.
എങ്കിലും ആ ലേഖനത്തിലെ ചില പരാമർശങ്ങളും പദപ്രയോഗങ്ങളും ഈ വിദ്യാലയത്തെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു പാടുപേർക്ക്‌ ഖേദത്തിന്‌ കാരണമായെന്നറിയിക്കട്ടെ. ‘മലപ്പുറം ജില്ലയിലെ പുലാമന്തോൾ എ.എൽ.പി. സ്കൂളിൽ അക്കാലത്തൊരു പതിവുണ്ടായിരുന്നു.  ഇതര സംസ്ഥാന തൊഴിലാളികളുടെയും പാർശ്വവത്‌കൃത വിഭാഗങ്ങളുടെയുമെല്ലാം പിന്മുറക്കാരെ ഒന്നാം ക്ലാസിലെ മൂന്നാംഡിവിഷനായ ‘സി’യിൽ ഇരുത്തുക’ എന്നത്‌ തെറ്റായ വസ്തുതയാണ്‌. 
ഇന്നാട്ടിൽ പൊതുവേയും പാലൂർ എ.എൽ.പി. സ്കൂളിൽ വിശേഷിച്ചും ഇത്തരമൊരു രീതി ഒരു കാലത്തും അനുവർത്തിച്ചിട്ടില്ല. 92 വയസ്സ്‌ പിന്നിട്ട ഈ വിദ്യാലയ മുത്തശ്ശിയുടെ സ്നേഹത്തണലിൽ അക്ഷരമധുരം നുണഞ്ഞ്‌ വളർച്ചനേടിയ പൂർവവിദ്യാർഥികൾക്കും ഇവിടെ നിസ്വാർഥസേവനമനുഷ്ഠിച്ച്‌ വിശ്രമജീവിതം നയിക്കുന്ന പൂർവകാല അധ്യാപകർക്കും ഈ വാക്യം ആശ്ചര്യവും അമർഷവുമുണ്ടാക്കി. ഈ പ്രയോഗംമൂലം സ്കൂളിനും അധ്യാപകർക്കുമുണ്ടായ മാനക്കേട്‌ എങ്ങനെ പരിഹരിക്കും?
ഇനിെയാരു തിരുത്ത്‌ നൽകിയാൽത്തന്നെ  എത്രപേർ അത്‌ വായിക്കും? 
• ഹെഡ്‌മിസ്‌ട്രസ്‌
എ.എൽ.പി. സ്കൂൾ, പാലൂർ