ശ്രീകോവിലിന്റെ സോപാനത്തിൽ, മുത്തശ്ശി ഒരു മൂന്നുവയസ്സുകാരനെ എടുത്തുകൊണ്ടുവന്നിരുത്തി, തൊട്ടടുത്ത് ഇടയ്ക്കയും  കൈയ്യിൽ ഒരു കുഞ്ഞുകോലും വച്ചുകൊടുത്തു.  പൂജയ്ക്ക്‌ നടയടച്ചിരിക്കുകയാണ് .
   കുട്ടി ഇടക്കയിൽ കൊട്ടും അല്ലെങ്കിൽ കോലെടുത്തെറിയും, ഇടയ്ക്കയുടെ ഭംഗിയുള്ള പൊടുപ്പുകൾ കൈയ്യിൽ എടുത്ത് കളിക്കും. മടുക്കുമ്പോൾ ഇടയ്ക്കയിൽ തല വച്ച് ഒന്ന് മയങ്ങും. അപ്പോഴേക്കും നട തുറക്കും. 
   താൻ കൊട്ടിയതെന്തെന്നോ, കൊട്ടുന്നതെന്തെന്നോ ആ മൂന്നു വയസ്സുകാരൻ അറിഞ്ഞിരുന്നില്ല. പക്ഷേ ഈ പിഞ്ചു കൈയ്യിന്റെ തോന്ന്യാക്ഷരക്കൊട്ടായിരുന്നു ഒരുവീടിന്റെ മുഴുവൻ അന്നം. പൂജകൊട്ടി കിട്ടുന്ന നിവേദ്യച്ചോറും അടിയന്തിര വിഹിതവുമാണ് പൊതുവാട്ടിലെ ഏക വരുമാനം. അടിയന്തിരം നിവർത്തിക്കാൻ ആണുങ്ങൾ വേണം. ഈ കുഞ്ഞായിരുന്നു വീട്ടിലെ ഏക ആൺതരി-പേര് മോഹനൻ !.
   ബെർത്തോൾഡ് ബ്രെഹ്ത്ത്ന്റെ പ്രസിദ്ധമായ വാചകത്തെ, 'വിശക്കുന്ന മനുഷ്യാ ഇടയ്ക്ക കൈയ്യിലെടുക്കൂ, അതൊരു ആയുധമാണ് ' എന്നാക്കി തിരുത്തുകയായിരുന്നു മോഹനൻ ജീവിതം കൊണ്ട് .
വിശപ്പിന്റെ പൂജകൊട്ട് പതുക്കെ ഇടക്കയിൽ നിന്ന്  ചെണ്ടയിലേക്ക് കടന്നു. ക്ഷേത്രാടിയന്തിരത്തിനൊപ്പം കേളിയും, തായമ്പകയും പഠിച്ച് അരങ്ങേറി, ഒൻപതാം വയസ്സിൽ  വരവൂർ കുട്ടൻ നായർ ആയിരുന്നു ഗുരുനാഥൻ. ഒൻപതാം ക്ലാസ്സിലെ ക്രിസ്‌മസ് പരീക്ഷ തുടങ്ങുന്നതിനു മുൻപ്, നാടുവിടാൻ തീരുമാനിച്ചതും വിശപ്പ് കൊണ്ട് തന്നെയായിരുന്നു. അമ്പലത്തിലെ വരുമാനമൊക്കെ കുറഞ്ഞു. വീട്ടിൽ ദാരിദ്ര്യത്തിന്റെ കൊട്ടിപ്പാടി സേവയായി. പുറത്തെവിടെയെങ്കിലും പോണം. കുടുംബം നോക്കാൻ കാശ് കിട്ടുന്ന എന്തെങ്കിലും ജോലി സംഘടിപ്പിക്കണം.ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തിയപ്പോൾ നേരെ മുന്നിൽ നാട്ടുകാരനായ മദ്ദള പ്രതിഭ തിച്ചൂർ വാസുവാരിയർ. പല്ലാവൂർ സഹോദരൻമാരോടൊപ്പം മദ്രാസ്, മുംബൈ എന്നിവിടങ്ങളിൽ ഒരു വാദ്യപര്യടനത്തിന് പോകാൻ നിൽക്കുകയായിരുന്നു വാരിയർ. കാര്യം കേട്ടറിഞ്ഞപ്പോൾ പിടിച്ച പിടിയിൽ പയ്യനെ ഒപ്പം കൂട്ടി. ആ പര്യടനമാണ് മോഹനനെ മൂന്നാം കാലം മുതൽ, ഇടയ്ക്കയിലും തിമിലയിലും വൃത്തിയായി കൊട്ടാൻ പ്രാപ്തനാക്കിയത്.  
തിരിച്ച് വന്ന് പുതുക്കോട് കൊച്ചമാരാരുടെ കീഴിൽ ചിട്ടപ്രകാരം പഞ്ചവാദ്യം (തിമില ) പഠനം. പിന്നെ ചെണ്ടക്കാരനും തിമിലക്കാരനും ഇടയ്ക്കക്കാരനുമായി വാദ്യരംഗത്ത് കറക്കം. ഇതവസാനിച്ചത് ആധുനിക പഞ്ചവാദ്യത്തിന്റെ ഉപജ്ഞാതാവായ അന്നമനട പരമേശ്വരമാരാർ (സീനിയർ) ന്റെ വാക്കുകളിലൂടെയാണ്.  'ഇടയ്ക്കക്കാർ ഇപ്പോൾ കുറവാണ്. മൂന്നും കൂടി നടന്നാൽ പറ്റില്ല. താനിനി അതിൽ മാത്രം ശ്രദ്ധിക്കണം'. പുറത്തു വീട്ടിൽ നാണുമാരാരുടെ പിൻതുണ കൂടി ആയപ്പോൾ മോഹനൻ ഇടയ്ക്കക്കാരനായി. 
തൃശ്ശൂർ പൂരത്തിന്റെ തിരുവമ്പാടി വിഭാഗത്തിലേക്ക് മോഹനനെ ക്ഷണിച്ചത് അന്നമനട അച്യുതമാരാരാണ്.  അധികം താമസിയാതെ അവിടെ മീത്തിൽ വരവിന്റെ ഇടയ്ക്ക പ്രമാണിയായി. അതിന്നും മുടങ്ങാതെ തുടരുന്നു
തൃപ്പാളൂർ കുട്ടപ്പമാരാർ, കുഴൂർത്രയം, പല്ലാവൂർ ത്രയം, ചോറ്റാനിക്കര നാരായണമാരാർ, ചാലക്കുടി നമ്പീശൻ തുടങ്ങി ഒരു പാട് പ്രതിഭകളുടെ കൂടെയുള്ള വാദ്യയാത്രകളാണ് മോഹനനിലെ കലാകാരനെ വാർത്തെടുത്തത്. അവരിൽ ഒരു മകനെയോ അനിയനെയോ പോലെ മോഹനനെ കണ്ട രണ്ടുപേരാണ് തിച്ചൂർ വാസുവാരിയരും അന്നമനട പരമേശ്വര മാരാർ ജൂനിയറും .
 കൊട്ടിന്റെ ഘനവും എണ്ണങ്ങളിലെ കൃത്യതയുമാണ് മോഹനന്റെ സവിശേഷത. അതിശയിപ്പിക്കുന്ന യന്ത്രസാധകവും. ഒന്നാം കാലത്തിന്റെ അവസാനത്തിൽ തിമിലയും മദ്ദളവും കൊമ്പും ഇലത്താളവും ഒക്കെ കൂടി തിമിർക്കുന്ന കൂട്ടിക്കൊട്ടിന്റെ ആരവത്തെ തുടർന്ന്, ആ ഘനമോ, മേളക്കൊഴുപ്പോ, കാലമോ തരിപോലും ചോർന്ന് പോകാതെ, അതേ ഒഴുക്കിൽ, അതും ഒറ്റ ഇടയ്ക്കയിൽ, രണ്ടാം കാലം തുടങ്ങി മുന്നോട്ട് കൊണ്ട് പോകുക എന്നത് തിച്ചൂരിന് മാത്രം കഴിയുന്ന മന്ത്രികതയാണ്. പല കൊട്ടു വഴികളിൽ നിന്നാർജിച്ച്, സ്വയം പാകപ്പെടുത്തിയെടുത്ത ഈ ഇടയ്ക്കയുടെ സ്വാദും സ്വാതന്ത്ര്യവും ഏറ്റവും പ്രകടമാകുന്നത് 'തൃപുട' വായനയിലാണ്.
'ഡുകൃത' (ഇടയ്ക്കയിലെ ഒരു പ്രത്യേക എണ്ണം ) യുടെ സാധ്യതയെ ഇത്രയധികം പഞ്ചവാദ്യത്തിൽ സന്നിവേശിപ്പിച്ചത് മോഹനനാണ്. ആധുനിക പഞ്ചവാദ്യത്തിലെ ഇടയ്ക്ക വായനയിൽ ഒരു 'മോഹനബാണി ' തന്നെ രൂപപ്പെട്ടതായി കാണാം. തിരുവില്വാമല ഹരി, ജയൻ, പെരിങ്ങോട് സുബ്രഹ്മണ്യൻ തുടങ്ങി വലിയൊരു ശിഷ്യ സമ്പത്തുണ്ട് ഈ ഗുരുനാഥന്. വാദ്യ ലോകത്തെ പുതുമകൾക്കൊപ്പവും. (എ.എസ്.എൻ നമ്പീശന്റെ വാദ്യമഞ്ജരി, കരിയന്നൂരിന്റെ പഞ്ചാരി പഞ്ചവാദ്യം ) മോഹനന്റെ ഇടയ്ക്ക ഒഴിച്ചുകൂടാനാവാത്തതാണ് .
 കോപ്പാട്ട് ഗോവിന്ദൻകുട്ടി പൊതുവാളുടേയും തിച്ചൂർ ലക്ഷ്മിക്കുട്ടി പൊതുവാൾസ്യാരുടേയും മകനായ തിച്ചൂർ മോഹനൻ ഡിസംബർ 31 ന്  അറുപതാം പിറന്നാളാഘോഷിക്കുകയാണ്  ഭാര്യ വിജയലക്ഷ്മിക്കും  മകൻ കാർത്തികേയനും ഒപ്പം. വലിപ്പച്ചെറുപ്പങ്ങളില്ല ഈ കലാകാരന്റെ മനസ്സിനും ഇടയ്ക്കക്കും. ആർക്കും എപ്പോൾ വേണമെങ്കിലും സമീപിക്കും. എവിടെയായാലും അവിടേക്ക് വേണ്ട പോലെ മോഹനനുണ്ടാകും. എന്നിട്ട് ഞാനാരുമല്ലെന്ന മട്ടിൽ ചിരിച്ച് ഒഴിഞ്ഞു മാറും. താൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് തിച്ചൂരയ്യപ്പന്റെ കടാക്ഷവും ഈ ഇടയ്ക്കയും കാരണമാണെന്ന് തൊഴുതു കൊണ്ട് പറയും.
 ഇടയ്ക്ക മോഹനന് ഒരവയവമാണെന്ന് പറഞ്ഞാൽ മതിയാവില്ല. മോഹനൻ തന്നെ ഒരിടയ്ക്കയാണ് സാധനയുടെ മരക്കുറ്റിയിൽ, അനുഭവത്തിന്റെ ജീവക്കോലുകൾ വിനയത്തിന്റെ ചരടിൽ കോർത്തു കെട്ടിയ ഇടയ്ക്ക.

bknhari@yahoo.com