മലയാളം കന്നടയുമായി ലയിക്കുന്ന കാസർകോട്ടെ ബദിയടുക്ക. അവിടത്തെ പെർഡാല കൊറഗ കോളനിയിലെ മനുഷ്യരുടേത്‌ ‘ഒരു ദിവസത്തെ’ ജീവിതമാണ്. അടുത്തദിനം എന്തെന്ന് ചിന്തിക്കാൻപോലും ഇവർക്കാവില്ല.  ബാദേർ, കുറുമുദേ, മാണദെര്, മുണ്ടേദൗ എന്നീ നാല്‌ ഇല്ലങ്ങളിലെ തായ്‌വഴിയിൽപ്പെട്ടവരാണ് തുളുഭാഷ പറയുന്ന ഇവർ. 25 പുരകളിലായി 150-ഓളം ആളുകൾ. വൈകിയെഴുന്നേറ്റ് കഞ്ഞികുടിച്ച് ദിവസം തുടങ്ങുന്ന കൊറഗരുടെ ഏകവരുമാനം കുലത്തൊഴിലിലൂടെ കൈകൊണ്ട് മടയുന്ന വീട്ടുപകരണങ്ങൾ വിറ്റുകിട്ടുന്നതാണ്.  
കൊട്ട, തടുപ്പ(മുറം), തിടുപ്പു(ചോറരിപ്പ), മമ്പട്ടി(മണ്ണുകോരാൻ), കുര്യ(അടക്കപെറുക്കാൻ), കൈക്കുര്യ(ചോറ്്‌ വിളമ്പാൻ) തുടങ്ങിയവയാണ് കൊറഗർ നിർമിക്കുന്ന സാധനങ്ങൾ.  മുളവർഗത്തിൽപ്പെട്ട ഊയി, മാന്തെരിവള്ളി, പാൽവള്ളി, കരിവള്ളി തുടങ്ങിയ കാട്ടുമരവള്ളികളാണ് ഇതിന്റെ നിർമാണവസ്തുക്കൾ. പിന്നെയൊരു കത്തിയും തുളയിടാനൊരു കൂർത്ത പച്ചിരുമ്പുമൂർച്ചയും. 
സുള്ള്യ, കള്ളുഗുണ്ടി, ഏത്തടുക്ക തുടങ്ങിയ കാടുകളിൽനിന്നാണ് വള്ളികൾ ശേഖരിക്കുന്നത്. ഇന്നത്തേക്കുവേണ്ട വള്ളികൾ ഇന്നുതന്നെ ശേഖരിക്കും. ഒന്നും ‘കരുതിവെക്കുക’ പതിവില്ല. ചെങ്കല്ലുകൊണ്ട് സർക്കാർ കെട്ടിക്കൊടുത്ത ഒറ്റമുറി പുരയുണ്ട് ചിലർക്ക്. അതൊരു ആർഭാടംതന്നെ. 
രാവിലെ ഇവർ കോളനിക്കിടയിലൂടെ പോകുന്ന ടാർനിരത്തിലിറങ്ങുന്നു. കുട്ടികളെ സ്കൂളിൽപ്പോകാൻ ഒരുക്കുന്നതും മുടിവാരുന്നതും പേനെടുക്കുന്നതും കൊട്ടമെടയുന്നതും ഈ നിരത്തിൽെവച്ചാണ്. കുടുംബമായാണ് പണി ചെയ്യുക. പുതുതായി ഒന്നും സംഭവിക്കാത്തതിനാൽ പണിക്കിടയിൽ പരസ്പരം സംസാരിക്കുന്നതുതന്നെ അപൂർവം.
‘‘കോളനിയുടെ ഒരുഭാഗം അഞ്ചേക്കറിൽപ്പരം സർക്കാർ റബ്ബർത്തോട്ടമാണ്. ടാപ്പിങ് ജോലി പഠിപ്പിച്ചിരുന്നെങ്കിലും മാസംകൂടുമ്പോൾ മാത്രമേ കൂലികിട്ടൂ എന്നതിനാൽ ആരും തിരിഞ്ഞുനോക്കാറില്ല’’, കോളനിയിലെ ഏകാധ്യാപകസ്കൂൾ അധ്യാപകൻ ബാലകൃഷ്ണ പറയുന്നു.  

കട്ടൻചായയും കുളുത്ത കഞ്ഞിയും കുടിച്ച് ഏഴുമണിക്ക് മുറം മെടയാൻ തുടങ്ങിയതാണ് വിജയകുമാറ. മിണ്ടാതെ ദിവസംമുഴുവൻ പണിയെടുത്തുകൊണ്ടേയിരിക്കും, പുരയ്ക്കുമുന്നിലെ റോഡിലിരുന്ന് ഈ 60-കാരൻ. മൂന്ന്‌ ആൺമക്കളും പുറത്തുപോയി ചെയ്യുന്നതും ഇതേപണി. ഭാര്യ തനിയറു അടുത്തുണ്ട്. തിടുപ്പുണ്ടാക്കാൻ 
മാന്തെരിവള്ളി കൃത്യമായ അളവിൽ മുറിച്ചുവയ്ക്കുകയാണ് തനിയറു. വയസ്സെത്രയായി എന്ന് തിട്ടമില്ലെങ്കിലും ഇടയ്ക്ക് വോട്ടുചെയ്യാറുണ്ടെന്ന് തനിയറു. 
മുറം മടയാനുള്ള ഊയി കാൽവിരലിൽ ഇറുക്കിപ്പിടിച്ച് സൂക്ഷ്മശ്രദ്ധയോടെ ചീന്തിയെടുക്കുകയാണ് വിജയകുമാറ. പണിയിലെ ഏറ്റവും ശ്രദ്ധകൊടുക്കേണ്ട ഘട്ടം. ‘‘100 രൂപയ്ക്ക് ഒരുനീളൻ ഊയി വാങ്ങിയാൽ പത്തുപന്ത്രണ്ട് മണിക്കൂർകൊണ്ട് രണ്ട് മുറംമടയാം. ചിലർക്ക് വേഗം കൂടും. ഒരു മുറം വിറ്റാൽ 150 രൂപ കിട്ടും’’, ചിഞ്ഞാറ തിന്ന് തുപ്പിക്കൊണ്ട് വിജയകുമാറ പറഞ്ഞു. ദിവസം ഒന്നോ രണ്ടോ മെടയാം. 
ഉച്ചയ്ക്ക് ചോന്നമുളക് നാവിൽ രുചിച്ച് കഞ്ഞികുടിക്കും. രാത്രിയും കഞ്ഞിതന്നെ.  അതിനിടയിൽ ജലപാനംപോലുമില്ല. 
എപ്പോെഴങ്കിലും  പൈസയുണ്ടെങ്കിൽ മീൻ വാങ്ങും. അന്ന് കറിവെച്ച് ചോറുതിന്നാം.

 

സഹോദരങ്ങളിൽ മൂത്തയാൾ 20 വയസ്സുകാരൻ ഗോപാല മൂകനാണ്. അനുജൻ അശോക കുപ്പായംധരിക്കുന്നത് അപൂർവം. കുര്യയുണ്ടാക്കാൻ പാൽവള്ളി കാൽവിരലിൽമുറുക്കി കത്തികൊണ്ട് തൊലി ചുരണ്ടിയെടുക്കുകയാണ് വീട്ടുകോലായയിലിരുന്ന് ഇരുവരും. ഗോപാല മൂന്നും അശോക എട്ടും തിടുപ്പ് മെടയും ഒരു ദിവസം. ഒരു തിടുപ്പിന് 20, 30 രൂപ കിട്ടും. ‘‘അച്ഛനും അമ്മയും പുറത്തുപോയി കൊട്ടമെടയും. ഞങ്ങൾ എട്ടുവരെ സ്കൂളിൽ പോയിട്ടുണ്ട്. പിന്നെ മതിയായി’’, വിഷാദം തളംകെട്ടി എല്ലുകൾ തള്ളിയ മുഖമുയർത്തി അശോക പറഞ്ഞു. 
‘‘വായടച്ച് പണിയെടുക്കുന്നവരാണിവർ. മൗനത്തിലുമുണ്ട് പരസ്പരം സ്നേഹവും ബഹുമാനവും’’, കോളനിക്കുട്ടികളിലെ കഴിവ് കണ്ടെത്തുന്ന ‘പ്രതിഭ’യിലെ സജിനിടീച്ചർ സാക്ഷ്യപ്പെടുത്തുന്നു.

ചന്ദ്രഹാസൻ, ഭാര്യ സുമതി, ജ്യേഷ്ഠത്തി ചന്ദ്രവതി എന്നിവർ വൈകീട്ട് നാലുമണിയോടെ ബദിയടുക്കയിൽനിന്ന്‌ കോളനിയിലേക്കുള്ള ചെമ്മൺറോഡിലിരുന്ന് കൊട്ടമെടയുകയാണ്. റോഡിനപ്പുറം സുമതിയുടെ ഏട്ടത്തിമാരുമുണ്ട്. ‘‘പുരയിൽപ്പോയി കൊട്ടമടഞ്ഞ് വീണ്ടും ഇവിടെയെത്താൻ വൈകും. അതുകൊണ്ട് ഞങ്ങളീ തണലത്തിരുന്ന് പണിതുടങ്ങി’’, ചന്ദ്രഹാസൻ വിശദീകരിച്ചു. രാവിലെ ഒമ്പതുമണിക്ക് സ്ത്രീകളെല്ലാംകൂടി ഏത്തടുക്ക കാട്ടിൽ പുള്ളഞ്ചിവള്ളിക്കായി പോയി തിരിച്ചെത്തിയത് രണ്ടുമണിക്ക്. ചന്ദ്രഹാസൻ എടനീരിൽപ്പോയി ഊയി വാങ്ങിവന്നതും ഇതേസമയത്ത്. ലഗേജടക്കം ബസിൽ വസ്തുക്കൾ കൊണ്ടുവരാൻ ഒരാൾക്ക് 30 രൂപവേണം. എല്ലാവരും വേഗംകൂട്ടി െമടയുകയാണ്.  ചന്ദ്രഹാസൻ ഊയിച്ചീളുകൊണ്ട് രണ്ടാമത്തെ തടുപ്പും  സുമതിയും ചന്ദ്രവതിയും ഒന്നാമത്തെ കൊട്ടയുടെ അവസാനഘട്ടത്തിലുമാണ്. ‘‘ഒന്നര മണിക്കൂർക്കൂടെ കഴിഞ്ഞാൽ ഇന്നത്തെ പണിത്തീരും. ഇത് ടൗണിലെ പീടികയിൽ വിറ്റാൽ 100 രൂപ കിട്ടും. പൈസ കിട്ടീട്ടുവേണം ഞങ്ങൾക്ക് ഭക്ഷണം കഴിക്കാൻ’’, ഭർത്താവ് മരിച്ച രണ്ടുകുട്ടികളുള്ള 60 വയസ്സുള്ള  ചന്ദ്രവതിയുടെ വാക്കുകളിൽ തളർച്ച. രാവിലെ കുടിച്ച കഞ്ഞിക്കുപുറമേ ഇനിയൊരുതുള്ളി വെള്ളമിറക്കുന്നത് അഞ്ചരയോടെ.

കാലക്കണക്കും പണക്കണക്കുമറിയില്ല ഒമ്പതാംക്ളാസുവരെ പഠിച്ച 26-കാരി ഭാഗിയടക്കം പലർക്കും. കാട്ടിൽപ്പോയി കൊണ്ടുവന്ന പാൽവള്ളികൊണ്ട് മടഞ്ഞ ഒരു അരിപ്പ വിറ്റാൽ 30 രൂപ കിട്ടുമെന്ന് ഭാഗിക്കറിയാം. പക്ഷേ, ആറെണ്ണം കടയിൽ കൊടുത്താൽ 90 രൂപയും സ്വീകരിച്ചുവരും രാജി. ചിലപ്പോൾ അവർ മടക്കിയയക്കും. അന്ന് പട്ടിണിയാണ്. ഏകാധ്യാപക സ്കൂളിൽ പഠിക്കുന്ന 17 കുട്ടികളിൽ സുന്ദരി ആണ് മകൾ. ഭർത്താവ് പുറത്തുപോയി പണിയെടുക്കും. അടുക്കുംചിട്ടയുമില്ലാത്ത പുരയ്ക്കുള്ളിൽ അടുപ്പ് പുകയുന്നത് വല്ലപ്പോഴും. കഞ്ഞിക്കപ്പുറം മറ്റൊരു ആഹാരവും ഇവർക്കറിയില്ല, വെക്കാനും വിളമ്പാനും. ‘‘പൈസയുണ്ടെങ്കിൽ ബേക്കറി സാധനം വാങ്ങിക്കൊണ്ടുവരും’’, ഭാഗി പറഞ്ഞു.

രാവിലെ ഏത്തടുക്ക കാട്ടിൽപ്പോയി തിരിച്ച് കുടിയിലെത്തുംമുമ്പേ തണലുകാണുന്നിടത്തുെവച്ച് െമടയാനിരുന്നതാണ് സഞ്ജുവിന്റെ കുടുംബം. ഇന്ന് ഓരോന്നേ മടയാനായുള്ളൂ. അപ്പോഴേക്കും നിഴൽ കിഴക്കിഴഞ്ഞ് ദൂരെ എത്തിയിരുന്നു. ശനിയാഴ്ച ബദിയടുക്കയിൽ ചന്തയുണ്ട്.
‘‘പുരുഷന്മാർ ഇത്തിരി ലഹരിയിലാണ് മടങ്ങിവരവ്’’, ചന്തയ്ക്കുപോകാൻവേണ്ടി സഞ്ജു കുപ്പായംമാറ്റിവരവേ ഭാര്യ സുശീല ചിരിച്ചുകൊണ്ട് പറഞ്ഞു. ഈ രണ്ടുകൊട്ട വിറ്റിട്ടുവേണം കുടുംബത്തിന്റെ വിശപ്പുമാറ്റാൻ. രണ്ടുനേരത്തെ കഞ്ഞിയേ ഇവർക്കും ശീലമുള്ളൂ.

നാല്പതുകഴിഞ്ഞ ലക്ഷ്മിയുടെ അടുത്തിരുന്ന് അരിപ്പ മെടയുകയാണ് മകന്റെ ഭാര്യ സുമതി. സുമതിയുടെ വിവാഹം കഴിഞ്ഞിട്ട് ഒരുവർഷം കഴിഞ്ഞേയുള്ളൂ. കോളനിയിലുള്ളവർ പരസ്പരം വിവാഹംചെയ്യാറാണ് പതിവ്. താലിക്കുപോലും ഒരുതരിപ്പൊന്ന് ആരും ഉപയോഗിക്കാറില്ല.  
ഒരു വർഷത്തോളമായി വീടിനകത്തെ തണുത്തുറഞ്ഞ നിലത്ത് വെറുമൊരു ചേലവിരിയിൽ കിടക്കുകയാണ് ലക്ഷ്മി. മറ്റൊരു ചേല ചുരുട്ടിക്കെട്ടി തലയിണയുമാക്കി. 
തളർവാതമാണെങ്കിലും ഷുഗറാണെന്നാണ് ഇവരുടെ അറിവ്. രണ്ട് ആൺമക്കളും പുറത്തുപോയാണ് കൊട്ടമെടയുന്നത്. ഭർത്താവ് ഉപേക്ഷിച്ചില്ലെങ്കിലും അകന്നുകഴിയുന്നു. ശരീരം ഞെരുക്കി ലക്ഷ്മി തുളുവിൽ പലതും പറയാൻ ശ്രമിക്കുന്നുണ്ട്. ‘‘പൈസയുള്ളപ്പോൾ സൂചിവെക്കും’’, ലക്ഷ്മിയുടെ കുഴഞ്ഞ നാവിലെ ശബ്ദം പാതിവെച്ച് മുറിഞ്ഞു.  

gireeshmacreri@gmail.com