മൃദംഗകലയുടെ മറുപേരാണ്‌ ഉമയാൾപുരം കെ. ശിവരാമൻ. ആഗോളപ്രശസ്തനായ ഉമയാൾപുരത്തിന്റെ വാദനസപര്യ ഏഴുപതിറ്റാണ്ട്‌ പിന്നിട്ട ഉമയാൾപുരം 
വാരാന്തപ്പതിപ്പിനായി അനുവദിച്ച പ്രത്യേക അഭിമുഖം.

?അതുല്യരായ ഗുരുനാഥന്മാരുടെ കീഴിലുള്ള പരിശീലനം ഓർക്കാമോ
എന്റെ ആദ്യഗുരു ആരുപാതി നടേശയ്യരുടെ കീഴിൽ പതിനഞ്ചുവർഷം അഭ്യസിച്ചു. മൃദംഗകലയുടെ പിതാമഹൻ തഞ്ചാവൂർ വൈദ്യനാഥയ്യരുടെ കീഴിലാണ്‌ പിന്നീട്‌ പഠിച്ചത്‌. തുടർന്ന്‌ പാലക്കാട്‌ മണിഅയ്യരുടെ ശിഷ്യനായി. നാലാമത്തെ ഗുരുനാഥൻ കുംഭകോണം രങ്കുഅയ്യങ്കാറാർ. ആദ്യം തഞ്ചാവൂർ ബാണിയാണ്‌ എനിക്ക്‌ പകർന്നുകിട്ടിയത്‌. തഞ്ചാവൂർ വൈദ്യനാഥയ്യരാണ്‌ എന്നെ മണിഅയ്യരുടെ അടുത്തേക്ക്‌ അയച്ചത്‌. ഓരോ ഗുരുവിന്റെയും മികച്ച ഭാവങ്ങളെ സ്വായത്തമാക്കണമെന്നാണ്‌ അച്ഛൻ  എന്നെ ഉപദേശിച്ചത്‌. അച്ഛൻ പി. കാശിവിശ്വനാഥയ്യർ അലോപ്പതി ഡോക്ടറായിരുന്നു. യുനാനിയും ഹോമിയോപ്പതിയും ആയുർവേദവുമടക്കം എല്ലാ ചികിത്സാവിധികളിലും അഗ്രഗണ്യനായിരുന്നു. നല്ല സംഗീതകാരനും വയലിൻ വാദകനുമായിരുന്നു. ബിരുദമെടുത്തശേഷം ഐ.എ.എസ്‌. പരിശീലനക്ളാസിന്‌ പോയിത്തുടങ്ങി. പഠനവും കച്ചേരിയും ഒരുമിച്ച്‌ കൊണ്ടുനടന്ന കാലം. ഐ.എ.എസ്‌. പഠനത്തിൽ ശ്രദ്ധിച്ചാൽ മൃദംഗവായനയിൽ വിമുഖതവരാം. സംഗീതം എന്നെ തിരഞ്ഞെടുത്ത സ്ഥിതിക്ക്‌ മൃദംഗകലയുടെ പരമാവധിയിലേക്കുള്ള സഞ്ചാരമാണ്‌ വേണ്ടതെന്ന്‌ തീർച്ചപ്പെടുത്തി. ‘നിനക്ക്‌ തിളക്കമാർന്ന ഭാവിയുണ്ട്‌. നീ ഇതിൽ വിജയിക്കും’ എന്ന്‌ പാലക്കാട്‌ മണിഅയ്യർ പറഞ്ഞതിനെ മുഖവിലയ്ക്കെടുത്തു. 1955-ൽ ഞാൻ ചെന്നൈയിലേക്ക്‌ താമസം മാറ്റി. മികച്ച സംഗീതക്കച്ചേരികൾ കേൾക്കാനും പങ്കെടുക്കാനുമുള്ള അവസരങ്ങൾ ധാരാളമായിത്തുടങ്ങി. 

?വ്യത്യസ്ത ആലാപനമാർഗമുള്ളവരുടെ കച്ചേരികൾക്ക്‌ മൃദംഗം വായിച്ചതിന്റെ അനുഭവങ്ങൾ പറയൂ
ശെമ്മാങ്കുടിയുടെ കച്ചേരിക്ക്‌ വായിക്കുക അനുഭൂതിയാണ്‌. വാരാണസി സാഞ്ചറാവു അയ്യങ്കാർ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, സി.എസ്‌. കൃഷ്ണയ്യർ, ആലത്തൂർ ബ്രദേഴ്‌സ്‌, എം.ഡി. രാമനാഥൻ എന്നിവർക്കൊക്കെ ധാരാളം വായിച്ചു. മഹാരാജപുരം വിശ്വനാഥയ്യരിൽ തുടങ്ങി മകൻ സന്താനം, അടക്കം ആ കുടുംബത്തിലെ നാലുതലമുറയ്ക്ക്‌ വായിച്ചത്‌ അപൂർവതയാണ്‌. അന്നത്തെ തലമുറയോടൊപ്പമുള്ള പ്രവർത്തനമാ ണ്‌ മൃദംഗകലാഗവേഷണത്തിലും പരീക്ഷണത്തിലും എന്നെക്കൊണ്ടെത്തിച്ചത്‌.

?പാരമ്പര്യസങ്കല്പങ്ങളെ തിരുത്തിയത്‌ എപ്രകാരമാണ്‌
സംഗീതോപകരണങ്ങളിലെ രാജാവും മെലഡിയുടെ രാജ്ഞിയുമായി മൃദംഗത്തെ മാറ്റാൻ ഞാൻ പരിശ്രമിച്ചു. ന്യൂസീലൻഡിലും ഓസ്‌ട്രേലിയയിലുംവരെ മൃദംഗത്തിന്റെ മൂല്യം തിരിച്ചറിയിപ്പിച്ചു. 47 വർഷംമുമ്പ്‌ ഫൈബർമൃദംഗം സാക്ഷാത്‌കരിച്ചു. മദ്രാസ്‌ ഗ്ളാസ്‌വർക്കേഴ്‌സിന്റെ സഹായത്തോടെ ഗ്ളാസ്‌ മൃദംഗവും രൂപപ്പെടുത്തി. പത്തോളം കച്ചേരികൾക്ക്‌ ഗ്ളാസ്‌മൃദംഗം വായിച്ചു. മൃദംഗകലയുടെ തത്ത്വശാസ്ത്രവും സൗന്ദര്യശാസ്ത്രവും വിശദമായും വിപുലമായും പ്രതിപാദിക്കുന്ന ഒരു പുസ്തകരചനയിലാണിപ്പോൾ. അടുത്ത മാർച്ചിൽ പുറത്തിറങ്ങും. നിങ്ങൾക്കതിനെ ‘മൃദംഗത്തിന്റെ ബൈബിൾ’ എന്ന്‌ വിശേഷിപ്പിക്കാം. ‘മൃദംഗചിന്താമണി’ എന്ന പേരിൽ 33 മണിക്കൂർനീണ്ട മൃദംഗക്കച്ചേരി 11 ഡി.വി.ഡി.കളിലായി ഉൾക്കൊള്ളിച്ചു. ‘The Voyage of Mridamgam and its High Voltage’ എന്ന പുസ്തകവും അതിന്‌ അനുബന്ധമായിട്ടുണ്ട്‌. 

?വിശ്വപ്രശസ്തരുമായുള്ള ജുഗൽബന്ദി താങ്കളുടെ മൃദംഗവാദനസങ്കല്പത്തിന്‌ ഊർജമായതെങ്ങനെയാണ്‌
രവിശങ്കർ, ഹരിപ്രസാദ് ചൗരസ്യ, അംജദ് അലിഖാൻ തുടങ്ങിയവർക്കൊപ്പം പങ്കെടുത്തിട്ടുണ്ട്. ബെൽജിയത്തിലെ AKAMOON എന്ന ഫ്യൂഷൻ ബാൻഡിന്റെ ഭാഗംകൂടിയാണ് ഞാൻ. അവർ എന്നെ ആത്മീയഗുരുവായി കാണുന്നു. അംജദ്‌ അലിഖാന്റെ സരോദിനൊപ്പം മൃദംഗത്തിൽ ‘തബല’ വായിക്കുകയുണ്ടായി.

?കേരളീയതാളവാദ്യങ്ങൾ ആകർഷിച്ച വിധത്തെപ്പറ്റി പറയൂ
പല്ലാവൂർ അപ്പുമാരാർ, കുഞ്ഞുക്കുട്ടമാരാർ എന്നിവർക്കൊപ്പം വായിച്ചിട്ടുണ്ട്; സഹോദരതുല്യനായി കാണുന്ന മട്ടന്നൂർ ശങ്കരൻകുട്ടിക്കൊപ്പവും. പാലക്കാട് മണി അയ്യർക്ക് തായമ്പകയിൽ താത്‌പര്യമായിരുന്നു. അദ്ദേഹത്തിനുള്ള സ്മരണാർഥംകൂടിയായി മൃദംഗത്തിൽ തായമ്പക അവതരിപ്പിച്ചു. കേരളത്തിന്റെ അറുപതാം പിറന്നാൾവേളയിൽ മലയാളികൾക്കുള്ള സമർപ്പണമായും മൃദംഗത്തായമ്പക ആവർത്തിച്ചു. 

?ഫാഷൻ ഷോയ്ക്ക് മൃദംഗംവായിക്കുന്നതിലെ ധീരതയെ സ്വയം വിലയിരുത്തുന്നതെങ്ങനെയാണ്
ഒരു ആവശ്യം വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു. ചിലർ വിമർശനബുദ്ധ്യാ ചോദ്യങ്ങൾ ചോദിച്ചു. ഒരു യഥാർഥ പാരമ്പര്യകലാകാരനുമാത്രമാണ് എല്ലാറ്റിനുവേണ്ടിയും വായിക്കാൻ സാധിക്കുകയെന്ന് ഞാൻ മറുപടി പറഞ്ഞു. 
പഴയതെല്ലാം നല്ലതാണെന്ന്‌ കരുതരുത്. ഒപ്പം പുതിയതെല്ലാം തെറ്റാണെന്നും വ്യാഖ്യാനിക്കരുത്. മികച്ചതിനെ തിരഞ്ഞെടുക്കാനുള്ള വിവേകമാണ് മനുഷ്യനുവേണ്ടത്. ഒരിക്കൽ വിശാഖപട്ടണത്തുെവച്ച് എ.പി.ജെ. അബ്ദുൽ കലാമിനൊപ്പം വേദിപങ്കിട്ട അവസരത്തിൽ ‘നിങ്ങൾ എന്തുകൊണ്ടാണ് ഫൈബർമൃദംഗം ഉണ്ടാക്കിയത്’ എന്ന് ഒരു സഹൃദയൻ ചോദിച്ചപ്പോൾ അബ്ദുൽകലാമാണ് മറുപടി പറഞ്ഞത്. ‘ഉമയാൾപുരം ഫൈബർകൊണ്ട് മൃദംഗമുണ്ടാക്കി. ഞാൻ ഫൈബർകൊണ്ട് മിസൈലുണ്ടാക്കി. അത്രമാത്രം.’ ഈ ലോകത്തുള്ളത് ഒരേയൊരു സംഗീതം. ഒരേ താളം. ഒരേ മനുഷ്യകുലം, ഒരേ ചിന്ത. കലകളോട് നമുക്കുള്ള വൈകാരികഭാവം എവിടെച്ചെന്നാലും ഒരുപോലെയാണ്. 

?പഞ്ചവാദ്യം, മേളം, തായമ്പക തുടങ്ങിയ േകരളീയ കലകളെ കേട്ടതിന്റെ അനുഭവം
താളവാദ്യകലകളിൽ നമ്മളെ തോൽപ്പിക്കാൻ ആർക്കും സാധ്യമല്ലാത്ത വിധത്തിൽ വിസ്തൃതവും സമ്മിശ്രഭാവങ്ങൾ നിറഞ്ഞതുമാണ് വാദ്യകലകളെന്ന് കേരളീയർക്ക് അഭിമാനിക്കാം. ചെണ്ടമേളമൊക്കെ ഒരു ആൽമരംകണക്കെ പടർന്നുനിൽക്കുകയല്ലേ. കേരളീയ വാദ്യവിശേഷങ്ങളുടെ വലിയൊരു ആരാധകനാണ് ഞാൻ. ഏത് കലയിലെയും സൗന്ദര്യത്തെ തിരിച്ചറിഞ്ഞ് അഭിനന്ദിക്കാൻ സാധിക്കണം. 
സദസ്സിന്റെ ആസ്വാദനമാണ് വായിക്കുന്നവരിൽ ഊർജം ഉണർത്തുന്നത്. അതിനെ ‘നാദയോഗ’ എന്ന് വിളിക്കാം. നമ്മുടെ കലകൾക്കെല്ലാം Theraputic value ഉണ്ട്. നിങ്ങളിൽ ഊർജവും യൗവനവും രൂപവത്‌കരിക്കാനും നിലനിർത്താനും സഹായിക്കുന്ന പ്രധാനഘടകം സംഗീതമാണ്. 
സംഗീതമാണ് എന്റെ തത്ത്വചിന്തയും വ്യവഹാരവും പ്രമാണവും. നിങ്ങൾ പറയുന്ന ‘ഉമയാൾപുരം ശിവരാമൻബാണി’ ഈ സൗന്ദര്യദർശനത്തിൽനിന്ന് രൂപപ്പെട്ടതാണ്.

npvkrishnan@gmail.com