ജനാധിപത്യ മൂല്യങ്ങൾ വ്യക്തികൾ സംരക്ഷിക്കുമ്പോൾ

ആയിരത്തി ഇരുന്നൂറിലധികം അന്തേവാസികളടങ്ങുന്ന പത്തനാപുരത്തെ ഗാന്ധിഭവൻ, കേരളത്തിൽ ഒരു വ്യക്തി നടത്തുന്ന ഏറ്റവും വലിയ അഭയകേന്ദ്രമാണ്‌ എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ജോളി അടിമത്ര തയ്യാറാക്കിയ ‘സോമരാജന്റെ സ്നേഹരാജ്യം’ എന്ന ഫീച്ചർ പങ്കുവയ്ക്കുന്ന ആശങ്കകൾ ഒട്ടും ചെറുതല്ല. 
     ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ചില വ്യക്തികളും പ്രസ്ഥാനങ്ങളും കൈക്കൊള്ളുന്ന നിലപാടുകൾ പ്രശംസനീയംതന്നെ. പക്ഷേ, ഒരു ജനാധിപത്യ ഭരണസംവിധാനം നിലവിലുള്ള നമ്മുടെ നാട്ടിൽ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ജനങ്ങൾ തിരഞ്ഞെടുത്ത, ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കേണ്ട നമ്മുടെ സർക്കാരുകൾ കൈക്കൊള്ളുന്ന സമീപനങ്ങളെക്കുറിച്ചുകൂടി ഈ സന്ദർഭത്തിൽ വിചിന്തനംനടത്തേണ്ടത്‌ അത്യാവശ്യമാണ്‌. ഒരാളുടെ, അയാളെത്ര ദരിദ്രനായാലും അയാളുടെ ജീവനും ആരോഗ്യത്തിനുംനേരേ സർക്കാർ സംവിധാനങ്ങൾ കണ്ണടയ്ക്കുമ്പോൾ സർക്കാരിതര  വ്യക്തിപ്രസ്ഥാനങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ മുന്നിട്ടിറങ്ങി കാരുണ്യപ്രവർത്തനങ്ങൾ നടത്തേണ്ടിവരുന്നത്‌ അത്‌ കാലാകാലങ്ങളിൽ മാറിമാറി ഭരണംനടത്തുന്ന സർക്കാരുകളുടെ പരാജയമായിക്കൂടി വിലയിരുത്തേണ്ടതല്ലേ? സർക്കാരുകൾ ചെയ്യേണ്ടത്‌ സർക്കാരുകൾതന്നെ ചെയ്യണം; ചില വ്യക്തികളും അവരെ പിന്തുണയ്ക്കുന്ന പ്രസ്ഥാനങ്ങളും കാട്ടുന്ന ഇത്തരം അർപ്പണമനോഭാവങ്ങൾ പ്രശംസനീയവും അഭിനന്ദനാർഹവുമാണെങ്കിലും.
എ.കെ. അനിൽകുമാർ, നെയ്യാറ്റിൻകര

സാമൂഹികസേവനപഥത്തിലെ വഴികാട്ടിയായ ഒരു നെയ്‌ത്തിരിയാണ്‌ ഗാന്ധിഭവൻ. ഹൃദയത്തിലെ സ്നേഹം സമൂഹത്തിലേക്ക്‌ വിതരണംചെയ്ത്‌ ജീവിതം ധന്യമാക്കിയ ഒരു മനുഷ്യസ്നേഹി രൂപംനൽകിയ സ്ഥാപനം. എത്രയോ കഷ്ടപ്പാടുകൾ സഹിച്ച്‌, എല്ലാം ത്യജിച്ച്‌, കെട്ടിപ്പൊക്കിയ മഹദ്‌സ്ഥാപനം. ജീവകാരുണ്യപ്രവർത്തനങ്ങൾക്ക്‌ ആളും അർഥവും നൽകി സഹായിക്കേണ്ടത്‌  സുമനസ്സുകളുടെ കടമയാണ്‌. ഉദ്ദേശ്യം നല്ലതാണെങ്കിൽ, ലക്ഷ്യം സമൂഹനന്മയാണെങ്കിൽ, ധനം താനേ വന്നുകൊള്ളും, ഈശ്വരസഹായവും ലഭിക്കും എന്ന്‌ ഗാന്ധിഭവൻ തെളിയിച്ചുകഴിഞ്ഞു.
എല്ലാമുണ്ടായിട്ടും വാർധക്യകാലത്ത്‌ ബന്ധുക്കളുടെ സ്നേഹം കിട്ടാതെ വിലപിക്കുന്നവർ, മനം തകരുന്നവർ, ആർക്കും ബുദ്ധിമുട്ടായിത്തീരാൻ ആഗ്രഹിക്കാതെ മരണമെത്തുന്നതുംകാത്ത്‌ പ്രാർഥിച്ചിരിക്കുന്നവർ, ശരീരമാകെ തളർന്ന്‌ ഒന്നുമറിയാതെ സ്ഥലകാല ബോധത്തിനപ്പുറം നിൽക്കുന്നവർ, ഒാർമകളില്ലാത്ത ലോകത്തേക്ക്‌ യാത്രയായവർ... അങ്ങനെ എത്രയെത്ര ജീവിതങ്ങൾ. സോമരാജനും കുടുംബത്തിനും ദൈവാനുഗ്രഹം എന്നുമുണ്ടാകട്ടേയെന്ന്‌ പ്രാർഥിക്കാം.  
പ്രൊഫ. കെ.ആർ.സി. പിള്ള, നൂറനാട്‌

അനാഥശിശുക്കൾ, രോഗപീഡിതർ, മാനസികാസ്വാസ്ഥ്യമുള്ളവർ അവശനിരാലംബ വൃദ്ധജനങ്ങൾ എന്നിവരെ കൂടെനിർത്തി സമാശ്വസിപ്പിച്ച്‌ ചികിത്സയും താമസവും ഭക്ഷണവും സ്വയംതൊഴിലും നൽകി സംരക്ഷിക്കുന്നത്‌ നിസ്സാരകാര്യമല്ല. മഹാമനസ്സിന്റെ ഉടമകൾക്കുമാത്രമേ അത്‌ കഴിയൂ. സോമരാജന്റെ സുഖദുഃഖങ്ങൾക്കൊപ്പംനിന്ന്‌ ദുരിതങ്ങളേറെ സഹിച്ച്‌ സഹകരിച്ച്‌ സഹായിച്ച്‌ സത്‌കർമങ്ങൾക്ക്‌ പ്രോത്സാഹനംനൽകി ഇന്നത്തെ അവസ്ഥയിലെത്തിച്ച അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും മനസ്സുനിറഞ്ഞ്‌ അഭിനന്ദിക്കുന്നു, നമിക്കുന്നു.
നമ്മുടെ രാഷ്ട്രപിതാവിനെ നിത്യമെന്നോണം ഓർമിക്കത്തക്കവിധം അദ്ദേഹത്തിന്റെ പേരിൽ (ഗാന്ധിഭവൻ) കേരളത്തിൽ ഇത്തരം വലിയൊരു മതേതരകുടുംബ അഗതിമന്ദിരവുമുണ്ടെന്നും അതിന്റെ അമരക്കാരനായി മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നത്‌ ഒരു വ്യക്തിയും കുടുംബവുമാണെന്നും അറിയുന്നതിൽ ലോകമലയാളി സമൂഹത്തിനാകെ അഭിമാനിക്കാം.
ഗാന്ധിഭവൻ എന്ന സ്നേഹരാജ്യം മാതൃകയാക്കി നമ്മുടെ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും ചുരുങ്ങിയത്‌ ഒാരോ മതേതരകുടുംബ അഗതിമന്ദിരങ്ങൾ ഉണ്ടായെങ്കിലെന്ന്‌ ആഗ്രഹിച്ചുപോകുന്നു.
കെ. ഗോപാലൻ, ചേലക്കര

സമ്പാദ്യം വാരിക്കൂട്ടാനുള്ള വ്യഗ്രതയിൽ മനുഷ്യസമൂഹത്തെ പാടേ മറന്ന്‌  ഉയരങ്ങളിലേക്ക്‌ കുതിക്കുന്ന തിമിരംബാധിച്ച മനുഷ്യർ വസിക്കുന്ന കൊച്ചുകേരളത്തിൽ  ഇത്രവലിയ വിശാലഹൃദയമുള്ളവരുമുണ്ടെന്ന്‌ മാതൃഭൂമി സാക്ഷ്യപ്പെടുത്തുന്നു. ഒരു വ്യക്തിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടത്തപ്പെടുന്ന നിരാലംബരുടെ ഏറ്റവും വലിയ അഭയകേന്ദ്രമാണ്‌ പത്തനാപുരത്തെ ഗാന്ധിഭവനെന്നത്‌ അതിശയോക്തിയല്ലെന്ന്‌ ലേഖനം സൂക്ഷ്മമായി വിലയിരുത്തിയാൽ മനസ്സിലാകും.
അന്തേവാസികളെ പോറ്റാൻ വഴിയില്ലാതായപ്പോൾ സ്വന്തം ഫാൻസിഷോപ്പും പിതൃസ്വത്തായി ലഭിച്ച ഭൂമിയും ഭാര്യയുടെ സ്വർണാഭരണങ്ങളുംവിറ്റ്‌ അവരെ പരിചരിച്ച സോമരാജനും കുടുംബവും മനസ്സിൽ നന്മയുടെ പര്യായങ്ങളായി. അന്തേവാസികൾക്ക്‌ വിവാഹപ്രായമായാൽ അവരുടെ മാംഗല്യവും സ്വയമേറ്റെടുത്ത്‌ നടത്തുന്നുവെന്നതും സോമരാജനെ മറ്റുള്ളവരിൽനിന്ന്‌ തികച്ചും വ്യത്യസ്തനാക്കുന്നു.
പലരംഗങ്ങളിലും കഴിഞ്ഞ കാലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരും ഗാന്ധിഭവനിൽ അന്തേവാസികളായുണ്ട്‌ എന്നത്‌ സോമരാജന്റെ മഹത്ത്വം വർധിപ്പിക്കുന്നു. നല്ല മനസ്സിന്റെ ഉടമകളായ വ്യവസായപ്രമുഖരും നന്മമരിച്ചിട്ടില്ലാത്ത പല പ്രമുഖരും  ഇൗ സ്ഥാപനത്തെ കൈയയച്ച്‌ സഹായിക്കുന്നുവെന്നത്‌ അഭിനന്ദനാർഹമാണ്‌.
രാജൻ കോറോത്ത്‌, പുതുപ്പണം

‘സോമരാജന്റെ സ്നേഹരാജ്യം’ വായിച്ചപ്പോൾ ‘സ്നേഹമാണഖിലസാരമൂഴിയിൽ’ എന്ന്‌ മനസ്സറിയാതെ മന്ത്രിച്ചു. സന്നദ്ധസേവനകൂട്ടായ്മകളിൽ ജനിക്കുകയും മരിക്കുകയുംചെയ്ത വൃദ്ധസദനങ്ങളും അനാഥാലയങ്ങളും നാം പലപ്പോഴും കണ്ടതാണ്‌. ഇവിടെയാണ്‌ ഒരു വ്യക്തിയിലൂടെ ഉദയംചെയ്ത്‌ പടർന്നുപന്തലിക്കുന്ന ഗാന്ധിഭവന്റെ പ്രസക്തി വർധിക്കുന്നത്‌.  സുമനസ്സുകളുടെ നല്ല പ്രവർത്തനങ്ങളെ  ഇല്ലാതാക്കാൻ ശ്രമിക്കുന്ന ദുഷ്ടമനസ്സുകളെ  കരുണയുടെ ഈ വിജയഗാഥ വായിക്കുമ്പോൾ നാം തിരിച്ചറിയുന്നു.
ആത്മഹത്യയുടെ വക്കിലെത്തിയ കുടുംബത്തിന്‌ ഉറക്കത്തിൽക്കണ്ട സ്വപ്നവും അടുത്ത പ്രഭാതത്തിൽക്കണ്ട യാഥാർഥ്യവും കൈത്താങ്ങായത്‌ വിസ്മയകരംതന്നെ. ജീവിതവഴികളിലും ജീവിതസായാഹ്നങ്ങളിലും അനാഥരാകുന്നവർക്ക്‌ താങ്ങും തണലുമായി വളർന്നുപന്തലിച്ച ഗാന്ധിഭവനത്തെ സംരക്ഷിച്ച്‌ മുന്നോട്ടുനയിക്കാൻ സോമരാജനോടൊപ്പം ഇനിയുമിനിയും സുമനസ്സുകൾ ഉണ്ടാകട്ടെയെന്ന്‌ ആശിക്കുന്നു, പ്രാർഥിക്കുന്നു.
സുദർശനൻ, കൈനകരി