മണ്ഡലം പിറന്നാൽ അയ്യപ്പൻപാട്ടിന്റെ കാലമാണ്. പൊന്നമ്പലവാസനായ മണികണ്ഠന്റെ ചരിത്രം അയ്യപ്പൻപാട്ടിന്റെ വാമൊഴിവഴക്കങ്ങളിലൂടെ കേരളത്തിലെങ്ങും നിറയും. മണികണ്ഠന്റെ കഥ ഒരു ആട്ടക്കഥയായും പിറവികൊണ്ടിട്ടുണ്ട്. അറുപതാണ്ടുമുമ്പ് പാലക്കാട്ട് അഖിലേന്ത്യാ അയ്യപ്പധർമ പരിഷത്ത് വാർഷികാഘോഷത്തിനായാണ് മണികണ്ഠവിജയം എന്ന കഥകളി പിറക്കുന്നത്. പ്രൊഫ. വി. വിജയൻ രചിച്ച ആട്ടക്കഥ 1957 ഒക്ടോബർ ആറിന് പാലക്കാട് വടക്കന്തറ ക്ഷേത്രത്തിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ടു. മണികണ്ഠവിജയത്തിന്റെ ഷഷ്ടിപൂർത്തി ഇക്കഴിഞ്ഞ നവംബർ 25-ന് പാലക്കാട് ഗവ. ചെമ്പൈസ്മാരക സംഗീതകോളേജിലെ എം.ഡി. രാമനാഥൻഹാളിൽ കൊണ്ടാടി. 
പാലക്കാട് ഗവ. വിക്ടോറിയ കോളേജ്, മടപ്പള്ളി ഗവ. കോളേജ്, ചിറ്റൂർ ഗവ. കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ്. പട്ടാമ്പി സംസ്കൃതകോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു മണികണ്ഠവിജയത്തിന്റെ കർത്താവായ പ്രൊഫ. വി. വിജയൻ. 1992-ലാണ് അദ്ദേഹം അന്തരിച്ചത്. 
1957-ൽ  വടക്കന്തറയിലെ ആദ്യ അരങ്ങിൽ ശൂർപ്പകനെന്ന അസുരന്റെ കഥയും മോഹിനി അവതാരവും മണികണ്ഠന്റെ ജനനം വരെയുള്ള ഭാഗവുമായിരുന്നു അവതരിപ്പിക്കപ്പെട്ടത്.  കാവുങ്ങൽ ശങ്കരൻകുട്ടിപ്പണിക്കർ (ശൂർപ്പകൻ), ഗോവിന്ദൻ നമ്പൂതിരി (മോഹിനി), കൃഷ്ണൻ നമ്പൂതിരി(മഹാവിഷ്ണു) രചയിതാവുകൂടിയായ പ്രൊഫ. വി. വിജയൻ (ശിവൻ) എന്നിവരായിരുന്നു  അരങ്ങിൽ. 
മൂന്നരമണിക്കൂറോളമെടുത്തു അവതരണത്തിന്. പിന്നീട് പന്തളം രാജാവിന്റെ കഥയും മഹിഷീമർദനവും ഉൾപ്പെടെയുള്ള ഭാഗങ്ങൾ കൂട്ടിച്ചേർത്ത്  1957 ഡിസംബർ 26-ന് കോയമ്പത്തൂർ രാമനഗറിൽ അയ്യപ്പൻപൂജാ ഉത്സവത്തിന്റെ അവസാനപരിപാടിയായി മണികണ്ഠവിജയം പൂർണരൂപത്തിൽ അരങ്ങിലെത്തി. അഞ്ചരമണിക്കൂറോളമായിരുന്നു അവതരണ സമയം. 
 കാവുങ്ങൽ ശങ്കരൻകുട്ടിപ്പണിക്കരാണ് കഥ ചിട്ടപ്പെടുത്തിയത്. പ്രസിദ്ധ താടിവേഷക്കാരായ വെള്ളിനേഴി നാണുനായർ, സദനം കൃഷ്ണൻകുട്ടി, ടി.കൃഷ്ണൻകുട്ടി, ഗോവിന്ദൻ നമ്പൂതിരി തുടങ്ങിയ വേഷക്കാരും കടത്തനാട്ട് ഗോവിന്ദൻ നമ്പീശൻ ശിഷ്യൻ മണിയൻ നായർ, അച്യുതവാരിയർ എന്നീ പാട്ടുകാരും പല്ലശ്ശന ചന്ദ്രമന്നാടിയാർ, ചക്രപാണിമാരാർ, അച്യുതൻനായർ, സദനം ശ്രീധരൻ എന്നീ മേളക്കാരും പിൽക്കാലത്ത് കലാമണ്ഡലം സെക്രട്ടറിയായ ഇയ്യങ്കോട് ശ്രീധരൻ, ശങ്കരൻ എന്നിവർ ചേർന്ന അണിയറയുമായിരുന്നു ഉണ്ടായിരുന്നത്. 
  കലാമണ്ഡലം കൃഷ്ണൻനായർ, വാഴേങ്കട കുഞ്ചുനായർ, കെ.ആർ.കുമാരൻനായർ, കലാമണ്ഡലം ഗോപി, കലാമണ്ഡലം വാസു, കോട്ടയ്ക്കൽ ശിവരാമൻ, കലാമണ്ഡലം കുട്ടൻ, വി.പി.രാമകൃഷ്ണൻ നായർ  നെല്ലിയോട്, വാസുപ്പിഷാരടി തുടങ്ങിയ വേഷക്കാർ, കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ, അപ്പുക്കുട്ടിപ്പൊതുവാൾ, മഞ്ചേരി ശങ്കുണ്ണിനായർ, പാലൂർ അച്യുതൻനായർ, പട്ടരാത്ത് ശങ്കരമാരാർ, നമ്പീശൻകുട്ടി തുടങ്ങിയ മേളക്കാരും പിന്നീട് മണികണ്ഠവിജയത്തെ അരങ്ങിലെ വിജയമാക്കി.
 1963-ൽ പമ്പയിലും സന്നിധാനത്തും മണികണ്ഠവിജയം അവതരിപ്പിക്കപ്പെട്ടു. 
1968-ൽ മണികണ്ഠവിജയം അവതരിപ്പിച്ചപ്പോൾ പന്തളത്തുരാജാവായി രംഗത്തെത്തിയ സദനം കൃഷ്ണൻകുട്ടി (ശൂർപ്പകൻ) ഇക്കഴിഞ്ഞ അവതരണത്തിലും വേഷമിട്ടു. സദനം സദാനന്ദൻ (ശിവൻ), സദനം ഷിജുമോൻ (മഹാവിഷ്ണു), കലാമണ്ഡലം കെ.ജി.വാസുദേവൻ (മോഹിനി), കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ (പന്തളം രാജാവ്), കലാമണ്ഡലം കേശവൻ നമ്പൂതിരി (രാജ്ഞി), സദനം മണികണ്ഠൻ (മന്ത്രി), കലാനിലയം ബാലകൃഷ്ണൻ (മണികണ്ഠൻ), കലാമണ്ഡലം നാരായണൻ കുട്ടി (യോഗി), കലാമണ്ഡലം രാമചന്ദ്രനുണ്ണിത്താൻ (മഹിഷി) എന്നിവരുമുണ്ടായിരുന്നു പുത്തനരങ്ങിൽ. തൃപ്പലമുണ്ട രാജൻ, നെടുമ്പുള്ളി രാംമോഹൻ, വേങ്ങേരി നാരായണൻ നമ്പൂതിരി, സദനം പ്രേമൻ (പാട്ട്), സദനം ഗോപാലകൃഷ്ണൻ, സദനം ജിതിൻ(ചെണ്ട), സദനം രാജൻ, സദനം രതീഷ് (മദ്ദളം), കലാമണ്ഡലം ശിവരാമൻ, കലാമണ്ഡലം സതീശൻ (ചുട്ടി), അപ്പുണ്ണിത്തരകനും സംഘവും (അണിയറ) എന്നിവരും അരങ്ങ് കൊഴുപ്പിക്കാനുണ്ടായിരുന്നു. മണികണ്ഠവിജയം വജ്രജൂബിലി ആഘോഷക്കമ്മിറ്റിയും പാലക്കാട് കഥകളിട്രസ്റ്റുമായിരുന്നു സംഘാടകർ.  

harigovi2@gmail.com