ഈ കാലാവസ്ഥാ വ്യതിയാനമെന്നൊക്കെപ്പറഞ്ഞാല് എന്നെപ്പോലൊള്ള പള്ളിക്കൂടത്തീലൊന്നും പോയിട്ടില്ലാത്ത ഒരു കൃഷിക്കാരന് എന്നാ മനസ്സിലാവാനാന്നേ... അതോണ്ട് ഞാനതൊന്നും അത്രകണ്ട് കാര്യായിട്ടെട്ത്തില്ലായിര്ന്നു. എന്റെ വല്യപ്പച്ചനൊണ്ടല്ലോ, മത്തായിമാപ്‌ള, പാലായീന്ന് ഈ മലയോരത്തോട്ട് കുടിയേറിയ ആദ്യത്തെ കർഷകനായിരുന്നു. എന്റെ അപ്പനും കൊച്ചപ്പമ്മാരുമൊക്കെ കൃഷിചെയ്ത് ജീവിച്ചോരായിരുന്നു. അങ്ങനെയാണല്ലോ ഞാനും ഒരു കൃഷിക്കാരനായത്. 
ആദ്യമൊക്കെ വലിയ കുഴപ്പമില്ലാരുന്നു. പത്തിരുപത് കൊല്ലം മുമ്പാണ്, ഒരു കാറ്റടിച്ച്, നാലഞ്ച് കൊല്ലം പ്രായമായ എന്റെ ഒരരയേക്കറോളം വരുന്ന റബ്ബർമരങ്ങളത്രേം അങ്ങ് വീണുപോയത്. കുഴി കുത്താനും ചെടീം വളോം മറ്റും വാങ്ങിക്കാനുമായി ആ വട്ടിപ്പലിശക്കാരൻ തോമാച്ചന്റെ കൈയീന്ന് ഞാനൊരിരുപതിനായിരം രൂപാ കടം മേടിച്ചിട്ട് തൊടങ്ങ്യ മൊതലാ, ഒറ്റ രാത്ര്യോണ്ട്... എന്നാപ്പിന്നെ അടക്കാ പറിച്ചിട്ട് അതങ്ങ് വീട്ടാമെന്ന് കര്തി. അക്കൊല്ലം അടക്കയത്രീം മഹാളി കേറിയങ്ങ് വീണടിഞ്ഞു. തോമാച്ചന്റെ നോട്ടം പിന്നെ എന്റെ തെങ്ങേലായി. അവന്റെ കണ്ണ് വീണതും അതേവരെ കേട്ടിട്ടില്ലാത്തൊരു മണ്ഡരി വന്നുപെട്ട് തേങ്ങായും തെങ്ങുമത്രേം ഒരുവഴിക്കായി. 
തോമച്ചന്റേം അവനെപ്പോലത്തെ മറ്റട്ടകളേടേം ശല്യം സഹിക്കവയ്യാതായപ്പളാണ് ഇച്ചിരിക്കാലം ഒരു പൊഴക്കരേപ്പോയി കൂരകെട്ടി ഒളിച്ചുപാർത്തത്. അക്കാലത്ത് നെൽക്കൃഷിയേലൊന്ന് കൈവെച്ചാലോ എന്ന് തോന്നി. പൊഴക്കരേല് ഒരരയേക്കർ വയല് ഞാൻ പാട്ടത്തിനെട്ത്തു. ആലീസിന്റെ കഴ്ത്തേലൊണ്ടായിര്ന്നത് പണയം വെച്ചും പിന്നെ അല്ലറച്ചില്ലറ കടം മേടിച്ചും വിത്തും മറ്റും വാങ്ങി ഞാൻ തയ്യാറായി നിന്നു. മഴ ഒന്നാം തീയതി തെന്നെ ഒണ്ടാവുംന്ന് റേഡിയോല് കാലാവസ്ഥക്കാര് പറഞ്ഞോണ്ടിരുന്നു. 
മഴ തൊടങ്ങ്യാപ്പിന്നെ ഒറ്റപ്പെയ്ത്തായിരിക്കും; വിത്ത് മൊളക്കാനൊന്നും നേരം കിട്ടില്ല. അതോണ്ട് വയലോരത്തുള്ള ഒരുത്തന്റെ പറമ്പേക്കേറി ഞാറിനുള്ള വിത്തിട്ടു. ഇടക്കൊരു വേനൽമഴ കിട്ട്യോണ്ട് വിത്ത് ഇച്ചിരിയൊക്കെ മൊളച്ചു. ഒന്നാം തീയതി വരാമെന്ന് പറഞ്ഞ മഴ, തീയതി പതിനഞ്ചായിട്ടും വരാതായപ്പം മൊളച്ചതെല്ലാം കരിഞ്ഞൊണങ്ങി. ബാക്കിയൊള്ളത് പക്ഷ്യേളും തിന്നു. റേഡിയോ തൊറന്നു നോക്ക്യപ്പോ മഴ ഇനീം ഒരാഴ്ചകൂടി വൈകൂന്ന് കാലാവസ്ഥാ കേന്ദ്രം! 
കാലാവസ്ഥ പറയുന്നോന്റെ അമ്മച്ചിക്കിട്ട് നല്ല നാല് തെറിയും വിളിച്ചോണ്ട്, റേഡിയോയും തല്ലിപ്പൊട്ടിച്ച് പിന്നേം ഞാൻ മലകേറി. പരക്കെ കടം മേടിച്ച് കണ്ട കൃഷിയൊക്കെ ചെയ്തു. കാറ്റുവീഴ്ച, മഞ്ഞളിപ്പ്, ദ്രുതവാട്ടം, തണ്ടുതുരപ്പൻ, ഇലചുരുട്ടിപ്പുഴു, ന്യൂനമർദം, അന്താരാഷ്ട്ര വിലയിടിവ്, ഉണ്ണിയീശോ, ആഗോളതാപനം തൊടങ്ങി സകല പ്രതിഭാസങ്ങളേയും കണ്ടുമുട്ടി. ഇടയ്ക്കൊക്കെ മഴയും തണുപ്പും വകവെക്കാതെ കണ്ടവന്റെയൊക്കെ റബ്ബർതോട്ടത്തേൽപ്പോയി കൂരിരുട്ടത്ത് വരെ ടാപ്പിങ്‌ ചെയ്തുകൊടുത്ത് കഞ്ഞിക്കൊള്ള വക കണ്ടെത്തി. ഒടൂല് മരച്ചീനികൃഷീക്കൂടിയൊന്ന് പരീക്ഷിക്കാമെന്നു കരുതി റബറ്്‌ നിന്നേടെത്തെ നെലം വെട്ടിക്കെളച്ച് മരച്ചീനി നട്ടുകൊടുത്തു. 
മരച്ചീനി നല്ല ഉഷാറായി വളർന്ന്‌ വിളവെടുക്കാറായപ്പളാണ് കണ്ടത്, ഓരോ മൂട്ടിലും വലിയ മാളങ്ങളുണ്ടാക്കി പെരുച്ചാഴികൾ കെഴങ്ങെല്ലാം തൊരന്നെട്ത്തിരിക്കുന്നു! എന്നിട്ടും  ‘എന്റെ കർത്താവേ’ എന്നു ഞാൻ വിളിച്ചില്ല കേട്ടോ!..
കാരണം, വർഗീസെന്നൊരു കൃഷിക്കാരൻ തന്റെ ഇടവകേലൊണ്ടെന്ന് സത്യമായിട്ടും പള്ളീലച്ചന് അറിയാമ്മേലായിരുന്നു. ഈ പെരുച്ചാഴ്യെളൊക്കെ എവിടേന്ന് വരുന്നേന്നറിയാൻ, ഒരു രാത്രി എന്റെ ആലീസും നാല് പെൺമക്കളും ഒറങ്ങ്യപ്പോ ഞാൻ കുന്നിൻ ചെരിവിലോട്ട് ചെന്നു. മരച്ചീനിച്ചെടിക്കൾക്കിടയിൽ കുറേനേരമങ്ങിനെ പതുങ്ങിയിരുന്നു. അപ്പളുണ്ട് നേർത്ത ചെല ശബ്ദങ്ങൾ... സൂക്ഷിച്ച് നോക്ക്യപ്പം എന്റെ മരച്ചീനിച്ചെടികളത്രേം കാറ്റത്തെന്നപോലെ അങ്ങനെ ആടിയൊലയുന്നു! വെളിച്ചമടിച്ച് നോക്ക്യപ്പം ഓരോ മരച്ചീനിച്ചെടിയിലേക്കും പെരുച്ചാഴികൾ ഭൂമിക്കടിയിലൂടെ അദൃശ്യമായ മാളങ്ങളുണ്ടാക്കിയിട്ടൊണ്ടെന്ന് ഒരു ഞെട്ടലോടെ ഞാനറിഞ്ഞു. മടങ്ങിച്ചെന്ന് ഇറയത്ത് വിരിച്ചിട്ട പായയിൽ നീണ്ടുനിവർന്ന് കെടന്നിട്ടും ഒത്തിരി നേരത്തെക്കെനക്ക് ഒറക്കം വന്നില്ല. 
അപ്പോളാണ് എനിക്കാ യുക്തി തോന്ന്യത്. ഞാൻ പണം കടം മേടിച്ച വട്ടപ്പലിശക്കാരത്രേം എന്നെത്തേടി എനിക്കു മൊകളിലൂടെ തലങ്ങും വെലങ്ങും പാഞ്ഞുനടക്കുന്ന ശബ്ദം ഞാൻ കേൾക്കാൻ തൊടങ്ങി. ക്രമേണ എന്റെ മലയോര ഗ്രാമത്തിലെ കൊള്ളാവുന്ന ഓരോ വീടിന്റെ ഉള്ളറകളിലേക്കും ഭൂമിക്കടിയിലൂടെ നിഗൂഢമായ ഗതഗതസംവിധാനമുണ്ടായി. അതൊന്നും അല്ല തമാശ, ഇന്നലെ കുർബാനക്ക് പോയേച്ചും വന്നപ്പം ആലീസ് പറയുവാരുന്നേ, കുർബാന കഴിഞ്ഞതും ഇടവകേലെ സൂത്രത്തിൽ കാശൊണ്ടാക്കിയവന്മാരെല്ലാം കൂട്ടമായിച്ചെന്ന്, അച്ചനോട് പറയുവാരുന്നുപോലും, ‘അച്ചോ ഈ കുർബാന കഴിഞ്ഞ് ഞങ്ങ വീട്ടേച്ചെല്ലുമ്പളേക്കും വെലപിടിപ്പുള്ളതെല്ലാം ആരാണ്ട് മോട്ടിച്ചോണ്ട് പോകുന്നെന്ന്‌... അതോണ്ട് ഞായറാഴ്ചേന്ന ദെവസത്തെ അടിയന്തിരമായി വേറൊരു ദെവസത്തേക്ക് മാറ്റിവെക്കണംന്ന് ! അല്ലേ, കാലാവസ്ഥാവ്യതിയാനമെന്നൊക്കെപ്പറീന്ന ഈ പ്രതിഭാസത്തേം, കാശുണ്ടാകുമ്പം അഹങ്കാരം മൂത്ത് വെവരം കെട്ടുപോകുന്ന മന്‌ഷമ്മാര്ടെ ഗതികേടിനേയുമൊക്കെ ഓർത്തിട്ട് ഈ മാളത്തിലിങ്ങനെ കുത്തിയിരുന്ന് ചിരിക്കാമെന്നല്ലാതെ പിന്നെ ഞാൻ എന്നാ ചെയ്യാനാ...!?

vnkkuttikkol@gmail.com