അമേരിക്കയുടെ എക്കാലത്തെയും മഹാനായ പ്രസിഡന്റായി കണക്കാക്കുന്ന എബ്രഹാം ലിങ്കൺ ലോകസാഹിത്യത്തിൽ ഏറ്റവുമധികം സർഗാത്മക രചനകൾക്ക് വിഷയമായിട്ടുള്ള വ്യക്തികളിലൊരാളാണ്. ഈ വർഷത്തെ മാൻ ബുക്കർ പുരസ്കാരത്തിന് അർഹമായ ജോർജ് സാൻഡേഴ്സിന്റെ ലിങ്കൺ ഇൻ ദി ബാർഡോ എന്ന ചരിത്രനോവൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അദ്ദേഹത്തിന്റെ ജീവിതം എഴുത്തുകാർക്ക് പ്രചോദനമാകുന്നുവെന്ന്‌ സൂചിപ്പിക്കുന്നു. ആ രാഷ്ട്രതന്ത്രജ്ഞന്റെ വ്യക്തിജീവിതത്തിലെ ഒരു ദുരന്തത്തെയാണ് ഈ കൃതി ആവിഷ്കരിക്കുന്നത്. 
അമേരിക്കയിൽ ചെറുകഥാകൃത്തെന്ന നിലയിൽ ഏറെ പ്രസിദ്ധനായ ജോർജ് സാൻഡേഴ്സിന്റെ ആദ്യനോവലാണ് ലിങ്കൺ ഇൻ ദി ബാർഡോ. ഇരുപതുവർഷത്തോളം എഴുതാനാകാതെ തന്റെ മനസ്സിനെ പൊള്ളിച്ചുകൊണ്ടിരുന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ഈ കൃതി രചിച്ചതെന്ന് അദ്ദേഹംതന്നെ സൂചിപ്പിക്കുന്നുണ്ട്. അതികഥകളും വിചിത്രകല്പനകളും നൂതനമായ ആഖ്യാനവും ചരിത്രത്തോടു ചേരുമ്പോൾ അസാധാരണ വായനാനുഭവം നൽകുന്ന നോവലുകൾ സൃഷ്ടിക്കുവാൻ കഴിയുമെന്നതിന് ഈ രചന ഒരു മികച്ച മാതൃക കൂടിയാണ്. 
1862-ൽ എബ്രഹാം ലിങ്കന്റെ പതിനൊന്നു വയസ്സുള്ള വില്ലി ലിങ്കൺ എന്ന മൂന്നാമത്തെ മകൻ ടൈഫോയ്ഡ് പനിയാൽ മരിച്ചിരുന്നു. മരണാനന്തര ചടങ്ങുകൾക്കുശേഷവും ജോർജ് ടൗണിലെ ഓക്‌ഹിൽ സെമിത്തേരിയിലെ മകന്റെ ശവകുടീരത്തിൽ അദ്ദേഹം പല പ്രാവശ്യം പോയി ശവപ്പെട്ടി തുറന്ന്‌, അവനെ മാറോടണച്ചിരുന്നുവെന്ന് അന്നത്തെ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ പിതൃ-പുത്ര ബന്ധത്തെയാണ് ജോർജ് സാൻഡേഴ്സ് തന്റെ ആദ്യനോവലിന്റെ ഇതിവൃത്തമായി സ്വീകരിച്ചിരിക്കുന്നത്. ലിങ്കന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഒരു സമയത്തെത്തിയ ആ ദുരന്തത്തിന്റെ ആഘാതത്തെ അദ്ദേഹമെങ്ങനെയാണ് നേരിട്ടതെന്നതിന്റെ സൂചനകൾകൂടി ഈ നോവലിലുണ്ട്. 
ബാർഡോയെന്നത് ടിബറ്റൻ ബുദ്ധമതവിശ്വാസപ്രകാരം മരണാനന്തരം എല്ലാവരും എത്തപ്പെടുന്ന ഒരു ഇടത്താവളമാണ്. അവിടെയെത്തുന്ന ആത്മാക്കൾ. അവരുടെ ജീവിതകാലയളവനുസരിച്ച് അവിടെ തങ്ങുകയും പിന്നീട് പുനർജനിക്കുകയും ചെയ്യുന്നു. പക്ഷേ, അവർക്ക് തങ്ങൾ മരിച്ചവരാണെന്ന ബോധ്യമുണ്ടാവുകയില്ല. ശവപ്പെട്ടിയെ ആശുപത്രിയിലെ രോഗക്കിടക്കയാണെന്നു കരുതിയാണ് അവർ അവിടെ കഴിയുന്നത്. അവർക്ക് മറ്റുള്ള മനുഷ്യരെ കാണാൻ കഴിയുമെങ്കിലും അവരുമായുള്ള ഒരു വ്യവഹാരവും സാധ്യമല്ല. പണ്ഡിതന്മാരും ബിസിനസുകാരും അടിമകളും യാചകരുമെല്ലാമായിരുന്ന ആ ആത്മാക്കൾ വിചിത്രമായ ബാർഡോയിൽ വിഭ്രമാത്മകമായ ജീവിതമാണ് നയിക്കുന്നത്. 
തന്റെ പ്രിയപ്പെട്ട മകന്റെ മൃതദേഹം കാണാനുള്ള ജോർജ് ടൗൺ സെമിത്തേരിയിലേക്കുള്ള എബ്രഹാം ലിങ്കന്റെ വരവ് അവിടത്തെ ആത്മാക്കളിൽ വലിയ ചലനം ഉണ്ടാക്കുന്നു. മരിച്ച മകനെ അദ്ദേഹം തന്നോട് ചേർത്തുപിടിക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നുവെന്നാണ് അവിടത്തെ ഒരു മുഖ്യ ആത്മാവായ റെവറൻറ്‌്‌ തോമസ് പറയുന്നത്. ഇത്രമാത്രം സ്നേഹത്തോടെയും വാത്സല്യത്തോടെയും എങ്ങനെയാണ് ലിങ്കന്‌ അവനെ സ്പർശിക്കുവാൻ കഴിയുന്നതെന്നു അവർ അദ്‌ഭുതപ്പെടുന്നുമുണ്ട്. ആ ശ്മശാനത്തിലെ ആത്മാക്കൾക്ക് സ്വന്തം ജീവിതത്തെ ശുദ്ധീകരിക്കുന്ന ഒരു അനുഭവമായാണ് ആ വരവിനെ കാണുന്നത്. 
വില്ലി, ബാർഡോയിലെ ആത്മാക്കൾക്കെല്ലാം വളരെ പ്രിയപ്പെട്ടവനാകുന്നു. അവിടെ കുട്ടികളെത്തുമ്പോൾ മറ്റ്‌ ആത്മാക്കളെപ്പോലെ ഏറെക്കാലം കാത്തിരിക്കേണ്ടിവരാറില്ലായിരുന്നു. അവർക്ക് ഒരു മണിക്കൂറോളം മാത്രം ആ ഇടത്താവളത്തിൽ കാത്തിരുന്നാൽ മതിയാകുമായിരുന്നു. പക്ഷേ, തന്റെ പിതാവ് ഇനിയും തന്നെ കാണാൻ വരുമെന്ന് കരുതി വില്ലി അവിടെനിന്നും പോകാൻ തയ്യാറാകുന്നില്ല. അവൻ അവിടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ആവശ്യത്തിലധികം അവിടെ തങ്ങുന്നത് അടുത്ത ലോകത്തിൽ ദുരിതങ്ങൾക്ക് കാരണമാകുമെന്നു അറിയുന്ന മറ്റു മുതിർന്ന ആത്മാക്കൾ അതിൽ ഏറെ അസ്വസ്ഥരാവുന്നു. 
സെമിത്തേരിയിലെത്തി തന്റെ മകന്റെ ചേതനയറ്റ ശരീരത്തെ സ്പർശിക്കുമ്പോൾ എബ്രഹാം ലിങ്കണ് താനനുഭവിക്കുന്ന മനോദുഃഖത്തിലൂടെ താൻകൂടി കാരണമായ അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ മക്കളെ നഷ്ടപ്പെട്ട ആയിരക്കണക്കിന് മാതാപിതാക്കളുടെ ആത്മവ്യഥകളെ തിരിച്ചറിയാൻ കഴിയുന്നു. തന്നെപ്പോലെ തന്റെ ചുറ്റുമുള്ള എല്ലാ മനുഷ്യരും ദുഃഖിതരാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. അവരുടെ ദുർഗതിയിൽനിന്നും മോചിപ്പിക്കുവാൻ തന്നെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്യണമെന്ന് തീരുമാനമെടുക്കുന്ന അദ്ദേഹം വളരെ വേഗത്തിൽ യുദ്ധം അവസാനിപ്പിക്കുവാനൊരുങ്ങുകയാണ്. എബ്രഹാം ലിങ്കൺ എന്ന ജനങ്ങളുടെ പ്രിയ പ്രസിഡന്റിനെയും യുദ്ധത്തിൽ ദുരിതത്തിനിരയായ കുടുംബാംഗങ്ങളുടെ ധർമസങ്കടങ്ങളെ വേദനയോടെ ഓർക്കുന്ന മനുഷ്യസ്നേഹിയെയും സ്വന്തം മകനെ അതിരറ്റു സ്നേഹിക്കുന്ന വാത്സല്യനിധിയായ പിതാവിനെയും ചരിത്രരേഖകളിൽനിന്നും ജീവചരിത്രക്കുറിപ്പുകളിൽനിന്നുമുള്ള ഉദ്ധരണികളിലൂടെയാണ് എഴുത്തുകാരൻ അവതരിപ്പിക്കുന്നത്. 
സാമ്പ്രദായിക ചരിത്രനോവലുകളുടെ ഘടനയെ ജോർജ് സാൻഡേഴ്സ് പിന്തുടരുന്നില്ല. നൂറ്റിയറുപത്തിയാറോളം വരുന്ന മരിച്ചവരുടെ ആത്മാക്കളാണ് ആഖ്യാനത്തിന്റെ ഭാഗമാകുന്നത്. അവരുടെ തീർത്തും സാങ്കല്പികമായ സംഭാഷണങ്ങളിലൂടെയും ചരിത്രരേഖകളിലുള്ള യഥാർഥസംഭവങ്ങളിൽ വിവരണങ്ങളിലൂടെയും എഴുത്തുകാരൻ നൽകുന്ന സ്വകാര്യനിർദേശങ്ങളിലൂടെയും ഇതിവൃത്തം വികസിക്കുന്നത്‌ വളരെ സ്വാഭാവികമായാണ്‌. ഈ രചനയുടെ രൂപശില്പം നോവലിന്റെയും നാടകത്തിന്റെയും ഒരു സമന്വയമാണ്. പത്തൊൻപതാം നൂറ്റാണ്ടിലെ അമേരിക്കയുടെ ചരിത്രവുമായും എബ്രഹാം ലിങ്കന്റെ ജീവിതവുമായും ബന്ധപ്പെട്ട ലഭ്യമായ എല്ലാ രേഖകളും അദ്ദേഹം പരിശോധിച്ചിട്ടുണ്ടെന്നതിന് ധാരാളം തെളിവുകൾ നോവലിലുണ്ട്. 
ദുരന്തങ്ങളിൽനിന്നുപോലും കരുണയിലേക്കുള്ള പാതകളുണ്ടെന്ന് വെളിപ്പെടുത്തുന്ന ഈ നോവൽ സമഷ്ടിസ്നേഹത്തിന്റെയും ആർദ്രതയുടെയും ഒരു ആഖ്യാനമാണ്. യുദ്ധവും സംഘർഷങ്ങളും വർധിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് സ്നേഹത്തിന്റെയും കനിവിന്റെയും ഏറെ വഴികൾ തുറക്കേണ്ടതുണ്ടെന്ന ഒരു ചരിത്രപാഠവും ഇതുൾക്കൊള്ളുന്നു. 

skmanissery@gmail.com