ലോകത്ത് എല്ലായിടത്തും പരുത്തിയുണ്ട്. പരുത്തിനൂലിന് രാഷ്ട്രീയമുണ്ടെന്ന് പറഞ്ഞുതന്നത് പക്ഷേ, നമ്മുടെ രാഷ്ട്രപിതാവാണ്.ഒരിക്കൽക്കൂടി ഒരു ഗാന്ധിജയന്തി എത്തുന്നു. നമ്മുടെ രാജ്യത്തെ പരുത്തിപ്പാടങ്ങളിൽ ഇപ്പോൾ ബി.ടി. കോട്ടൺ ആണ്. ജനിതകമാറ്റം വരുത്തിയ പരുത്തിവിത്തുകൾ. ഗാന്ധിജി കേൾക്കാത്ത ഇനം. 

പണ്ട് പരുത്തിക്കുരുവായിരുന്നു കാലിത്തീറ്റ. പരുത്തിക്കുരു ഒന്നരച്ച് കൊടുത്താൽ പശുവിൻപാലിന് കട്ടി കിട്ടുമെന്നായിരുന്നു നാട്ടറിവ്. എവിടെ കിട്ടും ഇപ്പോൾ ആ പരുത്തിക്കുരു?  പഴയ പരുത്തി? ആ അന്വേഷണം എത്തിച്ചത് ഒരു പേരിലാണ്. ക്രാക്കഡോണ. വയനാട് അതിർത്തിയോട് ചേർന്ന് ഹൊഗ്ഗനദേവഡ കോട്ടയിലെ  ജൈവകൃഷിയിടം. 

അവിടേക്ക് വിളിച്ചു. ഉടമകൾ പരിധിക്ക് പുറത്താണ്. പലവട്ടം ഇമെയിൽ സന്ദേശം അയച്ചു. മറുപടിയില്ല. മൂന്നാഴ്ച പിന്നിട്ടപ്പോൾ മഴ ചാറിപ്പെയ്ത ഒരു സായാഹ്നത്തിൽ ഫോൺ: ‘‘ഞാൻ വിവേക് കരിയപ്പ. എന്തുവേണം?’’ പരുത്തിയെപ്പറ്റി പറഞ്ഞപ്പോൾ വഴി തുറന്നു. ആ വഴി  ക്രാക്കഡോണയിലേക്കു ചെന്നു. വഴിനീളെ  നിറഞ്ഞാർത്ത്  മഴ. അതിർത്തിയിൽ ബാവലിപ്പുഴ. പിന്നെ കാടും പാടങ്ങളും ചെറുഗ്രാമങ്ങളും കടന്ന് ബീർവൽ ഗ്രാമം. നൂഗു അണക്കെട്ടിന് അടുത്താണ് ആ കൃഷിയിടം.  മുപ്പതേക്കറിൽ നൂറിലേറെ വിളകൾ. പച്ചക്കറികളും പാലും ധാന്യങ്ങളും ഇറച്ചിയും എല്ലാം ഇവിടെത്തന്നെ. ജൈവജീവിതത്തിന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ.  ജൂലി കരിയപ്പയും വിവേക് കരിയപ്പയും. രണ്ടു മക്കൾ. കബീറും ആസാദും. 

ജൂലി പറഞ്ഞു: ‘‘അന്ന് ആസാദ് കുഞ്ഞായിരുന്നു. കുന്നുകൾക്കിടയിൽ ഉദയസൂര്യൻ. ഉദയത്തിന്റെ ചന്തം കണ്ട് അവൻ പറഞ്ഞു. അമ്മേ വരൂ. ഓടി വരൂ,  നോക്കൂ, പ്രഭാതം പൊട്ടുന്നു (krakadawna - crack of a dawn)  അങ്ങനെ ഫാമിനിടാൻ ഒരു പേരു കിട്ടി-  ക്രാക്കഡോണ!’’

പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിന്റെ ശാസ്ത്ര ഉപദേഷ്ടാക്കളിൽ ഒരാളായിരുന്നു ജൂലിയുടെ അച്ഛൻ ഹുസൈൻ പാർപ്പിയ.  അക്കാലം കേന്ദ്ര ഫുഡ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ. അതിനുംമുമ്പ് മഹാത്മാവിന്റെ സേവാഗ്രാമിലെ സന്നദ്ധഭടൻ. ജൂലിയുടെ  അമ്മ അമേരിക്കയിലെ ഒറെഗണിൽ നിന്നുള്ള കരോലിൻ വിൽക്ക്‌സ്.ഡൽഹി യൂണിവേഴ്‌സിറ്റി പഠനകാലത്ത് ജൂലി വിവേകിനെ കാണുന്നു. 

‘‘എങ്ങനെയെങ്കിലും നല്ല ബിരുദം നേടണം. യു.എസ്. വിസ നേടണം. അതേ ഉണ്ടായിരുന്നുള്ളൂ അക്കാലം എല്ലാവർക്കും മനസ്സിൽ.’’ -വിവേക് കരിയപ്പ പറഞ്ഞു. കൂർഗിൽ നിന്നുള്ള മേജർ കരിയപ്പയുടെ മകൻ. ജനിച്ചത് പുണെയിൽ. അമ്മ റാവൽപിണ്ടിയിൽ നിന്നുള്ള ഇന്ദു ബാഹൽ.

അക്കാലം ഡൽഹി നടുങ്ങി. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടു. വന്മരത്തിന്റെ പതനത്തിൽ സിഖ് കൂട്ടക്കൊല അരങ്ങേറി. വിവേകും ജൂലിയും ഡൽഹി യൂണിവേഴ്‌സിറ്റിയിൽനിന്ന് പുറത്തിറങ്ങി. എരിയുകയായിരുന്നു തെരുവുകൾ. എങ്ങും അഭയാർഥികൾ, ഇരകൾ. എല്ലാം നഷ്ടമായവർ. അവർക്ക് ആശ്വാസമെത്തിക്കാൻ ഇരുവരും കൂടി. കാണാതായ ഉറ്റവരെ കണ്ടെത്താൻ. ദുരിതാശ്വാസം എത്തിക്കാൻ. പരാതി കേൾക്കാൻ. ക്യാമ്പുകളിൽനിന്ന് ആസ്പത്രികളിലേക്ക്. ഗുരുദ്വാരയിൽ നിന്ന് പോലീസ് സ്റ്റേഷനിലേക്ക്. രാപകൽ. 

‘‘നഗരത്തിന്റെ നാരുകൾ തീർത്തും നേർത്തുപോയെന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടു. ഗ്രാമങ്ങളിൽനിന്ന് ചെറു നഗരത്തിലേക്ക്. അവിടന്ന് മഹാനഗരത്തിലേക്ക്. തുടർന്ന് വിദേശത്തേക്ക്.  ഈ വളർച്ച സുസ്ഥിരമല്ലെന്ന്  ഡൽഹി കലാപം ബോധ്യപ്പെടുത്തി. നഗരംവിടാൻ തീർച്ചയാക്കി. പഞ്ചാബിൽ ഖാലിസ്ഥാൻവാദം. തമിഴ്നാട്ടിൽ എൽ.ടി.ടി.ഇ., ആന്ധ്രയിൽ നക്സലിസം. കർണാടക തെല്ലു ശാന്തമെന്ന് തോന്നി. അങ്ങനെ ഇവിടെ എത്തി’’ -വിവേക് പറഞ്ഞു.

സ്വയം ബോധ്യപ്പെടുത്താനായിരുന്നു യാത്ര. ഗ്രാമീണ ഇന്ത്യ നരകമാണെന്ന നാഗരിക കാഴ്ചപ്പാടിനെ തിരുത്തണം. ഡി. ഡി.റ്റി. പുകയ്ക്കാൻ വാതിൽ തുറന്നിടുന്ന നഗരജീവിതത്തിന് ബദലുണ്ടെന്നും അത് സുസ്ഥിരമാണെന്നും നാടിനെ അറിയിക്കാൻ വിവേകും ജൂലിയും ബീർവലിൽ എത്തി. എന്നാൽ, അത് എങ്ങനെ എന്ന് അറിഞ്ഞുകൂടായിരുന്നു. 

‘‘മൂന്നു പതിറ്റാണ്ടുകൾ ഞങ്ങൾ അന്വേഷിച്ചു. ഒടുവിൽ കണ്ടെത്തി. ഞങ്ങൾ സംതൃപ്തരാണ്-ഞങ്ങളുടെ അളവുകോലുകളിൽ. സ്വാശ്രയമാണ് ഞങ്ങളുടെ ഗ്രാമീണപറുദീസ. പ്രകൃതി മരിച്ചിട്ടില്ലെന്ന് ഇവിടെ ഞങ്ങൾ അറിഞ്ഞു.’’ -വിവേകും ജൂലിയും ചേർന്ന് ഒരൊറ്റ വാചകമാകുന്നു.  

കബനിയുടെ കൈവഴിയാണ് നുഗു നദി. ക്രാക്കഡോണയുടെ മൂന്നുപാടും ഈ നദിയാണ്. പുഴ കടന്ന് ചിലപ്പോൾ വന്യമൃഗങ്ങളെത്തും. പ്രകൃതിയും മനുഷ്യനും ഒന്നിക്കുന്ന അപൂർവത കാണാം ഈ ജൈവജീവിതത്തിൽ.  വിവേക് കരിയപ്പ പറയുന്നു: ‘‘ഭൂമി ഒരു ഒഴിഞ്ഞ പെട്ടി. അതിൽ മണ്ണും രാസവളങ്ങളും കീടനാശിനികളും ഇട്ടാൽ വേണ്ടതെല്ലാം വിളയും എന്നാണ് ഇന്നും കൃഷിശാസ്ത്രജ്ഞരുടെ ധാരണ. പ്രകൃതിക്ക് ജീവനുണ്ട്. അത് ബോധ്യപ്പെടുത്താനാണ് ഞങ്ങൾ പ്രകൃതികൃഷിയിലേക്ക് മാറിയത്. രാസവളവും കീടനാശിനിയും ഉപേക്ഷിച്ചത്. അലോപ്പതിയെ ഉപേക്ഷിച്ചത്. കുട്ടികളെ വീട്ടിൽ ഇരുത്തി പഠിപ്പിച്ചത്. ഔപചാരിക പാഠ്യക്രമങ്ങളെ നിരസിച്ചത്. തേടിയത് സുസ്ഥിരതയാണ്. സ്ഥിരത സമ്പത്തിന്റേതു മാത്രമല്ല. അത് അന്തസ്സിന്റെയും വ്യക്തിത്വത്തിന്റെയും കൂടിയാണ്. കുടുംബം, സുഹൃത്തുക്കൾ, പരസ്പരബന്ധങ്ങളിലെ മാന്യത. എല്ലാം.’’ 

ഗ്രാമീണ ഇന്ത്യയെ രക്ഷിക്കാൻ ഗോർവാല കമ്മിറ്റിയെ നിയോഗിച്ചത് ആദ്യ പ്രധാനമന്ത്രി നെഹ്രുവാണ്. ഗാന്ധിജി അതിനുംമുമ്പേ ജോൺ കൊർണേലിയസ് കുമരപ്പയിലൂടെ ഗ്രാമീണ ഇന്ത്യയുടെ വഴി ആരാഞ്ഞു. ഗോർവാല തൊട്ടിങ്ങോട്ട് നിരവധി കമ്മിറ്റികൾ. കർഷക ആത്മഹത്യകളുടെ നാടാണ് ഇന്ത്യ ഇന്നും. 

ഇതേപ്പറ്റി പറഞ്ഞപ്പോൾ ജൂലി ചോദിച്ചു: ‘‘ആർക്കുവേണ്ടിയാണ് കമ്മിറ്റികൾ. എല്ലാ സംവിധാനവും പഴയതു തന്നെ. ബ്രിട്ടീഷ് സർക്കാർ ആവിഷ്കരിച്ചത്. അന്ന് ഇന്ത്യൻ ഗ്രാമീണരെ കവരാൻ വേണ്ടി എന്ന് നമ്മൾ തന്നെ പറഞ്ഞത്. ഇന്ത്യക്കാരെ തമ്മിലടിപ്പിക്കാൻ കൊണ്ടുവന്ന നിയമങ്ങൾ തന്നെയല്ലേ ഇത്. ഇനി നയങ്ങളും നിർദേശങ്ങളും ഗ്രാമീണ ഇന്ത്യക്കാണോ വേണ്ടത്. ഗ്രാമീണ ഇന്ത്യ സർക്കാരുകളോടല്ലേ പറയേണ്ടത്.’’ ഗാന്ധിജിക്കും അംബേദ്കറിനുമിടയിൽ ഇന്ത്യൻ ഗ്രാമങ്ങൾ   ഊഞ്ഞാലാടുന്നു എന്നാണ് വിവേക് കരിയപ്പയുടെ വിലയിരുത്തൽ. രണ്ടു വലിയ വിഗ്രഹങ്ങൾക്ക് ഇടയിൽ ഇന്നും.  

‘‘അംബേദ്കർ ഗ്രാമവ്യവസ്ഥയെത്തന്നെ തള്ളിപ്പറഞ്ഞു. അത് ജാതിയുടെ തിക്തത അനുഭവിച്ചത് കൊണ്ടാണ്. ഗാന്ധിജി സ്വാശ്രയഗ്രാമത്തെയാണ് കണ്ടത്. എന്നാൽ, സ്വാതന്ത്ര്യം കിട്ടിയശേഷം സർക്കാരുകൾ എല്ലാം രാഷ്ട്രീയനയങ്ങൾ ആവിഷ്കരിച്ചു. എല്ലാം ഓരോരുത്തരുടെയും പേരിൽ. കർഷകരുടെ, തൊഴിലാളികളുടെ, വ്യവസായത്തിന്റെ ഒക്കെ പേരിൽ.  എല്ലാം ഓരോരോ താത്‌പര്യങ്ങൾ രക്ഷിക്കാനാണ്. രാഷ്ട്രീയനേതൃത്വങ്ങളെ നിയന്ത്രിക്കുന്നത് നിക്ഷിപ്ത താത്‌പര്യങ്ങളുള്ള സ്വാധീനസംഘങ്ങളാണ്. കർഷകർക്കെന്ത് സ്വാധീനം. അവന് ഒറ്റ അവകാശമേയുള്ളൂ. അഞ്ചാണ്ട് കൂടുമ്പോൾ പുതിയൊരാളെ മാലയിട്ട് ആനയിക്കാനുള്ള അവകാശം.’’ വിവിധ കമ്മിറ്റികളിൽ അംഗങ്ങളായിരുന്നു നേരത്തേ ജൂലിയും വിവേകും. വിവേക് കരിയപ്പ കർണാടക രാജ്യരയ്താ സംഘത്തിൽ പ്രവർത്തിച്ചു. കപ്പന്പാളു പഞ്ചായത്തിൽ അംഗമായി. കർണാടകസർക്കാരിന്റെ ഓർഗാനിക് ഫാമിങ്ങിനെപ്പറ്റി പഠിക്കാനുള്ള എംപവേഡ് കമ്മിറ്റി അംഗമായി. ജൂലി ഇന്റർനാഷണൽ പെസന്റ്‌സ് യൂണിയനിലെ ഇന്ത്യൻ പ്രതിനിധിയായി. 2007-ൽ കർണാടക സർക്കാരിന്റെ കൃഷി പണ്ഡിത്  അവാർഡിന് ഈ കുടുംബം അർഹമായി.

ജാതിക്കോട്ടയിൽ വിഭജിക്കപ്പെട്ട ഗ്രാമത്തിലേക്കാണ് ഉദാരീകരണം വന്നതെന്ന് ഇവർ ഓർമിപ്പിക്കുന്നു: ‘‘ഗാന്ധിജി സ്വപ്നം കണ്ടതൊന്നുമല്ല നടന്നത്. മുമ്പ് ഒരു ഈസ്റ്റ് ഇന്ത്യാ കമ്പനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് പല കമ്പനികൾ,  പല പേരിൽ. ഗ്രാമീണ ഇന്ത്യ തകരുകയാണ്. കർഷകർ നഗരങ്ങളിലേക്ക് നയിക്കപ്പെടുന്നു. എല്ലാ തരത്തിലും സ്വാതന്ത്ര്യം കവർന്നെടുക്കപ്പെടുന്നു. ഭൂമിയുടെ, സമ്പത്തിന്റെ, കൈവേലക്കാരന്റെ, കർഷകന്റെ, ജൈവവൈവിധ്യത്തിന്റെ ഒക്കെ ചെലവിലാണ് ഉദാരീകരണം. പാടത്തുനിന്ന് നഗരത്തിലെത്തി അടിമപ്പണിചെയ്യുന്ന ഗ്രാമീണന് അവന്റെ എല്ലാം നഷ്ടമാവുകയാണ്. തുച്ഛമായ ശമ്പളത്തിനുവേണ്ടി. പണം കുറച്ച് ആളുകളുടെ മാത്രം െെകയിലാണ്. ഭൂമി  ശകലീകരിക്കപ്പെടുന്നു. ഗ്രാമീണ യുവാക്കളുടെ സംഘർഷം വർധിക്കുകയാണ്. വിപണിയിലേക്ക് കടക്കാൻ കൊടുക്കേണ്ടിവരുന്ന ചെലവ് ഇപ്പോൾ അത്രയേറെ വലുതാണ്.  കുട്ടികളെ പൊട്ടിത്തെറിക്കാൻ പ്രാപ്തമാക്കുന്നവ.’’

ഈ കാഴ്ചപ്പാട് ഉള്ളതിനാൽ വിവേകും ജൂലിയും രണ്ടു മക്കളെയും സ്കൂളിൽ വിട്ടില്ല. വീട്ടിൽ ഇരുത്തി പഠിപ്പിച്ചു. തെല്ലു വളർന്നപ്പോൾ രണ്ടു പേരോടും സ്കൂളോ വീടോ തിരഞ്ഞെടുക്കാൻ പറഞ്ഞു. ഇരുവരും വീട്ടിലെ പഠനം തിരഞ്ഞെടുത്തു. കബീർ സ്വന്തമായി ജൈവകൃഷിയിടം നടത്തുന്നു. ആസാദ് പറയുന്നു: ‘‘ഞാൻ എല്ലാം കാണുന്നു. നിങ്ങളുടെ ചോദ്യത്തിന്റെ ഉന്നം എനിക്കറിയാം.  ഇവിടെ വരുന്നവരെല്ലാം എന്തു ലാഭം കിട്ടുമെന്നാണ് ചോദിക്കുന്നത്. ഞാൻ മത്സരിക്കാനില്ല.  പ്രകൃതിയെ അമ്മയെന്ന് വിളിക്കണം. എത്ര എടുത്താലും സഹിക്കുന്ന അമ്മ. എന്നാൽ, ചതിച്ചാൽ അമ്മ പൊട്ടിത്തറിക്കും. അപ്രതീക്ഷിതമായി. അത് താങ്ങാനാവില്ല.’’  ക്രാക്കഡോണ ഫാം കാണിച്ചു തന്നത്  ആസാദാണ്. 

‘‘ഇവിടെ ആനയും പുലിയും വരാറുണ്ട്. മയിലുകൾ വരാറുണ്ട്. നൂറുകണക്കിന് കിളികൾ. പാമ്പുകൾ, പഴുതാരകൾ. തവളകൾ. മൃഗങ്ങളെ നമ്മൾ പേടിക്കേണ്ട. അവയ്ക്ക് മനുഷ്യനെയാണ് പേടി. എനിക്ക് എല്ലാത്തിന്റെയും മണം പോലും അറിയാം.’’

രാഷ്ട്രീയനിലപാടുകൾ ചോദിച്ചാൽ ആസാദ് പറയും: ‘‘ഇടതും വലതും നടുക്കുമുള്ള ആശയങ്ങൾ ഞാൻ പഠിച്ചിട്ടുണ്ട്. ചെ ഗുവേരയെ എനിക്ക് ഇഷ്ടമാണ്. പക്ഷേ, ഈ ചോദ്യം പോലും അപകടകരമായ ലക്ഷ്യങ്ങളുള്ളതാണിപ്പോൾ. ഇവിടെയെത്തുന്ന മൃഗങ്ങൾ സംസാരിക്കുന്നതിനെക്കാൾ എന്നെ ശമിപ്പിക്കുന്നില്ല മറ്റൊന്നും. പ്രകൃതി പറയുന്നത് കേൾക്കാനാണ് എനിക്കിഷ്ടം. ഞാൻ ഇപ്പോഴും പഠിക്കുകയാണ്. ഒരുപക്ഷേ, അവസാനം വരെ’’  വിളവെടുപ്പിന് പാകമാണ് മധുരനാരകങ്ങൾ. പേരയ്ക്കപ്പൂക്കളുണ്ട് സുഗന്ധം പരത്താൻ. മാമ്പൂവിന്റെ ഭംഗിയുണ്ട് എവിടെയും.   ഇഞ്ചിയും ഏലവും കരയാമ്പൂവും എല്ലാം നിറഞ്ഞ  സുഗന്ധവിളത്തോട്ടം.  എണ്ണമറ്റ പച്ചക്കറികൾ. എല്ലാം ഇടവിട്ടാണ്. പച്ചക്കറികളും ഒന്നിച്ചാണ്. ഒന്നിടവിട്ട് വരികളായി. പലതരത്തിൽ. പല പ്രായത്തിൽ.

‘‘കീടനിയന്ത്രണം മാത്രമല്ല ലക്ഷ്യം. പ്രകൃതി ഇങ്ങനെയല്ലേ. ചിലത് ഉയരത്തിൽ. ചിലത് ചെറുത്. ചിലത് വളഞ്ഞത്. ചിലത് പടരുന്നവ. എന്നാൽ എല്ലാം പരസ്പരം സമന്വയിക്കുന്നത്. ഇവ നമ്മളെ ഒരുപാട് പഠിപ്പിക്കുന്നു’’ -ജൂലി കരിയപ്പ.പരുത്തി വിളവെടുത്തിരിക്കുന്നു. കറുത്തുണങ്ങിയ ചെടികളിൽ വെൺപരുത്തി.  ‘‘പരുത്തിക്കുരുവിനുവേണ്ടി  വിത്തുഭീമന്മാർക്കു മുന്നിൽ ഞങ്ങൾക്ക് വരി നിൽക്കേണ്ട. വിവിധ ഇനം വിത്തുകൾ െെകയിലുണ്ട്. ജനിതകം മാറാത്തവ. കൃഷി കുറയുന്ന ഘട്ടത്തിൽ ഞങ്ങൾ പരുത്തിയെ നൂലാക്കി നെയ്യാൻ തുടങ്ങും. അഞ്ചു ഘട്ടങ്ങളിലായി ഇത് തുണിയായി മാറും. ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമായ ശരിക്കുള്ള നീലം ഞങ്ങൾ ചായത്തിന് സംസ്കരിച്ചെടുത്ത് ഉപയോഗിക്കും. (നീലത്തിന്റെ  കട്ടകൾ പ്രത്യേകം സംസ്കരിച്ചുെവച്ചിട്ടുണ്ട്.)  തുരുമ്പും മണ്ണുമെല്ലാം നിറങ്ങളാവും. നമുക്ക് സ്വാതന്ത്യം നേടിത്തന്നത് ഈ പരുത്തിച്ചെടിയാണ്’’ -സ്വന്തം ഉടുപ്പിൽ അഭിമാനത്തോടെ പിടിച്ച് വിവേക്.    പശുക്കളും കോഴിയും ഉണ്ട് ഫാമിൽ. ‘‘നമ്മുടെ ഒരു സർക്കാരും മൃഗങ്ങളുടെ അവകാശങ്ങളെപ്പറ്റി ആലോചിക്കുന്നേയില്ല. രാഷ്ട്രീയമായി അല്ലാതെ. ജൈവവൈവിധ്യം നശിപ്പിക്കപ്പെടുന്നതിൽ ഏറെ വേവലാതി മിണ്ടാപ്രാണികൾക്കാവണം. എല്ലാം തനിക്കുവേണ്ടിയെന്ന് മനുഷ്യൻ എപ്പോഴും കരുതുന്നുണ്ടാവുമല്ലോ’’ 

-കോഴിത്തീറ്റയായി ജൂലി പുല്ലു വിതറി.   രാജ്യാന്തരഭീമന്മാരുടെ െെകയിലാണ് ഇന്ന് ഇന്ത്യൻ പരുത്തിപ്പാടങ്ങളുടെ നിയന്ത്രണം. കർഷക ആത്മഹത്യകൾ പെരുകുകയാണ് വിദർഭയിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും  എല്ലാം. വൻകിട കമ്പനികളുടെ നിയന്ത്രണത്തിലാണ് ഇന്ത്യൻ പരുത്തിപ്പാടങ്ങൾ. വിത്തായാലും കീടനാശിനി ആയാലും ബി.ടി. കോട്ടൺ കാലത്ത് പരാശ്രയം ഇല്ലാതെ കിട്ടില്ല. ചെറിയ ഉദ്‌പാദകർക്ക് നിലനിൽക്കാൻ ആവാത്തവിധം നൂൽനൂൽപും നെയ്ത്തും മാറുകയാണ്. 1921 ഓഗസ്റ്റ് എട്ടിന് യങ്‌ ഇന്ത്യയിൽ ഗാന്ധിജി എഴുതി:   ‘ചർക്ക രാജ്യത്തിന്റെ അഭിവൃദ്ധിയുടെയും സ്വാതന്ത്യത്തിന്റെയും സമാധാനത്തിന്റെയും അടയാളമാണ്. ലോകത്തെ  വെല്ലുവിളിക്കുന്ന നാവികസേനയുടെ സംരക്ഷണമല്ല അതിന് വേണ്ടത്.  അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കാനുള്ള അവകാശം പോലെ നൂൽനൂൽക്കാനുള്ള സ്വാതന്ത്ര്യമാണ്. ചർക്കയുടെ നഷ്ടമാണ് നാടിന്റെ അടിമത്തമായത്. വീടുകളിൽ  ചർക്ക തിരിയുന്നത് ഇന്ത്യയുടെ  സ്വാതന്ത്യത്തിലേക്കാണ്.’  ബീർവലിൽ ക്രാക്കഡോണയിലെ കറുത്ത പരുത്തിപ്പാടത്ത് വീണ്ടും പരുത്തിക്കുരു വിതച്ചിരിക്കുന്നു. പുറത്തെ പാടങ്ങളിൽ മഴയിൽ നനയുകയാണ് വിളഞ്ഞ പരുത്തി. വലിയ വെളുത്ത ഭാണ്ഡങ്ങളും പേറി ചരക്കുലോറികൾ അന്തിക്കവലകളിൽ യാത്ര കാത്തു കിടക്കുന്നു. രാജ്യത്തെ തൊണ്ണൂറു ശതമാനത്തിലേറെ പാടങ്ങളിലും ഇന്ന് ജനിതകമാറ്റം വരുത്തിയ പരുത്തിയാണ് കൃഷിചെയ്യുന്നത്.  ഓ, വീണ്ടും ഗാന്ധിജയന്തി എത്തുകയാണ്!

kmadhu@mbnews.in