മക്കളേ, 

ഇന്നു നമ്മുടെ ഓരോ ചിന്തയും വാക്കും പ്രവൃത്തിയും ‘ഞാൻ ചെയ്യുന്നു’ എന്ന ഭാവത്തോടെയാണ്. ഈ ഭാവത്തോടെ എത്ര കർമംചെയ്താലും ഈശ്വരകൃപ നേടുവാൻ ആവില്ല. അതിനാൽ  ഞാനെന്ന ഭാവത്തെ ഉപേക്ഷിച്ച്‌, അവിടുത്തെ ശക്തികൊണ്ട് ചെയ്യുന്നു, അവിടുത്തേക്കുള്ള അർപ്പണമായി ചെയ്യുന്നു എന്ന ഭാവം വളർത്തണം.
രാത്രിയിൽ ഹൈവേയിൽക്കൂടി വാഹനങ്ങൾ ഓടിച്ചുവരുമ്പോൾ, വഴികാണിക്കുന്ന പല ബോർഡുകളും കാണാം. നല്ല തിളക്കത്തിൽ അവ കാണാൻ സാധിക്കും. ആ ബോർഡു ചിന്തിക്കുകയാണ്: ‘‘കണ്ടില്ലേ, ഞാനിവിടെ പ്രകാശിച്ചുനില്ക്കുന്നതുകൊണ്ട്‌ വാഹനങ്ങൾക്കുപോകാൻ കഴിയുന്നു!’’ 
വാഹനങ്ങളുടെ പ്രകാശത്തിലാണ്‌ ബോർഡുകൾ തിളങ്ങുന്നത്. സ്വയം തിളങ്ങാനുള്ള ശക്തി ബോർഡുകൾക്കില്ല. ഇതുപോലെ നമ്മളെല്ലാം ‘ഞാൻ ചെയ്യുന്നു’ എന്നു പറയും. എന്നാൽ, നമുക്കു പ്രവർത്തിക്കാനുള്ള ശക്തി എവിടെ നിന്നുമാണ്‌ ലഭിക്കുന്നതെന്നു നമ്മൾ ചിന്തിക്കുന്നില്ല. വഴിയരികിലെ ബോർഡിനെപ്പോലെ സ്വയം അഹങ്കരിക്കുന്നു. ഈശ്വരശക്തിയില്ലെങ്കിൽ ഒരു ചെറുവിരൽ അനക്കാൻക്കൂടി നമുക്കു കഴിയില്ലെന്ന കാര്യം നമ്മൾ വിസ്മരിക്കുന്നു. 
‘‘ഞാനെല്ലാം ചെയ്യുന്നു’’ എന്നു പറയുന്നതിനിടയിൽത്തന്നെ നമ്മുടെ കൈകൾക്ക് ചലനശേഷി നഷ്ടമാകാം. അപ്പോൾപ്പിന്നെ എന്തുചെയ്യാൻ സാധിക്കും? എന്തിന്, നമ്മുടെ ശ്വാസം നിലയ്ക്കാൻപോലും എത്ര സെക്കൻഡു വേണം? ഏതു സമയത്താണ് അതുണ്ടാവുകയെന്ന് ആർക്കാണ് നിശ്ചയമുള്ളത്? അതുപോലെ കർമത്തിന്റെ ഫലത്തിലും നമുക്ക് യാതൊരു നിയന്ത്രണവുമില്ല. ഒരു കർമം കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കണമെങ്കിൽ അനേകം ഘടകങ്ങൾ ഒത്തുവരണം. ഈശ്വരകൃപയുണ്ടെങ്കിലേ എല്ലാ ഘടകങ്ങളും ഒത്തുവരൂ. ചുരുക്കത്തിൽ ഈശ്വരശക്തി ഒന്നുകൊണ്ടു മാത്രമാണ്‌ ലോകത്തിൽ എല്ലാം നടക്കുന്നത്. ഇതിനർഥം നമ്മൾ പ്രയത്നിക്കേണ്ട എന്നല്ല. ഞാൻ അവിടുത്തെ കൈയിലെ വെറുമൊരു ഉപകരണം മാത്രമാണ് എന്ന ഭാവത്തിൽ വേണം കർമം ചെയ്യാൻ. 
ഒരു കുട്ടി അതിന്റെ അമ്മയുടെ പിറന്നാളിന് ഒരു സമ്മാനം വാങ്ങി. അമ്മയുടെ അടുത്തെത്തി.: ‘‘അമ്മേ, ഞാൻ അമ്മയ്ക്ക്‌ ഒരു നല്ല സമ്മാനം കൊണ്ടുവന്നിട്ടുണ്ട്. ഇതാ നോക്കൂ’’ എന്നു പറഞ്ഞുകൊണ്ടു അവൻ സമ്മാനം എടുത്തു നീട്ടി. 
‘‘നിനക്കിതു വാങ്ങുവാൻ പണം എവിടെനിന്നു കിട്ടി?’’, സമ്മാനം കണ്ട അമ്മ ചോദിച്ചു. 
‘‘അമ്മ തന്നിരുന്ന പോക്കറ്റ്മണിയിൽനിന്ന് എടുത്തു’’, ഇതായിരുന്നു കുട്ടിയുടെ മറുപടി.
ഇതുപോലെ നമ്മൾ ‘‘ഞാൻ ചെയ്യുന്നു, ഞാൻ ചെയ്യുന്നു’’ എന്നു പറയും. വാസ്തവത്തിൽ അതെല്ലാം ചെയ്യാനും പറയാനുമുള്ള ശക്തി ലഭിച്ചത് ഈശ്വരനിൽനിന്നാണ്. അതു മറക്കുവാൻ പാടില്ല. ഈശ്വരന്റെ കൈകളിലെ ഉപകരണം മാത്രമാണ് ഞാൻ എന്ന ഭാവം വളർത്താൻ ശ്രമിക്കണം. അപ്പോൾ ഈശ്വരകൃപ താനേ ഹൃദയത്തിൽ വന്നുനിറയും. 
അമ്മ