മക്കളേ, 
ഇന്ന്‌ നമ്മുടെരാജ്യത്ത്‌ പൊതുവേ ദൈവവിശ്വാസികളുടെ എണ്ണം വർധിച്ചുവരികയാണ്. ആരാധനാലയങ്ങളിൽ ജനങ്ങൾ തടിച്ചുകൂടുന്നു. എന്നാൽ പലപ്പോഴും ഈ മതബോധം അവരുടെ നിത്യജീവിതത്തിൽ പ്രതിഫലിച്ചുകാണാൻ കഴിയുന്നില്ല. മൂല്യച്യുതിയും അഴിമതിയും ഭോഗാസക്തിയും വർധിച്ചുവരുന്നതായിട്ടാണ്‌ കാണുന്നത്‌.
നമ്മുടെ മതബോധം പൊതുവേ ആചാരപരമാണ്. മതതത്ത്വങ്ങളും മൂല്യബോധവും വേണ്ടവണ്ണം ഉൾക്കൊണ്ടുകൊള്ളുള്ള ഒരു രീതിയല്ല പരക്കെ കാണുന്നത്. പലർക്കും സ്വന്തം മതതത്ത്വങ്ങളെക്കുറിച്ച് ശരിയായ അറിവില്ല. ആരാധനാലയങ്ങളിൽനിന്ന് കിട്ടുന്ന അറിവുപോലും മൂല്യബോധം വളർത്തുന്നതിലുപരി സാമുദായികബോധം വളർത്തലാണ് ലക്ഷ്യമാക്കുന്നത്. മതത്തിനുവേണ്ടി മരിക്കാൻ ആയിരങ്ങൾ തയ്യാറാണ്. എന്നാൽ മതതത്ത്വങ്ങൾക്കും മൂല്യങ്ങൾക്കുംവേണ്ടി ജീവിക്കാൻ അധികമാരും തയ്യാറല്ല. ഇതാണ് ഇന്നു കാണുന്ന മൂല്യച്യുതിക്ക്‌ ഒരു പ്രധാന കാരണം. 
മിക്ക ഭക്തന്മാർക്കും മതത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെപ്പറ്റി കാര്യമായ അറിവില്ല. പലരും പൂർവികർ ചെയ്തിരുന്നത് അതേപടി അനുകരിക്കുകയാണ്. ഒരിക്കൽ ഒരു തോട്ടംനടത്തിപ്പുകാരൻ, നാലു ജോലിക്കാരെ വിളിച്ച് ഓരോ ജോലി ഏല്പിച്ചു. ഒന്നാമൻ കുഴികൾ കുഴിക്കണം, രണ്ടാമൻ അവയിൽ വിത്തിടണം, മൂന്നാമൻ അവയ്ക്കു വെള്ളമൊഴിക്കണം, നാലാമൻ കുഴികൾ മണ്ണിട്ടുമൂടണം. അവർ ജോലി തുടങ്ങി. ഒന്നാമൻ കുഴികളെടുത്തു. എന്നാൽ വിത്തിടേണ്ടയാൾ സമയത്തിനെത്തിയില്ല. ഇതു കാര്യമാക്കാതെ മൂന്നാമൻ വെള്ളമൊഴിച്ചു, നാലാമൻ കുഴികൾ മൂടുകയും ചെയ്തു. ഫലമോ, അവർ ചെയ്ത ജോലിയെല്ലാം പാഴായി. ഈ ജോലികൾ എല്ലാം ചെയ്തതു വിത്തിട്ടു കിളിർപ്പിക്കുന്നതിനുവേണ്ടിയാണ്, എന്നാൽ അതുമാത്രം ഉണ്ടായില്ല. ഇതുപോലെയാണ്‌ മതവിശ്വാസികളും. ശരിയായ തത്ത്വം ഉൾക്കൊണ്ട് അതു ജീവിതത്തിൽ പകർത്താൻ ശ്രമിക്കാതെ, വെറും ആചാരം എന്നവണ്ണം എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. ഇതുമൂലം മതവിശ്വാസികളുടെ എണ്ണം വർധിച്ചെങ്കിലും ഭക്തികൊണ്ടുള്ള പ്രയോജനം സമൂഹത്തിൽ വേണ്ടത്ര കാണാൻകഴിയുന്നില്ല. 
ഈശ്വരസ്മരണയും നല്ല മൂല്യങ്ങളും വളർത്തുക എന്നതാണ് ആചാരങ്ങൾ കൊണ്ട് മുഖ്യമായി ഉദ്ദേശിക്കുന്നത്. ശരിയായ ശീലങ്ങൾ വളർത്താൻ ആചാരങ്ങൾ സഹായിക്കും. ആചാരങ്ങൾ അനുഷ്ഠിക്കുന്നതിലൂടെ ജീവിതത്തിന്‌ അടുക്കും ചിട്ടയും ഉണ്ടാകും. എന്നാൽ തത്ത്വമറിഞ്ഞ് അവ അനുഷ്ഠിക്കാൻ നമ്മൾ തയ്യാറാകണം. 
താൻ ശരീരമാണെന്ന ബോധത്തിൽ കഴിയുന്നിടത്തോളം മനുഷ്യന് ആചാരങ്ങൾ ആവശ്യമാണ്. എല്ലാം ഈശ്വരനാണ്, ബ്രഹ്മമാണ് എന്നൊന്നും പറഞ്ഞതു കൊണ്ടായില്ല. നമുക്കത് അനുഭവത്തിലില്ല. ചെറിയകുട്ടികളെ എണ്ണംപഠിപ്പിക്കാൻ പടങ്ങളും മഞ്ചാടിക്കുരുവുമൊക്കെ ആവശ്യമാണ്. അതുപോലെ ഇപ്പോൾ നമ്മുടെ മനസ്സിനെ സ്വാധീനമാക്കാൻ ആചാരങ്ങൾ വേണം. 
നമ്മൾ ആചാരം പാലിച്ചാലും ഇല്ലെങ്കിലും ദൈവത്തിനൊന്നുമില്ല. പക്ഷേ, നമുക്കു വളരാൻ ആചാരം വേണം. ആചാരമില്ലെങ്കിൽ ധർമംതന്നെ ഇല്ലാതാകും. സാന്മാർഗികതയും സാമൂഹികഭദ്രതയും സംരക്ഷിക്കപ്പെടുന്നത് ആചാരങ്ങളിലൂടെ യാണ്.

അമ്മ