മക്കളേ, 

വീണ്ടുമൊരു സ്വാതന്ത്ര്യദിനം വന്നെത്തി. സ്വാതന്ത്ര്യം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. സ്വാതന്ത്ര്യബോധം നമ്മിലെ ഉത്സാഹത്തെ ഉണർത്തും. കഴിവുകളെ വികസിപ്പിക്കും. എന്നാൽ, സ്വാതന്ത്ര്യബോധത്തോടൊപ്പം വിവേകവും ഉത്തരവാദിത്വബോധവും അത്യാവശ്യമാണ്.
  നമ്മുടെ അവകാശങ്ങളെക്കുറിച്ചു ചിന്തിക്കുന്നതോടൊപ്പം നമ്മുടെ ഉത്തരവാദിത്വങ്ങളെയും നമ്മളോർക്കണം. മാതാപിതാക്കളോടു നമുക്കു കടമയുണ്ട്. അധ്യാപകരോടും ഗുരുജനങ്ങളോടും കടമയുണ്ട്. സമൂഹത്തോടു കടമയുണ്ട്. നമ്മുടെ രാഷ്ട്രത്തോടും സംസ്കാരത്തോടും ഒരു കടമയുണ്ട്. സമസ്ത പ്രകൃതിയോടും നമ്മൾ കടപ്പെട്ടിരിക്കുന്നു. ആ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ നമ്മൾ ഓരോരുത്തരും മുന്നോട്ടുവരണം. 
  എത്രതന്നെ സാമ്പത്തികപുരോഗതി നേടിയാലും ഭാരതത്തിൽ ജനങ്ങൾ പട്ടിണികിടക്കുന്ന കാലത്തോളം, നിരക്ഷരതയിൽ കഴിയുന്ന കാലത്തോളം, ഏതെങ്കിലും ജനവിഭാഗങ്ങൾ ഭയത്തിൽ കഴിയുന്ന കാലത്തോളം ഒരു രാഷ്ട്രമെന്നനിലയ്ക്ക് നമുക്ക് അഭിമാനിക്കാൻ കഴിയില്ല.
  ഇന്ന് നമ്മുടെ രാജ്യത്ത് പ്രാദേശികവും ജാതീയവും സാമുദായികവുമായ സങ്കുചിതബോധം വളർന്നുവരികയാണെന്നത് ദുഃഖകരമാണ്. നമുക്ക് ജാതിബോധം, സമുദായബോധം, പാർട്ടിബോധം തുടങ്ങിയവ വളരെ ശക്തമായുണ്ട്. എന്നാൽ, സാമൂഹികബോധവും രാഷ്ട്രബോധവും മൂല്യബോധവും കുറഞ്ഞുവരുന്നു. എവിടെയെങ്കിലും ഒരു തീവണ്ടി അപകടമുണ്ടായാൽ അല്ലെങ്കിൽ ബോംബ് സ്ഫോടനം ഉണ്ടായാൽ അതിൽ നമ്മുടെ ബന്ധുക്കളും സുഹൃത്തുക്കളുമൊന്നും പെട്ടിട്ടില്ലെന്നറിഞ്ഞാൽപ്പിന്നെ നമുക്കു വിഷമമില്ല. പിന്നെ അടുത്ത സ്ഫോടനവാർത്തയ്ക്കായി കാത്തിരിക്കുകയായി. അത്രമാത്രം നമ്മൾ സ്വാർഥരായിപ്പോയിരിക്കുന്നു. എങ്കിലും നമ്മുടെ രാജ്യത്ത് നന്മയുടെ തെളിനാളങ്ങൾ പൂർണമായും കെട്ടുപോയിട്ടില്ല എന്നത് പ്രതീക്ഷയ്ക്കു വകനല്കുന്നു.
  ഗുജറാത്തിൽ ഭൂകമ്പമുണ്ടായ സമയം. ഭൂകമ്പത്തിൽ ഒരു ചെറുപ്പക്കാരന്റെ കട തീർത്തും തകർന്നുപോയി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയ ഒരു സംഘടന ആ യുവാവിനു ഒരു ലക്ഷം രൂപനല്കാൻ തയ്യാറായി. ആ സംഘടനയുടെ പ്രതിനിധി ആ യുവാവിനോടു ചോദിച്ചു. ‘‘ഈ പണംകൊണ്ടു നിങ്ങൾ എന്തുചെയ്യും?’’ കട വീണ്ടും തുടങ്ങുമെന്ന ഉത്തരമാണ്‌ അവർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, യുവാവിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘‘എന്റെ കട നിന്നതിന്‌ അടുത്ത് ഒരു വീടുണ്ടായിരുന്നു. ആ വീട്ടുകാരനു ഭാര്യയും നാലു കുട്ടികളുമുണ്ട്. എനിക്കിപ്പോൾ കയറിക്കിടക്കാൻ ഒരു വീടുണ്ടല്ലോ. അതിനാൽ ഈ പണംകൊണ്ട്‌ ഞാൻ അവർക്ക്‌ ഒരു വീടു പണിയാൻ സഹായിക്കും.’’ 
   ഇതുപോലെയുള്ള നിസ്വാർഥവും ത്യാഗപൂർണവുമായ മനസ്സാണു നാം നേടിയെടുക്കേണ്ടത്. സമൂഹത്തിൽനിന്ന്‌ എടുക്കുന്നതിലധികം സമൂഹത്തിനു കൊടുക്കുക എന്ന വ്രതം നമ്മൾ സ്വീകരിക്കണം. വ്യക്തിബോധം സമൂഹബോധവും രാഷ്ട്രബോധവുമായി വികസിക്കണം. മതബോധം മൂല്യബോധമായി വളരണം. ഞാൻ എന്ന ഭാവത്തിൽനിന്നും നമ്മൾ എന്ന ഭാവത്തിലേക്കാണ് വളരേണ്ടത്, ഞങ്ങൾ എന്ന ഭാവത്തിലേക്കല്ല.
അമ്മ