ജോലിയുടെ സ്വഭാവംകൊണ്ട് മറ്റു സർക്കാർ സർവീസുകളിൽനിന്ന്‌  ഐ.എഫ്.ഒ.എസുകാർ വ്യത്യസ്തരാണ്. പ്രകൃതിയുടെ ആവാസവ്യവസ്ഥയറിഞ്ഞ് ജോലിചെയ്യുന്നവരാണ് ഇവർ. പരിസ്ഥിതിസംരക്ഷണം, വന്യജീവി പരിപാലനം, പ്രകൃതിയെ ആശ്രയിച്ച് ജീവിക്കുന്നവരുടെ ജീവിതനിലവാരം ഉയർത്തൽ തുടങ്ങി ഒട്ടേറെ ജോലികൾ ഇന്ത്യൻ ഫോറസ്റ്റ് സർവീസിന്റെ ഭാഗമാകുന്ന ഉദ്യോഗസ്ഥനുണ്ട്.

സിവിൽ സർവീസിനും ഫോറസ്റ്റ് സർവീസിനും പ്രിലിമിനറി പരീക്ഷ ഒന്നാണ്. കട്ട് ഓഫ് മാർക്കിന് മാറ്റമുണ്ടാകും. സിവിൽ സർവീസിനെക്കാൾ ഫോറസ്റ്റ് സർവീസിനാണ് കട്ട് ഓഫ് മാർക്ക് കൂടുതൽ. മെയിൻ പരീക്ഷയ്ക്ക് (ഫോറസ്റ്റ് സർവീസ്) ഓപ്ഷണൽ വിഷയങ്ങൾ കുറവാണ്. ആത്മവിശ്വാസത്തോടെ സിലബസ് അറിഞ്ഞ് പഠിച്ചാൽ വിജയം ഉറപ്പാണെന്ന് ഈ വർഷത്തെ ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ റാങ്കുകാർ പറയുന്നു. തിരുവനന്തപുരം സ്വദേശികളായ ടി. ആര്യശ്രീ (18-ാം റാങ്ക്), പി.ജെ. ഹരികൃഷ്ണൻ (53-ാം റാങ്ക്), കോഴിക്കോട് നടക്കാവ് സ്വദേശി പി. സുർജിത് (80-ാം റാങ്ക്) എന്നിവരാണ് ഐ.എഫ്.ഒ.എസിൽ കേരളത്തിൽനിന്ന്‌ മികച്ച റാങ്ക് നേടിയവർ.


ജോലി രാജിവെച്ച് ആര്യശ്രീ ഐ.എഫ്.ഒ.എസിലേക്ക്

അപ്ലൈഡ് ഇലക്‌ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷനിൽ ബി.ടെക്. ബിരുദം, ഡൽഹി ഐ.ഐ.ടി.യിൽനിന്ന് ഇൻസ്ട്രുമെന്റേഷൻ ടെക്‌നോളജിയിൽ എം.ടെക്. മദ്രാസ് ഐ.ഐ.ടി. റിസർച്ച് പാർക്കിലെ സ്റ്റാർട്ടപ്പ് കമ്പനിയിൽ പ്രോജക്ട് എൻജിനീയറായി ജോലി. ഈ സമയത്താണ് സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ എഴുതിനോക്കുന്നത്. പ്രശ്നമില്ല, പഠിച്ചാൽ വിജയിക്കുമെന്ന വിശ്വാസത്തിൽ ജോലി രാജിവെച്ച് തിരുവനന്തപുരത്തുവന്ന് പഠനം തുടങ്ങി. കൂടെ സിവിൽ സർവീസ് അക്കാദമിയിൽ പരിശീലനം. ലക്ഷ്യം സിവിൽ സർവീസ് ആയിരുന്നെങ്കിലും പ്രിലിമിനറി ഫലം വന്നപ്പോൾ ഫോറസ്റ്റ് സർവീസ് മെയിൻ പരീക്ഷയ്ക്ക് തയ്യാറെടുപ്പുതുടങ്ങി. പ്രിലിമിനറി പരീക്ഷ കുറച്ച് ബുദ്ധിമുട്ടായി തോന്നിയെന്ന് ആര്യശ്രീ പറയുന്നു.

  പത്രം, മാഗസിൻ തുടങ്ങിയവ നിർബന്ധമായും വായിക്കണം  വിവരശേഖരണത്തിന് ഇന്റർനെറ്റ്. ഒരുവിഷയത്തിൽതന്നെ കൂടുതൽ വിദഗ്ധാഭിപ്രായങ്ങൾ ഇന്റർനെറ്റിൽ ലഭിക്കും  ശാസ്ത്രവിഷയങ്ങൾ മനസ്സിലാക്കാൻ യൂട്യൂബ് വീഡിയോകൾ ആശ്രയിക്കാം   എഴുത്തുപരീക്ഷയാണ് പ്രധാനം. കൂടുതൽ മാർക്ക് നേടാൻ കഴിയുന്നരീതിയിൽ എഴുതി പഠിക്കണം   പ്രധാനഭാഗങ്ങൾ കണ്ടെത്തി, പുസ്തകങ്ങൾ വരുത്തി വീട്ടിൽ ഇരുന്ന് പഠിച്ചു.  ഇംഗ്ലീഷ്/പൊതുവിജ്ഞാന മേഖലകൾ നേരത്തേ നല്ല പരിചയമുണ്ടായിരുന്നു.   വ്യക്തിത്വപരിശോധനയാണ് പെഴ്‌സണാലിറ്റി ടെസ്റ്റ്. വിവിധ സ്ഥാപനങ്ങളുടെ മോക് ടെസ്റ്റിൽ പങ്കെടുക്കാം.   മുതിർന്ന സിവിൽ സർവീസ്/ഐ.എഫ്.ഒ.എസ്. ഉദ്യോഗസ്ഥരുമായി പരീക്ഷ, സർവീസ് എന്നീ കാര്യങ്ങളെക്കുറിച്ച് സംസാരിക്കണം.  മെയിൻ പരീക്ഷ എഴുതുന്നതിനുമുൻപ് ഉദ്യോഗാർഥിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓൺലൈനായി നൽകണം. പെഴ്‌സണാലിറ്റി ടെസ്റ്റിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ വരാം.


ടെൻഷനില്ലാതെ വിജയിക്കാം പി. സുർജിത്

കോഴിക്കോട് എൻ.ഐ.ടി.യിൽനിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക്.

 ഏതെല്ലാം വിഷയങ്ങളാണ് പഠിക്കേണ്ടതെന്ന് വ്യക്തമായ ധാരണവേണം. പിന്നീട് നോട്ട് തയ്യാറാക്കി മുന്നേറുക  പ്രിലിമിനറി വിജയിച്ചാൽ ഫോറസ്റ്റ് സർവീസ്, സിവിൽ സർവീസ് - മെയിൻ പരീക്ഷ എഴുതാൻ യോഗ്യതയായി. ഏതെങ്കിലും ഒന്ന് ലക്ഷ്യമാക്കി തുടർന്ന് പഠിക്കുക  ഫോറസ്റ്റ് സർവീസാണ് ലക്ഷ്യമെങ്കിൽ ആദ്യമേ പഠിച്ചുതുടങ്ങുക. കാരണം ഓപ്ഷണൽ വിഷയങ്ങൾ കുറവാണ്. പലതും പഠിച്ചെടുക്കേണ്ടിവരും. കെമിക്കൽ എൻജിനീയറിങ്, ജിയോളജി എന്നിവയായിരുന്നു ഓപ്ഷണൽ വിഷയങ്ങൾ.  ടെൻഷനില്ലാതെ പഠിക്കാൻ ശ്രമിക്കുക. സിവിൽ സർവീസിന് തയ്യാറെടുക്കാൻ പറ്റിയ സ്ഥലമാണ് കേരള സിവിൽ സർവീസ് അക്കാദമി  പത്രം, ആനുകാലികങ്ങൾ തുടങ്ങിയവ വായിക്കുക. ഓരോ വിഷയത്തിലും സ്വന്തമായി നിലപാട് രൂപപ്പെടുത്തുക.


എൻജിനീയറിങ്ങിൽ അഭിരുചിതന്നെ കാര്യം

# സുനിൽ തിരുവമ്പാടി

എൻജിനീയറിങ്ങിലുള്ള 100 ശതമാനം അഭിരുചിയാണ് ഗേറ്റ് പരീക്ഷയിൽ കശ്യപ് വി. കരുണിനെ ഗേറ്റ് പരീക്ഷയിൽ മൂന്നാംറാങ്കിലെത്തിച്ചത്. അഖിലേന്ത്യാതലത്തിൽ രണ്ടരലക്ഷത്തോളം പേർ എഴുതിയ ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ്)പരീക്ഷയിലാണ് കശ്യപിന്റെ ഉയർന്ന നേട്ടം. കോഴിക്കോട് എൻ.ഐ.ടി.യിലെ അവസാനവർഷ ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിദ്യാർഥിയാണ് കശ്യപ്. 2013-ലെ സംസ്ഥാന എൻജിനീയറിങ് പ്രവേശനപ്പരീക്ഷയിൽ ആറാംറാങ്ക് നേടിയാണ് കശ്യപ് തന്റെ പഠനമേഖല ഉറപ്പിച്ചത്. മലയാളം മീഡിയത്തിലുള്ള പൊതുവിദ്യാലയത്തിൽ പഠിച്ചിറങ്ങിയാണ് കശ്യപ് ഉയർന്നവിജയം നേടിയത്.

ഗേറ്റ് ബാലികേറാമലയല്ല
ഗേറ്റ് പരീക്ഷയെന്നത് ബാലികേറാമലയൊന്നുമല്ലെന്ന് കശ്യപ് പറയുന്നു. മൂന്നുമാസത്തെ പരിശീലനം കൊണ്ട് വിജയം കൈപ്പിടിയിലൊതുക്കാം.   എൻജിനീയറിങ്ങിലെ സിദ്ധാന്തങ്ങളെക്കുറിച്ചുള്ള അറിവാണ് അവിടെ അളക്കുന്നത്. വ്യക്തമായി ആസൂത്രണം ചെയ്തുവേണം പഠനം തുടങ്ങാൻ. മൊത്തം നൂറുമാർക്കിന്റെ അറുപത്തഞ്ച് ചോദ്യങ്ങളാണുണ്ടാവുക. 25 ചോദ്യങ്ങൾ ഒബ്ജക്ടീവ് രീതിയിലുള്ളതാണ്. ബാക്കി ന്യൂമെറിക്കൽ രീതിയിലും. തെറ്റുന്ന ചോദ്യത്തിന്റെ മൂന്നിലൊന്ന് മാർക്ക് നെഗറ്റീവ് മാർക്കായി കുറയും. 15 മാർക്കിന് ഇംഗ്ലീഷ് ഉൾപ്പെടെ ജനറൽ വിഭാഗത്തിൽനിന്ന് 10 ചോദ്യങ്ങളുണ്ടാകും.

ടോപ്പിക് അടിസ്ഥാനമാക്കണം
ഓൺലൈൻ പഠനസാമഗ്രികൾ കിട്ടും. സിലബസനുസരിച്ചുള്ള വിഷയങ്ങളുടെ ടോപ്പിക്‌ അടിസ്ഥാനപ്പെടുത്തിവേണം പഠിക്കാൻ. ഒരു ടോപ്പിക്കിൽനിന്നും ഒരു ചോദ്യം മാത്രമേ സാധാരണ ചോദിക്കൂ. പുസ്തകങ്ങൾ വായിച്ച് നോട്ടുണ്ടാക്കണം. ഒന്നരമാസംകൊണ്ട് ആദ്യഘട്ടം പൂർത്തിയാക്കണം. ബാക്കി ഒന്നരമാസം ആവർത്തിച്ചുപഠിക്കാം. ഓരോ ടോപ്പിക്കിൽനിന്നും വരാൻ സാധ്യതയുള്ള ഇക്വേഷനുകളുടെ പട്ടികയുണ്ടാക്കണം. ഇക്വേഷനുകൾ നിർഗമിപ്പിച്ചെടുക്കാൻ പരിശീലിക്കുന്നത് നല്ലതാണ്.

മോക് ടെസ്റ്റ്
അവസാനത്തെ ഒന്നരമാസം ഓൺലൈൻ മോക് ടെസ്റ്റുകൾ ചെയ്ത് ശീലിക്കണം. ഓരോ ടെസ്റ്റിനുമുമ്പും അതിന് വരുന്ന ടോപ്പിക്കുകൾ ആവർത്തിച്ചുറപ്പിക്കണം. മിക്കവാറും പരീക്ഷ ഉച്ചയ്ക്ക് ശേഷമായിരിക്കും. ഉച്ചഭക്ഷണശേഷമുള്ള ആ സമയം ആലസ്യത്തിലാകാൻ സാധ്യത ഏറെയാണ്. പരീക്ഷയ്ക്ക് ഒരുമാസം മുമ്പേ ഭക്ഷണസമയം ക്രമീകരിക്കുന്നത് ഗുണം ചെയ്യും. ഗേറ്റിന്റെ ശരിക്കുള്ള പരീക്ഷാസമയത്തുതന്നെ മോക് ടെസ്റ്റ് ചെയ്ത് ശീലിക്കണം. മൂന്നുമണിക്കൂറാണ് പരീക്ഷ. ഇതിൽ ഒന്നര മണിക്കൂറുകൊണ്ടുതന്നെ മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം കണ്ടുപിടിച്ചുകഴിയും. പിന്നെ ആവർത്തിച്ച് പരിശോധിച്ച് തെറ്റ് കണ്ടുപിടിച്ച് തിരുത്തണം.

പരീക്ഷയെഴുതിയത് 10ലക്ഷംപേർ
 ഇത്തവണ പത്തിലധികം ട്രേഡുകളിലായി 10 ലക്ഷത്തോളം പേരാണ് ഗേറ്റ് പരീക്ഷയെഴുതിയത്. ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിലാണ് കൂടുതൽ പേർ എഴുതിയത്. ഇതിൽ നൂറിൽ 80.2 മാർക്ക് നേടിയാണ് കശ്യപ് മൂന്നാം റാങ്കിലെത്തിയത്.   ഐ.ഐ.ടി.യിൽ ചേർന്ന് ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ പഠനം തുടരാനാണ് തീരുമാനം.   ശാസ്ത്രസാങ്കേതിക രംഗത്ത് തനതായ വ്യക്തിമുദ്രപതിപ്പിക്കാനാകുന്ന പ്രോജക്ടുകൾ വികസിപ്പിച്ചെടുക്കണമെന്നതാണ് മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽകലാമിന്റെ ആരാധകൻ കൂടിയായ ഈ എൻജിനീയറിങ് വിദ്യാർഥിയുടെ സ്വപ്നം. തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ താമരശ്ശേരിക്കടുത്ത് കൂടത്തായ് കെ. കരുണാകരന്റെയും താമരശ്ശേരി വെഴുപ്പൂർ എ.എൽ.പി. സ്കൂൾ അധ്യാപിക വസന്തയുടെയും മകനാണ് കശ്യപ്. ചാത്തമംഗലം നീലിറ്റിലെ(എൻ.ഐ.ഇ.എൽ.ഐ.ടി.) പ്രോജക്ട് എൻജിനീയർ ദീപക് സഹോദരനാണ്.


തയ്യാറെടുപ്പ് ഗവേഷണത്തിനൊപ്പം പി.ജെ. ഹരികൃഷ്ണൻ

തിരുവനന്തപുരം കോളേജ് ഓഫ് അഗ്രിക്കൾച്ചറിൽനിന്ന് ബിരുദം. എം.എസ്‌സി.ക്കുശേഷം  കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ ഗവേഷണം നടത്തുന്നു. എവിടെയും പരിശീലനത്തിനുപോകാതെ ഗവേഷണത്തിനൊപ്പമാണ് തയ്യാറെടുത്തത്. വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നത് ഫോറസ്റ്റ് സർവീസിലാണെന്ന് ഹരികൃഷ്ണൻ പറയുന്നു.  

 ആദ്യം ഒരു പ്രാവശ്യം പരീക്ഷ എഴുതണം. സ്വയം വിലയിരുത്താനും അതിനനുസരിച്ച് പഠിക്കാനും ഇതു സഹായിക്കും.   ആശയവിനിമയശേഷി വർധിപ്പിക്കണം.  പഠനത്തിനിടയിൽ സ്വയം വിശകലനത്തിന് തയ്യാറാകണം   അറിയാവുന്ന ചോദ്യങ്ങൾക്കുമാത്രം ഉത്തരമെഴുതിയാൽ വിജയിക്കാൻ കഴിയുന്ന പരീക്ഷയല്ല സിവിൽ സർവീസ്. ചിന്തിച്ച് ഉത്തരമെഴുതണം. ഇത്തരം ചോദ്യങ്ങളിലാണ് വിജയത്തിന്റെ കണികകൾ ഒളിച്ചിരിക്കുന്നത്.  മെയിൻ പരീക്ഷയ്ക്ക് അഗ്രിക്കൾച്ചറും ബോട്ടണിയുമാണ് ഓപ്ഷണൽ വിഷയങ്ങൾ. തിരുവനന്തപുരം കോളേജ് ഓഫ് അഗ്രിക്കൾച്ചറിലെ അധ്യാപകർ സഹായിച്ചു.  പേപ്പറിൽ നോട്ടെഴുതി പഠിക്കുന്ന രീതി കൂടുതലായി ആശ്രയിച്ചില്ല. പോകുന്ന സ്ഥലങ്ങളിലൊന്നും നോട്ടുകൾ കൊണ്ടുപോകാൻ കഴിയില്ല.   പുസ്തകങ്ങൾ ഡിജിറ്റലായി ലഭിച്ചത് കൂടുതൽ സൗകര്യമായി. ലേഖനങ്ങളുടെ പി.ഡി.എഫ്. ഫയൽ ഡൗൺലോഡുചെയ്ത് അതിൽത്തന്നെ രേഖപ്പെടുത്തി പഠിച്ചു.  കേരളത്തിലെ സ്ത്രീസുരക്ഷയെക്കുറിച്ചാണ് പെഴ്‌സണാലിറ്റി ടെസ്റ്റിലെ പ്രധാനചോദ്യം. അറിവിനെക്കാൾ കൂടുതലായി ഓരോ വിഷയത്തിലും ഉദ്യോഗാർഥിയുടെ നിലപാട് പരിശോധിക്കുന്നതാണ് പെഴ്‌സണാലിറ്റി ടെസ്റ്റ്.


മാതൃകയാക്കാം അനുപമയെ

കല്യാണം കഴിഞ്ഞു.  കുടുംബമായി. അത്യാവശ്യത്തിന് ജോലിയുമായി. ഇനിയെന്ത് പഠനം എന്നു വിചാരിക്കുന്നവർ നിർബന്ധമായും അനുപമ നിരൂപിനെ മാതൃകയാക്കണം. കൈയെത്തിപ്പിടിക്കാവുന്ന ആഗ്രഹങ്ങൾക്കായി നിരന്തരം പരിശ്രമിക്കണമെന്നാണ് അനുപമ കാണിച്ചുതരുന്നത്. ഗേറ്റ് 2017 ആർക്കിടെക്ചർ ആൻഡ്‌ പ്ലാനിങ് പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ മൂന്നാംറാങ്കാണ് അനുപമ നേടിയിരിക്കുന്നത്

# നീനു മോഹൻ

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് 2015-ലാണ് ആർക്കിടെക്ചർ ബിരുദം പൂർത്തിയാക്കിയത്. ബിരുദംകഴിഞ്ഞ ഉടൻ കാസർകോട് സ്വദേശി സിവിൽ എൻജിനീയർ അശ്വിനുമായുള്ള വിവാഹം നടന്നു. എന്നാൽ, കരിയറിനോട് ‘ഗുഡ്‌ബൈ’ പറയാതെ ഫ്രീലാൻസായി ആർക്കിടെക്ചർ ജോലിയും ആർക്കിടെക്ചർ വിഷയങ്ങളിൽ എഴുത്തും തുടരുകയായിരുന്നു അനുപമ. തുടർപഠനത്തിനുപോകാതെ ജോലിചെയ്തത് കരിയർ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുനൽകിയെന്ന് അനുപമ. പാഠപുസ്തകങ്ങളിലെ അറിവിനപ്പുറം യാഥാർഥ്യബോധം ലഭിക്കാൻ ഫ്രീലാൻസ് ജോലി സഹായിച്ചു. തിരുവനന്തപുരത്തെ ‘ജടായു’ പ്രോജക്ടിനുവേണ്ടിയാണ് എഴുതിയത്. അതും പുതിയ ഉൾക്കാഴ്ചനൽകാൻ സഹായകമായി. ഇതോടെയാണ് അർബൻ പ്ലാനിങ്‌ - വലിയ നഗരങ്ങളുടെ ആസൂത്രണം എന്ന താത്‌പര്യം വരുന്നത്. അർബൻ പ്ലാനിങ്‌ മികച്ച കോഴ്‌സുകൾ ഐ.ഐ.ടി. ഗൊരഖ്പുർ, ഐ.ഐ.ടി. റൂർക്കി, എൻ.ഐ.ടി. കോഴിക്കോട് എന്നിവിടങ്ങളിലേ ഉള്ളൂ. അതോടെയാണ് ഐ.ഐ.ടി. പ്രവേശനം നേടണമെന്നുറപ്പിച്ച് പരിശീലനം തുടങ്ങിയത്.

നാലു മണിക്കൂർ പഠനം; നവമാധ്യമങ്ങൾ സഹായി
ഭർത്താവിനൊപ്പം ബെംഗളൂരുവിൽ താമസമായതോടെ കുടുംബത്തിന്റെ ചുമതലകൾകൂടിയായി. ഭർത്താവ് ഓഫീസിൽ പോയശേഷം തന്റെ ഫ്രീലാൻസ് ജോലിയും കഴിഞ്ഞുള്ള സമയമാണ് പഠനത്തിനുപയോഗിച്ചത്. ദിവസവും നാലു മണിക്കൂറെങ്കിലും പഠിക്കുമെന്ന് ഉറപ്പാക്കി. ബിരുദപുസ്തകങ്ങൾ തന്നെയാണ് ഉപയോഗിച്ചത്. ബി.കെ. ദാസിന്റെ gate architecture planning എന്ന പുസ്തകവും ഉപയോഗിച്ചു. ഇതിൽ കഴിഞ്ഞ 25 വർഷത്തെ ഗേറ്റ് ചോദ്യപ്പേപ്പറുകൾ ഉണ്ടായിരുന്നു. അത് കൃത്യമായ സമയംവെച്ച് എഴുതിനോക്കിയതോടെ തയ്യാറെടുപ്പിൽ വലിയഘട്ടം കഴിഞ്ഞു. ചോദ്യങ്ങളുടെ ശൈലി മനസ്സിലാക്കാനും സമയക്രമീകരണത്തിനും ചോദ്യപ്പേപ്പറുകൾ എഴുതിനോക്കുകതന്നെവേണം.

പഠനകൂട്ടായ്മ
ഫെയ്‌സ്ബുക്ക്, ബ്ലോഗുകൾ തുടങ്ങിയവയിലെ ആർക്കിടെക്ചർ ഗ്രൂപ്പുകളും പഠനകൂട്ടായ്മകളും പിന്തുടർന്നു. ഫെയ്‌സ്ബുക്ക് പേജുകളായ gate architecture, planning 2018, architecture gate solution എന്നിവ സഹായിക്കും. ഇതെല്ലാം അഖിലേന്ത്യാടിസ്ഥാനത്തിൽ ഗേറ്റിനായി തയ്യാറെടുക്കുന്നവരുടെ കൂട്ടായ്മകളാണ്. മുൻവർഷത്തെ റാങ്ക് ജേതാക്കളും ഈ കൂട്ടത്തിലുണ്ട്. അവരുടെ നിർദേശങ്ങളും ലഭിക്കും. http://gateprep-architecture.blogspot.in എന്ന ബ്ലോഗും നിരന്തരം പിന്തുടർന്നു.

വിപുലമായ സിലബസ്
ഗേറ്റ് പരീക്ഷയ്ക്കുള്ള സിലബസ് വിപുലമാണ്. ചെറുപ്പം മുതലേ മനപ്പാഠമാക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് വായിച്ചുനോക്കുന്ന രീതിയാണ് പിന്തുടർന്നത്. കൂടാതെ കണക്കുകൾ ചെയ്തുനോക്കി. ഗേറ്റ് പരീക്ഷയിൽ കണക്കിന് മാത്രമാണ് നെഗറ്റീവ് മാർക്കില്ലാത്തത്. അതിനാൽ കണക്കിൽ പരമാവധി സ്കോർ നേടാനായിരുന്നു ലക്ഷ്യം.

ഐ.ഐ.ടി.യിലേക്കുതന്നെ
ഐ.ഐ.ടി.യിൽ തന്നെ പ്രവേശനം നേടാനാണ് അനുപമയുടെ തീരുമാനം. ഐ.ഐ.ടി.കളിൽ ഗവേഷണവും കൂടിച്ചേർന്ന പിഎച്ച്.ഡി. പ്രോഗ്രാമുകളാണുള്ളത്. ഗവേഷണം നടത്തണമെന്നാണ് അഭിലാഷം. പക്ഷേ, ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ ഉടനെ വേണമോ എന്ന് തീരുമാനിച്ചിട്ടില്ല. ചിലപ്പോൾ വീണ്ടുമൊരു ഇടവേളയ്ക്കുശേഷമായിരിക്കും ഗവേഷണം. ഐ.ഐ.ടി.യിൽ കോഴ്‌സിന് ചേർന്നതിനുശേഷം ഈക്കാര്യത്തിൽ കൂടുതൽ വ്യക്തതവരുമല്ലോ, അതിനുശേഷമേ അന്തിമതീരുമാനമുള്ളൂവെന്ന് അനുപമ. ഗ്രാമീണബാങ്ക് അസി. മാനേജരായ എലത്തൂർ ശ്രീരമ്യയിൽ നിരൂപ്കുമാറിന്റെയും റിട്ട. അധ്യാപിക റീത്തയുടെയും മകളാണ് അനുപമ. സഹോദരി ഭോപാലിൽ അസി. പ്രൊഫസറായ അനർഘയാണ് പഠനത്തിൽ പൂർണപിന്തുണ.


ഒത്തുപിടിച്ചാൽ..!

Simple Thoughts...

# ശ്രീദത്ത് എസ്. പിള്ള |  sreeduth.pillai@gmail.com

പ്രണവ് ധൻവാഡെ - ഈ പേര് ആരും മറന്നിട്ടുണ്ടാകാനിടയില്ല. 2016 ജനുവരി മാസത്തിലാണ് ക്രിക്കറ്റ് ലോകത്ത് ഒരു കൊടുങ്കാറ്റായി ഇങ്ങനെയൊരു പേര് ഉയർന്നുവന്നത്. ഒരു ഇന്നിങ്‌സിൽ 1009 റൺസ് എന്ന മഹത്തായ ഒരു നേട്ടമാണ് ഈ ചെറുപ്പക്കാരനെ പ്രശസ്തനാക്കിയത്. അയാൾ ശരിക്കും നമ്മെ അതിശയിപ്പിച്ചുവോ? പ്രണവിന്റെ നേട്ടം സ്കൂൾ ക്രിക്കറ്റ് മത്സരത്തിലായിരുന്നു. ആശംസകൾ നാനാഭാഗത്തുനിന്നും ഒഴുകുന്നതിനിടയിൽ ചില വ്യത്യസ്ത അഭിപ്രായങ്ങളും പുറത്തുവന്നു. വ്യക്തമായ കാരണങ്ങളോടുകൂടിത്തന്നെ.
15 വയസ്സും 8 മാസവും ആയിരുന്നു പ്രണവിന്റെ അന്നത്തെ പ്രായം. എതിർടീമിലുള്ള ഭൂരിഭാഗം പേരും 11 വയസ്സുകാരായിരുന്നു. കുറച്ചുപേർ 10 വയസ്സുകാരും. സ്ഥിരം കളിക്കാർക്ക് പരീക്ഷക്കാലമായിരുന്നതിനാൽ മുതിർന്നവർക്ക് പകരക്കാരായാണ് ഇവർക്ക് ടീമിൽ ഇടംകിട്ടിയത്. കൊച്ചുകുട്ടികൾക്കെതിരേ 100 റൺസ് ഉണ്ടെങ്കിൽ മത്സരം ജയിക്കാവുന്ന ഒരു സാഹചര്യത്തിൽ 1000 റൺസിന്റെ  ആ ഇന്നിങ്‌സിന്റെ പ്രസക്തിയെ പലരും ചോദ്യംചെയ്തു. ഒരു ഇന്നിങ്‌സിനും 1382 റൺസിനും ആണ് പ്രണവിന്റെ ടീം ആ മത്സരം ജയിച്ചത് എന്നത് കണക്കിലെടുക്കുമ്പോൾ അതിൽ കുറച്ചെങ്കിലും യുക്തിയുണ്ട്. ഇന്ത്യൻ ക്രിക്കറ്റിൽ കാലങ്ങളായിട്ട് നടന്നുകൊണ്ടിരിക്കുന്ന ചില വസ്തുതകളുടെ പ്രതിഫലനം മാത്രമായിരുന്നു ആ വിമർശനം. ടീമിനേക്കാൾ പലപ്പോഴും വ്യക്തിഗതനേട്ടങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഒരു പ്രവണത! അത് ക്രിക്കറ്റിൽ മാത്രം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമല്ല. എല്ലാരംഗത്തും അതിന്റെ നിഴലുകൾ കാണാൻസാധിക്കും. നമ്മുടേത് വ്യക്ത്യധിഷ്ഠിതമായ ഒരു സമൂഹമാണ്. രാജ്യത്തിന്റെ വലിപ്പവും ജനങ്ങളുടെ എണ്ണവും പ്രതിഭയുമെല്ലാംവെച്ചുകൊണ്ട് നോക്കുമ്പോൾ അത് ഒരു സ്വാഭാവികമായ കാര്യമാണ്. ഒരു തലംവരെ എത്തണമെങ്കിൽ ഒരുപാട് മത്സരങ്ങളെ അതിജീവിക്കേണ്ടതായിട്ടുണ്ട്. അതു കഴിയുമ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. വ്യക്തികേന്ദ്രീകൃതമായ ഒരു സാഹചര്യത്തിൽനിന്നുകൊണ്ട് നാം ഓരോരുത്തരും ‘ടീം സ്പിരിറ്റ്’ എന്ന അവസ്ഥയിൽ പ്രവർത്തിക്കാൻ നിർബന്ധിതരാവുകയാണ്. അത് വലിയൊരു പ്രയാസംതന്നെയാണ്. കായികരംഗത്തും കലാരംഗത്തും ഇങ്ങനെ കഷ്ടപ്പെടുന്ന ധാരാളം ആളുകളെ ഞാൻ കണ്ടിട്ടുണ്ട്. കോർപ്പറേറ്റ് മേഖലയിലും വളരെയധികമുണ്ട് അതിന്റെ ഉദാഹരണങ്ങൾ. നിങ്ങൾ ഒരു എഴുത്തുകാരനോ ചിത്രകാരനോ ആണെങ്കിൽപ്പോലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടായെന്നുവരാം! ഒരു ടീമിന്റെ ഭാഗമായി നന്നായി പ്രവർത്തിക്കാൻ കഴിയുക എന്നത് ഒരു മേൽക്കോയ്മ മാത്രമല്ല, അതൊരു അത്യന്താപേക്ഷിതമായ ഘടകം കൂടിയാണ്. ആധുനികലോകത്ത് തൊഴിലുമായി ബന്ധപ്പെട്ട നമ്മുടെ കഴിവുകളുടെ ശേഖരത്തിലെ ഒരു പ്രധാനഘടകമാണത്. ജോലിയിൽ പ്രവേശിക്കുന്നതിനു മാത്രമല്ല അത് ഉപകരിക്കുക. തൊഴിൽമേഖലയിലെ നമ്മുടെ വളർച്ചയ്ക്കും അത് അത്യന്താപേക്ഷിതമാണ്. പഠിക്കുന്നകാലത്ത് വലിയ മികവുണ്ടായിരുന്ന പലരും കരിയറിൽ പരാജയപ്പെടാറുണ്ടല്ലോ. അതിന്റെപിന്നിൽ കാരണങ്ങൾ നിരവധിയുണ്ടാകാം. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്  Interpersonal skillsþ-ന്റെ അഭാവവും അതുമൂലം ജോലിസ്ഥലങ്ങളിൽ മറ്റുള്ളവരുമായിട്ട് യോജിച്ചുപോകാനുള്ള ബുദ്ധിമുട്ടുമാണ്. ഇതിനെന്താണൊരു പ്രതിവിധി?

മറ്റുപല കാര്യത്തിലും ഉള്ളതുപോലെ എല്ലാം താഴേത്തട്ടിൽനിന്നു തുടങ്ങണം. സ്കൂളിലായാലും വീട്ടിലായാലും കുട്ടികളെ ഒരു ടീം ആയി പ്രവർത്തിക്കാൻ പ്രോത്സാഹിപ്പിക്കുക. ഇതു വായിക്കുന്ന നിങ്ങൾ ഒരു ടീം വർക്ക് എന്ന കഴിവ് എങ്ങനെ വളർത്തിയെടുക്കാം എന്ന് ആലോചിക്കുന്ന യുവതലമുറയിൽപ്പെട്ട ഒരാളാണോ? ഒരു വഴിയേയുള്ളൂ - ഒരു ടീമിൽ അംഗമാകുക. ക്ലബ്ബിലോ സ്പോർട്‌സിലോ സാംസ്കാരിക സംഘടനകളിലോ പഠനഗ്രൂപ്പിലോ - ഏതിലും ആകട്ടെ! പരമാവധി കൂട്ടായ്മകളിൽ ഭാഗമാകാൻ ശ്രമിക്കൂ. ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കും - വിശ്വാസം വളർത്തിയെടുക്കാൻ, അഭിപ്രായവ്യത്യാസങ്ങൾക്ക് പരിഹാരം കാണാൻ, ഈഗോ നിയന്ത്രിക്കാൻ - അങ്ങനെ പലതും. സ്കൂളുകളിലും കോളേജുകളിലും ഇങ്ങനെയുള്ള Team work culture വളർത്തിയെടുക്കുന്നതിനുള്ള സംവിധാനങ്ങൾ ഉണ്ടാക്കിയെടുക്കാം. അത് ഒരുപാട് ഗുണംചെയ്യും. ഇതിന് കുറച്ചുകൂടി ഊന്നൽകൊടുക്കേണ്ടതുണ്ട്.

നിങ്ങൾ ഒരു ടീമിലും അംഗമല്ലേ? ഇന്നുതന്നെ ഒരു ടീമിലെ അംഗമാകൂ! ഓർമിക്കുക! അത് വളരെ പ്രധാനമാണ്!


‘സിടെറ്റി’ന്‌ ഒരുങ്ങാൻ അഞ്ചു പുസ്തകങ്ങൾ

ഒഴിവുകൾ

അധ്യാപകരാകാനുള്ള കേന്ദ്രയോഗ്യതാ പരീക്ഷ CTET-ന് ഒരുങ്ങാൻ പിയേഴ്സൺ ഇന്ത്യ എജ്യുക്കേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് അഞ്ചു പുസ്തകങ്ങൾ പുറത്തിറക്കി. ചൈൽഡ് ഡെവലപ്മെന്റ് ആൻഡ് പെഡഗോഗി, ഇംഗ്ലീഷ് ആൻഡ് പെഡഗോഗി, സയൻസ് ആൻഡ് പെഡഗോഗി, മാത്തമാറ്റിക്സ് ആൻഡ് പെഡഗോഗി എന്നീ പുസ്തകങ്ങൾ പരീക്ഷയുടെ രണ്ടുപേപ്പറുകൾക്കും ഉപയോഗപ്രദമാവുന്നരീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. സോഷ്യൽ സയൻസ് ആൻഡ് പെഡഗോഗി രണ്ടാം പേപ്പറിനെ അനുബന്ധപ്പെടുത്തി തയ്യാറാക്കിയതാണ്. പഠിപ്പിക്കുന്ന പ്രത്യേകവിഷയത്തെക്കുറിച്ച് കൂടുതലറിയാൻ അധ്യാപകർക്കും ഉപകാരപ്രദമാണ്. CTET പരീക്ഷാ സിലബസ് അനുസരിച്ച് തയ്യാറാക്കിയ പുസ്തകങ്ങൾ കെടെറ്റ് പരീക്ഷയ്ക്കും സഹായകരമാണ്.

 ചോദ്യമാതൃകകളും ഉത്തരസൂചികകളും ഉൾപ്പെടുത്തി അതത് വിഷയങ്ങളിലെ പ്രഗൽഭരായ അധ്യാപകരാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.


വയനാട്ടിൽ വ്യോമസേനാ റിക്രൂട്ട്മെന്റ് റാലി

വടക്കൻ ജില്ലക്കാർക്കായുള്ള വ്യോമസേനാ റിക്രൂട്ട്മെന്റ് റാലി മേയ് 24 മുതൽ 31 വരെ കൽപ്പറ്റ എസ്.കെ.എം.ജെ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ നടക്കും. ഓട്ടോ ടെക്നീഷ്യൻ, ഗ്രൗണ്ട് ട്രെയിനിങ് ഇൻസ്ട്രക്ടർ, ഇന്ത്യൻ എയർഫോഴ്സ് പോലീസ് (പ്ലസ്ടുവിന് മൊത്തമായും ഇംഗ്ലീഷിൽ പ്രത്യേകമായും 50 ശതമാനം മാർക്കാണ് യോഗ്യത) എന്നീ തസ്തികകളിലേക്കും മെഡിക്കൽ അസിസ്റ്റന്റ് (യോഗ്യത: പ്ലസ്ടുവിന് മൊത്തമായും ഇംഗ്ലീഷിൽ പ്രത്യേകമായും 50 ശതമാനം മാർക്ക്, പ്ലസ്ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ചിരിക്കണം.) തസ്തികയിലേക്കുമാണ്  റിക്രൂട്ട്മെന്റ്. പ്രായം: 17-21 വയസ്സ്. നിർദിഷ്ട ശാരീരിക യോഗ്യത ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: http://airmenselection.gov.in

സൗത്ത് ഇന്ത്യൻ ബാങ്കിൽ 15 പ്രൊബേഷണറി ഓഫീസർ
സൗത്ത് ഇന്ത്യൻ ബാങ്ക് പ്രൊബേഷണറി ഓഫീസർ (ഐ.ടി.) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. വെബ്‌സൈറ്റ്: www.southindianbank.com

ഇൻഡ് ബാങ്കിൽ 12 ഒഴിവ്
ഇന്ത്യൻ ബാങ്കിന്റെ സഹസ്ഥാപനമായ ഇൻഡ് ബാങ്ക് മെർച്ചന്റ് ബാങ്കിങ് സർവീസസ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 12 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെബ്‌സൈറ്റ്: www.indbankonline.com

SBI-യിൽ 255 സ്പെഷ്യലിസ്റ്റ് ഓഫീസർ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെൽത്ത് മാനേജ്മെന്റ് വിഭാഗത്തിൽ സ്പെഷ്യലിസ്റ്റ് കേഡർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 255 ഒഴിവുണ്ട്. വെബ്‌സൈറ്റ്: www.sbi.co.in

സി.ആർ.പി.എഫിൽ 240 ഒഴിവ്
സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിൽ സബ് ഇൻസ്പെക്ടർ/ഓവർസിയർ (സിവിൽ), എ.എസ്.ഐ./ഡ്രോട്‌സ്‌മാൻ, സി.ടി. (മെസൺ, പ്ലംബർ, ഇലക്‌ട്രീഷ്യൻ, കാർപ്പെൻഡർ, പെയിന്റർ) എന്നീ തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു. 240 ഒഴിവുകളുണ്ട്.


24 x 7  GK Diary

  •  ഹോങ്കോങ്ങിന്റെ ചീഫ് എക്സിക്യുട്ടീവായി കാരി ലാമിനെ തിരഞ്ഞെടുത്തു. രാജ്യത്തിന്റെ നേതൃപദവിയിലെത്തുന്ന ആദ്യ വനിതയാണ്.
  •  സന്തോഷ് ട്രോഫി ഫുട്‌ബോളിൽ ബംഗാളിന് കിരീടം. ഫൈനലിൽ ഗോവയെ(1-0)യാണ് തോൽപ്പിച്ചത്.
  •  ഗതാഗതമന്ത്രി സ്ഥാനം എ.കെ. ശശീന്ദ്രൻ രാജിവെച്ചു. സ്ത്രീയോട് ഫോണിൽ അശ്ലീലസംഭാഷണം നടത്തിയെന്ന വാർത്തയെതുടർന്നാണ് രാജി.
  •  തമിഴ് സാഹിത്യകാരൻ അശോകമിത്രൻ (85) അന്തരിച്ചു.
  •  രാജ്യത്തെ ആദ്യത്തെ സൂപ്പർ പവർ ഡ്രോൺ വികസിപ്പിച്ചു. ഖരഗ്പുർ ഐ.ഐ.ടി.യിലെ ഗവേഷകരാണ് ഭീം എന്ന് പേരിട്ടിരിക്കുന്ന ഡ്രോൺ വികസിപ്പിച്ചത്.
  •  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അതിന്റെ അഞ്ച് അസോസിയേറ്റ് ബാങ്കുകൾ ലയിപ്പിക്കുന്ന നടപടി ഏപ്രിൽ ഒന്നിന് ആരംഭിക്കും. ഭാരതീയ മഹിളാ ബാങ്കും ലയിക്കും.
  •  രാജ്യത്തെ ആദ്യ ഏകീകൃത ആംഗ്യഭാഷാ നിഘണ്ടു തയ്യാറാവുന്നു. ഇന്ത്യൻ സൈൻ ലാംഗ്വേജ് റിസർച്ച് ആൻഡ് ട്രെയിനിങ് സെന്ററാണ് ഹിന്ദിയിലും ഇംഗ്ലീഷിലുമായി നിഘണ്ടു തയ്യാറാക്കുന്നത്.
  •  നിലവിലുള്ളതിനെക്കാൾ 100 മടങ്ങ് വേഗവുമായി പുതിയ വൈ-ഫൈ വരുന്നു. നെതർലൻഡ്‌സിലെ ഐൻതുവെൻ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് ഇൻഫ്രാറെഡ് രശ്മികൾ ഉപയോഗിച്ച് വൈ-ഫൈ വികസിപ്പിച്ചത്.