ഒരുപ്രമുഖകലാലയത്തിൽ കരിയർ ഗൈഡൻസ് ക്ലാസിനിടെ ഇന്ത്യയിലെ ഇക്കണോമിക്സ് പഠനരംഗത്തെ പ്രമുഖസ്ഥാപനങ്ങളെ പരിചയപ്പെടുത്തി. എന്നാൽ ഭൂരിഭാഗം പേർക്കും പേരുകൾ അപരിചിതമായിരുന്നു. സ്ഥിരമായ പഠനരീതികളിലും ജോലിയിലും ഒതുങ്ങുന്നതാണ് ഇത്തരമൊരവസ്ഥയ്ക്ക് കാരണം. പഠനനിലവാരമനുസരിച്ച് കോഴ്‌സുകൾ തിരഞ്ഞെടുക്കാനും കഴിവിനനുസരിച്ച് ജോലി നേടാനും കഴിയുന്നില്ല. ഇതിന് വിദ്യാർഥികളെയും യുവാക്കളെയും പ്രാപ്തമാക്കുകയാണ് സംസ്ഥാന സർക്കാർ പുതുതായിതുടങ്ങിയ കരിയർ െഡവലപ്‌മെന്റ് സെന്ററുകൾ(സി.ഡി.സി.).

'വ്യക്തിയുടെ വിദ്യാഭ്യാസ, പരിശീലന, തൊഴിൽ സാധ്യതകളെ ഏത് പ്രായത്തിലും പ്രയോജനപ്പെടുത്താൻ സഹായിക്കലാണ് കരിയർ ഗൈഡൻസ് ' എന്നാണ് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ സങ്കല്പം. ഉന്നതവിദ്യാഭ്യാസം നേടുന്നവരിൽ തൊഴിലില്ലായ്മ കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ഇവിടെയാണ് കരിയർ െഡവലപ്‌മെന്റ് സെന്ററിന്റെ പ്രസക്തി - എംപ്ലോയ്‌മെന്റ് ഓഫീസറും പേരാമ്പ്ര  സെന്ററിലെ മാനേജരുമായ പി. രാജീവൻ

കഴിഞ്ഞമാസം പേരാമ്പ്രയിലായിരുന്നു തുടക്കം. രണ്ടാമത്തെ കേന്ദ്രം ചിറ്റൂരിൽ പ്രവർത്തനമാരംഭിച്ചു. എല്ലാജില്ലകളിലും ഗ്രാമീണമേഖലകൾക്ക് പ്രാമുഖ്യംനൽകി കേന്ദ്രം തുടങ്ങാനുള്ള ഒരുക്കത്തിലാണിപ്പോൾ. നാഷണൽ എപ്ലോയ്‌മെന്റ് സർവീസ് വകുപ്പിന് കീഴിൽ ഐ.എൽ.ഒ.യുടെ മാർഗനിർദേശങ്ങൾക്കനുസരിച്ചാണ് പ്രവർത്തനം. ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് വിഭാഗത്തിന്റെ എക്‌സ്റ്റൻഷൻ സെന്ററാണിത്. അരനൂറ്റാണ്ടുകാലത്തെ വൊക്കേഷണൽ ഗൈഡൻസ് പാരമ്പര്യമുണ്ടെങ്കിലും ഓരോവ്യക്തിക്കും തുടർച്ചയായി മാർഗനിർദേശം നൽകാൻ വിപുലമായ സംവിധാനമുണ്ടായിരുന്നില്ല. ഇതേപ്പറ്റി തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന ആലോചനകളിൽനിന്നാണ് സെന്ററുകളുടെ പിറവി.

സുഹൃത്തും വഴികാട്ടിയും
 മികച്ച പഠനമേഖലയും തൊഴിലും തിരഞ്ഞെടുക്കാനുള്ള മാർഗനിർദേശത്തിനായി എപ്പോഴും കയറി​െച്ചല്ലാവുന്ന ഒരിടം. കുടുംബാംഗത്തെപോലെയുള്ള പരിഗണന. സാമൂഹികപശ്ചാത്തലം കണക്കിലെടുത്തുള്ള കരിയർ കൗൺസിലിങ്. ഇതൊക്കയാണ് സി.ഡി.സി.യുടെ മുഖമുദ്ര.   

വ്യക്തിയെ അഭിരുചിയും ജോലിആഭിമുഖ്യവും തിരിച്ചറിയാൻ സഹായിക്കലാണ് സെന്ററിലെ ആദ്യപടി. തുടർച്ചയായുള്ള മോണിറ്ററിങ്ങും സഹായവും ഉണ്ടാകും. െറസ്യൂമെ തയ്യാറാക്കൽ, പ്രചോദനക്ലാസുകൾ, അഭിമുഖപരിശീലനം, നൈപുണിപരിശീലനം, സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കായി മാർഗനിർദേശം, മത്സരപ്പരീക്ഷാപരിശീലനം, വ്യക്തിത്വവികസന പരിപാടികൾ എന്നിവയൊക്കെ തൊഴിൽ അന്വേഷകർക്ക് വിലപ്പെട്ട സഹായകമാകും.  

പ്രവർത്തനരീതി
പ്രായഭേദമന്യേ ആർക്കും സെന്ററിൽ രജിസ്റ്റർ ചെയ്യാം. തിരിച്ചറിയൽ കാർഡ് നൽകും. എല്ലാ സൗകര്യവും സൗജന്യമാണ്. ലൈബ്രറി, ഇന്റർനെറ്റ് സൗകര്യം എന്നിവ ഉപയോഗിക്കാം. ഓൺലൈൻ അപേക്ഷകൾ അയയ്ക്കാൻ സഹായങ്ങൾ ലഭിക്കും. രജിസ്റ്റർ ചെയ്യുന്നവരുടെ സ്ഥിതി മൂന്ന് മാസത്തിലൊരിക്കൽ പരിശോധിക്കും. തൊഴിലിന് ആവശ്യമുള്ള വ്യക്തിത്വഘടന വികസിപ്പിക്കാനും നിരവധി പരിപാടികൾ ഉണ്ടാകും. ഒരേ യോഗ്യതയുള്ളവരെ ചേർത്ത് ഗ്രൂപ്പുകളാക്കി പരിശീലനം നൽകാൻ സംവിധാനുണ്ടാകും. മികച്ചതൊഴിൽ നൈപുണ്യമുള്ളവർക്ക് തൊഴിലിൽ മുന്നേറാൻ പരിശീലനങ്ങളുമൊരുക്കും.

​േഡറ്റാ ബാങ്കൊരുങ്ങുന്നു
തൊഴിലന്വേഷകർക്കായി സംസ്ഥാനതലത്തിൽ ​േഡറ്റാബാങ്ക് സർക്കാർ നേതൃത്വത്തിൽ ഇതുവരെയില്ല. മൂന്ന് മാസത്തിനകം ഇതിന് രൂപം നൽകാൻ കെൽട്രോണിനെ ഏൽപ്പിച്ചിട്ടുണ്ട്. കോഴ്‌സുകൾ, പരീക്ഷകൾ, അപ്രന്റിസ്ഷിപ്പുകൾ, പരിശീലന കേന്ദ്രങ്ങൾ, സ്കിൽ െഡവലപ്‌മെന്റ് സെന്ററുകൾ, പ്രവേശന പരീക്ഷകൾ, തൊഴിലവസരങ്ങൾ, മത്സരപ്പരീക്ഷകൾ തുടങ്ങിയവയെല്ലാം ഉൾപ്പെട്ടതാകും ഡാറ്റാബാങ്ക്. രജിസ്റ്റർ ചെയ്യുന്നവർക്ക് ഓൺലൈനായി വെബ്‌സൈറ്റിലേക്ക് പ്രവേശിക്കാൻ കഴിയുന്ന രീതിയിലാണ് സംവിധാനം. വിവരവിനിമയത്തിന് എസ്.എം.എസ്., ഇ മെയിൽ സൗകര്യവും വൈകാതെ നടപ്പിലാക്കും.

സേവനം നിങ്ങൾക്കരികിലേക്കും
ഓഫീസിൽ മാത്രമൊതുങ്ങുന്ന പ്രവർത്തനമെന്ന സങ്കല്പം സെന്ററിനില്ല. വിദ്യാഭ്യാസസ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, ഗ്രന്ഥശാലകൾ എന്നിവരുമായി സഹകരിച്ച് ഉപരിപഠന, തൊഴിൽസാധ്യത ക്ലാസുകൾ നടക്കും. കരിയർ എക്സിബിഷൻ, എസ്.സി., എസ്.ടി. വിഭാഗക്കാർക്കും വനിതകൾ, ഭിന്നശേഷിക്കാർ എന്നിവർക്കുമായി പ്രത്യേക പരിശീലനങ്ങൾ, പ്രതിരോധരംഗത്ത് ജോലിക്കായുള്ള തയ്യാറെടുപ്പകൾ എന്നിവയൊക്കെ സെന്ററിന്റെ ഭാഗമായി സംഘടിപ്പിക്കും. ഗ്രാമീണമേഖലയിലുള്ള മിടുക്കരെ കണ്ടെത്തി രാജ്യത്തെ മികച്ച പഠനകേന്ദ്രങ്ങളിൽ എത്തിക്കുകയെന്നതും സി.ഡി.സി.യുടെ ദൗത്യമാണ്.

സൗകര്യങ്ങൾ
തൊഴിലന്വേഷകർക്ക് എല്ലാവിവരങ്ങളും സെന്ററിൽ ലഭിക്കും. 50 പേർക്കിരിക്കാവുന്ന ആധുനികസൗകര്യങ്ങളോടെയുള്ള പരിശീലനഹാൾ, കംപ്യൂട്ടർ ലാബ്, ഒരുലക്ഷം രൂപയുടെ ലൈബ്രറിപുസ്തകങ്ങൾ എന്നിവയൊരുക്കിയിട്ടുണ്ട്. മനഃശാസ്ത്രത്തിൽ ബിരുദാനന്തരബിരുദമുള്ള കരിയർ കൗൺസിലർ, ഐ.ടി. ഓഫീസർ എന്നിവരുടെ സഹായമുണ്ടാകും.

പ്ലേസ്‌മെന്റ് സൗകര്യം
യോഗ്യതകളുണ്ടായിട്ടും ജോലി നേടുന്നതിൽ പിന്നാക്കം നിൽക്കുന്നവരെ സഹായിക്കൽ സി.ഡി.എസിന്റെ പ്രധാന പ്രവർത്തന മേഖലയാണ്.
  ആശയം പങ്കുവെക്കാനും ആശയവിനിമയരീതി വളർത്തിയെടുക്കലുമാണ് ഇതിനുള്ള ആദ്യപടി. എംപവർമെന്റ് ഓഫ് എൻജിനീയറിങ് ഗ്രാജ്വേറ്റ്‌സ് ഫോർ പ്ലെയ്‌സ്‌മെന്റ് (EEGP) എന്നപേരിൽ എൻജിനീയറിങ് ബിരുദധാരികൾക്ക് തൊഴിൽ നേടാനുള്ള പ്രത്യേക കർമപദ്ധതിക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. വ്യവസായ വ്യാപാര സ്ഥാപനങ്ങളുടെ സഹായത്താൽ പ്ലേസ്‌മെന്റ് ലഭിക്കാൻ സഹായിക്കും. തൊഴിൽ പരിചയത്തിന് വിവിധപരിപാടികൾ ആവിഷ്കരിക്കും.

തൊഴിൽവകുപ്പിനുകീഴിൽ നൈപുണി വികസനത്തിനായുള്ള കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ് സ്ഥാപനമാണ് സി.ഡി.സി.ക്ക് സാങ്കേതികസഹായങ്ങൾ നൽകുന്നത്. ഡൽഹിയിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ്‌ ട്രെയിനിങ് ഇൻ എംപ്ലോയ്‌മെന്റ് സർവീസ് എന്ന ഗവേഷണസ്ഥാപനത്തിന്റെ കരിയർ സംബന്ധമായ വിവരങ്ങളും ഉപയോഗപ്പെടുത്തുന്നു. ഒരുപ്രദേശത്തെ മുഴുവൻ ജനങ്ങളുടേയും സമഗ്രമായ വികസനമാണ് കരിയർ െഡവലപ്‌മെന്റ് സെന്ററുകളുടെ ദീർഘകാല ലക്ഷ്യം.  ഫോൺ: 04962615500.