‘ശ്യാം എന്ന് വേണ്ട, ശ്യാമ മതി,’ അഭിമുഖത്തിന് മുഖവുരയായി ശ്യാമ പറഞ്ഞു. തൈക്കാട് ഗവ.കോളേജ് ഓഫ് ടീച്ചർ എജ്യൂക്കേഷനിൽ രണ്ടാംവർഷ എം.എഡ്. വിദ്യാർഥിനിയാണ് ശ്യാമ. ആരേയും അത്ഭുതപ്പെടുത്തുന്ന അക്കാദമിക് യോഗ്യത. മലയാളത്തിൽ ഡിസ്റ്റിങ്‌ഷനോടെ ബിരുദാനന്തര ബിരുദം. 2014-ൽ നെറ്റ് യോഗ്യത. 86% മാർക്കോടെ ബി.എഡ.് ഇപ്പോൾ സ്കോളർഷിപ്പോടെ എം.എഡും.

എന്നാൽ ഇതായിരുന്നില്ല ശ്യാമ കണ്ടിരുന്ന സ്വപ്നം. പ്ലസ്ടുവിൽ ഉയർന്നമാർക്ക് നേടി ജയിച്ച ശ്യാമയ്ക്ക് മെഡിസിന് പോകാനായിരുന്നു ആഗ്രഹം. കേരളാ മെഡിക്കൽ എൻട്രൻസിന് ജനറൽ കാറ്റഗറിയിൽ മുന്നൂറിനടുത്ത് റാങ്ക് നേടി മെരിറ്റിൽതന്നെ പ്രവേശനം നേടാനുള്ള യോഗ്യതയുണ്ടായിരുന്നു. ആകസ്മികമായി അച്ഛൻ മരിച്ചത് എല്ലാ പദ്ധതികളെയും തകിടം മറിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് മുന്നോട്ടുപോകാനുള്ള വഴിയറിയില്ലായിരുന്നു.

മെഡിസിന് പോകാൻ തയ്യാറായിരുന്നതിനാൽ മറ്റ് കോളേജുകളിലൊന്നും അപേക്ഷ നൽകിയിരുന്നില്ല. പലയിടങ്ങളിലും ബിരുദപ്രവേശനം പൂർത്തിയായിരുന്നു. പക്ഷേ, ശ്യാമ തോൽക്കാൻ തയ്യാറായില്ല. പ്ലസ്ടുവിന് മലയാളത്തിൽ നൂറിൽനൂറും നേടിയ ആത്മവിശ്വാസത്തിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ മലയാളംവകുപ്പ് മേധാവിയെ നേരിൽ കണ്ടു. കാര്യങ്ങൾ അവതരിപ്പിച്ചു. മാർക്ക്‌ലിസ്റ്റ് കണ്ട് ബോധ്യപ്പെട്ടതോടെ യൂണിവേഴ്‌സിറ്റി കോളേജിൽ പഠനത്തിന് വഴിതെളിഞ്ഞു.

മറ്റ് വിദ്യാർഥികളെപോലെ സ്കൂളിനെകുറിച്ചും കോളേജിനെകുറിച്ചും ഗൃഹാതുരതയുണർത്തുന്ന ഭംഗിയുള്ള ഓർമകളല്ല ശ്യാമയ്ക്ക് പങ്കുെവയ്ക്കാനുള്ളത്. ‘എല്ലാവരെയുംപോലെ ഹൈസ്കൂൾ കാലഘട്ടത്തിലാണ് എന്റെ വ്യക്തിത്വത്തെകുറിച്ച് ബോധ്യം വരുന്നത്. സഹപാഠികളായ ആൺകുട്ടികൾക്ക് താടിയും മീശയും വരുന്നു. എനിക്ക് വരുന്നില്ല. അവരുടെ ശബ്ദം മാറുന്നു. എന്റെ മാറുന്നില്ല. അങ്ങനെ ഞാൻ അവരുടെ ഇടയിൽ പരിഹാസപാത്രമായി.'

പെണ്ണിനെപ്പോലെ നടക്കുന്നു, സംസാരിക്കുന്നു... എന്തിനേറെ പെണ്ണിനെപ്പോലെ എഴുതുന്നു എന്നൊക്കെ പറഞ്ഞായിരുന്നു കളിയാക്കൽ. കൗമാരാവസ്ഥയിലുള്ള ഒരാളുടെ ആത്മവിശ്വാസത്തെ തകർക്കാൻ അതൊക്കെ മതിയായിരുന്നു. പക്ഷേ, പഠനം നിർത്തി ഓടിപ്പോകാൻ ശ്യാമ തയ്യാറായിരുന്നില്ല. 'കളിയാക്കുന്നവരുടെ മുൻപിൽ തല ഉയർത്തി നിൽക്കാൻ വിദ്യാഭ്യാസംകൊണ്ട് കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് പഠനം തുടർന്നു. മികച്ച മാർക്കുവാങ്ങി ജയിച്ചു,' .

പഠനത്തിലെ മികവ് ജോലിയിലും തെളിയിക്കാൻ കഴിയുമെന്ന വിശ്വാസം ശ്യാമയ്ക്കുണ്ട്. പക്ഷേ, ഭിന്നലിംഗവിഭാഗത്തിൽപെടുന്നതിനാൽ ജോലിനല്കാൻ പലരും വിമുഖത കാണിക്കുന്നു. 'അധ്യാപനം എന്റെ ഇഷ്ടമേഖലയാണ്. പക്ഷേ, എന്നെപ്പോലുള്ളവരെ പല സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളും പരിഗണിക്കുന്നില്ല.'

ജോലിക്കായി സർക്കാരിനെ ആശ്രയിക്കുകയെന്നതാണ് മറ്റൊരു പോംവഴി. അവിടെയും പ്രശ്നങ്ങളാണെന്ന് ശ്യാമയുടെ അനുഭവം. ‘ലിംഗം കൊണ്ട് ചെയ്യാവുന്ന ജോലിയൊന്നും പി.എസ്.സി.യിൽ ഇല്ലെന്നാ'യിരുന്നു ഒരു ബോർഡ് അംഗം പറഞ്ഞതെന്ന് ശ്യാമ പറയുന്നു. സർക്കാർ അവസരങ്ങളിൽ ഭിന്നലൈംഗികരെകൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി.യെ സമീപിച്ചപ്പോഴാണ് ഇത്തരത്തിലുള്ള മറുപടി ലഭിച്ചത്.

ഭിന്നലൈംഗികർക്ക് ജോലിക്ക് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുന്നതിനൊപ്പം ഗവേഷണവുമായി മുന്നോട്ട് പോകാനാണ് ശ്യാമയുടെ തീരുമാനം. കളിയാക്കലുകൾ കേട്ട് തഴമ്പിച്ച ഭൂതകാലത്തിൽനിന്ന് ഇത്രയും വിജയം നേടാനായെങ്കിൽ അഭിനന്ദനവും പ്രോത്സാഹനവും ലഭിച്ചാൽ ഇനിയും ഉയരങ്ങളിലെത്തുമെന്ന് ശ്യാമയുടെ പുഞ്ചിരി സാക്ഷ്യപ്പെടുത്തുന്നു. ‘സാമൂഹികനീതിവകുപ്പിന്റെ പ്രവർത്തനങ്ങളിൽ പ്രതീക്ഷയുണ്ട്. മുന്നോട്ടുവരാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങൾക്ക് അവസരങ്ങൾ നൽകാൻ നിങ്ങൾക്ക് കഴിയുമോ’, ശ്യാമ ചോദിക്കുന്നു.


സ്വപ്നനേട്ടത്തിൽ ലക്ഷയ്‌ ശർമ

പത്താം ക്ലാസിൽ പഠിക്കുമ്പോൾതന്നെ ഐ.ഐ.ടി. ആയിരുന്നു ലഖ്നൗ സ്വദേശി ലക്ഷയ് ശർമയുടെ സ്വപ്നം. അതു യാഥാർഥ്യമാക്കാനായി രാജസ്ഥാനിലെ കോട്ടയിൽ പരിശീലനത്തിനുചേർന്നു. കഠിനപരിശ്രമം അതുക്കുംമേലെയുള്ള നേട്ടമാണ് ലക്ഷയ്ക്കു സമ്മാനിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച എട്ടു സർവകലാശാലകളിലൊന്നായ പെൻസിൽവേനിയ യൂണിവേഴ്സിറ്റിയുടെ സ്കോളർഷിപ്പ്. കംപ്യൂട്ടർ സയൻസ് ആൻഡ് ഫിസിക്സ് എൻജിനീയറിങ് പഠിക്കാൻ രണ്ടുകോടി രൂപയുടെ സ്കോളർഷിപ്പാണ് ലക്ഷയ് സ്വന്തമാക്കിയത്.

വഴിത്തിരിവ്  
പത്താം ക്ലാസ് മുതൽ തുടങ്ങി തയ്യാറെടുപ്പുകൾ. പഠിച്ചു മടുക്കുമ്പോൾ കീബോർഡിൽ ബോളിവുഡ് ഗാനങ്ങൾ വായിച്ച് മനസ്സിനെ സമ്മർദത്തിൽനിന്നകറ്റി. ഗോമതി നഗറിലെ സിറ്റി മോണ്ടിസ്സോറി സ്കൂളിലെ പൂർവവിദ്യാർഥി സഞ്ജീവ് പാണ്ഡെയെ പരിചയപ്പെട്ടത് ജീവിതത്തിന്റെ ഗതിമാറ്റി.
ഇന്ത്യയിൽത്തന്നെ പഠിക്കണമെന്ന് ആലോചിക്കുന്നത് എന്തിനാണെന്നായിരുന്നു സഞ്ജീവിന്റെ ചോദ്യം. അമേരിക്കയിലെ ലോകപ്രശസ്ത സർവകലാശാലകളിൽ അവസരം കണ്ടെത്താൻ ശ്രമിച്ചുകൂടേയെന്ന ചോദ്യം ലക്ഷയ്‌യുടെ ലക്ഷ്യംതന്നെ മാറ്റി.

യു.എസ്. സർവകലാശാലകളിലേക്കുള്ള പ്രവേശനപരീക്ഷകൾക്കുവേണ്ടിയായി പിന്നീട് പരിശീലനം.

സഞ്ജീവ് പാണ്ഡെയുടെ കീഴിലായിരുന്നു പഠനം. അമേരിക്കൻ കോളേജ് ടെസ്റ്റിങ് (എ.സി.ടി. പരീക്ഷകൾക്കായുള്ള തയ്യാറെടുപ്പും പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷയും ഒരേസമയത്തായിരുന്നു. അതിനൊപ്പം ജെ.ഇ.ഇ. പ്രവേശനപരീക്ഷയ്ക്കായും തയ്യാറെടുത്തു. കൂടാതെ, 2015-ലെ ഇന്റർനാഷണൽ ജൂനിയർ ഒളിംപ്യാഡിലും (ഐ.ജെ.എസ്.ഒ. ) 2016-ലെ അസ്‌ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് ഒളിംപ്യാഡിലും (ഐ.ഒ.എ.എ.) ലക്ഷയ് പങ്കെടുത്തു. ഇതെല്ലാം ശരിയായരീതിയിൽ ഒരുമിച്ചുകൊണ്ടുപോകാൻ സാധിച്ചത്  വിജയത്തിലേക്കുള്ള എളുപ്പവഴിയായെന്ന് ലക്ഷയ് പറയുന്നു.

എ.സി.ടി.യിലെ പ്രകടനം
എ.സി.ടി.യിൽ പ്രധാനവിഷയങ്ങളായ ഭൗതികശാസ്ത്രം, രസതന്ത്രം, ഗണിതം എന്നിവയിൽ 800 മാർക്കും നേടി. ആകെ എ.സി.ടി. പരീക്ഷയിൽ 36-ൽ 35 പോയന്റും കരസ്ഥമാക്കി. വിദേശഭാഷയിലെയും ഇംഗ്ലീഷിലെയും പ്രാവീണ്യം പരിശോധിക്കുന്ന ടോഫൽ ടെസ്റ്റിൽ 120-ൽ 115 പോയന്റാണ് ലക്ഷയിന്‌ ലഭിച്ചത്.

അംഗീകാരങ്ങൾ
 2015-ൽ ഐ.ജെ.എസ്.ഒ.യിൽ സ്വർണമെഡൽ
 2016-ൽ ഐ.ഒ.എ.എ.യിൽ വെങ്കലമെഡൽ
 കിഷോർ വൈ‍ജ്ഞാനിക് പ്രോത്സാഹൻ യോജനയിൽ പതിമ്മൂന്നാം റാങ്ക്
 എ.സി.ടി. പരീക്ഷയിൽ മുഴുവൻ മാർക്ക്

നക്ഷത്രങ്ങളിലേക്കുള്ള സ്വപ്നം
കംപ്യൂട്ടർ സയൻസിനും എൻജിനീറിങ്ങിനും പുറമേ നക്ഷത്രങ്ങളോടും കൂട്ടുകൂടാൻ ഇഷ്ടമാണ് ലക്ഷയിന്. കുഞ്ഞുനാൾമുതൽ ടെലിസ്കോപ്പിലൂടെ ഗാലക്സികളെയും നക്ഷത്രങ്ങളുടെയും മനോഹാരിത ആസ്വദിക്കാറുണ്ടായിരുന്നു. എല്ലാ വിദ്യാർഥിയും കൊതിക്കുന്ന പെൻസിൽവേനിയ യൂണിവേഴ്സിറ്റിയുടെ സ്കോളർഷിപ്പ് നേടാനായതിൽ സന്തോഷമുണ്ടെന്നും ലക്ഷയ് പറയുന്നു.


താങ്ക് യു!

# ശ്രീദത്ത് എസ്. പിള്ള | sreeduth.pillai@gmail.com

താങ്ക് യു... കരുത്തുള്ള ഒരുജോടി വാക്കുകൾ. ഒരർഥത്തിൽ നമ്മുടെ കൈവശമുള്ള ഒരു ആയുധമാണിത്. പരിധിയില്ലാതെ എന്നാൽ, തികച്ചും സൗജന്യമായി ഉപയോഗിക്കാൻകഴിയുന്ന മൂർച്ചയേറിയ ഒരായുധം. പക്ഷേ, നാം പലപ്പോഴും അത് വേണ്ടവിധത്തിൽ പ്രയോഗിക്കാറില്ല. വിവേകശൂന്യമായ കാര്യമാണിതെന്നു മാത്രമല്ല ഒരു  അപരാധവുംകൂടിയാണ്.

‘താങ്ക് യു’ പറയുകയെന്നത് നമ്മുടെ ആദ്യബാലപാഠങ്ങളിലൊന്നാണ്.  നമ്മുടെ ഹൃദയത്തിൽനിന്നുവരുന്ന ഒരു ‘താങ്ക് യു’ ബന്ധങ്ങളിൽ സൃഷ്ടിക്കുന്ന നാടകീയമായമാറ്റം നാം മനസ്സിലാക്കാറില്ല. ജോലിസ്ഥലങ്ങളിൽ ഇതിന്റെ സ്വാധീനവും തത്‌ഫലമായ നേട്ടങ്ങളും  ഏറെയാണ്. ചെയ്തസഹായത്തെ സ്മരിക്കുകയും കലർപ്പില്ലാത്ത നന്ദി  അറിയിക്കുകയും ചെയ്യുന്നവർക്ക് സഹപ്രവർത്തകരിൽനിന്ന് 50 ശതമാനത്തോളം അധികസഹായങ്ങൾ ലഭിക്കുമെന്നാണ് പഠനങ്ങൾ.   അതിനാൽതന്നെ അത്ര ചെറിയൊരുകാര്യമല്ലിത്. ചിലപ്പോഴൊക്കെ നാം ചിന്തിക്കാറുണ്ട്. അതയാളുടെ കടമയാണ്. അയാളിൽനിന്നും പ്രതീക്ഷിക്കുന്നതും അതാണ്. അതുകൊണ്ട് നന്ദി പറയേണ്ടതുണ്ടോ?

 അവസരങ്ങൾ നഷ്ടപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നേ പറയാനാവൂ. ഒരു പഠനത്തെപ്പറ്റി പറയുന്നത് ഈ അവസരത്തിൽ ഉചിതമായിരിക്കും. നമുക്കറിയാം, ഒരു സെയിൽസ്‌മാൻ വിൽപ്പനയ്ക്കായി കോളുകൾ ചെയ്യുകയും വിൽപ്പനനടത്തുകയും തത്‌ഫലമായി തന്റെ ശമ്പളവും ഇൻസെൻറ്റീവും കൈപ്പറ്റുകയും ചെയ്യുമെന്ന്. പരീക്ഷണമെന്നനിലയിൽ ഒരു സ്ഥാപനത്തിലെ പകുതി സെയിൽസ് ജീവനക്കാരെ അവരുടെ സംഭാവനകൾക്ക് കമ്പനിയുടെ തലവൻ  വ്യക്തിപരമായി നന്ദിപറഞ്ഞു. അഭൂതപൂർവമായ ഫലമാണ് അതുണ്ടാക്കിയത്. തുടർന്നുവന്ന രണ്ടാഴ്ചകളിൽ അവരുടെ സെയിൽസ് കോളുകളിൽ 50 ശതമാനത്തിന്റെ വർധനയുണ്ടായി. അതേസമയം മറുപകുതിയിൽപ്പെട്ട ജീവനക്കാരുടെ പ്രകടനത്തിൽ  മാറ്റമൊന്നുമുണ്ടായതുമില്ല. ‘താങ്ക് യു’വിന് സൃഷ്ടിക്കാൻകഴിയുന്ന അദ്‌ഭുതങ്ങളെക്കുറിച്ചു കൂടുതൽ തെളിവുവേണോ?
കാലോചിതവും സത്യസന്ധവുമായ കൃതജ്ഞതയ്ക്ക് മനുഷ്യരെ പ്രവർത്തനോന്മുഖരാക്കാനും പ്രചോദിപ്പിക്കാനും സ്നേഹം, സൗഹാർദം, സമാധാനം ഇവ സൃഷ്ടിക്കാനും കഴിയും. തൊഴിൽരംഗത്തുമാത്രമല്ല വ്യക്തിജീവിതത്തിലും മാറ്റമുണ്ടാക്കാൻ ഇതിനു കഴിയും.

നിങ്ങൾ ഒരാളെ മനസ്സുനിറഞ്ഞു നന്ദിയറിയിക്കുമ്പോൾ അതൊരു നന്മയുടെ, ശുഭാപ്തിയുടെ പ്രതീതി ഉളവാക്കുന്നുവെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അനുഗുണമായ ഒരു മാനസികസ്ഥിതിയിലേക്ക് ഇതു നയിക്കുകയും ‘സന്തോഷ’ ഹോർമോണുകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. കൃതജ്ഞത സ്വീകരിക്കുന്നയാൾക്കാവട്ടെ സ്വാഭിമാനവും സമൂഹത്തിൽ വിലയുള്ളതായി തോന്നുകയും ചെയ്യും.

‘‘ഞാൻ സഹായിച്ചിട്ടാണ് അവൻ അവിടെയെത്തിയത്. എന്നിട്ടും എന്നെ മറന്നു. നന്ദിയില്ലാത്തവൻ.’’ പലപ്പോഴും നാം കേട്ടിട്ടുള്ള പദപ്രയോഗങ്ങളാണിത്. എനിക്കുറപ്പുണ്ട് നിങ്ങൾ എത്രതന്നെ കഴിവുള്ളയാളാണെങ്കിലും അധ്വാനിക്കുന്നവനാണെങ്കിലും എപ്പോഴും നിങ്ങളുടെ വിജയത്തിനുപിന്നിൽ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുള്ള ചിലരെങ്കിലുമുണ്ടാകും. നിങ്ങളെ വിജയതീരത്തെത്താൻ സഹായിക്കുന്ന പലരും നിശ്ശബ്ദമായിട്ടാവും അതുചെയ്യുക. എന്റെ വിജയങ്ങൾക്ക് അത് എത്ര ചെറുതാണെങ്കിൽക്കൂടി നിസ്വാർഥമായി യത്നിച്ച ഒരുപാടുപേരെ ചൂണ്ടിക്കാട്ടാൻ എനിക്കാകും. അവരിൽ ഏറ്റവും വലിയ പങ്കുവഹിച്ചത്  അച്ഛനാണ്. എന്റെ ആഗ്രഹങ്ങളെ പൂർത്തീകരിക്കാൻ പിന്തുണച്ച,  വീഴ്ചകളിൽ കൈപിടിച്ചുയർത്തിയ അച്ഛനോടാണ് ഞാൻ ഏറ്റവും കടപ്പെട്ടിരിക്കുന്നത്.

മറ്റുള്ളവരെ അംഗീകരിക്കുമ്പോഴും അവർക്കു നന്ദിപറയുമ്പോഴും നാമൊരിക്കലും ചെറുതാവുകയോ നമ്മുടെ പ്രാധാന്യം കുറഞ്ഞുപോവുകയോ ഇല്ല. മറിച്ച്‌ കൃതജ്ഞത പ്രകടിപ്പിക്കാനുള്ള മനസ്സ് ഒരു കരുത്തുറ്റ വ്യക്തിത്വത്തിന്റെ മുഖമുദ്രയാണ്. നാം അത് എത്രമാത്രം  പ്രകടിപ്പിക്കുന്നുവോ അത്രകണ്ട് അഭിവൃദ്ധിയിലേക്ക് അതു നമ്മെ നയിക്കും. അതിനാൽത്തന്നെ ഇത് നമുക്കൊരു ശീലമാക്കാം. ഇനിമുതൽ എല്ലാവരോടും ആത്മാർഥമായി പറയാം... താങ്ക് യു!


ഏൻഷ്യന്റ് ആൻഡ് മെഡിവൽ ഇന്ത്യ

പബ്ലിഷർ: മക്‌ഗ്രോ ഹിൽ എജ്യൂക്കേഷൻ
സിവിൽ സർവീസ് പരീക്ഷയ്ക്കും വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സർവീസ് പരീക്ഷകൾക്കും തയാറെടുക്കുന്ന വിദ്യാർഥികൾക്കായി പുരാതന, മധ്യകാല ഇന്ത്യയുടെ ചരിത്രം ഉൾപ്പെടുത്തി തയാറാക്കിയത്.
   സിവിൽ സർവീസ് പ്രാഥമിക പരീക്ഷയുടെ സിലബസ് പ്രകാരമാണിത് തയാറാക്കിയിരിക്കുന്നത്. ചിത്രങ്ങളും പട്ടികകളും ഉൾപ്പെടുത്തി പ്രധാന കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാകുംവിധമാണ് അവതരണം. റിവിഷനു വേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ വേർപെടുത്താവുന്ന ചാർട്ടും പുസ്തകത്തോടൊപ്പമുണ്ട്.


പ്രായം കുറഞ്ഞ സമാധാനദൂത

 • സംസ്ഥാന യൂത്ത് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പാലക്കാടിന് ഓവറോൾ കിരീടം.
 • ഇന്ത്യൻ വംശജ ആശ ഖെംകയ്ക്ക് ഏഷ്യൻ ബിസിനസ് വുമൺ ഓഫ് ദ ഇയർ പുരസ്കാരം.
 • ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സമാധാനദൂതയായി സമാധാന നൊബേൽ ജേതാവ് മലാല യൂസുഫ്‌സായിയെ നിയമിച്ചു.
 • ഡോ. ആർ.എൽ. സരിതയെ  സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറായി നിയമിച്ചു.
 • കിൻഫ്രയുടെ മാനേജിങ് ഡയറക്ടറായി വിങ് കമാൻഡർ കെ.എ. സന്തോഷ് കുമാർ ചുമതലയേറ്റു.
 • മിന്നാമിനുങ്ങ് എന്ന സിനിമയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സുരഭി ലക്ഷ്മിക്ക് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം. ബോളിവുഡ് താരം അക്ഷയ് കുമാറാണ് മികച്ച നടൻ. ജൂറിയുടെ പ്രത്യേക പരാമർശം മോഹൻലാലിനാണ്. വെന്റിലേറ്റർ എന്ന സിനിമ സംവിധാനം ചെയ്ത രാജേഷ് മാപുസ്കാറാണ് മികച്ച സംവിധായകൻ.
 • രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരമളക്കുന്ന പരിശോധനയിൽ  ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഇന്ത്യയിലെ മികച്ച സർവകലാശാലയായി.
 • ഇന്ത്യയിലെ ആദ്യ ഭിന്നലിംഗ പോലീസ് സബ് ഇൻസ്പെക്ടറായി കെ. പ്രിത്തികയാഷിനി സ്ഥാനമേറ്റു.
 • നിരൂപകനും പരിഭാഷകനും അധ്യാപകനുമായ പ്രൊഫ. എം. അച്യുതൻ (87) അന്തരിച്ചു.
 • ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോങ്കർ(84) അന്തരിച്ചു.

ഒഴിവുകൾ

ഓറിയന്റൽ ബാങ്കിൽ 120 സ്പെഷ്യലിസ്റ്റ് ഓഫീസർ
ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിലായി  120 ഒഴിവുണ്ട്.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 26.
വെബ്‌സൈറ്റ്: www.obcindia.co.in

ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ 508 ഒഴിവ്
ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്‌സിൽ അധ്യാപനം, പാരാമെഡിക്കൽ, അഡ്മിനിസ്‌ട്രേറ്റിവ് വിഭാഗങ്ങളിലായി 496 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്‌സിന്റെ 50 ഒഴിവുകളുണ്ട്. വെബ്‌സൈറ്റ്: www.dsci.nic.in

കനറാ ബാങ്കിൽ 26 ഒഴിവ്
കനറാ ബാങ്ക് സെക്യൂരിറ്റീസ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ 26 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 18. വെബ്‌സൈറ്റ്: www.canmoney.in

ആർമി ഡെന്റൽ കോറിൽ അവസരം
ആർമി ഡെന്റൽ കോറിൽ ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫീസറുടെ 56 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത: ബി.ഡി.എസ്. (അവസാനവർഷം 55 ശതമാനം മാർക്കിൽ കുറയാതെ നേടിയിരിക്കണം). അല്ലെങ്കിൽ എം.ഡി.എസ്. 2017 മാർച്ച് 31-നുള്ളിൽ ഒരുവർഷത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 15. വെബ്‌സൈറ്റ്: www.indianarmy.nic.in

ഭെല്ലിൽ 770 അപ്രന്റിസ്
തിരുച്ചിറപ്പിള്ളിയിലുള്ള ഭാരത് ഹെവി ഇലക്‌ട്രിക്കൽസ് ലിമിറ്റഡിൽ ട്രേഡ് അപ്രന്റിസ്ഷിപ്പിന് അവസരം. ഫിറ്റർ, ട്യൂണർ, മെഷിനിസ്റ്റ്, ഇലക്‌ട്രീഷ്യൻ, വയർമാൻ, ഇലക്‌ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, എ.സി. ആൻഡ് റഫ്രിജറേഷൻ, ഡ്രോട്‌സ്‌മാൻ മെക്കാനിക്കൽ, വെൽഡർ (ജി.ഇ.), ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, കാർപ്പെന്റർ, പ്രോഗ്രാം ആൻഡ് സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റന്റ്, പ്ലംബർ എന്നീ ട്രേഡുകളിലായി 770 ഒഴിവുകളുണ്ട്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 20. വെബ്‌സൈറ്റ്: www.apprenticeship.gov.in

ഏഴിമല നേവൽ അക്കാദമിയിൽ ആർമമെന്റ് ബ്രാഞ്ച് എൻട്രി
ഏഴിമല ഇന്ത്യൻ നേവൽ അക്കാദമിയിലെ നേവൽ ആർമമെന്റ് ഇൻസ്പെക്ഷൻ (എൻ.എ.ഐ.) കേഡറിലേക്ക് അവിവാഹിതരായ യുവതീയുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 8 ഒഴിവുകളുണ്ട്.
അവസാന തീയതി: ഏപ്രിൽ 27. വെബ്‌സൈറ്റ്: www.joinindiannavy.gov.in


മലപ്പുറം

LDC Quick LOOK

 • വിസ്തൃതി: 3550 ച.കി.മീ.
 • ജനസംഖ്യ: 41,12,920
 • ജനസാന്ദ്രത: 1159 ച.കി.മീ.
 • സ്ത്രീ-പുരുഷ അനുപാതം: 1098/1000
 • സാക്ഷരതാശതമാനം: 93.57
 • വനം: 1255 ച.കി.മീ.
 • നദികൾ: കേരളത്തിലെ നാല് പ്രധാന നദികൾ ജില്ലയിലൂടെ ഒഴുകുന്നു. ചാലിയാർ, കടലുണ്ടിപ്പുഴ, ഭാരതപ്പുഴ, തിരൂർ പുഴ.
 • കൃഷി: തെങ്ങ്, അടയ്ക്ക, റബ്ബർ, കശുവണ്ടി, കുരുമുളക്.
 • സംസ്ഥാനത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല. 1969 ജൂൺ 16-ന്‌ ജില്ല രൂപവത്‌കൃതമായി.
 • പെരിന്തൽമണ്ണയ്ക്കടുത്ത് കീഴാറ്റൂരിലെ പൂന്താനം ഇല്ലം, കാടാമ്പുഴ ദേവീക്ഷേത്രം, വള്ളിക്കുന്ന് ബീച്ച്, ആഢ്യൻപാറ വെള്ളച്ചാട്ടം, തിരുമാന്ധാംകുന്ന് ക്ഷേത്രം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, കടലുണ്ടി പക്ഷിസങ്കേതം തുടങ്ങിയവയാണ് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാനസ്ഥലങ്ങൾ.
 • കോട്ടക്കൽ ആര്യവൈദ്യശാല പ്രമുഖ ആയുർവേദ ചികിത്സാകേന്ദ്രമാണ്.
 • എഴുത്തച്ഛന്റെ ജന്മസ്ഥലമായ തുഞ്ചൻപറമ്പ് തിരൂരിലാണ്.
 • പ്രശസ്തമായ തേക്ക് മ്യൂസിയം നിലമ്പൂരിലാണ്.
 • തിരൂരിലാണ് വാഗൺ ട്രാജഡി സ്മാരകം.
 • കാലിക്കറ്റ് സർ‌വകലാശാല, മലയാള സർവകലാശാല എന്നിവ ജില്ലയിലാണ്.
 • മലബാർ‍ കലാപവും ഖിലാഫത്ത് സമരവും മലപ്പുറത്തിന് ചരിത്രപ്രാധാന്യം നല്കുന്നു.