ഇന്ത്യൻ വ്യോമസേനയിൽ ഫ്ളയിങ്, ടെക്നിക്കൽ, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലെ നിയമനത്തിനായി എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് (എ.എഫ്.സി.എ.ടി.) അപേക്ഷിക്കാം. 317 ഒഴിവാണുള്ളത്.

സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത കോഴ്സുകളുണ്ട്. ഫ്ളയിങ് ബ്രാഞ്ചിൽ എൻ.സി.സി.ക്കാർക്ക് ഒഴിവുകൾ മാറ്റിവെച്ചിട്ടുണ്ട്.

ഫ്ളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ) ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 74 ആഴ്ചയും ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 52 ആഴ്ചയും നീളുന്ന പരിശീലനകോഴ്സുണ്ട്. 2023 ജനുവരിയിൽ ആരംഭിക്കുന്ന കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഓഫീസർ തസ്തികയിൽ പെർമനന്റ്/ഷോർട്ട് സർവീസ് കമ്മിഷൻ ലഭിക്കും.
ഫ്ളയിങ് ബ്രാഞ്ച് പ്രായം: 20-24 വയസ്സ്. 2023 ജനുവരി ഒന്ന്‌ അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. 1999 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം (രണ്ട് തീയതികളും ഉൾപ്പെടെ) അപേക്ഷകർ.

ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ), എയ്‌റോനോട്ടിക്കൽ എൻജിനിയർ (ഇലക്‌ട്രോണിക്സ്, മെക്കാനിക്കൽ), ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ), അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്സ്, അക്കൗണ്ട്സ് എന്നീ വിഭാഗങ്ങളിലാണ് പ്രവേശനം. പ്രായം: 20-26 വയസ്സ്. 2020 ജനുവരി ഒന്ന്‌ അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. 1997 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം (രണ്ട് തീയതികളും ഉൾപ്പെടെ) അപേക്ഷകർ.

അപേക്ഷ അയക്കുന്നത് സംബന്ധിച്ചുള്ള സംശയങ്ങൾ
ദൂരീകരിക്കാൻ 020-25503105 /25503106 എന്നീ ടെലിഫോൺ നമ്പറുകളിലോ afcatcell@cdac.in എന്ന ഇ-മെയിൽ ഐ.ഡി.യിലോ ബന്ധപ്പെടാം.
അപേക്ഷയ്ക്കും കൂടുതൽവിവരങ്ങൾക്കും www.careerairforce.nic.in | www.afcat.cdac.in അവസാനതീയതി: ഡിസംബർ-30.


തൊഴിലുറപ്പ് പദ്ധതിയിൽ 915 റിസോഴ്സ് പേഴ്സൺ

യോഗ്യത പ്ലസ്ടു/ബിരുദം

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് യൂണിറ്റ് കേരളയിൽ 915 ഒഴിവ്. കേരളത്തിലെ 107 ബ്ലോക്കുകളിലും 808 വില്ലേജുകളിലുമായാണ് നിയമനം.

 വില്ലേജ് റിസോഴ്സ് പേഴ്സൺ-808
യോഗ്യത: പ്ലസ്ടു/തത്തുല്യം. കംപ്യൂട്ടർ/ഇന്റർനെറ്റ് പരിജ്ഞാനം. ബിരുദം, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട അറിവും പ്രായോഗികപരിചയവും. കുടുംബശ്രീ സി.ഡി.എസ്./എ.ഡി.എസ്. സംഘടനാസംവിധാനവുമായി ബന്ധപ്പെട്ട ചുമതലവഹിച്ച പരിചയം, നെഹ്രു യുവകേന്ദ്ര, യുവജനക്ഷേമ ബോർഡ്, സാക്ഷരതാമിഷൻ, പട്ടികജാതി/പട്ടികവർഗ പ്രൊമോട്ടർ, ലൈബ്രറികൾ എന്നീ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരിചയം, വിവിധ വികസനപരിപാടികളുമായി ബന്ധപ്പെട്ട പ്രവർത്തനപരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. പ്രായപരിധി: 35 വയസ്സ് (2022 ജനുവരി ഒന്ന് അടിസ്ഥാനമാക്കി). ശമ്പളം: പ്രവൃത്തിചെയ്യുന്ന ദിവസങ്ങളിൽ 350 രൂപ.

 ബ്ലോക്ക് റിസോഴ്സ് പേഴ്സൺ-107
തൊഴിലാളികൾക്കും പഞ്ചായത്ത് അധികൃതർക്കും തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളും അവബോധവും ഉണ്ടാക്കുക, വില്ലേജ് റിസോഴ്സ് പേഴ്സൺമാരെ പരിശീലിപ്പിക്കുക, സോഷ്യൽ ഓഡിറ്റിൽ അവരെ സഹായിക്കുക, സോഷ്യൽ ഓഡിറ്റ് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം പ്രവർത്തനങ്ങൾ ഏകോപ്പിക്കുക, ബ്ലോക്കുകളിലെ സോഷ്യൽ ഓഡിറ്റ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ റിസോഴ്സ് പേഴ്സൺ ഏൽപ്പിക്കുന്ന ചുമതലകൾ നിർവഹിക്കുക എന്നിവയാണ് പേഴ്സണിന്റെ ചുമതലകൾ.
യോഗ്യത: ബിരുദം. സർക്കാർ അംഗീകൃത കംപ്യൂട്ടർ കോഴ്സ് പാസാകണം. ഏതെങ്കിലും വിഷയത്തിലെ ബിരുദാനന്തരബിരുദം, കുടുംബശ്രീ ഉൾപ്പെടെയുള്ള സാമൂഹികാധിഷ്ഠിത സന്നദ്ധസംഘടനകളിലെ മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം, തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ചുള്ള അറിവും പ്രായോഗികപരിചയവും വികസനപരിപാടികളുമായി ബന്ധപ്പെട്ട പ്രവർത്തനപരിചയം. പ്രായപരിധി: 40 വയസ്സ് (2022 ജനുവരി ഒന്ന് അടിസ്ഥാനമാക്കി). ശമ്പളം: 13,000 രൂപ. സ്ഥിര യാത്രാബത്ത: 2000 രൂപ.

അപേക്ഷ
ഓരോതസ്തികയ്ക്കും പ്രത്യേക അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും www.socialaudit.kerala.gov.in അപേക്ഷ ഡയറക്ടർ, സി.ഡബ്ല്യു.സി. ബിൽഡിങ്സ്, രണ്ടാംനില, എൽ.എം.എസ്. കോമ്പൗണ്ട്, പാളയം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0471-2724696. അവസാനതീയതി: ഡിസംബർ-10.


ജോലിനേടാൻ മൈക്രോ സ്‌കിൽ കോഴ്സുകൾ

നോർക്ക റൂട്ട്സും ഐ.സി.ടി. അക്കാദമിയും ചേർന്നു നടത്തുന്നു   75 ശതമാനം സ്‌കോളർഷിപ്പ്

# അജീഷ് പ്രഭാകരൻ | ajeeshpp@mpp.co.in

ലോകംമാറുകയാണ്; പുതിയ സാങ്കേതികവിദ്യ ഓരോമേഖലയിലും വരുന്നു. ഇതിനനുസരിച്ച് ജോലിയുടെ സ്വഭാവവും മാറി.

ഇപ്പോൾ ജോലിചെയ്യുന്നവർക്ക് അവരുടെ നൈപുണി വർധിപ്പിക്കാനും പഠനത്തിനുശേഷം നൈപുണി നേടാൻ താത്പര്യമുള്ളവർക്കും നോർക്ക റൂട്ട്സും ഐ.സി.ടി. അക്കാദമിയും ചേർന്നുനടത്തുന്ന മൈക്രോ സ്കിൽ ഓൺലൈൻ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പ്രവേശനപരീക്ഷയിൽ മികച്ചപ്രകടനം കാഴ്ചവെക്കുന്നവർക്ക് നോർക്കയുടെ 75 ശതമാനം സ്കോളർഷിപ്പ് ലഭിക്കും.
 സോഷ്യൽമീഡിയ മാർക്കറ്റിങ് ആൻഡ് എസ്.ഇ.ഒ.

ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ പ്രധാനഭാഗമാണ് സോഷ്യൽമീഡിയ മാർക്കറ്റിങ്. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യുട്യൂബ്, ലിങ്ക്ഡിൻ എന്നിവയെ അടിസ്ഥാനമാക്കിയുള്ള മാർക്കറ്റിങ് പഠിക്കാം. സെർച്ച് എൻജിൻ ഓപ്റ്റിമൈസേഷൻ (എസ്.ഇ.ഒ.) ഉൾപ്പെടെയുള്ള കാര്യങ്ങൾ കോഴ്സിന്റെ ഭാഗമാണ്. ബിരുദക്കാർക്കും ഫലംകാത്തിരിക്കുന്നവർക്കും രണ്ടാംവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

 ജാവാ പ്രോഗ്രാമിങ്
എൻജിനിയറിങ്, സയൻസ് വിഷയത്തിൽ ബിരുദം അല്ലെങ്കിൽ മൂന്നുവർഷത്തെ ഡിപ്ലോമ പാസായവർക്കും അവസാനവർഷ പരീക്ഷയെഴുതി ഫലംകാത്തിരിക്കുന്നവർക്കും രണ്ടാംവർഷ ബിരുദക്കാർക്കും അപേക്ഷിക്കാം.
 ബിസിനസ് ഇന്റലിജൻസ് യൂസിങ് എക്സെൽ ആൻഡ് ടാബ്ലോ എക്സൽ, ടാബ്ലോ ഉപയോഗിച്ച് വിവരങ്ങളെ വിശകലനംചെയ്യാനും അവതരിപ്പിക്കാനും പഠിക്കാം. ബിരുദക്കാർക്കും ഫലംകാത്തിരിക്കുന്ന
വർക്കും രണ്ടാംവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

 ഒരുമാസത്തെ കോഴ്സ്
ഒരുമാസം നീണ്ടുനിൽക്കുന്ന കോഴ്സിൽ മൊത്തം 60 മണിക്കൂർ. സെൽഫ് ലേണിങ്ങിനുപറമേ, ഓരോമേഖലയിലെ വിദഗ്ധരുടെ ലൈവ് സെഷനുമുണ്ട്. അടിസ്ഥാന കംപ്യൂട്ടർ പരിജ്ഞാനം വേണം. മൂന്നുകോഴ്സുകൾക്കും ജി.എസ്.ടി. കൂടാതെ 6000 രൂപയാണ് ഫീസ്.

 പഠനം ലിങ്ക്ഡ്ഇൻ വഴിയും
കോഴ്സ് കാലയളവിൽ പ്രൊഫഷണൽ സോഷ്യൽ നെറ്റ്‌വർക്കായ ലിങ്ക്ഡ്ഇൻ ലേണിങ് സംവിധാനം സൗജന്യമായി പ്രയോജനപ്പെടുത്താം. ഇതിലൂടെ 16,000- ത്തോളം തൊഴിൽസാധ്യതയേറിയ കോഴ്സുകൾ പഠിക്കാനും നൈപുണി വർധിപ്പിക്കാനും സാധിക്കും.

 അപേക്ഷ
www.ictkerala.org വഴി ഡിസംബർ ഏഴുവരെ രജിസ്റ്റർചെയ്യാം. പ്രവേശനപരീക്ഷ 11-ന് നടക്കും. വിവരങ്ങൾക്ക്: 8078102119, 7594051437, നോർക്ക റൂട്ട് ടോൾഫ്രീ- 1800 425 3939


ഫാക്‌ടിൽ 179 അപ്രന്റിസ് 

: എറണാകുളത്തെ ഉദ്യോഗമണ്ഡലിലുള്ള കേന്ദ്രസർക്കാർ സ്ഥാപനമായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസിൽ (എഫ്.എ.സി.ടി.) അപ്രന്റിസ്ഷിപ്പിന് അവസരം. ഒരുവർഷത്തെ പരിശീലനമാണ്. ഗ്രാജ്വേറ്റ് അപ്രന്റിസ്-24, ടെക്നീഷ്യൻ അപ്രന്റിസ്-57, ട്രേഡ് അപ്രന്റിസ്-98 എന്നിങ്ങനെയാണ് ഒഴിവുകൾ. അവസാനതീയതി: ഡിസംബർ -18. വിവരങ്ങൾക്ക്: www.factco.in

സംസ്‌കൃത സർവകലാശാലയിൽ അധ്യാപകർ

: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലായി 38 ഒഴിവ്. ഓൺലൈൻ അപേക്ഷ അവസാന തീയതി: ഡിസംബർ-24. അപേക്ഷയുടെ പ്രിന്റൗട്ട് സ്വീകരിക്കുന്ന അവസാനതീയതി: ഡിസംബർ 31. അപേക്ഷയ്ക്കും കൂടുതൽവിവരങ്ങൾക്കും: www.ssus.ac.in


വേഗത്തിൽ ജോലി
കോവിഡ് കാലത്ത് കുടിയേറ്റത്തിന്റെ സ്വഭാവവും മേഖലകളും മാറി. നൈപുണി അടിസ്ഥാനമാക്കിയുള്ള കുടിയേറ്റമാണ് ലക്ഷ്യം. വേഗത്തിൽ ജോലിനേടാനും നിലവിലെ കഴിവുകൾ വളർത്തിയെടുക്കാനും ഇത്തരം കോഴ്സുകൾ സഹായിക്കും. മാറുന്ന സാഹചര്യങ്ങളിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താം.
-ഹരികൃഷ്ണൻ നമ്പൂതിരി, സി.ഇ.ഒ. നോർക്ക.

പുതിയകാര്യങ്ങൾ അറിയാം
നൈപുണിവികസനമാണ് മൈക്രോ സ്കിൽ കോഴ്സുകൾകൊണ്ട് ലക്ഷ്യമിടുന്നത്. ഇപ്പോൾ ജോലിചെയ്യുന്നവർക്ക് പുതിയ കാര്യങ്ങൾ അറിയാനും ഈ മേഖലയിലേക്ക് താത്പര്യമുള്ളവർക്കും കോഴ്സിന്റെ ഭാഗമാകാം.
-സന്തോഷ്‌കുറുപ്പ്, സി.ഇ.ഒ., ഐ.സി.ടി. അക്കാദമി.