വെസ്റ്റേൺ റെയിൽവേയിൽ 3591 അപ്രന്റിസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മുംബൈ, വഡോദര, അഹമ്മദാബാദ്, രത്‌ലാം, രാജ്കോട്ട്, ഭാവ്നഗർ എന്നീ ഡിവിഷനുകളിലും വിവിധ വർക്ക്ഷോപ്പുകളിലുമാണ് അവസരം. ഒരുവർഷത്തെ പരിശീലനമായിരിക്കും. നിയമപ്രകാരം അനുവദനീയമായ സ്റ്റൈപ്പൻഡ് ലഭിക്കും.

ട്രേഡുകൾ
ഫിറ്റർ, വെൽഡർ (ജി.ആൻഡ്.ഇ.), ടർണർ, മെഷിനിസ്റ്റ്, കാർപ്പെന്റർ, പെയിന്റർ (ജനറൽ), മെക്കാനിക്‌ (ഡീസൽ), പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്‌, വയർമാൻ, റെഫ്രിജറേഷൻ ആൻഡ് എ.സി. മെക്കാനിക്‌, പൈപ്പ് ഫിറ്റർ, പ്ലംബർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്).

യോഗ്യത
മെട്രിക്കുലേഷൻ/പത്താംക്ലാസ്. എൻ.സി.വി.ടി./എസ്.സി.വി.ടി. അഫിലിയേറ്റ് ചെയ്ത ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി. ഐ. സർട്ടിഫിക്കറ്റ്. പൈപ്പ് ഫിറ്റർ ട്രേഡിൽ പ്ലംബർ ഐ.ടി.ഐ. ട്രേഡ് പരിഗണിക്കും. പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് ട്രേഡിൽ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിലെ ഐ.ടി.ഐ.യാണ് പരിഗണിക്കുക. ബിരുദം/ ഡിപ്ലോമ യോഗ്യതയുള്ളവർ അപേക്ഷിക്കാൻ അർഹരല്ല.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.rrc-wr.com കാണുക. അവസാനതീയതി: ജൂൺ 24.


കര-നാവിക സേനകളിലെ ജെ.ഇ.ഇ. മെയിൻ അവസരങ്ങൾ

ജെ.ഇ.ഇ. മെയിൻ വഴി കരസേനയിൽ ടെക്‌നിക്കൽ എൻട്രി
# അജീഷ് പ്രഭാകരൻ | ajeeshpp@mpp.co.in
: കരസേനയിൽ ഓഫീസറാകാൻ താത്പര്യമുള്ളവർ ഇനി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ സ്കോർ നേടണം. 2022 ജനുവരിയിൽ തുടങ്ങുന്ന ടെക്‌നിക്കൽ എൻട്രി സ്‌കീം (10+2) 46-ാമത് കോഴ്‌സിലേക്ക് ജെ.ഇ.ഇ. മെയിൻ അടിസ്ഥാനമാക്കിയാണ് പ്രവേശനമെന്ന് കരസേന ഡയറക്ടേറ്റ് ജനറൽ ഓഫ് റിക്രൂട്ടിങ് അറിയിച്ചു.
ജൂലായ്-ഓഗസ്റ്റിൽ അപേക്ഷ ക്ഷണിക്കും. നിലവിൽ 12-ാം ക്ലാസിലെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് (പി.സി.എം.) അടിസ്ഥാനമാക്കിയാണ് പ്രവേശനം. ഈ മാനദണ്ഡത്തിന് പുറമേയാണ് ജെ.ഇ.ഇ. മെയിൻ കൂടി ഉൾപ്പെടുത്തി യോഗ്യതാ വ്യവസ്ഥയിൽ മാറ്റം വരുത്തിയതെന്ന് അധികൃതർ പറഞ്ഞു.

ടെക്‌നിക്കൽ എൻട്രി (10+2)
അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. അഞ്ച് വർഷമാണ് പരിശീലനം. പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ ​െലഫ്റ്റനന്റ് റാങ്കിൽ പെർമനന്റ് കമ്മിഷനായി നിയമനം. ജവാഹർലാൽ നെഹ്രു സർവകലാശാലയുടെ എൻജിനിയറിങ് ബിരുദം ലഭിക്കും. കൂടുതൽ വിവരങ്ങൾ ജൂലായ്-ഓഗസ്റ്റിലെ വിജ്ഞാപനം കാണുക. വിവരങ്ങൾക്ക്: https://joinindianarmy.nic.in/

നേവി 10+2 ബി.ടെക്. കേഡറ്റ് എൻട്രി
ജെ.ഇ.ഇ. മെയിൻ (ബി.ഇ./ബി.ടെക്.) അഖിലേന്ത്യാ റാങ്ക് അടിസ്ഥാനമാക്കിയാണ് നാവികസേന 10+2 ബി.ടെക്. കാഡറ്റ് എൻട്രി സ്‌കീമിലേക്ക് പ്രവേശനം നടത്തുന്നത്. ജെ.ഇ.ഇ. മെയിൻ ഫലം പ്രഖ്യാപിച്ച് ഒരുവർഷത്തിനുള്ളിൽ അപേക്ഷിക്കാം. ഓഫീസർ റാങ്കിൽ നിയമനം. ബി.ടെക്. ബിരുദം ലഭിക്കും. ഏഴിമല നേവൽ അക്കാദമിയിലാണ് പരിശീലനം. എജ്യുക്കേഷൻ ബ്രാഞ്ച്, എക്സിക്യൂട്ടീവ്, എൻജിനിയറിങ് ആൻഡ് ഇലക്‌ട്രിക്കൽ ബ്രാഞ്ചുകളിലേക്ക് പ്രവേശനം. വർഷത്തിൽ രണ്ട് തവണയാണ് അപേക്ഷ ക്ഷണിക്കുക. വിവരങ്ങൾക്ക്: https://www.joinindiannavy.gov.in/

ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി
പുണെ ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എ.ഐ.ടി.) എൻജിനിയറിങ് യു.ജി., പി.ജി. കോഴ്‌സുകളിലേക്കുള്ള പ്രവേശനം ജെ.ഇ.ഇ. മെയിൻ വഴിയാണ്. യു.ജി.-കംപ്യൂട്ടർ എൻജി., ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജി., ഇൻഫർമേഷൻ ടെക്‌നോളജി, മെക്കാനിക്കൽ എൻജി., പി.ജി.- മെക്കാനിക്കൽ ഡിസൈൻ. കരസേനയിലെ ജീവനക്കാരുടെയും വിരമിച്ചവരുടെയും ആശ്രിതർക്കാണ് പ്രവേശനം. വിവരങ്ങൾക്ക്: https://www.aitpune.com/

ജെ.ഇ.ഇ. മെയിൻ
2021-ലെ ജെ.ഇ.ഇ. മെയിൻ പരീക്ഷ നാല് സെഷനുകളിലായിട്ടാണ് നടത്താൻ നിശ്ചയിച്ചത്. ആദ്യത്തെ രണ്ട് സെഷനുകൾ കഴിഞ്ഞെങ്കിലും കോവിഡ് കാരണം ഏപ്രിൽ, മേയ് സെഷനുകൾ മാറ്റിവെച്ചു. എത്ര സെഷൻ വേണമെങ്കിലും അഭിമുഖീകരിക്കാം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻ.ഐ.ടി.), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ഐ.ഐ.ടി.കൾ.), കേന്ദ്ര സഹായത്താൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ (സി.എഫ്.ടി.ഐ.) എന്നിവയിലെ എൻജിനിയറിങ്, ആർക്കിടെക്ചർ, പ്ലാനിങ് കോഴ്‌സുകളിലെ പ്രവേശനമാണ് ജെ.ഇ.ഇ. മെയിൻ വഴി നടത്തുന്നത്. വിവരങ്ങൾക്ക്: https://jeemain.nta.nic.in/

എൻ.ടി.പി.സി. 280 എൻജിനിയറിങ് എക്സിക്യുട്ടീവ്
എൻ.ടി.പി.സി.യിൽ 280 എൻജിനിയറിങ് എക്സിക്യുട്ടീവ് ട്രെയിനി ഒഴിവ്. 2021-ലെ ഗേറ്റ് സ്കോർ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ വിഭാഗക്കാർക്കാണ് അവസരം. നിയമനം വിവിധ പ്ലാന്റിലോ പ്രോജക്ടിലോ ആയിരിക്കും. വിവരങ്ങൾക്ക്: www.ntpc.co.in അവസാനതീയതി: ജൂൺ 10.