:സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളിലെ 190 ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാബോർഡ് അപേക്ഷ ക്ഷണിച്ചു. പരീക്ഷാബോർഡ് നടത്തുന്ന എഴുത്തുപരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണസ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷാബോർഡ് തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റ് പ്രകാരമാണ് നിയമനം.
തസ്തികകൾ
അസിസ്റ്റന്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ്/ ഡെപ്യൂട്ടി ജനറൽമാനേജർ (തിരുവനന്തപുരം 1, കോട്ടയം 2, മലപ്പുറം 1, വയനാട് 1)
ജൂനിയർ ക്ലാർക്ക്/ കാഷ്യർ (തിരുവനന്തപുരം 9, കൊല്ലം 8, പത്തനംതിട്ട 2, ആലപ്പുഴ 17, കോട്ടയം 18, ഇടുക്കി 4, എറണാകുളം 19, തൃശ്ശൂർ 18, പാലക്കാട് 19, മലപ്പുറം 20, കോഴിക്കോട് 6, വയനാട് 4, കണ്ണൂർ 14, കാസർകോട് 16).
ഡേറ്റാ എൻട്രി ഓപ്പറേറ്റർ (കൊല്ലം 2, എറണാകുളം 3, തൃശ്ശൂർ 2, പാലക്കാട് 1, മലപ്പുറം 1, കോഴിക്കോട് 1, കണ്ണൂർ 1).
പ്രായപരിധി
2021 ജനുവരി ഒന്നിന് 18-40 വയസ്സ്. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും മറ്റ് പിന്നാക്കവിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും മൂന്നുവർഷത്തെയും വികലാംഗർക്ക് പത്തുവർഷത്തെയും വിധവകൾക്ക് അഞ്ചുവർഷത്തെയും ഇളവ് ലഭിക്കും.
അപേക്ഷ
അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം (കാറ്റഗറി നമ്പർ 3/2021-ന് മാത്രം), വയസ്സ്, ജാതി, വിമുക്തഭടൻ, ഭിന്നശേഷിക്കാർ, വിധവ എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി ഉള്ളടക്കംചെയ്തിരിക്കണം.
അപേക്ഷയും അനുബന്ധങ്ങളും നേരിട്ടോ തപാൽ മുഖേനയോ മാർച്ച് 10-ന് വെകീട്ട് അഞ്ചിന് മുൻപായി സഹകരണസർവീസ് പരീക്ഷാബോർഡിൽ ലഭിക്കണം. വിലാസം: സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695001. വിവരങ്ങൾക്ക്: www.csebkerala.org
പരീക്ഷ, അഭിമുഖം
സഹകരണ പരീക്ഷാബോർഡ് നടത്തുന്ന ഒ.എം.ആർ. പരീക്ഷ 80 മാർക്കിനാണ്. ഒരു സംഘം/ ബാങ്കിന്റെ യോഗ്യതാ ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥിക്ക് പ്രസ്തുത സംഘത്തിലെ അഭിമുഖം പരമാവധി 15 മാർക്കിനായിരിക്കും. ആയതിൽ അഭിമുഖത്തിന് കുറഞ്ഞത് മൂന്നുമാർക്ക് ലഭിക്കും. 12 മാർക്ക് അഭിമുഖത്തിന്റെ പ്രകടനത്തിനുമാണ്. ഉദ്യോഗാർഥികൾക്ക് ഒന്നിൽകൂടുതൽ സംഘം/ ബാങ്കുകളിലേക്ക് അപേക്ഷിക്കാം.