: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ വിമുക്തഭടൻമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. വിവിധ തസ്തികകളിലായി 2000 ഒഴിവുകളാണുള്ളത്.
എസ്.ഐ. (എക്‌സിക്യുട്ടീവ്), എ.എസ്.ഐ. (എക്‌സിക്യുട്ടീവ്), ഹെഡ് കോൺസ്റ്റബിൾ/ജനറൽ ഡ്യൂട്ടി, കോൺസ്റ്റബിൾ/ജനറൽ ഡ്യൂട്ടി എന്നീ തസ്തികകളിലാണ് നിയമനം. ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്കാകും നിയമനം. പിന്നീട് രണ്ടുവർഷത്തേക്കുകൂടി കരാർ നീട്ടിനൽകിയേക്കാം.
വിവിധ സെക്ടറുകളിലെ 13 സി.ഐ.എസ്.എഫ്. യൂണിറ്റുകളിലായാണ് നിയമിക്കുക. സൗത്ത് സെക്ടറിൽ തമിഴ്‌നാട്ടിലെ നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷനും കർണാടകയിലെ
റെയ്ച്ചൂർ തെർമൽ പവർസ്റ്റേഷനുമാണുള്ളത്.
പ്രായപരിധി 50. എസ്.ഐ., എ.എസ്.ഐ. തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് 170 സെന്റിമീറ്റർ ഉയരവും 80 സെന്റിമീറ്റർ നെഞ്ചളവും വേണം. എസ്.ടി. വിഭാഗത്തിൽപ്പെട്ടവർക്ക് ഉയരം 162.5 സെന്റിമീറ്ററും നെഞ്ചളവ് 77 സെന്റിമീറ്ററും മതി. എല്ലാ വിഭാഗക്കാർക്കും നെഞ്ച് വികസിക്കുമ്പോൾ അഞ്ചുസെന്റിമീറ്റർ അധികമായി വേണം.
സൗത്ത് സെക്ടറിലെ യൂണിറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ ചെന്നൈയിലെ സി. ഐ.എസ്.എഫ്. സൗത്ത് സെക്ടർ ഹെഡ്ക്വാർട്ടേഴ്‌സിലുള്ള ഇൻസ്പെക്ടർ ജനറലിന്റെ igss@cisf.gov.in എന്ന ഇ-മെയിലിലേക്കാണ് അപേക്ഷ അയക്കേണ്ടത്. രേഖകൾ, ശാരീരികക്ഷമത, ആരോഗ്യസ്ഥിതി എന്നിവയുടെ പരിശോധനയ്ക്കുശേഷമാകും നിയമനം.