സംസ്ഥാനത്തെ 156 സഹകരണ ബാങ്കുകളിലായി ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിൽ 387 ഒഴിവിലേക്ക് സഹകരണ സർവീസ് പരീക്ഷാബോർഡ് അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ: 7/2020
നിയമന രീതി: നേരിട്ടുള്ള നിയമനം. ഒ.എം.ആർ. പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റ് പ്രകാരം.
യോഗ്യത: എസ്.എസ്.എൽ.സി./ തത്തുല്യം. സബോർഡിനേറ്റ് പേഴ്‌സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ). കാസർകോട് ജില്ലയിലെ ഉദ്യോഗാർഥികൾക്ക് പ്രസ്തുത ജില്ലയിലെ സഹകരണസംഘം/ബാങ്കുകളിലെ നിയമനത്തിന് കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്‌സ് (ജി.ഡി.സി.), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷന് (ജെ.ഡി.സി.) തുല്യമായി പരിഗണിക്കും. സഹകരണം ഐച്ഛികവിഷയമായുള്ള ബി.കോം. ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദവും സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി. അല്ലെങ്കിൽ എച്ച്.ഡി.സി. ആൻഡ് ബി.എം., അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി. അല്ലെങ്കിൽ എച്ച്.ഡി.സി.എം.) അല്ലെങ്കിൽ വിജയകരമായി പൂർത്തിയാക്കിയ സബോർഡിനേറ്റ് പേഴ്‌സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ), അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബി.എസ്‌സി. (സഹകരണം, ബാങ്കിങ്) ഉള്ളവർക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കകം യോഗ്യത നേടിയിരിക്കണം.
പ്രായം: 1/1/2020ൽ 18 വയസ്സ്. 40 കഴിയരുത്. പട്ടികജാതി/വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായത്തിൽ അഞ്ചുവർഷത്തെ ഇളവ്.
അപേക്ഷ: ഉദ്യോഗാർഥികൾക്ക് ഒന്നിൽക്കൂടുതൽ സംഘം/ ബാങ്കുകളിലേക്ക് അപേക്ഷിക്കാം. പൊതുവിഭാഗക്കാർക്കും വയസ്സിളവ് ലഭിക്കുന്നവർ ഉൾപ്പെടെയുള്ളവർക്കും ഒരു സംഘം/ബാങ്കിന് 150 രൂപയും തുടർന്നുള്ള ഓരോ സംഘം/ബാങ്കിനും 50 രൂപവീതവും പരീക്ഷാഫീസ് അടയ്ക്കണം. പട്ടികജാതി/വർഗ വിഭാഗത്തിന് അപേക്ഷയിലെ ഒരു സംഘം/ബാങ്കിന് 50 രൂപയും തുടർന്നുള്ള ഓരോ സംഘം/ബാങ്കിനും 50 രൂപ വീതവും അടയ്ക്കണം. ഒന്നിൽക്കൂടുതൽ സംഘം/ബാങ്കിലേക്ക് അപേക്ഷിക്കുന്നതിന് ഒരു അപേക്ഷാഫോറവും ഒരു ചെലാൻ/ഡിമാൻഡ് ഡ്രാഫ്റ്റും മാത്രമേ സമർപ്പിക്കേണ്ടൂ.
വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും www.csebkerala.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷയും അനുബന്ധങ്ങളും ഡിസംബർ രണ്ട് ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്കുമുമ്പ് നേരിട്ടോ തപാൽ മുഖേനയോ സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം-695001 എന്ന വിലാസത്തിൽ സമർപ്പിക്കണം.
പരീക്ഷ
സഹകരണ സർവീസ് പരീക്ഷാബോർഡ് നടത്തുന്ന ഒ.എം.ആർ. പരീക്ഷ 80 മാർക്കിനാണ്. അതത് സംഘത്തിലെ അഭിമുഖം 20 മാർക്കിനായിരിക്കും. അഭിമുഖത്തിന് ഹാജരായാൽ മൂന്നുമാർക്കും സ്വന്തംജില്ലയിൽ അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാർഥിക്ക് അഞ്ചുമാർക്കും ലഭിക്കും.