ഭാവിഭാരതത്തിന്റെ ഭരണചക്രം തിരിക്കാനുള്ള ഉത്തരവാദം ഏറ്റെടുക്കാൻ കഴിവുള്ള ചെറുപ്പക്കാരെ തിരഞ്ഞെടുക്കാനുള്ള യു.പി.എസ്‌.സി. പരീക്ഷ അവസാനഘട്ടത്തിലാണ്‌. എട്ടുലക്ഷം പേർ അപേക്ഷിച്ച് അതിൽ നാലുലക്ഷം പേർ എഴുതിയ പ്രിലിമിനറി കടന്നത് 15000 പേരായിരുന്നു. അവരെഴുതിയ മെയിൻ പരീക്ഷയിലെ ഒമ്പതു പേപ്പറുകൾ പരിശോധിച്ചതിൽ നിന്ന്‌ 3000 പേരെയാണ്‌ വ്യക്തിവൈശിഷ്ട്യ പരീക്ഷയ്ക്ക് (Personality test) ഡൽഹിയിലേക്ക്‌ ക്ഷണിച്ചിരിക്കുന്നത്‌. ഇതിൽ 1000 പേർക്ക്‌ ഭാരതത്തിലെ ഏറ്റവും ഉയർന്ന തസ്തികകളിൽ ജോലി ലഭിക്കും.

ഇന്ന്‌ ഏറ്റവും ആകർഷകമായി കരുതപ്പെടുന്ന ഐ.എ. എസ്‌. ലഭിക്കണമെങ്കിൽ ആദ്യത്തെ 100 റാങ്കിൽ സ്ഥാനം പിടിക്കണം. മുമ്പ് ഏറ്റവും ആകർഷകമായിരുന്ന ഐ.എഫ്‌.എസിന്‌ ഇന്ന്‌ 100മുതൽ 200വരെ റാങ്കിൽ എത്തുന്നവർക്കും സാധ്യതയുണ്ട്‌. അവസാനഘട്ടത്തിൽ എത്തിയിട്ടുള്ളവരിൽ മൂന്നിലൊന്ന്‌ പേർക്ക്‌ ഉയർന്ന തസ്തികകൾ ലഭിക്കും എന്നതിന്‌ സംശയമില്ല.

വ്യക്തിവൈശിഷ്ട്യപരീക്ഷയിൽ ഇപ്പോൾ 275 മാർക്കേയുള്ളൂ. മുമ്പത്‌ ഐ.എ.എസിന്‌ 1000വും ഐ.എഫ്‌.എസിന്‌ 1500ഉം ആയിരുന്നു. എഴുത്തുപരീക്ഷ നന്നായി ചെയ്യുന്നവർക്ക്‌ വ്യക്തിവൈശിഷ്ട്യപരീക്ഷ അത്ര പ്രധാനമല്ല ഇപ്പോൾ. എന്നാലും വിജയപരാജയങ്ങൾക്ക്‌ കാരണമാകാവുന്ന തരത്തിലാണ്‌ മാർക്കുകളുടെ സംവിധാനം.
 ഇത്തവണ എഴുത്തുപരീക്ഷ ജയിച്ചവരിൽ ഭൂരിപക്ഷവും എൻജിനീയറിങ്‌, മെഡിക്കൽ ബിരുദധാരികളാണെന്നത്‌ പ്രധാനമാണ്‌. ശാസ്ത്രീയ നയതന്ത്രവും പരിതസ്ഥിതി നയതന്ത്രവുമൊക്കെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത്‌ ഐ.എഫ്‌.എസിലും ശാസ്ത്രബിരുദധാരികൾ  വിജയിച്ചേക്കും. ഇന്ന്‌ ഐക്യരാഷ്ട്രസംഘടനയിലെ ഏറ്റവും ഉയർന്ന ഇന്ത്യൻ നയതന്ത്രപ്രതിനിധി ഒരു ഭിഗഷ്വരൻ ആണ്‌.

ഇംഗ്ലീഷ്
കേരളത്തിൽ നിന്നുള്ള അപേക്ഷകർക്ക്‌ ഏറ്റവും വലിയപ്രശ്നം ഇംഗ്ലീഷിൽ സംസാരിക്കാനുള്ള കഴിവുകുറവുതന്നെ. കേരളത്തിനു പുറത്തുപഠിക്കാൻ അവസരം കിട്ടിയവർതന്നെയായിരുന്നു മുന്നിൽ. പരീക്ഷ മലയാളത്തിലെഴുതാൻ സൗകര്യമുണ്ടെങ്കിലും മുഴുവൻ പരീക്ഷയും മലയാളത്തിലെഴുതുന്നവർ വളരെ കുറവാണ്‌. ഇംഗ്ലീഷിൽ സംസാരിക്കാൻ കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗിക്കണം. അതിനായി ഡൽഹിയിലൊന്നും പോവേണ്ടതില്ല. ചെറിയ ഗ്രൂപ്പുകളായി ചർച്ചകൾ സംഘടിപ്പിക്കുകയാണ്‌ ഇംഗ്ലീഷ്‌ പരിശീലനത്തിന്‌ ഏറ്റവും ഉത്തമം.

പത്രവായന
പത്രം വായനയാണ്‌ തയ്യാറെടുപ്പിൽ ഏറ്റവും അത്യാവശ്യം. എഴുത്തുപരീക്ഷ കഴിഞ്ഞാൽ പരീക്ഷയുടെ ദിവസംവരെ ഒരു പത്രമെങ്കിലും വായിച്ച് നോട്ട് തയ്യാറാക്കണം. ഓരോ വിഷയത്തിലും തന്റേതായ അഭിപ്രായങ്ങൾ രൂപപ്പെടുത്തണം. ഗവൺമെന്റിന്റെ വശം എടുത്തുസംസാരിക്കണമെന്നില്ല. എന്നാൽ, എല്ലാ വാദമുഖങ്ങളും മനസ്സിലാക്കിയതിന് ശേഷമാണ്‌ സ്വന്തം അഭിപ്രായങ്ങൾ രൂപവത്‌കരിക്കേണ്ടത്‌. ഒരുതവണ ഒരഭിപ്രായം പ്രകടിപ്പിച്ചാൽ അതിൽ ഉറച്ചുനിൽക്കണം.

കേരളം
കേരളത്തിൽ ഉയർന്നുവന്നിരിക്കുന്ന ധാരാളം പ്രശ്നങ്ങൾ പരീക്ഷയിൽ ഉയർന്നുവരാവുന്നതാണ്‌. ഇത്തവണ കേരളത്തിൽ നിന്നുള്ളവരെയെല്ലാം ക്ഷണിച്ചിരിക്കുന്നത്‌ അടുത്തടുത്ത ദിവസങ്ങളിലാണ്‌. അതിനുകാരണം ഒരുപക്ഷേ, കേരളകാര്യങ്ങളിൽ വൈദഗ്‌ധ്യം ഉള്ളവരെ ബോർഡിൽ നിയമിക്കാനായിരിക്കും. കേരളത്തിലെ മദ്യനയം, സദാചാരപോലീസ്‌, സ്ത്രീപീഡനം മുതൽ തെരുവുനായ്ക്കൾവരെ ഉയർന്നുവന്നേക്കാം. ഈ പ്രശ്നങ്ങളിലെല്ലാം നൂതനമായ പരിഹാരങ്ങൾ നിർദേശിക്കാൻ കഴിഞ്ഞാൽ വിജയസാധ്യതകൾ കൂടുതലായിരിക്കും. മലയാളികളുടെ ഗൾഫ്‌ ജീവിതം കാരണമുണ്ടാകുന്നതും അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം സൃഷ്ടിക്കുന്നതുമായ സാമൂഹിക പ്രശ്നങ്ങൾ പ്രത്യേകം പഠിക്കണം. കേരളത്തിലെ ഇടതുപക്ഷ ഗവൺമെന്റിന്റെ നേട്ടങ്ങളെയും കോട്ടങ്ങളെയും കുറിച്ചുള്ള പഠനം അത്യാവശ്യമാണ്‌.

ദേശീയം
ദേശീയരംഗത്ത്‌ നിന്നുണ്ടാകാവുന്ന ചോദ്യങ്ങളിൽ ഏറ്റവും പ്രധാനം നാണയമൂല്യം ഇല്ലാതാക്കിയ നീക്കം തന്നെയായിരിക്കും. അത്‌ എങ്ങനെ സാധാരണ ജനങ്ങളെ ബാധിച്ചുവെന്നും ഭാവിയിലെ പ്രത്യാഘാതങ്ങൾ എന്തൊക്കെയായിരിക്കുമെന്നും വ്യക്തമായ അഭിപ്രായം ഉണ്ടായിരിക്കുന്നത്‌ നല്ലതാണ്‌. കള്ളപ്പണം നിയന്ത്രിക്കുന്നതിലും ഭീകരത കുറയ്ക്കുന്നതിനും അത്‌ സഹായിച്ചു എന്നുവിശ്വസിക്കുന്നവർ ഇവ സ്ഥാപിക്കാനുള്ള കണക്കുകൾ ഉദ്ധരിക്കേണ്ടതാണ്‌.

അസഹിഷ്ണുതയും അതിദേശീയത്വവും വിദ്യാർഥികളുടെയിടയിലുള്ള അസ്വസ്ഥതയുമൊക്കെ ദേശീയരംഗത്തെ പ്രശ്നങ്ങളാണ്‌. ഇവയൊക്കെ വികസനത്തെ എങ്ങനെ ബാധിച്ചിരിക്കുന്നു എന്നാണ്‌ പഠിക്കേണ്ടത്‌. വസ്തുതകൾ മനസ്സിലാക്കി വസ്തുനിഷ്ഠമായ അഭിപ്രായങ്ങളായിരിക്കും വിജയസാധ്യത ഉയർത്തുന്നത്‌.  മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രാധാന്യം ഊന്നിപ്പറയേണ്ടതുണ്ട്‌. ഭാവിയിൽ ഇക്കാര്യങ്ങളെല്ലാം പലതുറകളിൽ എങ്ങനെ നേരിടുമെന്ന ചോദ്യത്തിനാണ്‌ പ്രത്യേക പ്രസക്തി. ശാസ്ത്രസംബന്ധമായ ചോദ്യങ്ങൾ തീർച്ചയായും ഉണ്ടായിരിക്കും. ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

അന്താരാഷ്ട്രം
അന്താരാഷ്ട്രരംഗത്ത്‌ ഏറ്റവും പ്രധാനം പ്രസിഡന്റ്‌ ട്രംപിന്റെ നയങ്ങൾ ലോകത്തെ എങ്ങനെ ബാധിക്കും എന്നതാണ്‌. എച്ച്‌.-1 വിസയെപ്പറ്റി നല്ല അറിവുണ്ടായിരിക്കണം. അതുപോലെ തന്നെ ബ്രെക്സിറ്റിന്റെയും യഥാർഥ കാരണങ്ങൾ, അഭയാർഥിപ്രശ്നം, അതിദേശീയത്വം, അനിശ്ചിതത്വങ്ങൾ ഉണ്ടായിട്ടും പുതിയ ഭരണാധികാരികളെ തിരഞ്ഞെടുക്കാനുള്ള പ്രവണത, ചൈനയുടെ പ്രാധാന്യം, ഇന്ത്യ-പാകിസ്താൻ ബന്ധങ്ങൾ, ഐക്യരാഷ്ട്രസംഘടനയിലെ ഇന്ത്യയുടെ രക്ഷാസമിതി സ്ഥിരാംഗത്വം, പ്രധാനമന്ത്രി മോദിയുടെ വിദേശനയം, അമേരിക്ക, റഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങളോടുള്ള ബന്ധങ്ങൾ മുതലായവയെല്ലാം ഹൃദിസ്ഥമായിരിക്കണം.

മറക്കരുത് അപേക്ഷയിൽ  എഴുതിയത്
നേരത്തേ അപേക്ഷയിൽ എഴുതിയ ഹോബികളെപ്പറ്റി നല്ല പരിജ്ഞാനം വേണം. പത്മരാജന്റെ നോവലുകൾ വായിക്കുന്നത്‌ ഹോബിയാണെന്നെഴുതിയ ഒരു ഉദ്യോഗാർഥിക്ക്‌ അദ്ദേഹത്തിന്റെ ഒരു നോവലിന്റെ പേരുപോലും ഓർക്കാൻ കഴിഞ്ഞില്ല ! സംഗീതം എന്ന്‌ എഴുതിയാൽ ചോദ്യം വരുന്നത്‌ ബിഥോവനെപ്പറ്റി ആകാം. യേശുദാസിനെപ്പറ്റിയോ സുബ്ബലക്ഷ്മിയെപ്പറ്റിയോ ആകണമെന്നില്ല. കായിക, വിനോദ രംഗത്തെ അതികായന്മാരുടെ പേരുകൾ ഓർക്കാൻ കഴിയണം. അതുപോലെതന്നെ പ്രധാനമാണ്‌ പ്രധാനപ്പെട്ട കളികളുടെ നിയമങ്ങൾ. പുസ്തകവായനയുള്ളവർക്ക്‌ മാത്രമേ സിവിൽ സർവീസ്‌ പരീക്ഷ പാസാകാൻ കഴിയുകയുള്ളൂ.  ഏറ്റവും പുതിയ എഴുത്തുകാർ, പുതിയ കൃതികൾ എന്നിവയെപ്പറ്റി നല്ല അറിവുണ്ടായിരിക്കണം. ഏറ്റവും പ്രിയപ്പെട്ട കൃതികൾ, എഴുത്തുകാർ, സിനിമ ഇവയെല്ലാം നിശ്ചയിക്കുകയും അവയെ ഉപയോഗിക്കുകയും വേണം. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ആർക്കും കഴിയുകയില്ല. ഉത്തരമറിയാത്ത ചോദ്യങ്ങൾ വന്നാൽ അറിഞ്ഞുകൂടാ എന്ന്‌ പറഞ്ഞ്‌ കഴിയുന്നതുംവേഗം പുതിയ ചോദ്യത്തിലേക്ക്‌ കടക്കുന്നതായിരിക്കും ഭംഗി. സത്യസന്ധതയും വാചാലതയും നീതിയുക്തിയും നിരീക്ഷണപാടവവും അചഞ്ചലതയുമൊക്കെയാണ്‌ വ്യക്തി വൈശിഷ്ട്യം തെളിയിക്കാൻ ഉദ്യോഗാർഥികളെ സഹായിക്കുക.

(1966-ലെ സിവിൽ സർവീസ്‌ പരീക്ഷയിൽ ഉയർന്നറാങ്ക്‌ നേടിയ ലേഖകൻ നയതന്ത്ര വിദഗ്‌ധനും വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ അംബാസഡറുമായിരുന്നു)


നോ പറയുമ്പോൾ...

# ശ്രീദത്ത് എസ്. പിള്ള 

Simple Thoughts...

ജീവിതത്തിൽ ചില പ്രത്യേക സാഹചര്യങ്ങളുണ്ടാവാറുണ്ട്. ഒരിക്കലും നേരിടേണ്ടിവരരുതേയെന്ന്‌ ആഗ്രഹിക്കുകയും മുൻകരുതലുകളെടുക്കുകയും എന്നാൽ, വളരെ കൃത്യമായി വന്നുചേരുകയുംചെയ്യുന്ന ചില സാഹചര്യങ്ങൾ.  
ഉദാഹരണത്തിന്, ചില സന്ദർഭങ്ങളിൽ നിങ്ങൾക്ക് ഒരു ‘നോ’ പറഞ്ഞേമതിയാവൂ എന്നുവരും, ‘ഇത്‌ ചെയ്യാനാവില്ല, സാധിക്കില്ല’ എന്നൊക്കെ... പക്ഷേ, അങ്ങനെ പറയുകയെന്നത് ചിലരെ സംബന്ധിച്ചിടത്തോളമെങ്കിലും വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. ‘നോ’ പറയുന്നത് ജീവിതത്തിൽ പലപ്പോഴും ഒരു ‘necessary evil’ ആയിമാറുന്നു.  
സത്യമെന്തെന്നാൽ, നമ്മിൽ പലരും ഇക്കാര്യത്തിൽ വലിയ പരാജയമാണ്. ഒന്നുകിൽ നമുക്ക് ‘നോ’ എന്ന് പറയാൻ ധൈര്യംപോരാ. അല്ലെങ്കിൽ കൃത്യമായി അതെങ്ങനെ പറഞ്ഞുഫലിപ്പിക്കണമെന്ന്‌ അറിയില്ല.
നിങ്ങളിപ്പോൾ കരുതുന്നുണ്ടാവും ഒരു ‘നോ’ പറയുകയെന്നതിന് ജീവിതത്തിൽ ഇത്രയും പ്രാധാന്യമുണ്ടോയെന്ന്. അതേ എന്നുതന്നെയാണ് ഉത്തരം. മാത്രമല്ല, കൃത്യമായ കാരണങ്ങളും അതിനുണ്ട്.
സ്വന്തം ജീവിതത്തിനും അതിന്റെ ലക്ഷ്യങ്ങൾക്കും മുൻതൂക്കം കൊടുക്കുന്ന ഒരാളാണ്‌ നിങ്ങളെങ്കിൽ തീർച്ചയായും പല സന്ദർഭങ്ങളിലും ഇത്‌ ചെയ്യേണ്ടിവരും. ‘നോ’ പറയാൻ ബുദ്ധിമുട്ടുള്ളവരാകട്ടെ, പലപ്പോഴും വളരെയേറെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നവരും ഒടുവിൽ സ്വന്തംകാര്യം കൃത്യമായി നോക്കാനാവാതെ വരുന്നവരുമായിരിക്കും.  
നിങ്ങളിലെ നന്മമരം ചുറ്റുമുള്ള എല്ലാവരെയും എപ്പോഴും സഹായിക്കാൻതന്നെയാണ് ആഗ്രഹിക്കുക. പക്ഷേ, ദുഃഖകരമായ സത്യമെന്തെന്നാൽ അത് പലപ്പോഴും അസാധ്യമായ ഒന്നാണ്.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.  ചെയ്തുതീർക്കേണ്ടുന്ന കാര്യങ്ങളുടെ ഒരു മുൻഗണനാക്രമമുണ്ടാക്കുക. അത്തരമൊരു ലിസ്റ്റിൽ പരിഗണനകൊടുക്കേണ്ടതില്ലാത്ത കാര്യങ്ങൾക്കോ വ്യക്തികൾക്കോനേരേ ‘നോ’ പറയുന്നതിന് ഒരു കാരണവശാലും മടിക്കേണ്ടതുമില്ല. ഊർജസ്വലരായിരിക്കാനും സമ്മർദം കുറയ്ക്കാനും ‘നോ’ പറയുക എന്ന സൂക്ഷ്മകല അഭ്യസിക്കേണ്ടത് തികച്ചും അനിവാര്യമാണ്.
ഒന്നോർക്കുക, പൂർണമനസ്സോടെയല്ലാതെ നിങ്ങൾ പറയുന്ന ‘യെസ്’  എന്നത്‌ നിങ്ങളോടുതന്നെ പറയുന്ന ‘നോ’ ആണ്.   അതുകൊണ്ടുതന്നെ നിങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു സുപ്രധാന വൈദഗ്ധ്യമാണ്‌; നിങ്ങളുടെ മുൻഗണനകളെ, ആരോഗ്യത്തെ, ഊർജത്തെ  സംരക്ഷിക്കാനും സർവോപരി സന്തുഷ്ടമായൊരു ജീവിതം നയിക്കുന്നതിനും.
ചിലപ്പോഴെങ്കിലും ‘നോ’ പറയുന്നതിനല്ല, മറിച്ച് എങ്ങനെ അതുപറയണം എന്നതിനാണ് ബുദ്ധിമുട്ട്.  വളരെ നയപരമായി അതുപറയുകയെന്നത് ആശയവിനിമയപ്രക്രിയയിലെ മുഖ്യവും എന്നാൽ ബുദ്ധിമുട്ടേറിയതുമായ കാര്യമാണ്.  പൊതുജീവിതത്തിലും സ്വകാര്യജീവിതത്തിലും പലപ്പോഴും ‘നോ’ പറയേണ്ടിവരുമെന്നത്  പച്ചയായ യാഥാർഥ്യമാണ്. പക്ഷേ, എങ്ങനെയത്‌ ചെയ്യാൻകഴിയുമെന്നതാണ്‌ ചോദ്യം.
എന്റെ അഭിപ്രായത്തിൽ നാം എപ്പോഴും നമ്മെ ഉയർച്ചയിലേക്കുനയിക്കുന്ന, നല്ലമനുഷ്യരുടെ ഇടയിൽവേണം ജീവിക്കാൻ. അഥവാ, അത്തരം ബന്ധങ്ങൾക്കുമാത്രമേ നാം വിലകൊടുക്കേണ്ടതുള്ളൂ. മറ്റുള്ളവരോടെല്ലാം ധൈര്യപൂർവം ‘നോ’ പറയാവുന്നതാണ്. ഒരു കുറ്റബോധത്തിന്റെയും കാര്യം ഇതിലില്ല. ദുസ്വഭാവികളും അസൂയാലുക്കളും കുബുദ്ധികളുമായവർ അർഹിക്കുന്നതും അതുതന്നെയാണ്.
മറ്റുചിലരുണ്ട്, വളരെ ആഴത്തിൽ ‘inertia’ ബാധിച്ചവർ.   ജീവിതത്തിൽ എപ്പോഴൊക്കെയോ നിങ്ങളുടെയൊപ്പം നടക്കുകയും എന്നാൽ പിന്നീട് വളരാൻ ശ്രമിക്കാതിരിക്കുകയും ചെയ്തവർ. അത്തരക്കാർ നിങ്ങളുടെ വളർച്ച തടസ്സപ്പെടുത്താനോ പഴയനിലയിലേക്ക്‌ തിരിച്ചുകൊണ്ടുപോവാനോ ശ്രമിച്ചേക്കാം. അവരോട് ‘നോ’  പറയാൻ ഒരിക്കലും മടിക്കേണ്ടതില്ല.
ചില സന്ദർഭങ്ങളിൽ, ‘നോ’ എന്ന വാക്കിനെ നിങ്ങൾക്ക് വിശദീകരിക്കേണ്ട ആവശ്യംവരില്ല.  എന്നാൽ, മറ്റുചില സന്ദർഭങ്ങളിൽ അതിന്റെ കാര്യകാരണങ്ങൾ വിശദമാക്കേണ്ടത് അനിവാര്യമായിവരുന്നു. കൃത്യമായ വിശദീകരണമില്ലാത്തപക്ഷം ചിലപ്പോൾ നിങ്ങൾക്ക്  വലിയ വില കൊടുക്കേണ്ടിവന്നേക്കാം.
നിങ്ങൾ മനസ്സിലുറപ്പിക്കേണ്ടത് ഒന്നുമാത്രം, എപ്പോഴൊക്കെ ‘നോ’ പറയുന്നുവോ അപ്പോഴെല്ലാം ‘യെസ്’ എന്നത് എന്താണെന്നുള്ള കൃത്യമായ ബോധ്യം നിങ്ങൾക്കുണ്ടാവണം. കാരണം, അതുറപ്പിക്കുന്നത്‌ നിങ്ങൾക്ക്‌ നിങ്ങളിലുള്ള വിശ്വാസമാണ്. അതിലേക്കുള്ള പരിശീലനമാവട്ടെ അടുത്ത ചുവടുകൾ.


എൽ.ഡി.സി.ക്ക്‌ പഠിക്കാൻ രണ്ട് പുസ്തകങ്ങൾ

ജൂണിൽ തുടങ്ങുന്ന എൽ.ഡി.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് മികച്ച വഴികാട്ടിയാണ് മാതൃഭൂമി തൊഴിൽവാർത്ത പുറത്തിറക്കിയ എൽ.ഡി.സി. ഫാക്ട്ഫയൽ, എൽ.ഡി.സി. ക്വസ്റ്റ്യൻ ബാങ്ക് എന്നീ പുസ്തകങ്ങൾ. സിലബസിലെ ഏതാണ്ട്‌ എല്ലാഭാഗവും സമഗ്രമായി ഉൾക്കൊള്ളുന്ന പഠനക്കുറിപ്പുകളും ചോദ്യോത്തരങ്ങളുമാണ് എൽ.ഡി.സി. ഫാക്ട് ഫയലിൽ. മൂന്ന് പതിപ്പുകൾ ഇതിനകം വിറ്റുതീർന്ന പുസ്തകത്തിന്റെ നാലാംപതിപ്പ് വിപണിയിലുണ്ട്. വില 300 രൂപ.

പത്താംക്ലാസ് യോഗ്യതയായി കേരള പി.എസ്.സി. 2004 മുതൽ 2016 വരെ നടത്തിയ 90 പരീക്ഷകളുടെ സോൾവ്ഡ് പേപ്പർ സമാഹാരമാണ് ‘എൽ.ഡി.സി. ക്വസ്റ്റ്യൻബാങ്ക്’. ഒാരോ ചോദ്യപ്പേപ്പറിനൊപ്പവും ഒ.എം.ആർ. ഷീറ്റ് ഉൾപ്പെടുത്തിയതിനാൽ ഉദ്യോഗാർഥികൾക്ക് പരീക്ഷയെഴുതിനോക്കാനും സ്വയം വിലയിരുത്താനും കഴിയും. ആവർത്തിക്കുന്ന വസ്തുതകളുടെ സമാഹാരം, സമീപകാല പരീക്ഷകളിലെ പുതിയ ചോദ്യങ്ങളുടെ സമാഹാരം, ചോദ്യപ്പേപ്പർ വിശകലനങ്ങൾ, അപ്‌ഡേറ്റ് ചെയ്ത ആനുകാലിക ഉത്തരങ്ങൾ എന്നിവ ഈ പുസ്തകത്തിന്റെ സവിശേഷതകളാണ്. വില 350 രൂപ.


ക്ലാസ്‌നോട്ട്സ്‌ ഫോർ യു

ഒരു എൻജിനീയറിങ് വിദ്യാർഥിയുടെ കഷ്ടപ്പാട് മറ്റൊരു വിദ്യാർഥിക്കേ മനസ്സിലാവൂ എന്ന് പറയുന്നത് വളരെ ശരിയാണ്. പഠിച്ചുതീർക്കാൻ ഒട്ടേറെ പേപ്പറുകൾ. നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ കുന്നുകൂടുന്ന സപ്ലികൾ. അതിനുപുറമേയാണ് ആവശ്യത്തിന് അധ്യാപകരില്ലാത്തതിന്റെയും പഠനത്തിനാവശ്യമായ നോട്ടുകൾ കിട്ടാത്തതിന്റെയും പ്രശ്നങ്ങൾ. ഓരോ സെമസ്റ്ററും അവസാനിക്കുന്നതിനുമുൻപ് നോട്ടുകൾ സംഘടിപ്പിച്ച് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ വിദ്യാർഥികൾ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. എൻജിനീയറിങ് വിദ്യാർഥികളുടെ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്ന പുതിയ വെബ്സൈറ്റുമായി എത്തിയിരിക്കുകയാണ് സി. അമൽരാഗ്.

ഉപയോഗം സൗജന്യം
എറണാകുളം കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം എൻജിനീയറിങ് കോളേജിലെ കംപ്യൂട്ടർ സയൻസ് നാലാം സെമസ്റ്റർ വിദ്യാർഥിയാണ്‌ അമൽരാഗ്. എൻജിനീറിങ് വിദ്യാർഥികൾക്കാവശ്യമായ നോട്ടുകൾ ലഭ്യമാകുന്ന വെബ്സൈറ്റ് രൂപകല്പന ചെയ്തിരിക്കുകയാണ് ഈ മിടുക്കൻ. കേരള സാങ്കേതിക സർവകലാശാല (കെ.ടി.യു.) യുടെ കീഴിലുള്ള എൻജിനീയറിങ് കോളേജുകളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും ഉപയോഗപ്രദമാകുന്ന www.classnotesforyou.com എന്ന വെബ്സൈറ്റ്‌. എല്ലാ ബ്രാഞ്ചുകളിലെയും വിദ്യാർഥികൾക്ക് ആവശ്യമായ നോട്ടുകൾ സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.

നോട്ടുകൾ എവിടെനിന്ന്
വിദ്യാർഥികൾക്കാവശ്യമായ കുറിപ്പുകൾ ആദ്യം സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യുകയാണ് വേണ്ടത്. ആവശ്യമുള്ളവർക്ക്‌ ഡൗൺലോഡ് ചെയ്തുപയോഗിക്കാം. വെബ്സൈറ്റ് കൂടുതൽ കുട്ടികൾക്ക് സഹായകമാകാൻ വിവിധ എൻജിനീയറിങ് ബ്രാഞ്ചുകളിൽ പഠിക്കുന്നവർ അവരുടെ കൈവശമുള്ള പഠനക്കുറിപ്പുകൾ സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യണം. വളരെ ലളിതമായി കുറിപ്പുകൾ അപ്‌ലോഡ് ചെയ്യാനും ഡൗൺലോ‍ഡ് ചെയ്യാനും കഴിയുമെന്നതാണ് വെബ്സൈറ്റിന്റെ പ്രത്യേകത.

ചിന്ത വന്നവഴി
പുതിയ സർവകലാശാലയുടെ പുത്തൻ സിലബസുമായി പൊരുത്തപ്പെടാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് എൻജിനീയറിങ് വിദ്യാർഥികൾ. അതിനിടയിലാണ് സമയത്തിന് നോട്ടുകൾ കിട്ടാത്ത അവസ്ഥ. വാട്സാപ്പ് ഗ്രൂപ്പിലൂടെയും മറ്റുമാണ് ഇവർ നോട്ടുകൾ പങ്കുവെക്കുന്നത്. ഇത് എല്ലാവർക്കും ലഭിക്കുകയുമില്ല. ഇത് മനസ്സിലാക്കിയാണ് എല്ലാവർക്കും എളുപ്പത്തിൽ നോട്ടുകൾ ലഭ്യമാക്കുന്ന ഒരു സംവിധാനം ചിന്തിക്കുന്നതും വെബ്സൈറ്റിന് രൂപം നൽകുന്നതും. എസ്.എൻ.ജി. എൻജിനീയറിങ് കോളേജ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് കൺവീനർ അരുൺ കെ. ഗോവിന്ദിന്റെ നേതൃത്വത്തിലാണ് വെബ്സൈറ്റ് തയ്യാറാക്കിയത്.

കംപ്യൂട്ടറുമായി കൂട്ടുകൂടി
ഹൈസ്കൂൾ പഠനകാലത്തുതന്നെ കംപ്യൂട്ടർ പഠനത്തിൽ തത്‌പരനായിരുന്നു അമൽരാഗ്. സംസ്ഥാനതല ശാസ്ത്രോത്സവം ഐ.ടി. മേളയിൽ വെബ്പേജ് ഡിസൈനിങ്ങിൽ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. തലശ്ശേരി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ്‌ പോലീസ് ഗ്രൂപ്പിന് ബ്ലോഗ് നിർമിച്ച് നൽകിയതും അമൽരാഗാണ്. കണ്ണൂർ പാനൂർ പി.ആർ.എം. കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ടി.സി. സുധാകരന്റെയും പാനൂർ എം.ഇ.എസ്. പബ്ലിക് സ്കൂൾ അധ്യാപിക എം.കെ. ബീനയുടെയും മകനാണ്.


പി.എസ്‌.സി. ഒഴിവുകൾ

നാഷണൽ ഇൻഷുറൻസിൽ 205 അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലെ 205 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 60 ശതമാനം മാർക്കോടെ ബിരുദം/ബിരുദാനന്തര ബിരുദം. ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാനതീയതി: ഏപ്രിൽ 20. വെബ്‌സൈറ്റ്: www.nationalinsuranceindia.com

ബാങ്ക് ഓഫ് ബറോഡയിൽ 1200 പേർക്ക് അവസരം
ബാങ്ക് ഓഫ് ബറോഡയുടെ കീഴിൽ പ്രവർത്തിക്കുന്ന ബറോഡ മണിപ്പാൽ സ്കൂൾ ഓഫ് ബാങ്കിങ്ങിൽ ബാങ്കിങ് ആൻഡ് ഫിനാൻസ് ബിരുദാനന്തര സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഒമ്പതുമാസം ദൈർഘ്യമുള്ള കോഴ്സ് വിജയിക്കുന്നവർക്ക് ജൂനിയർ മാനേജ്മെന്റ് ഗ്രേഡ്/സ്കെയിൽ ഒന്നിൽ പ്രൊബേഷനറി ഓഫീസറായി നിയമനം നൽകും. 400 പേർ വീതമുള്ള മൂന്ന് ബാച്ചിലായി 1200 പേർക്കാണ് അവസരം. 3.45 ലക്ഷം രൂപയാണ് കോഴ്സ് ഫീസ്.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് 55 ശതമാനം മാർക്കോടെ ബിരുദം. ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാനതീയതി: മേയ് ഒന്ന്‌. വെബ്‌സൈറ്റ്: www.bankofbaroda.co.in

ലക്ഷ്മിവിലാസ് ബാങ്കിൽ പ്രൊബേഷനറി ഓഫീസർ
ലക്ഷ്മിവിലാസ് ബാങ്കിൽ പ്രൊബേഷനറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം.
യോഗ്യത: 60 ശതമാനം മാർക്കോടെ ബിരുദം. കംപ്യൂട്ടർ പരിജ്ഞാനമുണ്ടാവണം. ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാനതീയതി: ഏപ്രിൽ 17. വെബ്‌സൈറ്റ്: www.careers.lvbank.com

നാവികസേനയിൽ 28 ഒഴിവ്
നാവികസേനയുടെ ലോജിസ്റ്റിക്സ്, എജ്യുക്കേഷൻ ബ്രാഞ്ചുകളിലെ 28 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്/ഗണിതം/കെമിസ്ട്രി/ഇംഗ്ലീഷ്/ഹിസ്റ്ററി ബിരുദാനന്തര ബിരുദക്കാർക്കാണ് എജ്യുക്കേഷൻ ബ്രാഞ്ചിൽ അവസരം. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
വെബ്‌സൈറ്റ്: www.joinindiannavy.gov.in

ആന്ധ്രാബാങ്കിന്റെ കേരള ശാഖകളിൽ 19 സ്വീപ്പർ
ആന്ധ്രാബാങ്കിന്റെ കേരളത്തിലെ ശാഖകളിൽ പാർട്ട്‌ടൈം സ്വീപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 19 ഒഴിവുണ്ട്.
 കോഴിക്കോട്, എറണാകുളം, ആലപ്പുഴ, ഇടുക്കി, കാസർകോട്, പാലക്കാട്, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഒഴിവ്. അപേക്ഷകർ അതത് ജില്ലയിലെ സ്ഥിരതാമസക്കാരായിരിക്കണം. യോഗ്യത: എട്ടാം ക്ലാസ്/തത്തുല്യം ജയിച്ചിരിക്കണം. വെബ്‌സൈറ്റ്: www.andhrabank.in

കൂടുതൽ വിവരങ്ങൾക്ക് തിങ്കളാഴ്ച പുറത്തിറങ്ങിയ പുതിയ ലക്കം(23) മാതൃഭൂമി തൊഴിൽവാർത്ത കാണുക


24 X 7 GK Diary

 • നളിനി നെറ്റോയെ സംസ്ഥാന ചീഫ് സെക്രട്ടറിയായി നിയമിച്ചു.
 • ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ തുരങ്കപാത 'ചെനാനി-നശ്രി ടണൽ' പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമർപ്പിച്ചു. 9.2 കിലോമീറ്ററാണ് പാത.
 • പുതിയ ഗതാഗതമന്ത്രിയായി തോമസ് ചാണ്ടി ചുമതലയേറ്റു.
 • സ്വവർഗാനുരാഗികളുടെ അവകാശചിഹ്നമായ 'മഴവിൽ' ക്കൊടി രൂപകല്പന ചെയ്ത കലാകാരൻ ഗിൽബർട്ട് ബേക്കർ(65) അന്തരിച്ചു.
 • അവധിയിൽ പ്രവേശിച്ച ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കി. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പകരം ചുമതല നൽകി.
 • കേന്ദ്ര എക്സൈസ് കസ്റ്റംസ് ബോർഡിന്റെ(സി.ബി.ഇ.സി.) പുതിയ ചെയർമാനായി വനജാ എൻ. സർനയെ നിയമിച്ചു.
 • നീലേശ്വരം നഗരസഭയെ സംസ്ഥാനത്തെ ആദ്യ ചെന്തെങ്ങ് നഗരമായി പ്രഖ്യാപിച്ചു.
 • അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻകയെ വൈറ്റ് ഹൗസ് ഉപദേശകയായി നിയമിച്ചു.
 • മലിനീകരണ മാനദണ്ഡമായ ബി.എസ്.-നാല് പാലിക്കാത്ത വാഹനങ്ങൾ ഏപ്രിൽ ഒന്നുമുതൽ വിൽക്കാനോ രജിസ്റ്റർ ചെയ്യാനോ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
 • സാറാ ജോസഫിനും യു.എ. ഖാദറിനും സാഹിത്യ അക്കാദമിയുടെ 2015-ലെ വിശിഷ്ടാംഗത്വം ലഭിക്കും.
 • ഇന്ത്യൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ കിരീടം പി.വി. സിന്ധുവിന്.