: നാവികസേന ട്രേഡ്സ്മാൻ മേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ് ടെസ്റ്റിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഗ്രൂപ്പ് സി നോൺ ഗസറ്റഡ് തസ്തികകളാണ്. ഒഴിവുകൾ 1159. ശമ്പളം: 18000-56900 രൂപ. വിജ്ഞാപന നമ്പർ-INCET-TMM-01/2021.

യോഗ്യത: പത്താംക്ലാസും അംഗീകൃത ഐ.ടി.ഐ. സർട്ടിഫിക്കറ്റും.

പ്രായം: 18-25. എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നും വർഷത്തെ വയസ്സിളവുണ്ട്. ഭിന്നശേഷിക്കാരായ ജനറൽ വിഭാഗക്കാർക്ക് 10 വർഷത്തെയും ഭിന്നശേഷിക്കാരായ ഒ.ബി.സി. വിഭാഗക്കാർക്ക് 13 വർഷത്തെയും ഭിന്നശേഷിക്കാരായ എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് 15 വർഷത്തെയും വയസ്സിളവ് അനുവദിക്കും. വിമുക്തഭടന്മാർക്ക് സൈനികസേവനത്തിന്റെ കാലയളവും അധികമായി മൂന്നുവർഷവും വയസ്സിളവിന് പരിഗണിക്കും. കായികതാരങ്ങൾക്കും വയസ്സിളവുണ്ട്.

പരീക്ഷ: അപേക്ഷകരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യം കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുണ്ടാകും. ചോദ്യങ്ങൾ ഒബ്ജക്ടീവ് ടൈപ്പായിരിക്കും. ഭാഷ ഇംഗ്ലീഷോ ഹിന്ദിയോ തിരഞ്ഞെടുക്കാം. ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ്/ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ ഇംഗ്ലീഷ് ആൻഡ് കോംപ്രിഹെൻഷൻ, ജനറൽ അവെയർനസ് എന്നിങ്ങനെ നാല് വിഷയങ്ങളിലായിട്ടായിരിക്കും പരീക്ഷ. ഓരോ വിഷയത്തിനും 25 മാർക്ക് വീതമാണുണ്ടാകുക. ആകെ മാർക്ക് 100. പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രേഖാപരിശോധനയും ആരോഗ്യപരിശോധനയുമുണ്ടാകും.

അപേക്ഷ: വിശദവിവരങ്ങൾ www.joinindiannavy.gov.in എന്ന വെബ്സൈറ്റിൽ. അപേക്ഷകന്റെയും മാതാപിതാക്കളുടെയും പേര് എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിലേതുപോലെതന്നെ രേഖപ്പെടുത്തണം. ഈസ്റ്റേൺ, വെസ്റ്റേൺ, സതേൺ എന്നീ മൂന്ന് നേവൽ കമാൻഡുകളിലായിട്ടായിരിക്കും നിയമനം. ഇവയുടെ പരിഗണന നൽകുന്ന ക്രമം അപേക്ഷയിൽ രേഖപ്പെടുത്തണം.

പാസ്പോർട്ട് സൈസ് ഫോട്ടോ(20-50 കെ.ബി.), വെളുത്ത കടലാസിൽ കറുത്ത മഷികൊണ്ട് രേഖപ്പെടുത്തിയ ഒപ്പിന്റെ സ്കാൻചെയ്ത കോപ്പി (10-20 കെ.ബി.), ആവശ്യമെങ്കിൽ സംവരണം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് തുടങ്ങിയവ അപ്‌ലോഡ് ചെയ്യേണ്ടിവരും.

മൂന്ന് പരീക്ഷാകേന്ദ്രങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കണം. അപേക്ഷാഫീസ്: 205 രൂപ (ബാങ്കിങ് നിരക്കുകൾ പുറമേ). വനിതകൾ, എസ്.സി./എസ്.ടി. വിഭാഗക്കാർ, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നിവർ ഫീസടയ്ക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: മാർച്ച് 7.


വിനോദസഞ്ചാര വകുപ്പിൽ കുക്ക്, റിസപ്ഷനിസ്റ്റ്, ഹൗസ് കീപ്പിങ് സ്റ്റാഫ് 93 ഒഴിവ്

 ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഗസ്റ്റ് ഹൗസ്/യാത്രി നിവാസ്/എക്കോ ലോഡ്ജ് എന്നിവിടങ്ങളിലേക്ക് 93 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിൽ ഒരുവർഷ കാലയളവിലേക്കാണ് നിയമനം. തസ്തിക, യോഗ്യത എന്ന ക്രമത്തിൽ:

 ഫുഡ് ആൻഡ് ബിവറേജസ് സ്റ്റാഫ്/വെയിറ്റേഴ്സ്: പ്രീ-ഡിഗ്രി/പ്ലസ്ടു പാസായിരിക്കണം. ഒരുവർഷത്തെ ഫുഡ് ആൻഡ് ബിവറേജസ് സർവീസ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് വിജയിച്ചിരിക്കണം. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
 ഹൗസ് കീപ്പിങ് സ്റ്റാഫ്: എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യ യോഗ്യത. ഹോട്ടൽ അക്കൊമഡേഷൻ ഓപ്പറേഷനിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/പി.ജി. ഡിപ്ലോമ. ആറുമാസത്തെ പ്രവൃത്തിപരിചയം.
 കുക്ക്: എസ്.എസ്.എൽ.സി./തുല്യ യോഗ്യത. ഒരുവർഷത്തെ ഫുഡ് പ്രൊഡക്‌ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കുക്കറി/ഫുഡ് പ്രൊഡക്‌ഷനിൽ ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
 അസിസ്റ്റന്റ് കുക്ക്/കിച്ചൺ മേട്ടി: എസ്.എസ്.എൽ.സി./തുല്യ യോഗ്യത. ഒരുവർഷത്തെ ഫുഡ് പ്രൊഡക്‌ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്. ഒരുവർഷത്തെ പ്രവൃത്തിപരിചയം.

റിസപ്ഷനിസ്റ്റ്: പ്രീ-ഡിഗ്രി/പ്ലസ്ടു. ഫ്രൻഡ്‌ ഓഫീസ് ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് പാസായിരിക്കണം. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായം: 18-35 വയസ്സ്. സംവരണവിഭാഗത്തിന് ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും. വേതനം: പ്രതിദിനം 660 രൂപ.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.keralatourism.org എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: മാർച്ച് ആറ്‌.


ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിൽ 475 അപ്രന്റിസ്

:ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിൽ 475 അപ്രന്റിസ് ഒഴിവ്. നാസിക്കിലെ എയർക്രാഫ്റ്റ് ഡിവിഷനിലാണ് അവസരം. ഒരു വർഷത്തെ പരിശീലനമായിരിക്കും.
ഒഴിവുകൾ: ഫിറ്റർ-210, ടർണർ-28, മെഷീനിസ്റ്റ്-26, കാർപെന്റർ-3, മെഷീനിസ്റ്റ് (ഗ്രൈൻഡർ)-6, ഇലക്‌ട്രീഷ്യൻ-78, ഡ്രോട്സ്മാൻ (മെക്കാനിക്കൽ)-8, ഇലക്‌ട്രോണിക് മെക്കാനിക്-8, പെയിന്റർ (ജനറൽ)-5, ഷീറ്റ്മെറ്റൽ വർക്കർ-4, മെക്കാനിക് (മോട്ടോർ വെഹിക്കിൾ)-4, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-77, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്‌ട്രിക്)-10, സ്റ്റെനോഗ്രാഫർ-8.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ. പാസായിരിക്കണം.

വിശദവിവരങ്ങൾക്കായി www.hal-india.co.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷിക്കുന്നതിന് www.apprenticeshipindia.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർചെയ്യണം.
അതിനുശേഷം എച്ച്.എ. എൽ. വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. അവസാന തീയതി: മാർച്ച് 13.