ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമെത്തിയതിന്റെ ആവേശത്തിൽ കാത്തിരിപ്പിന് അത്ര ദൈർഘ്യം തോന്നിയില്ല. ഉച്ചയ്ക്ക് 12.30-ന് തുടങ്ങിയ അത്‌ അവസാനിച്ചത് അഞ്ചുമണിയോടെ. ഒടുവിൽ അഞ്ചുപേരടങ്ങുന്ന ഇന്റർവ്യൂ ബോർഡിന് മുന്നിലേക്ക്. വൃത്താകൃതിയിലുള്ള മേശയ്ക്കുചുറ്റുമാണവർ ഇരിക്കുന്നത്. കയറിച്ചെന്നയുടൻ എല്ലാവരെയും അഭിവാദ്യംചെയ്തു. ഇരിക്കാൻ നിർദേശം. ചോദ്യമായിരുന്നില്ല ആദ്യമുണ്ടായത്. നിങ്ങൾ കുറെനേരം കാത്തിരുന്ന് മുഷിഞ്ഞില്ലേ? അവിടെ വെള്ളംവെച്ചിട്ടുണ്ട്. വേണമെങ്കിൽ കുടിക്കാം. നന്ദിയോടെ അത് നിരസിച്ചു. പിന്നെ ‘ഡാഫി’ൽ (Detailed Application Form-DAF) നിന്ന് ചോദ്യം തുടങ്ങി.
ബോർഡ് ചെയർമാനും റിട്ട. എയർ മാർഷലുമായ എ.എസ്. ഭോൺസ്‌ലേയുടെതായിരുന്നു ആദ്യചോദ്യം. അതാകട്ടെ ഹോബിയെക്കുറിച്ചും. ചെറുകഥയെഴുതുമെന്നു കണ്ടപ്പോൾ അവയുടെ വായനക്കാരാരാണെന്നും കഥാപാത്രങ്ങളെ എങ്ങനെ കണ്ടെത്തുമെന്നുമായി ചോദ്യം. ‘അപ്‌സൈക്കിളിങ്’ എന്ന ഹോബി കണ്ടപ്പോൾ ‘മലമുകളിലേക്ക് സൈക്കിൾ ചവിട്ടിക്കയറ്റുന്നതാണോ’ എന്നായിരുന്നു ബോർഡിലെ ഏകവനിതാ അംഗത്തിന്റെ സംശയം. ക്രിയേറ്റീവ് റീസൈക്കിളിങ് ആണെന്നു പറഞ്ഞപ്പോൾ വീണ്ടും വിശദീകരണം തേടി.  ഉപേക്ഷിക്കുന്ന സാധനങ്ങളിൽനിന്നും മൂല്യവർധിത ഉത്‌പന്നങ്ങളുണ്ടാക്കുന്ന പ്രക്രിയയെന്നു പറഞ്ഞെങ്കിലും സംശയത്തിന് അറുതിയായില്ല. ഉപയോഗശൂന്യമായ സാരി ഉപയോഗിച്ച് ബ്ലൗസും പാവാടയുമൊക്കെ ഉണ്ടാക്കാവുന്ന കാര്യം ഉദാഹരണമായി പറഞ്ഞപ്പോൾ ബോർഡിന് തൃപ്തിയായി. ഒപ്പം നല്ലഹോബിയെന്ന അഭിനന്ദനവും.
കേരളത്തിൽ വനിതാ ഓഫീസർമാർക്ക് ജോലിചെയ്യാൻ രാഷ്ട്രീയക്കാർ തടസ്സമാണോ എന്നായിരുന്നു വനിതാഅംഗത്തിന്റെ അടുത്തചോദ്യം. മികച്ച ഓഫീസർമാരെന്ന് പേരെടുത്ത വാസുകി, അനുപമ, രേണുരാജ് എന്നിവരൊക്കെ സ്ത്രീകളാണ് എന്നമറുപടി തീരുംമുമ്പേ അടുത്ത ചോദ്യമെത്തി. ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥയോട് അടുത്തകാലത്ത് ഒരു എം.എൽ.എ. മോശമായി പെരുമാറിയില്ലേ? നിങ്ങളായിരുന്നു ആ ഓഫീസർ എങ്കിൽ എന്താകുമായിരുന്നു പ്രതികരണം? നിയമം വിട്ട് ഒരുകാര്യവും ചെയ്യില്ല എന്നതരത്തിലുള്ള ഉത്തരം ബോർഡിനും സ്വീകാര്യമായെന്ന് തോന്നി. 
നിങ്ങൾ കോട്ടയം കളക്ടർ ആണെങ്കിൽ പ്രളയഭീഷണി നേരിടാൻ എന്തുമുൻകരുതലെടുക്കും? റബ്ബറിന്റെ വിലയിടിവ് കർഷകരെ എങ്ങനെ ബാധിച്ചു, അത് എങ്ങനെ പരിഹരിക്കാം? കേരളത്തിൽ വ്യവസായരംഗം പുഷ്ടിപ്പെടാത്തതിനുകാരണം തൊഴിലാളി യൂണിയനുകളുടെ അതിപ്രസരമാണോ? എന്നീ ചോദ്യങ്ങളുണ്ടായി. സ്ത്രീ സുരക്ഷയെപ്പറ്റിയും  മത്സ്യത്തൊഴിലാളികളെ അംഗീകരിക്കുന്നതിനെപ്പറ്റിയും എന്താണ് അഭിപ്രായം എന്നതുമുണ്ടായി. ഡിഗ്രിക്ക് പഠനവിഷയം ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ആണെന്ന് കണ്ടതോടെ അതിലെ അറിവ് നക്‌സലിസം നിയന്ത്രിക്കാൻ എങ്ങനെ ഉപയോഗപ്പെടുത്താമെന്നായി ബോർഡ്. മൂലകോശങ്ങളെപ്പറ്റിയുള്ള പഠനത്തെയും അതിന്റെ നൈതികതയെക്കുറിച്ചും അവയവമാറ്റ പ്രക്രിയയെകുറിച്ചും ചോദ്യങ്ങളുണ്ടായി. കൂടുതൽ ചർച്ചയിലേക്ക് വന്നത് ഒരേഒരു ചോദ്യമായിരുന്നു. അതാകട്ടെ ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തെക്കുറിച്ചുള്ളതും. 
മിക്കവർക്കും 40-50 മിനിറ്റുവരെ ഇന്റർവ്യൂ നീണ്ടപ്പോൾ എനിക്ക് ലഭിച്ചത് 20 മിനിറ്റിൽ താഴെ. കുറഞ്ഞസമയത്ത് കഴിഞ്ഞപ്പോൾ കടമ്പകടക്കില്ലെന്ന് തോന്നിച്ചു. എങ്കിലും, നൽകിയ ഉത്തരങ്ങളിൽ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. മാർക്ക് വന്നപ്പോൾ ആശങ്ക സന്തോഷത്തിന് വഴിമാറി. ഇത്തവണ ഇന്റർവ്യൂ ബോർഡ് കൊടുത്ത ഉയർന്ന മാർക്ക് നേടാനുമായി. എന്നാൽ, എഴുത്തുപരീക്ഷയുടെ സമയത്ത് കാര്യങ്ങൾ അത്ര നന്നായില്ല. പരീക്ഷയ്ക്ക് രണ്ടുദിവസംമുമ്പ് തെന്നിവീണ് കാലിന് പൊട്ടലും തോളിന് ചതവുമുണ്ടായി. വേദനാസംഹാരി ഉപയോഗിക്കേണ്ടിവന്നു. ശാരീരികഅവശത കാരണം എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നല്കാനായില്ല. ഇത് മൊത്തം റാങ്കിനെയും ബാധിച്ചു. ഇത്തവണ 301-ാം റാങ്ക്. 

ഡാഫ് നിസ്സാരക്കാരനല്ല
മെയിൻ പരീക്ഷയ്ക്കുള്ള ഡാഫ് പലരും കൃത്യമായി പൂരിപ്പിക്കാറില്ല. അതിന്റെ അപകടം ഇന്റർവ്യൂ (പേഴ്‌സണാലിറ്റി ടെസ്റ്റ്) സമയത്താകും അനുഭവിക്കുക. ചിലർക്കെങ്കിലും നല്ല ശതമാനം ചോദ്യങ്ങളും ഡാഫിനെ അടിസ്ഥാനമാക്കിയാകാം. ബോർഡിന്റെ കൈയിലുള്ള പ്രധാന റഫറൻസ് രേഖ ഡാഫ് മാത്രമാണെന്ന് ഓർക്കുക. എന്നാൽ, ഡാഫിൽനിന്ന് എപ്പോഴും ചോദ്യം ഉണ്ടാകണമെന്നുമില്ല.

കേട്ടുകേൾവി തള്ളുക
 ഒരാൾ സിവിൽസർവീസിന് എത്രമാത്രം അനുയോജ്യനാണെന്നുകൂടിയുള്ള വിലയിരുത്തലാണ് ഇന്റർവ്യൂ. അതുകൊണ്ട് എല്ലാചോദ്യത്തിനും ഉത്തരംനല്കിയാലും 200-ൽ കൂടുതൽമാർക്ക് കിട്ടണമെന്നില്ല. കൃത്യമായ ഉത്തരങ്ങൾ അറിയില്ലെന്നുകരുതി മാർക്ക് താഴേക്കുപോകണമെന്നുമില്ല.
 മൈക്ക് പോലുള്ള സംവിധാനങ്ങളൊന്നും ഉത്തരം പറയാനായി ഹാളിലുണ്ടാകില്ല. ബോർഡിന് തൊട്ടുമുമ്പിലാണ് ഇരിക്കേണ്ടത്.
 ഉച്ചയ്ക്കുശേഷമുള്ള ഇന്റർവ്യൂവിനെക്കാൾ മാർക്ക് കൂടുതൽ കിട്ടുക രാവിലെയുള്ള സെഷനിലാണെന്നതും സ്ത്രീകൾ നയിക്കുന്ന ബോർഡ് കൂടുതൽ മാർക്ക് നൽകുമെന്നതും തെറ്റിധാരണയാണ്. ചില ബോർഡുകൾ വളരെക്കൂടുതൽ മാർക്ക് നൽകുമെന്നതും ശരിയല്ല. 206 മാർക്ക് നൽകിയ അതേ ബോർഡ് 98 മാർക്കും കൊടുത്തിട്ടുണ്ട്.

ഇതുകണ്ട് ഭയക്കേണ്ട
കഴിഞ്ഞവർഷം പത്തുലക്ഷംപേരാണ് സിവിൽസർവീസ് പരീക്ഷ എഴുതിയത്. ഇതിൽനിന്ന് 10,648 പേർ മെയിൻ പരീക്ഷയ്ക്ക് യോഗ്യതനേടി. ഇന്റർവ്യൂവിന് തിരഞ്ഞെടുക്കപ്പെട്ടത് 1994 പേർ. ഇതിൽ 759 പേർ സിവിൽസർവീസിന് യോഗ്യതനേടി. ഇന്റർവ്യൂവിന് 275-ൽ 200 ലേറെ മാർക്ക് ലഭിച്ചത് 34 പേർക്കാണ്. കൂടിയ മാർക്കായ 206-ന് അർഹരായത് 11 പേരും.

കുടുംബം
കൂരോപ്പട അരവിന്ദത്തിൽ ആര്യ ആർ. നായർ ഇപ്പോൾ ഇന്റലിജൻസ് ബ്യൂറോയിൽ ഓഫീസറാണ്. ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിരുദം. സിവിൽസർവീസ് പരീക്ഷ എഴുതുന്നത് രണ്ടാംതവണ. റിട്ട. ജോയന്റ് ലേബർ കമ്മിഷണർ ജി. രാധാകൃഷ്ണൻ നായരുടെയും റിട്ട. അധ്യാപിക എം.എസ്. സുജാതയുടെയും മകൾ. സഹോദരൻ അരവിന്ദ് വെള്ളായണി കാർഷിക കോളേജിൽ ബിരുദവിദ്യാർഥി.

മോക്ക് ഇന്റർവ്യൂ 
മോക് ഇന്റർവ്യൂവിന് പോകണോ എന്നത് വ്യക്തിപരമായ തീരുമാനമാണ്. ആത്മവിശ്വാസം നേടാനും തെറ്റുകൾ മനസ്സിലാക്കാനും തിരുത്താനും മികച്ചരീതിയിൽ നടത്തുന്ന മോക് ഇന്റർവ്യൂ സഹായിക്കും. എല്ലാ പരിശീലനസ്ഥാപനങ്ങളും മോക് ഇന്റർവ്യൂ നടത്തുന്നുണ്ട്. അംഗങ്ങളെ വിലയിരുത്തി പങ്കെടുക്കാം. യുട്യൂബിൽ ടോപ്പേഴ്‌സിന്റെ വീഡിയോ ലഭ്യമാണ്.

8 കാര്യങ്ങൾ 

  1.  പത്രവായന ശീലമാക്കുക. പ്രധാനവാർത്തകളെ അടിസ്ഥാനമാക്കി നോട്‌സ് തയ്യാറാക്കുക
  2.  ഡാഫിൽനിന്ന് ചോദ്യങ്ങളുണ്ടാക്കി പഠിക്കുക. ഹോബി, നേട്ടങ്ങൾ, ഇപ്പോഴത്തെ ജോലി എന്നിവയെപ്പറ്റി ചോദ്യങ്ങളുണ്ടാകും. പൊങ്ങച്ചം കാണിക്കാനായി എന്തെങ്കിലും ഹോബി എഴുതരുത്.
  3.  സ്വന്തം ജില്ല, സംസ്ഥാനം എന്നിവയെപ്പറ്റി പരമാവധി വിവരങ്ങൾ മനസ്സിലാക്കുക.
  4.  ആനുകാലികവിഷയങ്ങളെപ്പറ്റി ധാരണവേണം. അതിൽ സ്വന്തം അഭിപ്രായരൂപവത്കരണം നിർബന്ധം.
  5.  അഭിപ്രായം തേടിയുള്ള ചോദ്യങ്ങൾക്ക് നിഷ്പക്ഷമായി ഉത്തരം പറയാൻ ശ്രദ്ധിക്കുക. കുറച്ചുവാചകങ്ങളിൽ ഒതുക്കുന്നതുകൂടാതെ കൃത്യവും വ്യക്തവും ആയിരിക്കണം. 
  6.  രാജ്യത്തിനകത്തും പുറത്തും സംഭവിക്കുന്ന പുതുമാറ്റങ്ങൾ അറിയണം.
  7.  ശരീരഭാഷ നിയന്ത്രിക്കണം
  8.  ഉത്തരങ്ങൾ ഇംഗ്ലീഷിൽ പറയുകയാണ് നല്ലത്. യു.പി.എസ്.സി.യിൽനിന്ന് പരിഭാഷകരെ കിട്ടുമെങ്കിലും ആശയക്കുഴപ്പമുണ്ടാകാനുള്ള സാധ്യതയേറെയാണ്.