യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നാഷണൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കും അപേക്ഷ ക്ഷണിച്ചു. 400 ഒഴിവാണുള്ളത്. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
 യോഗ്യത
ആർമിവിങ് നാഷണൽ ഡിഫൻസ് അക്കാദമി: പ്ലസ്ടു/തത്തുല്യം.
എയർഫോഴ്‌സ്, നേവൽവിങ് നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയമായി പഠിച്ച് പ്ലസ്ടു/തത്തുല്യം.
ഇപ്പോൾ പ്ലസ്ടു പഠിക്കുന്നവർക്കും അപേക്ഷിക്കാം. എന്നാൽ, അഭിമുഖസമയത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്ലസ് വൺ പരീക്ഷയെഴുതുന്നവർക്ക് അപേക്ഷിക്കാനാകില്ല. പ്രായം: 2003 ജൂലായ് രണ്ടിനും 2006 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവരാവണം. പരിശീലനം കഴിയുംവരെ വിവാഹിതരാകാൻ പാടില്ല.
 തിരഞ്ഞെടുപ്പ്
എഴുത്തുപരീക്ഷയുടെയും സർവീസ് സെലക്‌ഷൻ ബോർഡ് ടെസ്റ്റ്/അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പരീക്ഷ രണ്ട് ഘട്ടമായാണ്. ആദ്യഘട്ടത്തിൽ മാത്തമാറ്റിക്സിന് 300 മാർക്കിനുള്ള ചോദ്യങ്ങളുണ്ടാകും. രണ്ടാമത്തെ ഘട്ടത്തിൽ 600 മാർക്കിന്റെ ജനറൽ എബിലിറ്റി ടെസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ. ഓരോ പരീക്ഷയും രണ്ടരമണിക്കൂർവീതം. ഒബ്ജക്ടീവ് ടൈപ്പായിരിക്കും ചോദ്യങ്ങൾ. ഹിന്ദി/ഇംഗ്ലീഷ് മാധ്യമങ്ങളിലായിരിക്കും ചോദ്യങ്ങൾ. പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ട്. ഏപ്രിൽ 10-നാണ് പരീക്ഷ. കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രം.
വിവരങ്ങൾക്ക്: www.upsc.gov.in. അവസാനതീയതി: ജനുവരി 11.

കമ്പൈൻഡ് ഡിഫൻസ് സർവീസസിൽ 341 അവസരം

യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ കമ്പൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്കും വനിതകൾക്കും ഷോർട്ട് സർവീസ് കമ്മിഷൻ (നോൺ ടെക്‌നിക്കൽ) കോഴ്‌സിലേക്ക് അപേക്ഷിക്കാം. 341 ഒഴിവുണ്ട്. അവിവാഹിതർക്കാണ് അവസരം.
 ഒഴിവുകൾ
ഇന്ത്യൻ മിലിറ്ററി അക്കാദമി, ദെഹ്‌റാദൂൺ-100, ഇന്ത്യൻ നേവൽ അക്കാദമി, ഏഴിമല-22, എയർഫോഴ്‌സ് അക്കാദമി, ഹൈദരാബാദ് (പ്രീ ഫ്ളൈയിങ്)-32, ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി, ചൈന്നൈ എസ്.എസ്.സി. പുരുഷന്മാർ-170, ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി, ചൈന്നെ എസ്.എസ്.സി. വനിത-17. മിലിറ്ററി അക്കാദമിയിലേക്ക് എൻ.സി.സി. സി. സർട്ടിഫിക്കറ്റുകാർക്ക് 13 സീറ്റും നേവൽ, എയർഫോഴ്‌സ് അക്കാദമിയിലേക്ക് മൂന്നുവീതം സീറ്റും മാറ്റിവെച്ചിരിക്കുന്നു.  
 യോഗ്യത:
ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി: ബിരുദം.
എയർഫോഴ്‌സ് അക്കാദമി: ഫിസിക്സും മാത്തമാറ്റിക്സും പഠിച്ച പ്ലസ്ടുവും ബിരുദവും. അല്ലെങ്കിൽ എൻജിനിയറിങ് ബിരുദം.
നേവൽ അക്കാദമി: അംഗീകൃതസ്ഥാപനത്തിൽനിന്ന് എൻജിനിയറിങ് ബിരുദം. വ്യവസ്ഥകൾക്ക് വിധേയമായി അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
 പ്രായം
ഇന്ത്യൻ മിലിറ്ററി അക്കാദമി, ഇന്ത്യൻ നേവൽ അക്കാദമി: അവിവാഹിതരായ പുരുഷന്മാർ 1999 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. ഇന്ത്യൻ എയർഫോഴ്‌സ് അക്കാദമി: 2003 ജനുവരി ഒന്നിനും 1999 ജനുവരി രണ്ടിനും ഇടയിൽ ജനിച്ചവരായിരിക്കണം. ഡി.ജി.സി.എ.യുടെ അംഗീകാരമുള്ള പൈലറ്റ് ലൈസെൻസുള്ളവർക്ക് 26 വയസ്സുവരെ ഇളവ് ലഭിക്കും.
ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി (എസ്.എസ്.സി. കോഴ്‌സ് ഫോർ മെൻ): അവിവാഹിതരായ പുരുഷന്മാർ. 1998 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി (എസ്.എസ്.സി. വിമെൻ നോൺ ടെക്‌നിക്കൽ കോഴ്‌സ്): അവിവാഹിതരായ വനിതകൾക്കും പുനർവിവാഹം ചെയ്യാത്ത വിധവകൾക്കും ഡിവോഴ്‌സ് ആയവർക്കും അപേക്ഷിക്കാം. 1998 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

പരീക്ഷ
ഇന്ത്യൻ മിലിറ്ററി അക്കാദമി, നേവൽ അക്കാദമി, എയർഫോഴ്‌സ് അക്കാദമി എന്നിവിടങ്ങളിൽ മൂന്നു വിഷയങ്ങൾ അടിസ്ഥാനമാക്കിയ ചോദ്യങ്ങളുള്ള  പരീക്ഷയായിരിക്കും ഉണ്ടാവുക. രണ്ടുമണിക്കൂർവീതം 100 മാർക്കിനായിരിക്കും പരീക്ഷ. ഇംഗ്ലീഷ്, ജനറൽ നോളജ്, എലിമെന്ററി മാത്തമാറ്റിക്സ് എന്നിവയാണ് പരീക്ഷയിലെ വിഷയങ്ങൾ. ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലെ പരീക്ഷയിൽ ഇംഗ്ലീഷ്, ജനറൽ നോളജ് എന്നിവയിലെ ചോദ്യങ്ങളുണ്ടാകും. വിശദമായ സിലബസ്, വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടായിരിക്കും.

AIIMS 424 അധ്യാപകർ/അനധ്യാപകർ
: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ബിലാസ്പുർ, ജോധ്പുർ, ഗൊരഖ്പുർ കേന്ദ്രങ്ങളിൽ അധ്യാപക, അനധ്യാപക തസ്തികകളിലായി 424 ഒഴിവ്.
 ബിലാസ്പുർ 194:
ജൂനിയർ/സീനിയർ റെസിഡന്റ്, അധ്യാപക തസ്തികകളിലാണ് അവസരം. aiimsbilaspur.edu.in-ൽ നൽകിയിട്ടുള്ള അപേക്ഷാമാതൃക പ്രകാരമാണ് അപേക്ഷിക്കേണ്ടത്. അധ്യാപകതസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ജൂനിയർ/സീനിയർ റെസിഡന്റ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജനുവരി 5.
 ജോധ്പുർ 125
ജോധ്പുർ എയിംസിൽ സീനിയർ റെസിഡന്റ് തസ്തികയിലാണ് അവസരം. www.aiimsjodhpur.edu.in വഴി അപേക്ഷിക്കണം. അവസാനതീയതി: ജനുവരി 20.
 ഗൊരഖ്പുർ 105
ഗൊരഖ്പുർ എയിംസിൽ പ്രൊഫസർ, അഡീഷണൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലാണ് അവസരം. നേരിട്ടുള്ള നിയമനമാണ്. വിവരങ്ങൾക്ക്: www.aiimsgorakhpur.edu.in അവസാനതീയതി: ജനുവരി 30.

സി.ഐ.എസ്.എഫിൽ 249 കായികതാരങ്ങൾ
: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ (സി.ഐ.എസ്.എഫ്.) ഹെഡ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിൽ കായികതാരങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 249 ഒഴിവുണ്ട്. പുരുഷൻന്മാർക്ക് 181 ഒഴിവും വനിതകൾക്ക് 68 ഒഴിവുമാണുള്ളത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും അപേക്ഷാഫോറവും www.cisfrectt.in-ൽ ലഭിക്കും. അപേക്ഷ, വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന രേഖകളുടെ പകർപ്പുസഹിതം അയക്കണം. അവസാന തീയതി മാർച്ച് 31.
 സൗദിയിൽ 40 നഴ്‌സ്
സൗദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സിന്റെ 40 ഒഴിവുണ്ട്. വനിതകളെയാണ് ആവശ്യം. രണ്ടുവർഷത്തെ കരാർനിയമനമാണ്. നോർക്ക റൂട്ട്‌സ് വഴിയായിരിക്കും റിക്രൂട്ട്‌മെന്റ്. യോഗ്യത: ബി.എസ്‌സി./പി.ബി.ബി.എസ്‌സി./എം.എസ്‌സി. നഴ്‌സിങ്, രണ്ടരവർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 40 വയസ്സ്. ശമ്പളം: ഏകദേശം 1,12,000 രൂപ. ബയോഡേറ്റ eu@odepc.in-ലേക്ക് അയക്കണം. വിവരങ്ങൾക്ക്: www.odepc.kerala.gov.in അവസാന തീയതി: ജനുവരി 5.