പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസർ/മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്ക് ഇന്ത്യൻ ബാങ്കിങ് പേഴ്‌സണൽ സെലക്‌ഷൻ (ഐ.ബി.പി.എസ്.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 11 ബാങ്കുകളിലായി രാജ്യത്താകെ 4135 ഒഴിവാണുള്ളത്. 2021 ഡിസംബർ, 2022 ജനുവരി മാസങ്ങളിലായാണ്‌ പ്രിലിമിനറി, മെയിൻ പരീക്ഷകൾ നടത്തുക. അഭിമുഖവും ഉണ്ടാവും. 
ഒഴിവുകൾ
ബാങ്ക് ഓഫ് ഇന്ത്യ-588, ബാങ്ക് ഓഫ് മഹാരാഷ്ട്ര-400, കനറാ ബാങ്ക്-650, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ-620, ഇന്ത്യൻ ഓവർസീസ് ബാങ്ക്-98, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്-427, യൂക്കോ ബാങ്ക്-440, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ-912.  വിജ്ഞാപനത്തിൽ ഉൾപ്പെട്ട ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയിൽ ഒഴിവുകൾ റിപ്പോർട്ട്‌ചെയ്തിട്ടില്ല. ബാങ്ക് ഓഫ് ബറോഡയിലെ ഒഴിവുകൾ വിജ്ഞാപനംചെയ്തിട്ടില്ല. 
യോഗ്യത
ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/തത്തുല്യ യോഗ്യത. 2021 ഒക്ടോബർ ഒന്നിനോ അതിനുമുൻപോ അവസാനഫലം പ്രഖ്യാപിച്ചവ മാത്രമേ യോഗ്യതയായി കണക്കാക്കൂ.  
പ്രായം
2021 ഒക്ടോബർ ഒന്നിന് 20-30 വയസ്സ്. 02.10.1991-നുമുൻപോ  01.10.2001-നുശേഷമോ ജനിച്ചവരാകരുത് (രണ്ടു തീയതികളും ഉൾപ്പെടെ). ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. (നോൺ ക്രീമീലെയർ) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാർക്ക് പത്തുവർഷത്തെയും ഇളവു ലഭിക്കും. വിമുക്തഭടർക്കും വയസ്സിളവുണ്ട്.  
പരീക്ഷ
പ്രിലിമിനറി, മെയിൻ പരീക്ഷകൾ ഓൺലൈനായി നടത്തും. പ്രിലിമിനറി പരീക്ഷയ്ക്ക് 100 ചോദ്യങ്ങൾ (100 മാർക്ക്). ഇംഗ്ലീഷ് ലാംഗ്വേജിൽനിന്ന് 30 മാർക്കിനും ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി എന്നിവയിൽനിന്ന് 35 മാർക്കിനുവീതവും ചോദ്യങ്ങൾ. ഒരുമണിക്കൂർ സമയം. 
20 മിനിറ്റുവീതമാണ് മൂന്നുവിഷയങ്ങൾക്കും അനുവദിച്ചിട്ടുള്ളത്. കട്ട് ഓഫ് മാർക്ക് ഉണ്ട്. തെറ്റുത്തരത്തിന് നാലിലൊന്ന് മാർക്ക് നഷ്ടമാവും. പ്രിലിമിനറി പരീക്ഷ ഡിസംബർ നാലുമുതൽ 11 വരെ. 

എഫ്.സി.ഐ.യിൽ 1240 വാച്ച്മാൻ
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്.സി.ഐ.) പഞ്ചാബ്, ഹരിയാണ റീജനുകളിൽ വാച്ച്മാന്റെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പഞ്ചാബ്-860, ഹരിയാണ-380 എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത: എട്ടാം ക്ലാസ് വിജയം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: പഞ്ചാബ്: fci-punjab-watch-ward.in ഹരിയാണ: fciharyana-watch-ward.in/login. അവസാന തീയതി: പഞ്ചാബ് നവംബർ 10, ഹരിയാണ നവംബർ 19.

നഴ്സിങ് ഓഫീസർ അവസരം

വിവിധ എയിംസിലും ഡൽഹിയിലെ കേന്ദ്ര സർക്കാർ ആശുപത്രികളിലും

ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നടത്തുന്ന നഴ്‌സിങ് ഓഫീസർ കോമൺ എലിജിബിലിറ്റി ടെസ്റ്റ് (നോർസെറ്റ്) 2021 അപേക്ഷിക്കാം. 
ഇന്ത്യയിലെ വിവിധ എയിംസുകളും കൂടാതെ ഡൽഹിയിലെ കേന്ദ്രസർക്കാർ ആശുപത്രികളിലെ ഒഴിവുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എയിംസുകളിലെ ഒഴിവുകൾ തിട്ടപ്പെടുത്തിയിട്ടില്ല. കേന്ദ്ര സർക്കാർ ആശുപത്രികളിലായി 678 ഒഴിവുണ്ട്. 
യോഗ്യത: ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ/സ്റ്റേറ്റ് നഴ്‌സിങ് കൗൺസിൽ അംഗീകരിച്ച സ്ഥാപനങ്ങളിൽനിന്ന് നഴ്‌സിങ് ബി.എസ്‌സി. (ഓണേഴ്‌സ്)/ബി.എസ്‌സി./ബി.എസ്‌സി. (പോസ്റ്റ്‌സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സസ് ആൻഡ് മിഡ്‌വൈഫ് സ്റ്റേറ്റ്/ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷൻ. അല്ലെങ്കിൽ ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ/സ്റ്റേറ്റ് നഴ്‌സിങ് കൗൺസിൽ അംഗീകരിച്ച സ്ഥാപനങ്ങളിൽനിന്ന് ജനറൽ നഴ്‌സിങ് മിഡ്‌വൈഫറി ഡിപ്ലോമ. 
നഴ്‌സസ് ആൻഡ് മിഡ്‌വൈഫ് സ്റ്റേറ്റ്/ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷൻ. യോഗ്യതയ്ക്കുശേഷം 50 കിടക്കകളുള്ള ആശുപത്രിയിൽ രണ്ട്‌ വർഷത്തെ പ്രവൃത്തിപരിചയം. 

www.aiimsexams.ac.inഅവസാന തീയതി: ഒക്ടോബർ 30

ഇന്ത്യൻ ഓയിലിൽ 1968 അപ്രന്റിസ്

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ വിവിധ റിഫൈനറികളിലായി 1968 അപ്രന്റിസ് ഒഴിവ്. ഗുവാഹാട്ടി, ബറൗണി, ഗുജറാത്ത്, ഹാൽഡിയ, പാനിപ്പത്ത്, ബംഗായ്ഗാവ്, മഥുര, പാരദീപ് എന്നിവിടങ്ങളിലാണ് അവസരം. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.iocl.com കാണുക. 
എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അവസാന തീയതി: നവംബർ 12.

ഐസിഫോസ് ബാക്ക് ടു വർക്ക്

വനിതാ പ്രൊഫഷണലുകൾക്ക് നഷ്ടപ്പെട്ട തൊഴിലവസരം വീണ്ടെടുക്കാൻ

വ്യക്തിപരമായ കാരണങ്ങളാൽ ജോലിയിൽനിന്ന് മാറിനിൽക്കേണ്ടിവന്നവരാണോ നിങ്ങൾ, തിരിച്ച് ജോലിയിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടോ. ശരിയായ മാർഗനിർദേശവും വിവരങ്ങളും ഇല്ലാത്തതിനാൽ മികച്ച കരിയർ തുടങ്ങാൻ ബുദ്ധിമുട്ടുന്നുണ്ടോ. തൊഴിൽജീവിതത്തിലെ ഇടവേളയെ മികച്ച പരിശീലനത്തിലൂടെ മറികടക്കാം. 
വനിതാ പ്രൊഫഷണലുകൾക്ക് നഷ്ടപ്പെട്ട തൊഴിൽജീവിതം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ കേരള സർക്കാരിനുകീഴിലെ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വേർ കേന്ദ്രം (ഐസിഫോസ്) വിവിധ സ്വതന്ത്ര സോഫ്റ്റ്‌വേറുകളിൽ ബാക്ക് ടു വർക്ക് എന്നപേരിൽ സ്ത്രീകൾക്ക് പരിശീലനം നൽകുന്നു. 
 സോഫ്റ്റ്‌വേർ ടെസ്റ്റിങ്
പ്രതിഭയും ലക്ഷ്യബോധവുമുള്ള വലിയൊരു വിഭാഗം സ്ത്രീകളെ തൊഴിൽമേഖലയിലേക്ക് കൊണ്ടുവരുകയാണ് ലക്ഷ്യം. വിവിധ കാരണങ്ങളാൽ തൊഴിൽജീവിതം നഷ്ടപ്പെട്ടവർക്ക് പങ്കെടുക്കാം. രണ്ടാംതൊഴിൽജീവിതമാണ് ബാക്ക് ടു വർക്ക് മുന്നോട്ടുവെക്കുന്നത്. സോഫ്റ്റ്‌വേർ ടെസ്റ്റിങ്ങിലാണ് പരിശീലനം നൽകുന്നത്‌. 
തിരുവനന്തപുരം കാര്യവട്ടത്തെ ഐസിഫോസ് പരിശീലനകേന്ദ്രത്തിൽവെച്ച് നവംബർ 17-ന് തുടങ്ങും. ആദ്യം വരുന്നവരെ ആദ്യം പരിഗണിക്കുന്ന രീതിയിൽ 25 പേർക്കാണ് അവസരം. രജിസ്‌ട്രേഷൻ 
ഫീസ് 1000 രൂപ. ആഴ്ചയിൽ 
മൂന്നോ-നാലോ ക്ലാസുകളായി (താമസസൗകര്യം സൗജന്യം) ഒരുമാസമാണ് പരിശീലനം. സ്ത്രീകളിൽ ആത്മവിശ്വാസം വർധിപ്പിക്കാനും സാങ്കേതികമേഖലയിൽ സംഭാവനകൾ നൽകാൻ അവരെ സഹായിക്കാനുമായി ‘ജെൻഡർ ആൻഡ് ടെക്‌നോളജി’ സംരംഭത്തിന്റെ ഭാഗമായാണ് ഐസിഫോസ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്.

പ്ലേസ്‌മെന്റ്
കരിയറിൽ ഇടവേളവന്നവർക്ക് ജോലിയിലേക്ക് തിരിച്ചുവരാൻ നൂതന സാങ്കേതികവിദ്യയിൽ പരിശീലനം നൽകി ജോലിക്കു പ്രാപ്തരാക്കാനുള്ള പരിപാടിയാണ് ബാക്ക് ടു വർക്ക് പ്രോഗ്രാം. പരിശീലനം പൂർത്തിയാക്കുന്ന 75 ശതമാനം പേർക്കും നേരിട്ട് പ്ലേസ്‌മെന്റ് ലഭിക്കുന്നുണ്ട്. കോവിഡ് കാരണം പലർക്കും ജോലി നഷ്ടപ്പെട്ടു. അവർക്കെല്ലാം ഇതിന്റെ ഭാഗമാകാം. 
-ഡോ. എലിസബത്ത് ഷേർളി
ഡയറക്ടർ, ഐസിഫോസ്‌

ആത്മവിശ്വാസം നേടി
സോഫ്റ്റ്‌വേർ ടെസ്റ്റിങ്ങിൽ 10 വർഷം പ്രവർത്തിച്ചു. പിന്നീട് കുറച്ചുകാലം ഇടവേളവന്നു. ഇതിനുശേഷം വിവിധ കമ്പനികളുടെ അഭിമുഖത്തിൽ പങ്കെടുത്തെങ്കിലും ജോലികിട്ടിയില്ല. അങ്ങനെയാണ് ഐസിഫോസ് ബാക്ക് ടു വർക്ക് പരിപാടിയുടെ ഭാഗമാകുന്നത്. മറന്നുപോയ കാര്യങ്ങൾ പരിശീലനത്തിലൂടെ ഓർത്തെടുത്തു. ആദ്യം മുതലുള്ള ക്ലാസുകൾ. നൂതന സാങ്കേതികവിദ്യകൾ പഠിച്ചു. പരിശീലനത്തിലൂടെ ആത്മവിശ്വാസം നേടി. നൈപുണി വളർത്താൻ സാധിച്ചു. എങ്ങനെ മുന്നോട്ടു പോകണമെന്ന് ഐസിഫോസ് പറഞ്ഞുതന്നു. എന്റെ ബാച്ചിലെ കുറെ പേർക്ക് ജോലിലഭിച്ചു. ജോലിയില്ലാത്ത അവസ്ഥയിൽ നിന്നുമാറി ജോലിചെയ്യാനുള്ള ആത്മവിശ്വാസം നേടി. 
-സിമി ജോസഫ്
ടെസ്റ്റ് സ്പെഷ്യലിസ്റ്റ് 
മൈൻഡ് ട്രീ-ടെക്‌നോളജി കൺസൾട്ടിങ് കമ്പനി, ചെന്നൈ 
(കോതമംഗലം സ്വദേശി)

രജിസ്റ്റർ ചെയ്യാം
www. icfoss.in
അവസാന തീയതി 
നവംബർ 10
7356610110 |  9400225962 
(രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെ)