സിവിൽ സർവീസസ് മോഹത്തിന് ഇനിയും വൈകിയിട്ടില്ലെന്ന പാഠമാണ് ആദ്യനൂറിൽ ഇടം നേടിയ ഈ മലയാളികളുടെ അനുഭവം. ജോലിക്കിടയിലും മറ്റു കോഴ്‌സുകൾക്കിടയിലുമൊക്കെ പരിശീലനം ആരംഭിച്ചവരുണ്ട്. പരാജയത്തിൽ പതറില്ലെന്ന നിശ്ചയദാർഢ്യവുമായി കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ടുപോയാൽ വിജയം സുനിശ്ചിതമാണെന്നു പങ്കുവെക്കുകയാണവർ


 നാലാം ശ്രമത്തിൽ മിന്നുംവിജയം
പരാജയത്തിൽ പതറാതെ ആറാം റാങ്കെന്ന മിന്നുന്ന വിജയമാണ് തൃശ്ശൂർ സ്വദേശി മീര സ്വന്തമാക്കിയത്. ബി.ടെക്. പഠനകാലത്ത് സിവിൽ സർവീസസ് എന്ന ആഗ്രഹമുണ്ടായിരുന്നു. ബെംഗളൂരുവിൽ ജോലി ചെയ്യുന്നതിനിടെയാണ് ആദ്യശ്രമം. 2017-ൽ വെറുതേയൊരു ശ്രമം എന്ന രീതിയിലാണ് പ്രിലിംസ് എഴുതിയത്. കിട്ടിയില്ലെങ്കിലും എഴുതിക്കഴിഞ്ഞതോടെ പഠിച്ചാൽ സാധ്യമാവുന്നതേ ഉള്ളൂ എന്ന് മനസ്സിലായി. അങ്ങനെ ജോലി രാജിവെച്ച് തിരുവനന്തപുരത്ത് വന്ന് കോച്ചിങ് ആരംഭിച്ചു. അധികം പരിചയമില്ലാത്ത ജ്യോഗ്രഫി, ഇക്കണോമിക്സ് വിഷയങ്ങളിലാണ് കൂടുതൽ ശ്രദ്ധ നൽകിയത്. ഓരോ ദിവസവും ഇത്ര ടോപ്പിക്കുകൾ തീർത്തിരിക്കും എന്ന രീതിയിലാണ് പഠനം മുന്നോട്ടുകൊണ്ടുപോയത്. അഞ്ചുമുതൽ ആറു മണിക്കൂറോളമാക്കി പഠനം. പരീക്ഷ അടുക്കുന്ന സമയങ്ങളിൽ ദിവസംമുഴുവൻ പഠനത്തിൽ ശ്രദ്ധിക്കും. സമ്മർദത്തിൽനിന്ന് മുക്തമാകാൻ വായന ശീലമാക്കി. ഒപ്പം നല്ല സിനിമകളും വെബ്‌സീരീസുമൊക്കെ കാണാൻ ശ്രമിച്ചു.
ടിപ്‌സ്: മുൻവർഷങ്ങളിൽ പരാജയപ്പെട്ടവർ വീണ്ടും ശ്രമം തുടരുക. തന്ത്രപരമായി സമീപിക്കേണ്ട പരീക്ഷയാണ് ഇതെന്ന് തിരിച്ചറിയുക. സിലബസ് മനസ്സിലാക്കി മുന്നോട്ടു പോവുക.

 ആസ്വദിച്ച്, സന്തോഷിച്ച് 
പഠിക്കുക
ഡോക്ടർ മോഹം സഫലമാക്കി ഇന്റേൺഷിപ്പ്‌ ചെയ്യുന്നതിനിടെയാണ് കോഴിക്കോട്‌ വടകര സ്വദേശി മിഥുൻ പ്രേംരാജ് സിവിൽ സർവീസസിലേക്ക് കടക്കുന്നത്. 2015 മുതൽ ശ്രമം തുടങ്ങി. ഇതിനിടയിൽ കോഴിക്കോട് കോർപ്പറേഷനിൽ അസിസ്റ്റന്റ് ഹെൽത്ത് ഓഫീസറായും പ്രവർത്തിച്ചു. 2019-ൽ പബ്ലിക് ഹെൽത്ത് മാനേജ്‌മെന്റിൽ പി.ജി. ഡിപ്ലോമയും നേടി. പഠനത്തിനും ജോലിക്കുമൊപ്പമായിരുന്നു പരിശീലനം. 2020-ൽ മുഴുവൻ സമയവും പഠിക്കാൻ തീരുമാനിച്ചു. കൂടുതൽ സമയം ഇരിക്കുന്നതിനെക്കാൾ ഉള്ളസമയം നന്നായി പഠിക്കുക എന്നതായിരുന്നു രീതി. പരീക്ഷ അടുക്കുമ്പോൾ എട്ടും പത്തും മണിക്കൂറൊക്കെ ഇരിക്കും. ഇത്രയും നേരം പഠനത്തിനായി നീക്കിവെക്കുന്നതുകൊണ്ട് മനസ്സ് സ്വസ്ഥമാക്കലും പ്രധാനമാണ്. സ്പിരിച്വാലിറ്റിയും ഫിലോസഫിയും കൂടെയുണ്ടായിരുന്നു. ഒപ്പം വായനയും ബാഡ്മിന്റണും സ്കെച്ചിങ്ങുമൊന്നും വിട്ടില്ല.ടിപ്‌സ്: ആസ്വദിച്ച്, സന്തോഷിച്ച് പഠിക്കുക എന്നതാണ് പ്രധാനം. ആദ്യശ്രമങ്ങളിൽ വിചാരിച്ച ഫലം കിട്ടിയില്ലെങ്കിലും തളരരുത്. ഇതൊരു ജീവിതയാത്രയായി കണ്ട് പഠനം തുടരുക.

 ഇത് മധുരപ്രതികാരം
:പെൺകുട്ടികൾക്ക് പ്രധാനം കരിയറാകണമെന്ന് ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ഇടുക്കി സ്വദേശി അശ്വതി. 2016 മുതലുള്ള സിവിൽ സർവീസസ് പരിശ്രമത്തെ പലരും വിമർശിച്ചപ്പോഴും 41-ാം റാങ്ക് നേടി മധുരപ്രതികാരം ചെയ്യുകയാണ് അശ്വതി. ബി.ടെക്‌. കഴിഞ്ഞ് മൂന്നുവർഷത്തോളം ജോലി ചെയ്തതിനുശേഷമാണ് പരിശീലനത്തെക്കുറിച്ച് ചിന്തിക്കുന്നത്. 2017-ൽ പരിശീലനം ആരംഭിച്ചു. 
ജോലിക്കിടെ പഠനത്തിന് സമയം കിട്ടുന്നില്ലെന്ന് കണ്ടതോടെ ജോലി രാജിവെച്ചു. ഇക്കഴിഞ്ഞ നാലുവർഷവും ചെന്നൈയിൽനിന്നാണ് പഠിച്ചത്. അച്ഛൻ എയർഫോഴ്‌സിൽ ആയതുകൊണ്ട് കുട്ടിക്കാലം തൊട്ട് ചിട്ടയായ ജീവിതമായിരുന്നു. എട്ടു മുതൽ ഒമ്പതുമണിക്കൂർ വരെ പഠിക്കും. ഓരോ ആഴ്ചയിലും പൂർത്തിയാക്കേണ്ടവ ചാർട്ട് ചെയ്യും. ഇതിനൊപ്പം മനസ്സും ശരീരവും കൈവിട്ടുപോവാതിരിക്കാൻ വർക്കൗട്ട് ചെയ്യും. മറ്റൊരു ഹോബി യൂട്യൂബിലെ വിജയകഥകൾ കേട്ട് അവ നോട്ട് ചെയ്തു വെക്കലായിരുന്നു.
ടിപ്‌സ്: പരാജയപ്പെട്ടാലും തളരാതിരിക്കാൻ മനക്കരുത്ത് പ്രധാനമാണ്. മുന്നോട്ടുപോകാനുള്ള ഇച്ഛാശക്തി കൈവിടരുത്. തളരുമ്പോൾ താങ്ങാകാൻ കുടുംബം, സുഹൃത്തുക്കൾ, മെന്റർ പോലുള്ളവരുടെ പിന്തുണയും വേണം.

 ഹോബികളെ കൂട്ടുപിടിച്ച് പഠനം
പഠിച്ചത് സിവിൽ എൻജിനിയറിങ് ആണെങ്കിലും പണ്ടുതൊട്ടേ ആലപ്പുഴ സ്വദേശി വീണ എസ്. സുതന്റെ മനസ്സിൽ സിവിൽ സർവീസസ് മോഹവുമുണ്ടായിരുന്നു. ആദ്യ രണ്ടുതവണ 299, 124 റാങ്കുകളാണ് നേടിയത്. മൂന്നാംതവണ അല്പംകൂടി ശ്രദ്ധകേന്ദ്രീകരിച്ച് പഠിച്ചു 57-ാം റാങ്ക് നേടി. ആദ്യവർഷത്തിൽ ഓപ്ഷണൽ വിഷയമായ ജ്യോഗ്രഫിക്ക് മാത്രമാണ് പരിശീലനം. ബാക്കിയെല്ലാം തനിച്ചു പഠിച്ചു. സിലബസ് അധിഷ്ഠിതമായുള്ള പഠനമാണ് പ്രധാനം. ആറുമുതൽ എട്ടുമണിക്കൂറോളം പഠിക്കും. പരീക്ഷയുടെ രണ്ടുമൂന്നു മാസം മുമ്പേ ഒമ്പതും പത്തും മണിക്കൂറാകും. ഇതിനിടയിൽ പഠനത്തിന്റെ സമ്മർദത്തിൽനിന്ന് മുക്തമാകാൻ ഹോബികളെയും കൂട്ടുപിടിച്ചു. വായനയും ഗിറ്റാർ വായനയുമൊക്കെ ഉണ്ടായിരുന്നു. നല്ല സീരീസുകളും മുടക്കിയിരുന്നില്ല. ഹോബികളെ കൂട്ടുപിടിച്ചുള്ള പഠനം മനസ്സ് സ്വസ്ഥമാക്കുമെന്നാണ് വീണയുടെ പക്ഷം.
ടിപ്‌സ്: കഠിനാധ്വാനത്തിനുള്ള മനസ്സുണ്ടാവണം. ഒരുപാട് പഠിക്കാനുള്ളതുകൊണ്ട് സമയം മാനേജ് ചെയ്യാനും ശീലിക്കണം.

 സമയം കളഞ്ഞില്ല
2018-ൽ ബി.എസ്‌സി. ഫൊറൻസിക് സയൻസിൽ ബിരുദം നേടിയതിന് ശേഷമാണ് മുംബൈയിൽ താമസിക്കുന്ന പാലക്കാട്‌ സ്വദേശി കരിഷ്മ പഠനം തുടങ്ങുന്നത്. കോളേജ് കാലങ്ങളിൽ ഐ.പി.എസായിരുന്നു മനസ്സിൽ. പരിശീലനം ആരംഭിച്ചപ്പോഴാണ് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ മോഹം വന്നത്. 
രണ്ടാം ശ്രമത്തിൽ തന്നെ കിട്ടുകയും ചെയ്തു. ഡൽഹിയിലായിരുന്നു ആദ്യവർഷം പരിശീലനം. പിന്നീട് സ്വയം പഠിച്ചു. പ്രിലിംസിനും മെയിൻസിനും അഭിമുഖത്തിനുമെല്ലാം വ്യത്യസ്ത രീതിയിൽ ആസൂത്രണം ചെയ്താണ് പഠിച്ചത്. പ്രിലിംസിന് ഗവേഷണം ചെയ്തുള്ള പഠനമായിരുന്നു. എട്ടു-പത്തുമണിക്കൂറോളം പഠനത്തിന് വേണ്ടിവന്നു. മുഴുവൻ സമയം സിവിൽ സർവീസിനുവേണ്ടി ശ്രദ്ധ കൊടുത്തതിനാൽ ഹോബിക്കുവേണ്ടി പോലും സമയം കളഞ്ഞില്ല. വല്ലപ്പോഴും യൂട്യൂബിലോ ടിക്‌ ടോക്കിലോ വിദ്യാഭ്യാസ സംബന്ധമായതോ മോട്ടിവേഷണൽ സ്പീച്ചുകളോ കേൾക്കും. സമയമൊട്ടും കളയാതെയുള്ള പഠനമായിരുന്നു. വിരസത ഏറുമ്പോൾ കുടുംബത്തെയോ സുഹൃത്തുക്കളെയോ വിളിച്ച് സംസാരിക്കും.
ടിപ്‌സ്: പരാജയപ്പെട്ടെന്നു കരുതി സ്വന്തം കഴിവിനെ വിലകുറച്ചു കാണാതെ തുടർന്നും ശ്രമിക്കുക. നിരാശ തോന്നുമ്പോൾ എന്താണ് ലക്ഷ്യമെന്ന് തിരിഞ്ഞുനോക്കുക, അതിനുവേണ്ടി പ്രയത്നിക്കുക.

 പത്തിലെയോ പ്ലസ്ടുവിലെയോ മാർക്കുകളല്ല പ്രധാനം
മൂന്നുവർഷം നീണ്ട പരിശ്രമത്തിന്റെ ഫലമാണ് തിരുവനന്തപുരം സ്വദേശി അപർണയുടെ 62-ാം റാങ്ക്. ബെംഗളൂരുവിൽ ഡേറ്റാ സയന്റിസ്റ്റായി ജോലി ചെയ്യുന്നതിനിടെയാണ് പഠിച്ചുതുടങ്ങിയത്. ജോലിക്കൊപ്പം രണ്ടുവർഷത്തോളം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അതോടെയാണ് ജോലി രാജിവെച്ച് മുഴുവൻസമയം പഠനത്തിനായി നീക്കിവച്ചത്. ടെസ്റ്റ് സീരീസുകളും ധാരാളം മോക് ടെസ്റ്റുകളും ചെയ്തു. ഒപ്പം പറ്റാവുന്നത്ര സിലബസ് റിവിഷൻ ചെയ്തു. ടെസ്റ്റ് സീരീസും റിവിഷനും ഒരുപോലെ ബാലൻസ് ചെയ്തു കൊണ്ടുപോയി. കൂടുതൽസമയം പഠിക്കുന്നതുകൊണ്ട് മനസ്സും ശരീരവും ഒരുപോലെ ആയാസപ്പെടും. അതിനെ മറികടക്കാൻ വർക്കൗട്ടും വായനയും നൃത്തവുമൊന്നും മുടക്കിയില്ല.
ടിപ്‌സ്: സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കണം. പറ്റാവുന്നത്ര റിവിഷൻ ചെയ്യുക. മുൻകാല ചോദ്യപ്പേപ്പറുകൾ ചെയ്ത് പരിശീലിക്കുക. പത്തിലെയോ പ്ലസ്ടുവിലെയോ മാർക്കുകളല്ല, ഇനിയങ്ങോട്ട് എത്ര പഠിക്കുന്നു എന്നതിലാണ് പ്രസക്തി.

 പാളിച്ചകൾ പരിഹരിച്ച് പഠനം
പ്രവാസിയായിരുന്ന കാലം തൊട്ടേ തിരുവനന്തപുരം സ്വദേശി ദീനയ്ക്ക് ഇന്ത്യയും സിവിൽ സർവീസും ഒരുപോലെ പ്രിയമാണ്. ദമാമിലെ പഠനകാലം മുതൽ കണ്ടുതുടങ്ങിയ സ്വപ്നം 63-ാം റാങ്കോടെ ദീന നേടിയെടുത്തു. ബി.ടെക്കിനു ശേഷമാണ് സിവിൽ സർവീസിനു ശ്രമിക്കുന്നത്. 2017 മുതൽ പരിശീലനം ആരംഭിച്ചു. പക്ഷേ, രണ്ടുവർഷങ്ങളിലും പരാജയമാണുണ്ടായത്. അതിൽ തളരാതെ കൂടുതൽ ആസൂത്രണം ചെയ്ത് പഠനം മുന്നോട്ടുകൊണ്ടുപോയി. ഓരോ ആഴ്ച ഓരോ ടാർഗറ്റ് എന്ന രീതിയിലാണ് പഠിച്ചത്. അതിന്റെ എൺപതു ശതമാനമെങ്കിലും ആ ആഴ്ച നേടിയെടുക്കും. സമ്മർദത്തിൽ നിന്നകലാൻ സംഗീതത്തെയാണ് കൂട്ടുപിടിച്ചത്. ഒപ്പം ട്വിറ്ററിലും സജീവമായിരുന്നു. ആളുകളോട് സംസാരിക്കുമ്പോൾ പെട്ടെന്ന് മനസ്സ് ശാന്തമാകുമായിരുന്നു.
ടിപ്‌സ്: മുൻ വർഷങ്ങളിൽ കിട്ടാത്തവർ അന്നു സംഭവിച്ച പാളിച്ചകൾ പരിഹരിച്ച് പഠനം മെച്ചപ്പെടുത്തുക. സിവിൽ സർവീസിനെ ബാലികേറാമലയായി കാണുന്നതിന് പകരം വെല്ലുവിളിയായി കാണുക.