ഈ വർഷത്തെ എൻജിനിയറിങ് പ്രവേശനത്തിന് ശ്രമിക്കുന്ന വിദ്യാർഥികൾ ബ്രാഞ്ചുകൾ തിരഞ്ഞെടുക്കുന്നത്തിൽ ആശയക്കുഴപ്പത്തിലാകാൻ സാധ്യതയുണ്ട്. കേരള എൻജിനിയറിങ്ങിൽ കഴിഞ്ഞവർഷം 32 ബ്രാഞ്ചുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 39 ബ്രാഞ്ചുകളാണുള്ളത്. ഏഴ് പുതിയ ബ്രാഞ്ചുകൾ. അതെല്ലാം കംപ്യൂട്ടർ സയൻസിന്റെ ഉപവിഭാഗങ്ങളാണ്.
 ബ്രാഞ്ചുകൾ 
ശ്രദ്ധിക്കുക
ഒരു ബ്രാഞ്ചിന്റെ പേര് കംപ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ആണെങ്കിൽ മറ്റൊന്ന് കംപ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്) ആണ്. മറ്റൊന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നാണെങ്കിൽ അടുത്തത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസാണ്. ഇവ തമ്മിലുള്ള വ്യത്യാസമെന്ത്?. ഏതിനാണ് കൂടുതൽ ജോലിസാധ്യത?. സർക്കാർ കോളേജുകളിലൊന്നും ഈ ബ്രാഞ്ചുകളില്ലാത്തതുകൊണ്ട് അവിടെ കിട്ടുമായിരുന്ന ബ്രാഞ്ചുകൾ ഒഴിവാക്കി ഈ ബ്രാഞ്ചുകളുള്ള കോളേജുകളിൽ പ്രവേശനം എടുക്കണോ? എന്നിങ്ങനെ വിദ്യാർഥികൾക്ക് പല സംശയങ്ങളുമുണ്ടാകാം. അതിനാൽ ചില വസ്തുതകൾ ശ്രദ്ധിക്കാം.
 പഠനത്തോടൊപ്പം 
നൈപുണിയും
ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്, മെക്കാനിക്കൽ, കെമിക്കൽ തുടങ്ങി ഏത്‌ ബ്രാഞ്ചെടുത്തു പഠിക്കുന്ന വിദ്യാർഥിക്കും പഠനത്തോടൊപ്പം കൈവരിക്കാനാവുന്ന നൈപുണ്യമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നത്. അതിന് ദേശീയ-അന്തർദ്ദേശീയ തലത്തിൽ ഉന്നത നിലവാരം പുലർത്തുന്ന സ്ഥാപനങ്ങൾ ഓൺലൈനായി കോഴ്‌സുകൾ നടത്തുന്നുണ്ട്. കേരളത്തിൽ ഒട്ടേറെ കോളേജുകളിൽ സർക്കാർ തന്നെ അസാപ്പ് സെന്ററുകൾ വഴി പുതിയ മേഖലകളിൽ പരിശീലനം നടത്തുന്നുണ്ട്.
 മൈനർ ഡിഗ്രി
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മേഖലയിൽ മെഷീൻ ലേണിങ് മാത്രമല്ല ഡീപ്പ് ലേണിങ്ങും ഓഗ്മെന്റ് റിയാലിറ്റിയും പോലെ ഒട്ടേറെ വിഷയങ്ങളുണ്ട്. ഇതിലെല്ലാം അവഗാഹം നേടാൻ ഇവയിലോരോന്നിലും ബി.ടെക്. എടുക്കുകയല്ല വേണ്ടത്. അഭിരുചിക്കനുസരിച്ച് ഒരു ബ്രാഞ്ചെടുത്ത് പഠിച്ച് പഠനത്തോടൊപ്പം ഇത്തരം വിഷയങ്ങളിൽ കൂടുതൽ അറിവ് നേടാം. ഇന്നാകട്ടെ മൈനർ ഡിഗ്രി എടുക്കാനുള്ള സംവിധാനവുമുണ്ട്. ഒരു ബ്രാഞ്ചിൽ പഠിച്ചുകൊണ്ടിരിക്കേ മറ്റൊരു ബ്രാഞ്ചിലെ ചില വിഷയങ്ങൾ കൂടി പഠിച്ച് ആ ബ്രാഞ്ചിൽ ഒരു മൈനർ ഡിഗ്രി നേടാം. ഉദാഹരണത്തിന് ഇലക്‌ട്രോണിക്സ് ബ്രാഞ്ചിൽ ഡിഗ്രി കിട്ടുന്നതോടൊപ്പം കംപ്യൂട്ടർ സയൻസിൽ മൈനർ ഡിഗ്രി കൂടി നേടാനാവും. 
 പുതിയ വിഷയങ്ങൾ
പുതിയ വിഷയങ്ങൾ വരുമ്പോൾ പലതും പഴഞ്ചനായി മാറും. നാലുവർഷം പഠനം കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ഒരുപക്ഷേ, സോളാർ വാഹന മേഖലയിലാകാം ജോലി സാധ്യതയുണ്ടാവുക. അപ്പോൾ അതിനാവശ്യം ഇലക്‌ട്രിക്കലിലോ ഇലക്‌ട്രോണിക്സിലോ മെക്കാനിക്കിലോ കെമിക്കലിലോ വൈഭവമുള്ളവരെയാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ബി.ടെക്. നേടുന്നതിനെക്കാൾ നല്ലത് ഇലക്‌ട്രോണിക്സിലോ കംപ്യൂട്ടർ സയൻസിലോ മറ്റേതെങ്കിലും ബ്രാഞ്ചിലോ ഡിഗ്രിയെടുക്കുകയും പഠനത്തോടൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഡേറ്റ സയൻസ്, സൈബർ സെക്യൂരിറ്റി എന്നിവയിൽ നൈപുണ്യം നേടുന്നതുമാണ്. 

നിർമിതബുദ്ധി
കംപ്യൂട്ടറിനുതന്നെ മനുഷ്യന്റെ വിവേചനശേഷി കുറെയൊക്കെ കൈവരുത്താനായാൽ ഭീമമായ ഡേറ്റ ഉത്‌പാദനത്തിന്റെ ഇക്കാലത്ത് കാര്യങ്ങൾ എളുപ്പമാകും. അതാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് എല്ലാ മേഖലകളിലും ഉപയോഗപ്പെടുത്തുന്നു. അതുകൊണ്ടാണ് അതിൽ സ്പെഷ്യലൈസ് ചെയ്യുന്ന കോഴ്‌സുകൾ രൂപമെടുക്കുന്നത്.

മെക്കോണിൽ 113 പ്രൊഫഷണൽസ്  ബി.ടെക്കുകാർക്ക് അപേക്ഷിക്കാം
റാഞ്ചിയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മെക്കോണിൽ 113 ഒഴിവുണ്ട്. താത്കാലിക നിയമനമാണ്.
എൻജിനിയർ - 80: യോഗ്യത: മെക്കാനിക്കൽ/തെർമൽ/മെക്കാനിക്കൽ ആൻഡ് ഓട്ടോമേഷൻ/പവർ എൻജിനിയറിങ്/ഇലക്‌ട്രിക്കൽ/ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്/ഇലക്‌ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനിയറിങ് ബിരുദം. ഒരു വർഷത്തെ പ്രവൃത്തിപരിചയം. പ്രത്യേക പരിശീലന കോഴ്സുകൾ ചെയ്തിരിക്കണം.
പ്രോജക്ട് എൻജിനിയർ- 13: യോഗ്യത: ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ്/ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/സിവിൽ എൻജിനിയിറിങ് ബിരുദം. ഒരുവർഷത്തെ പ്രവൃത്തിപരിചയം. പ്രോജക്ട് മാനേജ്മെന്റിലുള്ള സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന. ഒരു ഒഴിവിലേക്ക് ഏത് എൻജിനിയറിങ് ബിരുദക്കാർക്കും അപേക്ഷിക്കാം.
കൂടുതൽ തസ്തിക, യോഗ്യത, ഓൺലൈൻ അപേക്ഷ ഉൾപ്പെടെയുള്ള വിവരങ്ങൾക്ക്‌: www.meconlimited.co.in