ശമ്പളം: 32,795-62,345 രൂപ

 യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം

പൊതുമേഖലയിലെ ജനറൽ ഇൻഷുറൻസ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറൻസിൽ ഓഫീസറാവാൻ അവസരം. സ്‌കെയിൽ വൺ കേഡറിലുള്ള ഓഫീസർ (ജനറലിസ്റ്റ്) തസ്തികയിലെ 300 ഒഴിവുകളിലേക്കാണ് നിയമനം. ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാം. നിയമനം ഇന്ത്യയിൽ എവിടെയും ലഭിക്കാം. 
 യോഗ്യത
അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/ ബിരുദാനന്തര ബിരുദം/ തത്തുല്യമാണ് യോഗ്യത. എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനവും മറ്റുള്ളവർക്ക് 60 ശതമാനവും മാർക്കുണ്ടാകണം. സെപ്റ്റംബർ 30-നകം നേടിയതാകണം യോഗ്യത. അവസാന വർഷ/സെമസ്റ്റർ വിദ്യാർഥികൾക്ക് അപേക്ഷിക്കാമെങ്കിലും സെപ്റ്റംബർ 30-നകം യോഗ്യത നേടിയതായുള്ള രേഖ അഭിമുഖത്തിന് ഹാജരാക്കണം. 
 പ്രായം
2021 ഏപ്രിൽ ഒന്നിന് 21-30 വയസ്സ്. 1991 ഏപ്രിൽ രണ്ടിനും 2000 ഏപ്രിൽ ഒന്നിനും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരാകണം. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി. (നോൺ ക്രീമിലെയർ) വിഭാഗക്കാർക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷത്തെ ഇളവു ലഭിക്കും. വിമുക്തഭടർക്കും നിയമാനുസൃത ഇളവുണ്ട്. 
 തിരഞ്ഞെടുപ്പ്
പ്രാഥമികപരീക്ഷ, മുഖ്യപരീക്ഷ, അഭിമുഖം എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്. ഓൺലൈനായി ഒബ്ജക്ടീവ് മാതൃകയിലായിരിക്കും പ്രാഥമികപരീക്ഷ. 100 മാർക്കിനാണ് പരീക്ഷ. പ്രാഥമികപരീക്ഷയിൽനിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർ മുഖ്യപരീക്ഷ അഭിമുഖീകരിക്കണം. രണ്ടു ഘട്ടങ്ങളുള്ള മുഖ്യപരീക്ഷയുടെ ഒന്നാംഘട്ടം ഒബ്ജക്ടീവും രണ്ടാംഘട്ടം ഡിസ്‌ക്രിപ്റ്റീവുമായിരിക്കും. ഒബ്ജക്ടീവ് പരീക്ഷകളിൽ (പ്രാഥമികപരീക്ഷയിലും മുഖ്യപരീക്ഷയിലും) തെറ്റുത്തരത്തിന് നാലിനൊന്ന് മാർക്ക് നഷ്ടമാവും. 
 അപേക്ഷ
www.newindia.co.in വഴി അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ഫോട്ടോഗ്രാഫ്, സിഗ്‌നേച്ചർ, വിരലടയാളം, സ്വന്തം കൈയക്ഷരത്തിലുള്ള പ്രസ്താവന തുടങ്ങിയവ സ്കാൻചെയ്ത് അപ്‌ലോഡ് ചെയ്യണം. സ്‌കാൻ ചെയ്യുന്നതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭ്യമാണ്. അവസാന തീയതി: സെപ്റ്റംബർ 21.

 

കായികതാരങ്ങൾക്ക് പോലീസിൽ ഹവിൽദാറാകാം 
കേരള പോലീസിലെ ഹവിൽദാർ തസ്തികയിലേക്ക് കായികതാരങ്ങൾക്ക് അപേക്ഷിക്കാം. 43 ഒഴിവുണ്ട്. നീന്തൽവിഭാഗത്തിൽ സ്ത്രീകൾക്ക് മാത്രവും ഹാൻഡ്ബോൾ, ഫുട്ബോൾ എന്നിവയിൽ പുരുഷൻമാർക്ക് മാത്രവും അത്‌ലറ്റിക്സ്‌, ബാസ്കറ്റ്ബോൾ, സൈക്ലിങ്, വോളിബോൾ എന്നിവയിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. 
 ഒഴിവുകൾ
അത്‌ലറ്റിക്സ്-19 ഒഴിവ്, ബാസ്കറ്റ്ബോൾ-ഏഴ്, സ്വിമ്മിങ്-രണ്ട് (സ്ത്രീ), ഹാൻഡ്ബോൾ-ഒന്ന് (പുരുഷൻ), സൈക്ലിങ്-നാല്, വോളിബോൾ-നാല്, ഫുട്ബോൾ-ആറ് (പുരുഷൻ) എന്നിങ്ങനെയാണ് ഒഴിവുകൾ. 2018 ജനുവരി ഒന്നിനുശേഷം നേടിയ കായികയോഗ്യതകളാണ് പരിഗണിക്കുക. അംഗീകൃത സംസ്ഥാന മീറ്റിലെ വ്യക്തിഗത ഇനങ്ങളിൽ ഒന്ന്/രണ്ട് സ്ഥാനം. സംസ്ഥാനത്തെ പ്രതിനിധാനംചെയ്യുന്നതിന് യോഗ്യത നേടിയവരാകണം. അംഗീകൃത സംസ്ഥാന മീറ്റിലെ ടീം ഇനങ്ങളിൽ (4x100 റിലേ, 4x400 റിലേ) ഒന്നാംസ്ഥാനം. ഗെയിം ഇനങ്ങളിൽ ഇന്റർ സ്റ്റേറ്റ്, നാഷണൽ ചാമ്പ്യൻഷിപ് മത്സരങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധാനംചെയ്ത് പങ്കെടുത്തവരാകണം (യൂണിവേഴ്സിറ്റി/ജൂനിയർ/സീനിയർ). യൂത്ത് നാഷണൽ ചാമ്പ്യൻഷിപ്പുകൾ. 
 യോഗ്യത
പ്ലസ്ടു വിജയം/തത്തുല്യം. പ്രായം 18-26. അർഹതയുള്ളവർക്ക് വയസ്സിളവ് അനുവദിക്കും. ശാരീരികയോഗ്യത: പുരുഷൻ-ഉയരം കുറഞ്ഞത് 168 സെന്റീമീറ്റർ., നെഞ്ചളവ് 81 സെന്റീമീറ്റർ, കുറഞ്ഞ വികാസം അഞ്ച്‌ സെന്റീമീറ്റർ സ്ത്രീ-ഉയരം കുറഞ്ഞത് 157 സെന്റീമീറ്റർ (അർഹതയുള്ളവർക്ക് ഇളവ് നൽകും). കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും: www.keralapolice.gov.in  അവസാന തീയതി സെപ്റ്റംബർ 10.