എയർഫോഴ്‌സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് (അഫ്കാറ്റ്) അപേക്ഷിക്കാം. ഒപ്പം വ്യോമസേനയിലെ എൻ.സി.സി. സ്‌പെഷൽ എൻട്രിക്കും മീറ്റിയറോളജി എൻട്രിക്കും അപേക്ഷിക്കാം. ആകെ 334 ഒഴിവുകൾ. പെർമനന്റ് കമ്മിഷനുള്ള കമ്പൈൻഡ് ഡിഫെൻസ് സർവീസസ് എക്സാമിനേഷൻ (സി.ഡി.എസ്.ഇ.) ഒഴിവുകളിൽ പത്തു ശതമാനവും ഷോർട്ട് സർവീസ് കമ്മിഷനുള്ള അഫ്കാറ്റ് ഒഴിവുകളിൽ പത്തുശതമാനവും എൻ.സി.സി. സ്പെഷ്യൽ എൻട്രിയാണ്. പരിശീലനം 2022 ജൂലായിൽ ഹൈദരാബാദിലെ എയർ ഫോഴ്‌സ് അക്കാദമിയിൽ തുടങ്ങും. 25 വയസ്സിൽ താഴെയുള്ളവർ കോഴ്‌സ് തുടങ്ങുമ്പോൾ നിർബന്ധമായും അവിവാഹിതരായിരിക്കണം. ബ്രാഞ്ച്, യോഗ്യത എന്നിവ ക്രമത്തിൽ.
 ഫ്ളൈയിങ് ബ്രാഞ്ച്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കൽ), ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്‌നിക്കൽ): മാത്സ്, ഫിസിക്സ് എന്നീ വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ പ്ലസ് ടു വിജയം. കൂടാതെ 60 ശതമാനം മാർക്കോടെ ബിരുദമോ 60 ശതമാനം മാർക്കോടെ ബി.ഇ./ബി.ടെക്. കോഴ്‌സോ 60 ശതമാനം മാർക്കോടെ അസോസിയേറ്റ് മെമ്പർഷിപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്‌സ് ഇന്ത്യയുടെയോ എയ്‌റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെയോ എ, ബി പരീക്ഷകളോ വിജയിച്ചിരിക്കണം. ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കൽ) വിഭാഗത്തിൽ ബിരുദയോഗ്യത പരിഗണിക്കില്ല.
 അക്കൗണ്ട്‌സ്: പ്ലസ് ടു, 60 ശതമാനം മാർക്കോടെ കൊമേഴ്‌സ്/ ബി.ബി.എ./ മാനേജ്‌മെന്റ് സ്റ്റഡീസ്/ സയൻസ് എന്നിവയിൽ ബിരുദമോ സി.എ./ സി.എം.എ./ സി.എസ്./ സി.എഫ്.എ.യോ. ബിരുദ കോഴ്‌സിന് ഫിനാൻസിൽ സ്‌പെഷലൈസേഷൻ വേണം.
 മീറ്റിയറോളജി: ഫിസിക്സ്, മാത്‌സ്‌ എന്നീ വിഷയങ്ങളോടുകൂടിയ ബിരുദ കോഴ്‌സിൽ 55 ശതമാനം മാർക്കോടെ വിജയവും 50 ശതമാനം മാർക്കോടെ ശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും.
 പ്രായപരിധി
ഫ്ളൈയിങ് ബ്രാഞ്ചിന്റെ പ്രായപരിധി 20-24 വയസ്സാണ്. 1998 ജൂലായ് 2-നും 2002 ജൂലായ് 1-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. കമേഴ്‌സ്യൽ പൈലറ്റ് ലൈസെൻസുള്ളവർക്ക് 26 വയസ്സുവരെ അപേക്ഷിക്കാം. ഗ്രൗണ്ട് ഡ്യൂട്ടിയിലുള്ളവർക്ക് പ്രായപരിധി 20-26 വയസ്സാണ്. അതായത് 1996 ജൂലായ് 2-നും 2002 ജൂലായ് 1-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. അവസാനത്തീയതി: ജൂൺ 30.
വിവരങ്ങൾക്ക്:  www.careerindianairforce.cdac.in, www.afcat.cdac.in

ഡൽഹി സർവീസിൽ 5807 അധ്യാപകർ
ഡൽഹി സർക്കാരിന് കീഴിലുള്ള വിവിധ ഡിപ്പാർട്ട്മെന്റിലേക്ക് ഡൽഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. ജൂൺ നാല് മുതൽ അപേക്ഷ സമർപ്പിച്ച് തുടങ്ങാം. ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (ഇംഗ്ലീഷ്)-1990, ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (ഉർദു)-917, ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (സംസ്കൃതം)-2025, ട്രെയിൻഡ്‌ ഗ്രാജുവേറ്റ് ടീച്ചർ (പഞ്ചാബി)-38. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.dsssb.delhi.gov.in കാണുക. അവസാന തീയതി: ജൂലായ് മൂന്ന്.
സതേൺ 
റെയിൽവേയിൽ 3378 അപ്രന്റിസ്
സതേൺ റെയിൽവേയുടെ വിവിധ വർക്ക്ഷോപ്പുകളിലേക്ക് 3378 അപ്രന്റിസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്കായി www.sr.indianrailways.gov.in ൽ News Updates സെക്ഷനിലെ Personal Branch Information എന്ന ലിങ്ക് കാണുക (വിശദമായ വിജ്ഞാപനം അടുത്തലക്കം തൊഴിൽവാർത്തയിൽ). അവസാന തീയതി: ജൂൺ 30.

കരസേനയിൽ 191 ഒഴിവ്
കരസേനയിലെ ഷോർട്ട് സർവീസ് കമ്മിഷന് അപേക്ഷിക്കാം. പുരുഷന്മാരുടെ എസ്.എസ്.സി. (ടെക്)-57-ലേക്കും വനിതകളുടെ എസ്.എസ്.സി.ഡബ്ല്യു. (ടെക്)-28-ലേക്കും വിധവകൾക്കുള്ള എസ്.എസ്.ഡബ്ല്യു. (നോൺ ടെക്) (നോൺ യു.പി.എസ്.സി.) വിഭാഗങ്ങളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.
അവിവാഹിതരായ പുരുഷന്മാർ, അവിവാഹിതരായ സ്ത്രീകൾ, സൈനികരുടെ വിധവകൾ എന്നിവർക്കാണ് അർഹത. വിവിധ വിഭാഗങ്ങളിലായി പുരുഷന്മാർക്ക് 175 ഒഴിവുകളും വനിതകൾക്ക് 14 ഒഴിവുകളും വിധവകൾക്ക് രണ്ട് ഒഴിവുകളുമാണുള്ളത്. ആകെ 191 ഒഴിവ്. ഒക്ടോബറിൽ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ കോഴ്‌സ് ആരംഭിക്കും.
 യോഗ്യത
വ്യത്യസ്ത ടെക്‌നിക്കൽ സ്ട്രീമുകളിലാണ് ഒഴിവുകളുള്ളത്. ബന്ധപ്പെട്ട വിഷയത്തിലെ ബി.ഇ./ബി.ടെക്. ആണ് അപേക്ഷിക്കാനുള്ള യോഗ്യത. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. എന്നാൽ അവർ ഒക്ടോബർ ഒന്നിനുമുൻപ് കോഴ്‌സ് വിജയിച്ചതിനുള്ള രേഖകൾ ഹാജരാക്കണം. ടെക്‌നിക്കൽ വിഭാഗത്തിലെ ഒഴിവിൽ ഏത് സ്ട്രീമിലെയും ബി.ഇ./ബി.ടെക്. ആണ് യോഗ്യത. നോൺ ടെക്‌നിക്കൽ വിഭാഗത്തിലെ ഒഴിവിലേക്ക് ബിരുദക്കാർക്ക് അപേക്ഷിക്കാം.
 പ്രായപരിധി
20-27 വയസ്സ്. അതായത് 1994 ഒക്ടോബർ രണ്ടിനും 2001 ഒക്ടോബർ ഒന്നിനും ഇടയിൽ ജനിച്ചവരാകണം. വിധവകൾക്കുള്ള കൂടിയ പ്രായപരിധി: 2021 ഒക്ടോബർ ഒന്നിന് 35 വയസ്സ്.
 തിരഞ്ഞെടുപ്പ്
അപേക്ഷകരിൽനിന്ന് തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കുന്നവർക്ക് അഭിമുഖത്തിന് അവസരം ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ടവരുടെ വിവരം ഇ-മെയിലിലൂടെ അറിയിക്കും. രണ്ട് ഘട്ടങ്ങളിലായാണ് അഭിമുഖം. ഗ്രൂപ്പ് ടെസ്റ്റ്, സൈക്കോളജി ടെസ്റ്റ്, വ്യക്തിഗത അഭിമുഖം എന്നിവയുണ്ടാകും. അഭിമുഖം അഞ്ചുദിവസമായിരിക്കും.
അപേക്ഷ www.joinindianarmy.nic.in വഴി ജൂൺ 23 വരെ നൽകാം.