: കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സി.ജി.എൽ.) പരീക്ഷ 2020-ന് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്കാണ് അവസരം. കേന്ദ്ര സർവീസിലെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗത്തിലെ തസ്തികകളിലേക്കുള്ള പരീക്ഷയാണിത്. നിലവിൽ 6506 ഒഴിവാണുള്ളത്. ആദ്യഘട്ടപരീക്ഷ മേയ് 29 മുതൽ ജൂൺ ഏഴുവരെ നടക്കും.
നിയമനങ്ങൾ: ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് വകുപ്പിലെ ഗസറ്റഡ് തസ്തികകളായ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ, അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസർ, സെൻട്രൽ സെക്രട്ടേറിയറ്റ് സർവീസ്, ഇന്റലിജൻസ് ബ്യൂറോ, വിവിധ കേന്ദ്രമന്ത്രാലയങ്ങൾ തുടങ്ങിയവയിലെ അസിസ്റ്റന്റ് സെക്‌ഷൻ ഓഫീസർ, സി.ബി.ഐ.യിലെ സബ് ഇൻസ്പെക്ടർ തുടങ്ങിയ 32 തസ്തികകളിലെ നിയമനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.
യോഗ്യത: ബിരുദമാണ് യോഗ്യത. ചാർട്ടേഡ് അക്കൗണ്ടന്റ്/കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്/കമ്പനി സെക്രട്ടറി/കൊമേഴ്‌സിലോ ബിസിനസ് സ്റ്റഡീസിലോ ബിസിനസ് അഡ്മിനിസ്‌ട്രേഷനിലോ (ഫിനാൻസ്) ബിസിനസ് ഇക്കണോമിക്സിലോ ബിരുദാനന്തരബിരുദം അഭികാമ്യം. ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ തസ്തികയുടെ യോഗ്യത: ബിരുദവും പന്ത്രണ്ടാം ക്ലാസിൽ മാത്തമാറ്റിക്സിൽ 60 ശതമാനം മാർക്കും അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായുള്ള ബിരുദം. അവസാന വർഷ/സെമസ്റ്റർ പരീക്ഷയെഴുതുന്നവർക്കും നിബന്ധനകളോടെ അപേക്ഷിക്കാം.
പ്രായപരിധി: ഓരോ തസ്തികയിലേക്കും വ്യത്യസ്ത പ്രായപരിധിയാണുള്ളത്. 18 മുതൽ 32 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാവുന്ന തസ്തികകളാണുള്ളത്. നിയമാനുസൃത വയസ്സിളവ് അനുവദിക്കും.
പരീക്ഷ നാലുഘട്ടമായി: നാലുഘട്ടമായാണ് പരീക്ഷ. ആദ്യ രണ്ടെണ്ണവും കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷകളാണ്. മൂന്നാമത്തേത് വിവരണാത്മക എഴുത്തുപരീക്ഷയും നാലാമത്തേത് കംപ്യൂട്ടർ/ഡേറ്റാ എൻട്രി എന്നിവയിലെ അറിവ് അളക്കുന്നതുമായിരിക്കും.
കേരളത്തിൽ ഏഴ് പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം എന്നിവയാണവ. മൂന്ന് കേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ പരീക്ഷയ്ക്കായി തിരഞ്ഞെടുക്കാം.
അപേക്ഷ: www.ssc.nic.in ൽ വിശദവിവരങ്ങളുണ്ട്. ആദ്യം രജിസ്റ്റർചെയ്യണം. പിന്നീട് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് 100 രൂപ. വനിതകൾ, എസ്.സി., എസ്.ടി. വിഭാഗക്കാർ, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ (ഇ.എസ്.എം.) എന്നിവർക്ക് ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31.