ചിട്ടയായ പഠനം 
-എസ്. ആയിഷ
മോക് ടെസ്റ്റുകളും പഴയ ചോദ്യപ്പേപ്പറുകളും ഉപയോഗിച്ച് 12 മുതൽ 15 മണിക്കൂർവരെ പഠിച്ചു. ഒരുവർഷം കഠിനാധ്വാനത്തിന്റേതായിരുന്നു. സാമൂഹിക മാധ്യമങ്ങളും മറ്റു വിനോദങ്ങളും ഒഴിവാക്കി. ചിട്ടയായ പഠനരീതിയും പ്രയാസമുള്ള വിഷയങ്ങൾക്ക് കൂടുതൽ സമയവും ചെലവഴിച്ചു. കെമിസ്ട്രിയും ഫിസിക്‌സും ലളിതവും ഒപ്പം ഇഷ്ടവിഷയവുമായിരുന്നു. കോച്ചിങ് സെന്ററിലെ ക്ലാസ് രാവിലെ എട്ടുമുതൽ നാലുവരെയായിരുന്നു. വൈകീട്ട് അഞ്ചിന് പഠനം ആരംഭിക്കും. 
കൃത്യം പത്തുമണിക്ക് ഉറങ്ങും. എൻ.ടി.എ. മൊബൈൽ ആപ്ലിക്കേഷനിലെ മോക് ടെസ്റ്റുകൾ ചെയ്തുനോക്കും. പഴയ ചോദ്യപ്പേപ്പറുകളും ചെയ്തു പരിശീലിച്ചു. ലോക്ഡൗൺ തുടങ്ങിയതിനുശേഷം കോച്ചിങ് സെന്ററായ റെയിസ് ഓൺലൈൻ ടെസ്റ്റുകൾ നടത്തിയിരുന്നു. മോക്‌ ടെസ്റ്റുകൾക്കുവേണ്ടി കൂടുതൽ സമയം ചെലവഴിച്ചതാണ് ഉന്നതവിജയം നേടാനുള്ള പ്രധാനകാരണം.  


മനസ്സിലാക്കി പഠിക്കാം 
-എ. ലുലു
മനഃപാഠമാക്കുന്നതിന് പകരം കൃത്യമായി മനസ്സിലാക്കി പഠിക്കണം. പ്ലസ്ടുവിനൊപ്പം പരീക്ഷ എഴുതിയിരുന്നെങ്കിലും റാങ്ക് പിറകിലേക്കായിരുന്നു. അതുകൊണ്ടുതന്നെ ഒരുവർഷത്തെ പരിശീലനകാലത്ത് പഠനത്തിൽ അല്പം പോലും പിറക്കോട്ട് പോയില്ല. ഒരുദിവസം 12 മുതൽ 15 മണിക്കൂർ വരെ പഠനം. എൻ.സി.ഇ.ആർ.ടി. ടെക്‌സ്റ്റ്‌ ബുക്ക് സമഗ്രമായി പഠിച്ചു. എൻ.ടി.എ. മൊബൈൽ ആപ്ലിക്കേഷനിലൂടെ മോക് ടെസ്റ്റും പഴയ ചോദ്യപേപ്പറുകളും പരിശീലിച്ചു. തെറ്റുവരാനുള്ള സാധ്യതയുള്ളതിനാൽ മറ്റു ടെക്‌സ്റ്റ്‌ ബുക്കുകളും ഗൈഡുകളും ഉപയോഗിച്ചില്ല. ലോക്ഡൗണിൽ കൂടുതൽ സമയവും പ്രയാസമുള്ള വിഷയങ്ങൾക്കുവേണ്ടി മാറ്റിവെച്ചു. എൻ.സി.ഇ.ആർ.ടി ടെക്‌സ്റ്റ്‌ ബുക്കിലുണ്ടായിരുന്ന ചോദ്യങ്ങൾ ഒരുപാട് തവണ ചെയ്തു പരിശീലിച്ചു. ആറുമണിക്കൂർ ഉറങ്ങും. സാമൂഹിക മാധ്യമങ്ങൾ ഒഴിവാക്കിയിരുന്നെങ്കിലും അല്പസമയം മറ്റുവിനോദങ്ങൾക്കും സമയം കണ്ടെത്തി. 

പരമാവധി സമയം, മികച്ച പഠനം 
-സാനിഷ് അഹമ്മദ്
തയ്യാറെടുപ്പില്ലാതെ പഠിക്കാനിരിക്കുന്നത് സമയം പാഴാക്കാനേ ഉപകരിക്കൂ. ഓരോദിവസം എന്ത് പഠിക്കണം എന്നുള്ളത് കൃത്യമായി പ്ലാൻ ചെയ്തു. പുസ്തകം വെറുതേ വായിക്കുന്നത് ഗുണം ചെയ്യില്ല. വായിക്കുന്നത് എന്താണോ അത് മനസ്സിലാക്കി പഠിച്ചു. പ്രയാസമേറിയ വിഷയങ്ങൾക്ക് കൂടുതൽ സമയം ചെലവഴിച്ചു. ഷോർട്ട് നോട്ടുകൾ തയ്യാറാക്കി. സമയം പരമാവധി പ്രയോജനപ്പെടുത്തി പഠിക്കുക എന്ന രീതിയാണ് പിന്തുടർന്നത്. എൻ.സി.ആർ.ടി. പുസ്തകങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പഠനം. എൻ.ടി.എ. നാഷണൽ ടെസ്റ്റ് അഭ്യാസ് എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു. അതിലെ ഓൺലൈൻ ടെസ്റ്റുകളിൽ പങ്കെടുത്തു. കോച്ചിങ് സെന്ററിൽ മത്സരബുദ്ധിയോടെ പഠിക്കുകയും പരീക്ഷകൾ എഴുതുകയും ചെയ്തിരുന്നു. കോവിഡ് കാലമായതോടെ പൂർണമായും വീട്ടിനുള്ളിലായി പഠനം. സോഷ്യൽ മീഡിയ ഉപയോഗം നിർത്തി പഠനത്തിലായിരുന്നു മുഴുവൻ ശ്രദ്ധ.

ഷോർട്ട് നോട്ടുകൾ ഉണ്ടാക്കി 
-ഫിലെമോൻ കുര്യാക്കോസ്
സമയം പരമാവധി ഉപയോഗിച്ച് മനസ്സിലാക്കി പഠിച്ചു. ഷോർട്ട് നോട്ടുകൾ ഉണ്ടാക്കി. റിവിഷൻ നടത്തുമ്പോൾ ഈ നോട്ടുകൾ വളരെയേറെ പ്രയോജനപ്പെടും. കോച്ചിങ് ക്ലാസിൽനിന്ന്‌ പഠിപ്പിക്കുന്ന ഓരോ ഭാഗവും അന്നുതന്നെ പഠിച്ച് തീർത്തു. പ്രയാസമുള്ള വിഷയങ്ങൾക്ക് കൂടുതൽ സമയം ചെലവഴിച്ചു.എൻ.ടി.എ.യുടെ ആപ്ലിക്കേഷൻ ഉപയോഗിച്ചു ഓൺലൈൻ പരീക്ഷകൾ എഴുതി. ലോക്‌ഡൗൺ സമയം പരമാവധി ഉപയോഗിച്ചു. ആവർത്തിച്ച് വായിച്ച് മനസ്സിലാക്കി പഠിച്ചു. കോച്ചിങ് സെന്ററിന്റെ ഓൺലൈൻ ക്ലാസുകളിലും പരീക്ഷകളിലും സ്ഥിരമായി പങ്കെടുത്തു.ഫിസിക്‌സാണ് ഏറ്റവും ഇഷ്ടമുള്ള വിഷയം. ബയോളജിയാണ് അല്പം ബുദ്ധിമുട്ട് തോന്നിയത്. വിഷയങ്ങളോട് താത്‌പര്യമുണ്ടായാൽ പഠനം എളുപ്പമാവും. കൂടുതൽ പഠിക്കാൻ ആഗ്രഹം ഉണ്ടാവും.