കേരളത്തിലെ ഏറ്റവും വലിയ ഉദ്യോഗത്തിന്റെ തിരഞ്ഞെടുപ്പിനുള്ള പ്രധാനപ്പെട്ടഘട്ടത്തിന് അരങ്ങൊരുങ്ങുകയാണ്. കെ.എ.എസ്. (കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസ്‌) മെയിൻ പരീക്ഷയുടെ സിലബസ് പി.എസ്.സി. പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ജൂലായിൽ  മെയിൻ പരീക്ഷ നടക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ ചുരുങ്ങിയത് അഞ്ചുമാസംവരെ തയ്യാറെടുപ്പിന് ഉദ്യോഗാർഥികൾക്കു സമയം ലഭിച്ചേക്കും. വിവരണാത്മകമായ മെയിൻ പരീക്ഷയുടെ വിശാലമായ സിലബസിനെ നേരിടാൻ കൃത്യമായ ഗെയിംപ്ലാൻ കൂടിയേ തീരൂ.

ജനറൽസ്റ്റഡീസ് മാത്രം
പി.എസ്.സി. പ്രസിദ്ധീകരിച്ച കെ.എ.എസ്. മെയിനിന്റെ സിലബസ് പ്രകാരം 100 മാർക്കിന്റെ വീതം മൂന്ന് പേപ്പറുകളാണ് ഉള്ളത്. ജനറൽസ്റ്റഡീസിലെ വിഷയങ്ങളെമാത്രം അധികരിച്ചാണ് പരീക്ഷകൾ. ചരിത്രം (ഇന്ത്യ, കേരളം, ലോകം), കേരളത്തിന്റെ സാംസ്കാരികപൈതൃകം എന്നിവയാണ് ജനറൽ സ്റ്റഡീസ് പേപ്പർ-1 ന്റെ വിഷയങ്ങൾ. ഭരണഘടന, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, ഇന്റർനാഷണൽ റിലേഷൻസ്, സയൻസ് ആൻഡ് ടെക്‌നോളജി, കറന്റ് ഇഷ്യൂസ് എന്നിവയാണ് പേപ്പർ-2 ലെ പഠനമേഖലകൾ. ഇക്കോണമി ആൻഡ് പ്ലാനിങ്, ഭൂമിശാസ്ത്രം എന്നിവയാണ് പേപ്പർ- 3 ന്റെ വിഷയങ്ങൾ. 

നിലവാരം ഉയർന്നുതന്നെ
കെ.എ.എസി.ന്റെ പ്രിലിമിനറിയുടെ ചോദ്യങ്ങളുടെ സ്വഭാവം എങ്ങനെയാവും എന്നൊരു വ്യക്തതക്കുറവ് പരീക്ഷക്കു മുൻപ് വരെ ഉണ്ടായിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച സ്പെഷ്യൽ റൂളിൽ വ്യക്തമാക്കിയതുപോലെത്തന്നെ സിവിൽ സർവീസിലെ നിലവാരത്തിലുള്ള ചോദ്യങ്ങളാണ് പരീക്ഷയ്ക്കുവന്നത്. മെ
യിൻ പരീക്ഷയ്ക്കും ചോദ്യങ്ങളിൽ ഇതേ സ്വഭാവം പ്രതീക്ഷിക്കാം. 
സിവിൽ സർവീസ് മെയിൻ പരീക്ഷയുടേതിന് സമാനമായ നിലവാരമുള്ള ചോദ്യങ്ങളാവും കെ.എ.എസ്. മെയിനിനും എന്നത് ഏറെക്കുറെ ഉറപ്പിക്കാം. ഈ സാഹചര്യത്തിൽ ഉയർന്ന നിലവാരത്തിലെ പരീക്ഷാ തയാറെടുപ്പുകളാണ് നടത്തേണ്ടത്.

ആരൊക്കെ പ്രിലിമിനറി കടക്കും
വ്യത്യസ്തനിലവാരങ്ങളിലുള്ള ഉദ്യോഗാർഥികളാണ് 
കെ.എ.എസിന്റെ മൂന്നു സ്ട്രീമുകളിൽ പ്രിലിമിനറി പരീക്ഷയെഴുതിയത്. 50 ശതമാനത്തിനുമുകളിൽ മാർക്ക് പ്രിലിമിനറിയുടെ രണ്ടു പേപ്പറുകൾക്കുകൂടി ലഭിക്കുന്നവർ സ്ട്രീം-1-ൽ നിന്നും മെയിനിനു യോഗ്യത നേടാനിടയുണ്ട്. സ്ട്രീം-2-ൽനിന്നും 40 ശതമാനത്തിനുമുകളിൽ പ്രിലിമിനറിക്കു സ്കോർചെയ്തവർ കടന്നേക്കും. സ്ട്രീം-3 -ൽ കട്ട് ഓഫ് മാർക്ക് നല്ലരീതിയിൽ കുറയാനാണിട. 25 ശതമാനംവരെ മാർക്ക്‌ പ്രിലിമിനറിക്കു സ്കോർ ചെയ്യുന്നവർക്കും സ്ട്രീം-3-ൽനിന്നും മെയിൻ പരീക്ഷയ്ക്കു യോഗ്യത ലഭിച്ചേക്കും. 

 ഒഴിവുകളും മെയിനിനു യോഗ്യത നേടുന്നവരും
കെ.എ.എസി.ന്റെ ആദ്യത്തെ പടിയായ ജൂനിയർ ടൈംസ്കെയിൽ തസ്തികയിൽ 90 വരെ ഒഴിവുകൾ ഇപ്പോൾ ഉണ്ടാവാനാണ് സാധ്യത. അങ്ങനെയെങ്കിൽ 6000 മുതൽ 8000 വരെ ഉദ്യോഗാർഥികളെ മൂന്നു സ്ട്രീമുകളിൽനിന്നുമായി മെയിൻ പരീക്ഷക്കു തിരഞ്ഞെടുക്കപ്പെടാനിടയുണ്ട്. സാധ്യതകൾ ഇങ്ങനെയായതിനാൽ പ്രിലിമിനറിക്ക് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചവർ മെയിൻ പരീക്ഷക്കുള്ള തയാറെടുപ്പ് ഊർജിതമാക്കണം. 

കറന്റ് അഫയേഴ്‌സിന്റെ കളി
സിലബസിലെ പ്രധാന വിഷയങ്ങളിലെല്ലാം അവയുമായി ബന്ധമുള്ള സമകാലീനസംഭവങ്ങൾ (കറന്റ് ഇഷ്യൂസ്) കടന്നുകയറുന്നത് കേന്ദ്ര സർവീസ് പരീക്ഷകളിലെ നിത്യസംഭവമാണ്. കെ.എ.എസിന്റെ പ്രിലിമിനറി പേപ്പറുകളിലും ഇതു കണ്ടതാണ്. കൂടാതെ മെയിനിന്റെ പേപ്പർ-2, 3 എന്നിവയിൽ സമാനമായ ചോദ്യങ്ങൾ ഉണ്ടാകുമെന്ന് സിലബസിലും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചരിത്രം ഒഴികെയുള്ള വിഷയങ്ങളിൽ കറന്റ് ഇഷ്യൂസിന് ഊന്നൽ നൽകി പഠനം ക്രമീകരിക്കേണ്ടത് വളരെ പ്രാധാന്യമർഹിക്കുന്നതാണ്. 
സയൻസ് ആൻഡ്‌ ടെക്‌നോളജി, ഇക്കോണമി, പൊളിറ്റിക്കൽ സിസ്റ്റം, കോൺസ്റ്റിറ്റ്യൂഷൻ എന്നീ മേഖലകളിലെല്ലാം ഇത്തരമൊരു പഠനരീതിയാവും ഗുണകരമായുള്ളത്.

 എഴുത്തും പരിശീലിക്കണം
കെ.എ.എസ്. മെയിനിന്റെ എഴുത്തുപരീക്ഷയ്ക്ക് ഓരോ പേപ്പറിനും രണ്ട് മണിക്കൂർവീതം മാത്രമാണ് ലഭിക്കുക. ആയതിനാൽ വിഷയങ്ങൾ സംഗ്രഹിച്ചു പഠിക്കാൻ ശ്രമിക്കണം. കുറഞ്ഞ വാക്കുകളിൽ കൂടുതൽ ശക്തമായ വിഷയാവതരണമാണ് വേണ്ടത്. പഠിച്ച കാര്യങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ എഴുതിത്തീർക്കാൻ സാധിക്കുന്നുണ്ടോ എന്ന് പ്രായോഗികമായി പരിശോധിക്കുകയും വേണം. 
 

വിഷയങ്ങൾ  ഒഴിവാക്കുന്നതിൽ ജാഗ്രത വേണം
കെ.എ.എസി.ന്റെ പ്രിലിമിനറി പരീക്ഷകളിൽ വിശാലമായ സിലബസ് ഭാഗത്തെ വലിയ ചില ചോദ്യമേഖലകൾ പൂർണമായും ഒഴിവായിപ്പോയിരുന്നു. ഇതേരീതി മെയിൻപരീക്ഷയ്ക്കും ആവർത്തിക്കും എന്നു കരുതുന്നത് യുക്തമല്ല. അതുകൊണ്ടുതന്നെ ഒരു പഠനമേഖലയും ഒഴിവാക്കാൻ ശ്രമിക്കരുത്. മെയിൻ പരീക്ഷയുടെ വിശാലമായ സിലബസിലെ ചില ഭാഗങ്ങൾക്ക് ഊന്നൽനൽകി പഠിക്കുന്ന സമ്പ്രദായം ഒരുതരം ഭാഗ്യപരീക്ഷണമാണ്. അതുകൊണ്ടുതന്നെ പരമാവധി ഭാഗങ്ങൾ പരിശീലിക്കണം.      
 

ഉറപ്പായും വായിച്ചിരിക്കേണ്ടവ
കെ.എ.എസ്. മെയിൻ പരീക്ഷയ്ക്ക് ഒദ്യോഗിക പ്രസിദ്ധീകരണങ്ങളിലെ കണക്കുകളും വസ്തുതകളും ഗ്രഹിച്ചുകൊണ്ടുള്ള പഠനരീതിയാവും മെച്ചമുണ്ടാക്കുക. പബ്ലിക്കേഷൻ ഡിവിഷൻ, ധനകാര്യവകുപ്പ്, സംസ്ഥാന ആസൂത്രണക്കമ്മീഷൻ എന്നിവ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടുകളും, സ്ഥിതിവിവരക്കണക്കുകളും നിശ്ചയമായും റഫർ ചെയ്തിരിക്കണം. പ്ലസ്ടു തലത്തിലെ സി.ബി.എസ്.ഇ./എസ്.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളും അടിസ്ഥാന റഫറൻസായി ഉപയോഗിക്കാം. സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലെ വിവരങ്ങളും റഫർ ചെയ്യുന്നത് വലിയ ഗുണംചെയ്യും.