ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ കരസേനയുടെ മിലിറ്ററി പോലീസ് യൂണിഫോം അണിയാൻ 100 പെൺകുട്ടികൾ ഒരുങ്ങുന്നു. മൂന്ന് ലക്ഷം അപേക്ഷകരിൽനിന്ന് എഴുത്ത് പരീക്ഷയ്ക്കും കായികക്ഷമതാ പരിശോധനയ്ക്കും ശേഷം 100 പേർ; അതിൽ കേരളത്തിലെ അഞ്ചു ജില്ലകളിൽനിന്ന് ഏഴുപേർ. പാലക്കാട്ടുകാരി മായാ സജീഷ്, മലപ്പുറം സ്വദേശി വിസ്മയ, കണ്ണൂരിൽനിന്നുള്ള സൂര്യ, തിരുവനന്തപുരം സ്വദേശികളായ ഗൗരി, അർച്ചന, കൊല്ലം സ്വദേശികളായ മാളു, ജനിക. പഴ്സനൽ ബിലോ ഓഫീസർ റാങ്കിലേക്കാണ് നിയമനം. 

പഴ്‌സനൽ ബിലോ ഓഫീസർ
കരസേനയിലെ ക്രമസമാധാനപാലനം, അച്ചടക്കം തുടങ്ങിയ കാര്യങ്ങൾ നോക്കുകയാണ് പഴ്സനൽ ബിലോ ഓഫീസറുടെ ജോലി. ബലാത്സംഗം, ലൈംഗികപീഡനം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾ അന്വേഷിക്കുക, സൈന്യത്തിന് ആവശ്യമുള്ളപ്പോൾ പോലീസ് സഹായം നൽകുക, അതിർത്തികളിൽ കുഴപ്പങ്ങൾ തലപൊക്കുമ്പോൾ അവിടത്തെ താമസക്കാരെ ഒഴിപ്പിക്കുക, അഭയാർഥി സംഘങ്ങളെ നിയന്ത്രിക്കുക, പ്രശ്‌നബാധിത പ്രദേശങ്ങളിൽ സൈന്യം തിരച്ചിൽ നടത്തുമ്പോൾ സ്ത്രീകളെ പരിശോധിക്കുക, യുദ്ധത്തടവുകാരെ പാർപ്പിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പുകൾ നടത്തുക എന്നിവയും ഇവരുടെ ചുമതലയിലുൾപ്പെടുന്നു.
142 സെന്റിമീറ്റർ ഉയരമുള്ളവരാണ് മിലിറ്ററി പോലീസ് വനിതകൾ. എൻ.സി.സി.യിൽ പ്രവർത്തിച്ച പരിചയമാണ് ഇവരെ കരസേനയിലെത്തിച്ചത്. ആദ്യ വനിതാ മിലിറ്ററി പോലീസ് ബാച്ചിൽ ഇടം നേടിയതെങ്ങനെ? മലയാളി പെൺകുട്ടികൾ പറയുന്നു.

റോഡിൽ ഓടി പരിശീലനം
ബിരുദ പഠനത്തിനിടെയാണ് തയ്യാറെടുപ്പ്. കായികക്ഷമതാ പരിശോധനയ്ക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി റോഡിൽ ആദ്യം ഓടി പരിശീലിച്ചു. പിന്നീട് കോളേജിലെ ഗ്രൗണ്ടിൽ. അങ്ങനെ ഫിസിക്കൽ ടെസ്റ്റ് പാസായി. അടുത്ത കടമ്പ എഴുത്തുപരീക്ഷയ്ക്കായി പാലക്കാട് എസ്എസ്. അക്കാദമിയിൽ ചേർന്നു. ജനറൽ നോളജ് അറിയില്ലായിരുന്നു. പത്രം വായിക്കാറില്ല. അതിനാൽ എഴുത്തുപരീക്ഷയ്ക്ക് വളരെ കഷ്ടപ്പെട്ടു. 
-മായാ സജീഷ്

വീട്ടുകാരുടെ അഭിമാനം
എൻ.സി.സി വഴി ആർമിയിലെത്തണമെന്ന് ആഗ്രഹിച്ചു. ഹായ് ഫിസിക്കൽ അക്കാദമയിലെ പരിശീലനവും വീട്ടുകാരുടെ പിന്തുണയുമാണ് നേട്ടത്തിന് പിന്നിൽ. ഈ ജോലി കിട്ടിയതിൽ എന്നെക്കാൾ അഭിമാനം വീട്ടുകാർക്കാണ്. 
-മാളു

തളരാതെ മുന്നോട്ട്
പി.ജി. മലയാളം ഒന്നാംവർഷ വിദ്യാർഥിയായ ഗൗരിയെ ഈ ജോലിയിലെത്തിച്ചത് ഏഴുവർഷം എൻ.സി.സി. കാഡറ്റ് ആയപ്പോഴുള്ള അനുഭവമാണ്. ആദ്യം മിലിറ്ററി നഴ്സാകാൻ ആഗ്രഹിച്ചെങ്കിലും നടന്നില്ല. പക്ഷേ, തളരാതെ മുന്നോട്ടുപോയി. ക്ലാസിനിടയിൽ പരിശീലനത്തിന് സമയം കണ്ടെത്തുക എന്നതായിരുന്നു പ്രതിസന്ധി. വെഞ്ഞാറമ്മൂട് കേണൽസ് അക്കാദമിയിലെ പരിശീലനം ഒരുപാട് സഹായിച്ചു. രാവിലെ ആറുമുതലായിരുന്നു പരിശീലനം. ഓട്ടം, ലോങ്ജമ്പ്, ഹൈജമ്പ് എന്നിവയിലെല്ലാം പരിശീലനം നേടി. 
-ഗൗരി

ജീവിതത്തിലെ വഴിത്തിരിവ്
കായികക്ഷമതാ പരിശോധനയ്ക്ക് കർണാടകയിലെ ബെൽഗാമിലേക്ക് പോകുന്നതിനുമുമ്പ് പോലീസ് സ്റ്റേഷനിൽ ഒരു ക്ലിയറൻസ് സർട്ടിഫിക്കറ്റിന് പോയതാണ് ജീവിതത്തിൽ വഴിത്തിരിവായത്. അവിടത്തെ പോലീസുകാരനാണ് പരിശീലനത്തിന് ചേരാൻ നിർദേശിച്ചത്. വാണിയംപാറ സ്വദേശി കെ.കെ. രമേഷിന്റെ സൗജന്യ കായികപരിശീലന ക്ലാസിൽ പങ്കെടുത്തു. എല്ലാ ദിവസവും രാവിലെ 6.30 മുതൽ എട്ടുവരെയായിരുന്നു ക്ലാസുകൾ. ഫാറൂഖ് കോളേജിൽ ലൈബ്രററി ആൻഡ് ഇൻഫർമേഷൻ സയൻസിൽ പഠിക്കുന്നതിനിടെ ആയിരുന്നു തയ്യാറെടുപ്പ്. 
-വിസ്മയ

പ്ലസ്ടു കഴിഞ്ഞ് പരിശീലനം 
പ്ലസ്ടു പാസായിട്ട് രണ്ട് വർഷമാകുന്നു. അതിനിടയിൽ പി.എസ്.സി. കോച്ചിങ്ങിനും കായികക്ഷമതാ പരീക്ഷയ്ക്കുള്ള പരിശീലനത്തിനും പോയി. ഡിഗ്രിക്ക് ചേരാതെയുള്ള ഈ പരിശീലനം കാര്യമില്ലാതാകുമോ എന്നുവരെ ചിന്തിച്ചു. കായികക്ഷമതാ പരീക്ഷയ്ക്കുള്ള പരിശീലനത്തിന് പോയ എൻ.എ.
പി.ടി.യിലെ അധ്യാപകർ ഒരുപാട് സഹായിച്ചു.
-അർച്ചന

എൻ.സി.സി. കാഡറ്റ്
എൻ.സി.സി. കാഡറ്റ് ആയപ്പോഴുള്ള ആഗ്രഹമാണ് സൈന്യത്തിന്റെ ഭാഗമാകണം എന്നത്. അച്ഛനും അമ്മയ്ക്കും താൻ എൻജിനിയറോ ഡോക്ടറോ ആകുന്നതിനോട് താത്പര്യമില്ലായിരുന്നു. സൈന്യത്തിൽ ചേരുന്നതായിരുന്നു അവർക്കിഷ്ടം. കരുനാഗപ്പള്ളിയിലെ ക്യാറ്റ്സ് അക്കാദമിയിൽ നിന്നാണ് കായികക്ഷമതാ പരീക്ഷയ്ക്കുള്ള പരിശീലനം നേടിയത്. അധ്യാപകൻ സജി നൽകിയ പിന്തുണ മറക്കാനാവില്ല.
-ജനിക