:സൗദി, യു.എ.ഇ., ബ്രിട്ടൺ, മാലദ്വീപ് എന്നിവിടങ്ങളിലായി 1000 നഴ്സുമാർക്ക് അവസരം. സംസ്ഥാന സർക്കാരിന് കീഴിലുള്ള ഒഡെപെക് വഴിയാണ് നിയമനം. വിസ, വിമാനടിക്കറ്റ് എന്നിവയുടെ ചെലവ് തൊഴിലുടമകൾ വഹിക്കും. ബ്രിട്ടൻ ഒഴികെയുള്ള രാജ്യങ്ങളിലെ നിയമനങ്ങൾക്ക് ഉദ്യോഗാർഥികൾ കേന്ദ്രസർക്കാർ അംഗീകരിച്ച സർവീസ് ചാർജായ 30,000 രൂപ നൽകണം. 

ബ്രിട്ടനിൽ 700
ബ്രിട്ടണിൽ 700 നഴ്സുമാർക്കാണ് അവസരം. ഇവർ ഐ.ഇ.എൽ.ടി.എസ്./ഒ.ഇ.ടി. വിജയിക്കണം. ഇതിനുള്ള പരിശീലനവും മറ്റ് സൗകര്യങ്ങളും ഒഡെപെക് തന്നെ നൽകും. ഇതിനീടാക്കുന്ന ഫീസ് ഉദ്യോഗാർഥികൾക്ക് മടക്കിനൽകുകയും ചെയ്യും. ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിൽ തൊഴിൽ നേടുന്നതിനൊപ്പം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ സർട്ടിഫിക്കറ്റും സ്വന്തമാക്കാം. 
ഗ്ലോബൽ ലേണേഴ്സ് പ്രോഗ്രാം എന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്രയും പേർക്ക് നിയമനത്തിനുള്ള സൗകര്യം ഒരുങ്ങുന്നത്. വിസ, വിമാനടിക്കറ്റ് തുടങ്ങിയ മറ്റ് ചെലവുകളെല്ലാം ബ്രിട്ടണിലെ എൻ.എച്ച്.എസ്. ആശുപത്രികളാണ് വഹിക്കുന്നത്. താത്പര്യമുള്ളവർക്ക് ഐ.ഇ.എൽ.ടി.എസ്./ഒ.ഇ.ടി. പരിശീലനം നൽകുന്നതിനായി എറണാകുളം, തിരുവനന്തപുരം, ഡൽഹി എന്നിവിടങ്ങളിൽ ഒഡെപെക് പരിശീലനകേന്ദ്രം ആരംഭിച്ചിട്ടുണ്ട്. 

സൗദിയിൽ 150
സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിനു കീഴിൽ 150 വനിതാ നഴ്സുമാരെയാണ് തിരഞ്ഞെടുക്കുന്നത്. രണ്ടോ-മൂന്നോ വർഷം 
പ്രവൃത്തി പരിചയമുള്ള ബി.എസ്‌സി./എം.എസ്‌സി. നഴ്സിങ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. അഭിമുഖം കൊച്ചി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലാണ് നടത്തുന്നത്. ആദ്യഘട്ട അഭിമുഖം ഡിസംബർ 27 വരെയാണ്. 

യു.എ.ഇ.യിൽ നൂറിലധികം
യു.എ.ഇ.യിലെ വിവിധ ഹോംകെയർ സെന്ററുകളിലേക്ക് 100-ൽപ്പരം നഴ്സിന്റെ ഒഴിവുണ്ട്. ബി.എസ്‌സി. നഴ്സിങ് വിജയിച്ച വനിതകൾക്ക് അപേക്ഷിക്കാം. രണ്ട് വർഷത്തിൽ 
കുറയാത്ത പ്രവൃത്തിപരിചയമുണ്ടാകണം. 
ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഹാഡ്/ഡി.ഒ.എച്ച്./ഡി.എച്ച്.എ. എന്നിവയുള്ളവർക്ക് മുൻഗണന. അഭിമുഖം വിജയിക്കുന്നവർക്ക് ഹാഡ്/ഡി.ഒ.എച്ച്./ഡി.എച്ച്.എ. എന്നിവയ്ക്കുള്ള പരിശീലനം ഒഡെപെക് നൽകും. 

മാലദ്വീപിൽ 50
മാലദ്വീപ് ആരോഗ്യമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കാൻ 50 നഴ്സുമാരെ ആവശ്യമുണ്ട്. കുറഞ്ഞത് 50 കിടക്കയുള്ള ആശുപത്രികളിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. 
യോഗ്യത ബി.എസ്‌സി./എം.എസ്‌സി./ഡിപ്ലോമ. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 
വിവരങ്ങൾക്ക്: www.odepc.kerala.gov.in