കേന്ദ്ര സർക്കാരിന്റെ വിവിധവകുപ്പുകളിൽ ഓഫീസർമാരാവാൻ ബിരുദക്കാർക്ക് ഇപ്പോൾ അപേക്ഷിക്കാം. സ്റ്റാഫ് സെലക്‌ഷൻ കമ്മിഷൻ (എസ്‌.എസ്‌.സി.) നടത്തുന്ന കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (സി.ജി.എൽ.) പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.  

 എന്താണ് സി.ജി.എൽ. 
കേന്ദ്ര സർവീസിലേക്ക് ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള സർക്കാർ ഏജൻസിയാണ് എസ്‌.എസ്‌.സി. കേന്ദ്ര സർക്കാർ വകുപ്പുകളിലെ സാങ്കേതികയോഗ്യത ആവശ്യമില്ലാത്ത തസ്തികകളെ മൂന്ന് വിഭാഗമായി തിരിച്ചാണ് എസ്.എസ്.സി. റിക്രൂട്ട്‌മെന്റ് നടത്തുന്നത്. എസ്.എസ്.എൽ.സി. യോഗ്യതമാത്രം ആവശ്യമുള്ള തസ്തികകളിലേക്ക് മൾട്ടി ടാസ്‌കിങ് സ്റ്റാഫ് (എം.ടി.എസ്.) പരീക്ഷയിലൂടെയും പ്ലസ്ടു യോഗ്യത വേണ്ട ക്ലറിക്കൽ തസ്തികകളിലേക്ക് ഹയർ സെക്കൻഡറിതല പരീക്ഷയിലൂടെയും റിക്രൂട്ട്‌മെന്റ് നടത്തുന്നു. ബിരുദം യോഗ്യതയായിവേണ്ട ഓഫീസർ തസ്തികകളിലേക്കാണ് സി.ജി.എൽ. . എല്ലാ വർഷവും ഈ മൂന്ന് പരീക്ഷകളിലേക്കും അപേക്ഷ ക്ഷണിക്കുന്നുണ്ട്. 

 വകുപ്പും തസ്തികയും 
ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ്, കേന്ദ്ര സെക്രട്ടേറിയറ്റ്, ഇന്റലിജൻസ് ബ്യൂറോ, റെയിൽവേ, ടാക്‌സ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, തപാൽ, സി.ബി.ഐ., വിവിധ മന്ത്രാലയങ്ങളുടെ ഓഫീസുകൾ എന്നിവയിലായിരിക്കും സി.ജി.എൽ. വിജയികൾക്ക് നിയമനം. അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ, അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ, അസിസ്റ്റന്റ് സെക്‌ഷൻ ഓഫീസർ, അസിസ്റ്റന്റ്, ഇൻകംടാക്‌സ് ഇൻസ്‌പെക്ടർ, സെൻട്രൽ എക്‌സൈസ് ഇൻസ്‌പെക്ടർ, അസിസ്റ്റന്റ് എൻഫോഴ്സ്മെന്റ് ഓഫീസർ, ഇൻസ്‌പെക്ടർ, ഡിവിഷണൽ അക്കൗണ്ടന്റ്, സബ് ഇൻസ്‌പെക്ടർ, ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ, ഓഡിറ്റർ, അക്കൗണ്ടന്റ്, ജൂനിയർ അക്കൗണ്ടന്റ്, ടാക്‌സ് അസിസ്റ്റന്റ്, യു.ഡി. ക്ലാർക്ക് തുടങ്ങിയവയാണ് നിയമനം ലഭിക്കുന്ന തസ്തികകൾ.

 ഒഴിവുകൾ
കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയ്ക്കുള്ള വിജ്ഞാപനത്തിൽ എസ്.എസ്.സി. ഒഴിവുകൾ വ്യക്തമാക്കിയിട്ടില്ല. റിക്രൂട്ടിങ് പരീക്ഷകൾ അവസാന ഘട്ടമാവുമ്പോഴേക്കും ഇത് പ്രഖ്യാപിക്കാറാണ് പതിവ്. 2017-ലെ വിജ്ഞാപനപ്രകാരമുള്ള ഒഴിവുകളാണ് ഒടുവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. 8125 ഒഴിവുകളാണ് ആ പരീക്ഷയിൽ ജയിക്കുന്നവരെ കാത്തിരിക്കുന്നത്. ഏതാണ്ട് അത്രതന്നെ ഒഴിവുകൾ 2019-ലെ വിജ്ഞാപനപ്രകാരം അപേക്ഷിക്കുന്നവർക്കും പ്രതീക്ഷിക്കാം.

 യോഗ്യത
അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ/അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ: ഏതെങ്കിലും വിഷയത്തിൽ ബിരുദം വേണം. ചാർട്ടേഡ് അക്കൗണ്ടന്റ്/കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റ്/കമ്പനി സെക്രട്ടറി/എം.കോം./ എം.ബി.എ. (ഫിനാൻസ്)/ മാസ്റ്റേഴ്സ് ഇൻ ബിസിനസ് സ്റ്റഡീസ്/ബിസിനസ് ഇക്കണോമിക്‌സ് എന്നിവ അഭീലഷണീയ യോഗ്യതകളാണ്.
ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ: ഏതെങ്കിലും വിഷയത്തിൽ ബിരുദം. പ്ലസ്ടു തലത്തിൽ കണക്കിന് 60 ശതമാനം മാർക്ക് നേടിയിരിക്കണം. അല്ലെങ്കിൽ ബിരുദതലത്തിൽ സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം.
സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് II: 
സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി പഠിച്ച് ബിരുദം. ഡിഗ്രി കോഴ്സിന്റെ മൂന്നുവർഷങ്ങളിലും സ്റ്റാറ്റിസ്റ്റിക്‌സ് പഠിച്ചിരിക്കണം. 
യൂണിഫോം തസ്തികകൾക്ക് നിർദിഷ്ട ശാരീരിക 
യോഗ്യത ബാധകമാണ്.
മറ്റ് തസ്തികകളിലേക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും അവസരമുണ്ട്. ഇവർ 2020 ജനുവരി ഒന്നിനുള്ളിൽ യോഗ്യത നേടിയിരിക്കണം.
പ്രായം: തസ്തികയ്ക്കനുസരിച്ച് പ്രായപരിധിയിൽ വ്യത്യാസമുണ്ട്. 27, 28, 30 വയസ്സുവരെ അപേക്ഷിക്കാവുന്ന തസ്തികകളാണ് പൊതുവേയുള്ളത്. 2020 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം നിർണയിക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും.

 പരീക്ഷ 
രണ്ട് ഘട്ടങ്ങളിലായുള്ള ഓൺലൈൻ പരീക്ഷ, കംപ്യൂട്ടർ പ്രൊഫിഷ്യൻസി ടെസ്റ്റ്/സ്‌കിൽ ടെസ്റ്റ് എന്നിവയ്ക്കുശേഷമാണ് തിരഞ്ഞെടുപ്പ്. ചില തസ്തികയ്ക്ക് എഴുത്തുപരീക്ഷ മാത്രമേ ഉണ്ടാകൂ. ആദ്യഘട്ട പരീക്ഷ 2020 മാർച്ച് 2-11 തീയതികളിലും രണ്ടാംഘട്ട പരീക്ഷ ഏപ്രിൽ 22-25 തീയതികളിലുമാണ്. ജനറൽ ഇന്റലിജൻസ്, റീസണിങ്, ജനറൽ അവേർനസ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് എന്നിവയുൾപ്പെടുന്നതാണ് സിലബസ്. നെഗറ്റീവ് മാർക്കിങ് ഉണ്ടായിരിക്കും. 

തുടക്കത്തിൽ ശമ്പളം 50,000 രൂപയിലേറെ
പേ ലെവൽ 6, 7, 8 എന്നിവയിലുൾപ്പെടുന്ന തസ്തികകളിലേക്കാണ് സി.ജി.എൽ. പരീക്ഷയിലൂടെ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. പേ ലെവൽ എട്ടിൽ 47,600-1,51,100 രൂപയും പേ ലെവൽ ഏഴിൽ 44,900-1,42,400 രൂപയും പേ ലെവൽ ആറിൽ 35,400-1,12,400 രൂപയുമാണ് ശമ്പള സ്‌കെയിൽ. ഇതിൽ ഏത് ലെവലിൽ നിയമനം ലഭിച്ചാലും തുടക്കത്തിൽത്തന്നെ 50,000 രൂപയിലേറെ ശമ്പളം വാങ്ങാം.

പ്രയത്നിച്ചാൽ പി.എസ്.സി.യെക്കാൾ ഈസി
: എസ്.എസ്.സി. പരീക്ഷയെ മുൻവിധിയോടെ സമീപിക്കുന്നവരാണേറെ. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽനിന്നുമായി ലക്ഷക്കണക്കിനു പേരോട് മത്സരിച്ച് ജയിക്കാനാവില്ലെന്ന ആത്മവിശ്വാസക്കുറവും ഇംഗ്ലീഷ് പേടിയുമെല്ലാം സി.ജി.എൽ. പരീക്ഷയിൽനിന്ന് മലയാളികളെ അകറ്റുകയാണ്. എന്നാൽ കണക്കുകൾ നോക്കിയാൽ പി.
എസ്.സി. ജയിക്കുന്നതിനെക്കാൾ സാധ്യതയുണ്ട് സി.ജി.എൽ. ജയിക്കാൻ. ബിരുദ യോഗ്യതയുള്ളവർക്ക് പി.എസ്.സി. നടത്തുന്ന ഏറ്റവും പ്രധാന പരീക്ഷയാണ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ. രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ നടക്കുന്ന ഈ പരീക്ഷ എഴുതുന്നത് ശരാശരി മൂന്നര മുതൽ അഞ്ച് ലക്ഷം വരെയാണ്. നിയമനം കിട്ടുന്നതാകട്ടെ ആയിരത്തിൽ താഴെ പേർക്കും. എന്നാൽ, എസ്.എസ്.സി.യുടെ സി.ജി.എൽ. പരീക്ഷ ജയിക്കുന്നവർക്ക് ഒരുവർഷം എണ്ണായിരത്തിലധികം ഒഴിവുണ്ട്. പരീക്ഷ എഴുതുന്നവരുടെ എണ്ണം അത്രയധികവുമല്ല. 2018 സി.ജി.എൽ. പരീക്ഷയ്ക്ക് അപേക്ഷിച്ചവർ 25.97 ലക്ഷം പേരാണ്. എന്നാൽ, പരീക്ഷ എഴുതിയത് 8.3 ലക്ഷം പേർ മാത്രമാണ്. കേരള പി.എസ്.സിയുടെ എൽ.ഡി.സി. പരീക്ഷ ഇതിന്റെ ഇരട്ടിയോളം പേർ എഴുതുന്നുണ്ടെന്നോർക്കണം.